ആഫ്രിക്കക്കാരോടൊപ്പം നൃത്തം വയ്ക്കുന്ന, പാട്ടു പാടുന്ന ഒരു മലയാളി ആർച്ചുബിഷപ്പ്

ഒരു മലയാളി ആര്‍ച്ചുബിഷപ്പ്, ആഫ്രിക്കക്കാരോടൊപ്പം നൃത്തം വയ്ക്കുന്നു; പാട്ടു പാടുന്നു; തകരം മേഞ്ഞ ചെറിയ വീട്ടില്‍ താമസിക്കുന്നു; വനത്തിലൂടെ സഞ്ചരിച്ച് തന്റെ ജനത്തിന്റെ അടുത്തെത്തുന്നു; ഓരോ ഞായറാഴ്ചയും ഓരോ ഇടവകയില്‍ ചെലവഴിക്കുന്നു. വരൂ, സിംബാബ്‌വെയിലെ ബുലവായോ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് അലക്‌സ് തോമസിനെ പരിചയപ്പെടാം. അദ്ദേഹത്തിന് ഡ്രൈവറില്ല, സെക്രട്ടറിയില്ല, സ്വന്തം പാചകക്കാരനില്ല. തുടര്‍ന്നു വായിക്കുക.

ആഡംബരവും ആര്‍ഭാടവുമില്ലാതെ, തന്നെ ഏല്‍പിച്ചിരിക്കുന്ന ദരിദ്രജനങ്ങളോട് പൂര്‍ണ്ണമായും താദാത്മ്യപ്പെട്ടു ജീവിക്കുന്ന ഒരു മലയാളി ആര്‍ച്ചുബിഷപ്പ് ആഫ്രിക്കയിലെ സിംബാബ്‌വെ എന്ന രാജ്യത്തുണ്ട്. ബുലവായോ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ശുശ്രൂഷ ചെയ്യുന്ന അഭിവന്ദ്യ അലക്‌സ് തോമസ് കാളിയാനില്‍ എസ്.വി.ഡി ആണ് ആ മഹത്‌വ്യക്തിത്വം. അദ്ദേഹത്തിന് ഡ്രൈവറില്ല, സെക്രട്ടറിയില്ല, സ്വന്തം പാചകക്കാരനില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്തുകൊണ്ട് അദ്ദേഹം യാത്ര തുടരുകയാണ്. ആഫ്രിക്കക്കാരോടൊപ്പം നൃത്തം വയ്ക്കുന്ന, പാട്ടു പാടുന്ന, തകരം മേഞ്ഞ ചെറിയ വീട്ടില്‍ താമസിക്കുന്ന, വനത്തിലൂടെ സഞ്ചരിച്ച് തന്റെ ജനത്തിന്റെ അടുത്തെത്തുന്ന, ഓരോ ഞായറാഴ്ചയും ഓരോ ഇടവകയില്‍ ചെലവഴിക്കുന്ന അദ്ദേഹവുമായി ഫാ. ജി. കടൂപ്പാറയില്‍ നടത്തുന്ന സംഭാഷണം.(പുനർ പ്രസിദ്ധീകരിക്കുന്നത്).

ആര്‍ച്ചുബിഷപ്പ് അലക്‌സ് തോമസ് തന്റെ ജീവിതം പറയുന്നു 

1960 മെയ് 27-ാം തീയതി ചങ്ങനാശേരി അതിരൂപതയിലെ മണിമല ഫൊറോനയിലുള്ള വള്ളംചിറ ഇടവകയിലെ കാളിയാനില്‍ കുടുംബത്തില്‍ തോമസിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായി ജനനം. രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഞാനും. അമ്മ എന്നും പള്ളിയില്‍ പോകുമായിരുന്നു. അമ്മയുടെ മാതൃക എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചേച്ചിമാരില്‍ ഒരാള്‍ ബഥനി സന്യാസിനീ സമൂഹത്തിലെ സിസ്റ്ററായിരുന്നു. അപ്പന്റെ അനുജന്‍ കപ്പൂച്ചിന്‍ സഭയിലെ വൈദികനും. ഈ രണ്ടു പേരും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

അതുകൊണ്ടാവണം, എനിക്കും വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പത്താം ക്ലാസ് കഴിഞ്ഞ് വിവിധ സഭകളില്‍ നിന്നുള്ള വിളികള്‍ വന്നെങ്കിലും ഞാന്‍ തെരഞ്ഞെടുത്തത് എസ്.വി.ഡി സഭയായിരുന്നു. 1975-ല്‍ ചങ്ങനാശേരി പാറേല്‍ പള്ളിക്കടുത്തുള്ള സെന്റ് ജോണ്‍സ് എസ്.വി.ഡി സെമിനാരിയില്‍ ചേര്‍ന്നു. അവിടെ നിന്നാണ് പി.ഡി.സി പഠിച്ചത്. പിന്നീട് ജൂനിയറേറ്റും നോവിഷേറ്റും ഇന്‍ഡോറിലായിരുന്നു. അതിനു ശേഷം ഫിലോസഫിയും തിയോളജിയും പൂനെ പേപ്പല്‍ സെമിനാരിയില്‍ പഠിച്ചു.

സിംബാബ്‌വെ മിഷന്‍ തെരഞ്ഞെടുത്ത കഥ

തിരുപ്പട്ട സ്വീകരണത്തിന് ഒരു വര്‍ഷം മുമ്പാണ് നിത്യവ്രത വാഗ്ദാനം. ആ സമയത്ത് ഒരു ഓപ്ഷനുണ്ട്. ഏതു പ്രൊവിന്‍സാണ് തെരഞ്ഞെടുക്കുന്നത് എന്നതിനുള്ള ഓപ്ഷനാണ് അത്. അതുവരെയുള്ള പഠനം ജനറലേറ്റിന്റെ കീഴില്‍  പൊതുവായിട്ടാണ്. പ്രൊവിന്‍സ് തെരഞ്ഞെടുക്കുന്നത് നിത്യവ്രത വാഗ്ദാനത്തിനു മുൻപുള്ള സമയത്താണ്. എസ്.വി.ഡിക്ക് ആകെ 64 പ്രൊവിന്‍സുകളാണുള്ളത്. അതിൽ നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും മൂന്നെണ്ണത്തിന്റെ പേരെഴുതാം. അതിൽ നിന്നും, ഓരോ വ്യക്തിക്കും ഏറ്റവും യോജിച്ചതും സഭയുടെ ആവശ്യവും പരിഗണിച്ചും ജനറലേറ്റ് ഓരോരുത്തരെയും ഒരു പ്രൊവിന്‍സിലേക്ക് അയക്കും. നമ്മള്‍ എഴുതിയ മൂന്നെണ്ണത്തില്‍ ഒരെണ്ണമായിരിക്കും അത്. ഞാന്‍ എഴുതിയത് ഗുഡ്‌സ്വാന, സിംബാബ്‌വെ, ഇന്ത്യ എന്നിവയാണ്. എനിക്ക് സിംബാബ്‌വെ ലഭിച്ചു. അന്ന് പുതുതായി തുടങ്ങുന്ന പ്രൊവിന്‍സായിരുന്നു സിംബാബ്‌വെ.

1988-ലായിരുന്നു തിരുപ്പട്ട സ്വീകരണം. അതിനു ശേഷം ഒരു വര്‍ഷം ഗുജറാത്തിലെ ഗോദ്രയിലെ ഒരു പള്ളിയില്‍ ശുശ്രൂഷ ചെയ്തു. അതിനു ശേഷം സിംബാബ്‌വെയിലേക്കു പോയി.

സിംബാബ്‌വെയിലേക്ക്

1989 ജൂലൈയിലായിരുന്നു ഞാന്‍ ആദ്യം സിംബാബ്‌വെയിലേക്കു പോയത്. എസ്.വി.ഡി സഭയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ സിംബാബ്‌വെ മിഷനറി ആയിരുന്നു ഞാന്‍. ഞാനവിടെ ചെല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പോളണ്ട്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള എസ്.വി.ഡി മിഷനറിമാരായിരുന്നു. അവിടെച്ചെന്ന് ആദ്യത്തെ ആറു മാസം വിദൂരഗ്രാമങ്ങളിലേക്ക് ഭാഷ പഠിക്കാന്‍ എന്നെ അയച്ചു. തുടര്‍ന്ന് 17 വര്‍ഷങ്ങള്‍ വിവിധ ഗ്രാമങ്ങളിലെ പള്ളികളില്‍ ഞാന്‍ ശുശ്രൂഷ ചെയ്തു. ഇലക്ട്രിസിറ്റിയില്ലാത്ത, വെള്ളമില്ലാത്ത, റോഡില്ലാത്ത കുഗ്രാമങ്ങളായിരുന്നു അവയെല്ലാം. സാധാരണ മനുഷ്യരായിരുന്നു അവിടെയുള്ളവരെല്ലാം. ഞാന്‍ അവര്‍ക്കൊപ്പം നടന്നു, ജോലി ചെയ്തു, പ്രാര്‍ത്ഥിച്ചു, ജീവിച്ചു. എനിക്കൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കാരണം, ഞാന്‍ അവരിലൊരാളായി മാറിയിരുന്നു. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് സാധാരണക്കാരുമായി ഇടപഴകാന്‍ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്നെയും ഇഷ്ടമായിരുന്നു.

ഞാന്‍ ഗ്രാമത്തില്‍ ചെന്ന ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്ന് കൊച്ചുപള്ളികള്‍ പണിയാന്‍ സാധിച്ചു; വലിയ പള്ളികളല്ല. ആളുകള്‍ക്കൊപ്പം ഞാനും കല്ലുകള്‍ പെറുക്കി. പുല്ലു മേഞ്ഞു. അങ്ങനെ അവരിലൊരാളായി. അതോടെ കുട്ടികളും യുവജനങ്ങളും എന്നോട് കൂടുതല്‍ അടുത്തു. അവര്‍ പ്രാര്‍ത്ഥനക്കായി, ദൈവവചനം ശ്രവിക്കാനായി, കുര്‍ബാനക്കായി എത്തിത്തുടങ്ങി. എന്റെ ഭക്ഷണവും പലപ്പോഴും അവരോടൊപ്പമായിരുന്നു. ക്രമേണ മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. സഭ വളര്‍ന്നു. ഓരോ വര്‍ഷവും ഒന്നോ, രണ്ടോ പുതിയ പള്ളികള്‍ എന്ന രീതിയില്‍ ഭൗതികമായ വളര്‍ച്ചയും ഉണ്ടായി.

അങ്ങനെ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളോടൊപ്പമായിരിക്കെ, 2008-ല്‍ എന്നെ എസ്.വി.ഡി സഭയുടെ സിംബാബ്‌വെയിലെ മിഷന്‍ സുപ്പീരിയറായി നിയമിച്ചു. ആ സമയത്തു തന്നെ രൂപതയിലെ പ്രൊക്കുറേറ്റര്‍ മരിച്ചു. അതോടെ എന്നെ രൂപതയുടെ പ്രൊക്കുറേറ്ററായും നിയമിച്ചു. ഈ രണ്ട് ഉത്തരവാദിത്വങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ഭംഗിയായി പൊയ്‌ക്കൊണ്ടിരിക്കവെ, 2009 മെയ് മാസത്തില്‍ അപ്രതീക്ഷിതമായി എന്നെ ആ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് വത്തിക്കാനിൽ നിന്നും ലഭിച്ചു. ഒട്ടും വിചാരിച്ച കാര്യമായിരുന്നില്ല അത്. സെപ്റ്റംബര്‍ മാസത്തില്‍ സ്ഥാനാരോഹണവും നടന്നു. അന്നു മുതല്‍ ഇന്നു വരെ അവിടെയാണ്.

എന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍

ദെബേല, ഷോണാ എന്നീ രണ്ടു ഗോത്രക്കാരാണ് ഈ രൂപതയിലുള്ളത്. അവര്‍ സംസാരിക്കുന്ന ഭാഷയുടെ പേരും അതു തന്നെയാണ്; ദെബേല – ഷോണാ. ഈ രൂപതയില്‍ കൂടുതല്‍ ദെബേല ഗോത്രക്കാരാണ്. എന്നെ ഇവിടെ മെത്രാനാക്കിയത് ഇവിടുത്തെ അച്ചന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ഇടയിലെ ഒരാള്‍ മെത്രാനാകുമെന്നാണ് അവര്‍ ചിന്തിച്ചിരുന്നത്. എനിക്കു മുമ്പ് ഇവിടുത്തെ മെത്രാന്‍ ദെബേല ഗോത്രക്കാരനായിരുന്നു. അതിനാൽ തന്നെ ഷോണാ ഗോത്രക്കാർ അദ്ദേഹത്തെ എതിർത്തു. വൈകാതെ, അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിവന്നു; രാജ്യം വിടേണ്ടതായും വന്നു. ഇവിടെയുള്ള പലരും പുതിയ മെത്രാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് പുറത്തു നിന്നും ഒരാൾ മെത്രാനായതില്‍ അവര്‍ക്ക് അതൃപ്തിയുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്തെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ അവര്‍ക്ക് താല്‍പര്യമാണ്. എന്നിലൂടെ ദൈവം ഇവിടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആര്‍ച്ചുബിഷപ്പ് ആയതിനു ശേഷം 13 വര്‍ഷങ്ങള്‍ക്കകം ഏഴ് പുതിയ പള്ളികള്‍ പണിതു; സിറ്റിയിലാണ് ഇവ. ഗ്രാമപ്രദേശങ്ങളില്‍ പുതിയ മൂന്ന് മിഷനുകള്‍ ആരംഭിച്ചു. മെത്രാനാകുന്ന സമയത്ത് ഇടവകകളും മിഷനുമായി 36 എണ്ണമായിരുന്നു ഉണ്ടായിരുന്നത്; ഇപ്പോഴത് 50 ആയി.

രണ്ട് ഗോത്രത്തില്‍പെട്ട അച്ചന്മാരും സന്യസ്തരും രൂപതയിലുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നം ചിലപ്പോള്‍ വൈദികരുടെ ഇടയിലേക്കും വ്യാപിക്കാറുണ്ട്. പക്ഷേ, ഞാന്‍ ഒരു പക്ഷത്തെയും പിന്തുണക്കാറില്ല. സഭയുടെ പക്ഷമാണ് എന്റേത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഞാന്‍ ആദ്യം നോക്കുന്നത് സഭയുടെ നിലപാടാണ്. സഭയെ ബാധിക്കുന്ന ഒരു പ്രശ്‌നവും സംഭവിക്കാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. നിയമം അനുസരിച്ചു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നം ഉള്ളതുകൊണ്ടു കൂടിയാണ് പുറത്തു നിന്നുള്ള എന്നെ മെത്രാനാക്കിയിരിക്കുന്നതെന്ന് അവര്‍ക്കും എനിക്കും അറിയാം.

ഏകദേശം 104 വൈദികരാണ് ഈ രൂപതയിലുള്ളത്; സിസ്റ്റര്‍മാര്‍ 360 പേരും. ഇടവകകളും മിഷനുമായി 50 എണ്ണം. ഞാനുള്‍പ്പെടെ നാല് ഇന്ത്യന്‍ എസ്.വി.ഡിക്കാരും ഈ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നു. ഫാ. സോണി സേവ്യര്‍ എന്ന മലയാളി എസ്.വി.ഡി വൈദികനും ഒറീസാ സ്വദേശികളായ രണ്ട് എസ്.വി.ഡി വൈദികരും; ബാക്കിയെല്ലാവരും തദ്ദേശീയരുമാണ്. ഏകദേശം ഒന്നര ലക്ഷം ആളുകളാണ് അതിരൂപതയിലുള്ളത്. അറുപതിനായിരം പേരൊക്കെയേ പള്ളിയില്‍ വരാറുള്ളൂ. മാത്രമല്ല, കോവിഡിനു ശേഷം നിരവധി ആളുകള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. അതിരൂപതയിലെ എല്ലാവരും കറുത്ത വര്‍ഗ്ഗക്കാരാണ്. വെള്ളക്കാര്‍ ആരുമില്ല. ആളുകളൊക്കെ ദരിദ്രരാണ്. അതിനാല്‍ തന്നെ സഭയ്ക്കുള്ള സംഭാവനകളും കുറവാണ്. അതിന്റെ ഫലമായി ഇവിടെ സഭ ദരിദ്രമാണ്.

സഭ ദരിദ്രമാണെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ് ഇവിടുത്തെ സഭ. ആരാധനാക്രമ കാര്യങ്ങള്‍ക്ക് ഇവര്‍ മുന്‍പന്തിയിലാണ്. അത്തരം കാര്യങ്ങള്‍ക്കായി ഇവരെ ഒന്നിപ്പിക്കുക വളരെ എളുപ്പമാണ്. പ്രത്യേകിച്ച്, ബൈബിള്‍ പഠിക്കാന്‍ ഇവര്‍ക്ക് വലിയ താല്‍പര്യമാണ്. ഇവരുടെ താല്‍പര്യം കണ്ട് ഞാനും കൂടുതലായി ബൈബിള്‍ പഠിച്ച് ഇവരെ പഠിപ്പിക്കുന്നു. നമ്മൾ അവരോടൊത്ത് നില്‍ക്കുന്നതാണ് അവര്‍ക്ക് താല്‍പര്യം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ വിശ്വാസവും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും എടുത്തുപറയത്തക്കവിധം മനോഹരമാണ്. അവരുടെ തീക്ഷ്ണത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

മൂന്നു സംഭവങ്ങൾ

മെത്രാനാകുന്നതിനു മുമ്പ് ഗ്രാമത്തിലെ ഒരു ദരിദ്രപള്ളിയില്‍ ആയിരുന്ന സമയത്ത് ഒരിക്കല്‍ രാത്രിയില്‍ ആളുകള്‍ വന്നു വിളിച്ചു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകണം. ആശുപത്രി എന്നുപറയാന്‍ പറ്റില്ല. ചെറിയ ക്ലിനിക്ക് പോലുള്ള ഒരിടം. 40 കിലോമീറ്റര്‍ അകലെയാണ് ആ സ്ത്രീ താമസിക്കുന്നത്. ഉടന്‍ തന്നെ വാഹനത്തില്‍ അവിടെയെത്തി. അവിടെ നിന്നും ക്ലിനിക്കിലേക്കു പോകാന്‍ വീണ്ടും 40 കിലോമീറ്ററുകളുണ്ട്. പോകുന്ന വഴി ആ സ്ത്രീ പ്രസവിച്ചു. വാഹനത്തില്‍ ആ സ്ത്രീക്കു കൂട്ടായി മറ്റൊരു സ്ത്രീ മാത്രമേയുള്ളൂ. ദൈവത്തിന്റെ സഹായത്താല്‍ പ്രസവത്തോടനുബന്ധിച്ചുള്ള കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു. വൈകാതെ, ക്ലിനിക്കില്‍ കൊണ്ടുചെന്ന് വേണ്ട വൈദ്യസഹായവും നല്‍കി. ആ രാത്രി തന്നെ അവരെ തിരിച്ച് അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. അതിനു ശേഷം തിരികെ ഡ്രൈവ് ചെയ്തുവരാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയാണ്. എനിക്ക് വഴി തെറ്റി. എതിലെയാണ്, എവിടേക്കാണ് പോകുന്നത് എന്ന ദിശാബോധം നഷ്ടപ്പെട്ടു. ഏകദേശം രണ്ടു മണിക്കൂറോളം കാട്ടിലൂടെ രാത്രിയില്‍ ഒറ്റക്ക് അലഞ്ഞുതിരിയേണ്ടിവന്നു. സത്യത്തില്‍ ആ രാത്രി ഞാന്‍ ഭയന്നുപോയിരുന്നു. എങ്കിലും ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പുലര്‍ച്ചെ, യഥാര്‍ത്ഥ വഴി കണ്ടെത്തി തിരികെ പോന്നു.

മറ്റൊരിക്കല്‍, രാത്രിയില്‍ ആളുകളെ സഹായിച്ചിട്ട് മടങ്ങുകയായിരുന്നു. കാട്ടിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ വണ്ടിയോടിച്ചു വരികയാണ്. പെട്ടെന്ന് കാട്ടാനക്കൂട്ടം വണ്ടിയുടെ മുന്നിലേക്ക് വഴി ബ്ലോക്ക് ചെയ്ത് കയറി. എന്തുചെയ്യണമെന്ന് എനിക്ക് അറിയാത്ത അവസ്ഥ. ഞാന്‍ ഭയന്ന് കണ്ണുകളടച്ചു. കുറേ സമയം കഴിഞ്ഞ് കണ്ണുകള്‍ തുറന്നപ്പോള്‍ വഴിയില്‍ ആനയില്ല. ആനകള്‍ അവരുടെ വഴിയെ പൊയ്ക്കഴിഞ്ഞിരുന്നു. മെത്രാനായതിനു ശേഷവും കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ട രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ട്. എല്ലായിടത്തു നിന്നും ദൈവം സംരക്ഷിക്കുന്ന അനുഭവമാണ് പറയാനുള്ളത്.

മറ്റൊരിക്കല്‍, ഒരു ഗ്രാമത്തിലെ പുല്ലിട്ട ഒരു കൊച്ചുകുടിലില്‍/ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തിരുപത് ആളുകള്‍ പള്ളിയിലുണ്ട്. കുര്‍ബാനയര്‍പ്പണത്തിനിടയില്‍ ഞാന്‍ നോക്കിയപ്പോള്‍ പള്ളിയുടെ മുകളില്‍, മേല്‍ക്കൂരയില്‍ ഒരു വലിയ പച്ചപ്പാമ്പ്. വലിയ വിഷമുള്ള ഇനമാണ്. ആളുകള്‍ക്കാണെങ്കില്‍ പാമ്പിനെ ഭയവും. ആ പാമ്പ് താഴേക്ക് ഇറങ്ങിവരികയാണ്. ഞാന്‍ ആരോടും ഇതിനെക്കുറിച്ചു സൂചിപ്പിക്കാതെ കുര്‍ബാന തുടര്‍ന്നു. പാമ്പ് സാവധാനം മുകളില്‍ നിന്ന് ഒരു വശത്തൂടെ താഴേക്ക് ഇറങ്ങിവന്ന് എവിടേയ്ക്കോ ഇഴഞ്ഞുപോയി. ആരും അറിഞ്ഞതുമില്ല; ആരെയും ഉപദ്രവിച്ചതുമില്ല. ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ.

രോഗികൾക്കൊപ്പം

ആശുപത്രികളില്‍ രോഗികളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകാന്‍ വിളിച്ചാല്‍ ഞാന്‍ ചെല്ലുമെന്ന് അറിയാവുന്നതു കൊണ്ട് ആളുകള്‍ പലപ്പോഴും എന്നെ വിളിക്കാറുണ്ട്. ഒരിക്കല്‍, എനിക്ക് അറിയാവുന്ന ഒരാള്‍ കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ കൈ ചേര്‍ത്തുവച്ച് പ്രാര്‍ത്ഥന ആരംഭിച്ചു. സമാപന ആശീര്‍വ്വാദം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം മരണമടഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഭാര്യക്ക് വലിയൊരു വിശ്വാസത്തിന്റെ അനുഭവമായിരുന്നു. ഇങ്ങനെ പലര്‍ക്കായും പ്രാര്‍ത്ഥിച്ചപ്പോള്‍ സംഭവിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രാണന്‍ പിരിയുന്ന സംഭവങ്ങള്‍ പലതുണ്ട്.

പ്രായപൂർത്തിയായവരുടെ മാമ്മോദീസാ

ഒരു വര്‍ഷം കൊണ്ട് എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തുന്ന പതിവാണ് ഇവിടെ. അതിനാല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ ഇടവകയിലായിരിക്കും. സ്ഥൈര്യലേപനം നല്‍കാന്‍ മെത്രാന്‍ തന്നെ വരണം എന്നൊരു ആഗ്രഹം ആളുകള്‍ക്കുണ്ട്. അത് നടപ്പിലാക്കിക്കൊടുക്കുന്നു.
ഇവിടെ പ്രായപൂര്‍ത്തി ആയതിനു ശേഷം മാമ്മോദീസാ സ്വീകരിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. മാമ്മോദീസാ സ്വീകരിക്കുന്നതിനു മുമ്പ് രണ്ടു വര്‍ഷം വേദപാഠം പഠിക്കണം. ആദ്യം നമ്മള്‍ അവരെ സ്വീകരിക്കും. അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങള്‍ പങ്കുവച്ചു നല്‍കും. ഇത് ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഇതാണ് ആദ്യഘട്ടം. ഒരു വര്‍ഷത്തിനു ശേഷം ചില ചോദ്യങ്ങള്‍, പരീക്ഷ തുടങ്ങിയവ. ഇത് രണ്ടാം ഘട്ടം. അതിനു ശേഷം രണ്ടാം വര്‍ഷത്തിനൊടുവില്‍ മാമ്മോദീസ. ഉയിര്‍പ്പു തിരുനാളിന്റെ രാത്രികുര്‍ബാനക്ക് ഇടയ്ക്കാണ് മാമ്മോദീസ നല്‍കല്‍. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി മാമ്മോദീസാ സ്വീകരിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം. അതിനാല്‍ പള്ളിക്കുള്ളില്‍ ഒരു കുഴിയുണ്ട്. അതില്‍ വെള്ളം നിറയ്ക്കും. അതിലാണ് മുങ്ങുന്നത്. 150-200 പേരോളം ഓരോ വര്‍ഷവും മാമ്മോദീസാ സ്വീകരിക്കാന്‍ കാണും. കുട്ടികളുടെ മാമ്മോദീസായുമുണ്ട്. അത് ക്രിസ്തുമസിന്റെ സമയത്താണ് നല്‍കുന്നത്.

പ്രത്യേകതകൾ നിറഞ്ഞ മരിച്ചടക്ക്

ആചാരങ്ങളുടെ കാര്യത്തില്‍ നമ്മളും ഇവരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മരിച്ചടക്കാണ് അതില്‍ പ്രത്യേകതയുള്ളതായി എനിക്കു തോന്നിയത്. മരിച്ചുകഴിഞ്ഞാല്‍ അവരുടെ വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തിന്റെ അടുത്താണ് അടക്കുന്നത്. പശുവാണ് അവരുടെ ഏറ്റവും വലിയ സമ്പാദ്യം. മണ്ണില്‍ കുഴിയെടുത്ത് മൃതദേഹം അതിനുള്ളില്‍ വയ്ക്കും. അതിനു മുകളില്‍ കുറച്ചു മണ്ണിടും. പിന്നെ കമ്പുകളും മുള്ളുകളും ഇടും. പിന്നെയും മണ്ണിടും. വീണ്ടും കമ്പുകള്‍, മുള്‍ച്ചെടികള്‍ എന്നിവ ഇടും. മന്ത്രവാദികള്‍ മോഷ്ടിച്ചുകൊണ്ടു പോകാതിരിക്കുന്നതിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. മരിക്കുന്ന ആളിന്റെ പാത്രം, വസ്ത്രങ്ങള്‍ എന്നിവയും കുഴിയില്‍ വയ്ക്കുന്നു. കുഴിയുടെ മുകളില്‍ വെള്ളവും ഒഴിക്കും. മരിച്ചയാള്‍, പൂര്‍വ്വപിതാക്കളോട് ചേരുന്നുവെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ആ യാത്രക്കിടയില്‍ ദാഹിക്കാതിരിക്കാനാണ് വെള്ളം നല്‍കുന്നത്.

ഒരു കുടുംബത്തിലെ അപ്പനാണ് മരിക്കുന്നതെങ്കില്‍ ആണ്‍മക്കളെല്ലാം മുടി മുഴുവന്‍ മുറിക്കണം. പെണ്‍മക്കള്‍ കുറച്ചു മുറിച്ചാല്‍ മതി. ആ മുടിയും കുഴിയില്‍ നിക്ഷേപിക്കണം. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഒരു വര്‍ഷത്തേക്ക് കറുത്ത വസ്ത്രം ധരിക്കണം. ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ് ഇപ്രകാരം ചെയ്യേണ്ടതില്ല. ചിലപ്പോള്‍ ഭര്‍ത്താവ് ഒരു നീല തുണിക്കഷണം വസ്ത്രത്തില്‍ കുത്തിവയ്ക്കും. അത്രയും ചെയ്താല്‍ മതി.

ഏറ്റവും വലിയ വെല്ലുവിളി

ഇവരുടെ ഇത്തരം ആചാരങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കും. അവരെ മനസിലാക്കുക, ബഹുമാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിദേശത്തു നിന്നും വരുന്ന മിഷനറിമാരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം കാര്യങ്ങള്‍ മനസിലാക്കുക എന്നത്. നമ്മള്‍ വിശാലമായ ഒരു മനസിന് ഉടമയാകുക എന്നതേ ഇതിന് പോംവഴിയുള്ളൂ. അവരെപ്പറ്റി പഠിച്ച് അവരെ മനസിലാക്കുക. അവരിലെ നന്മയുടെ അംശങ്ങള്‍ നമ്മള്‍ സ്വീകരിക്കുക. ഞാന്‍ അതാണ് ഇവിടെ ചെയ്യുന്നത്. സാംസ്‌ക്കാരികാനുരൂപണം എന്നുപറഞ്ഞാല്‍ അതൊക്കെയാണ്. ഇവിടെ ഇപ്പോള്‍ മൃതസംസ്‌ക്കാരത്തിന് സഭ അനുശാസിക്കുന്ന പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും നമ്മള്‍ ചെയ്യും. പിന്നീട് അവര്‍ അവരുടെ സാംസ്‌ക്കാരിക പൈതൃകത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ നടത്തും. അങ്ങനെയാണ് ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, ഇവിടെ എല്ലാ കാര്യങ്ങളും ദൈവം നടത്തുന്നു.

വിവിധ സഭകളുടെയും വ്യക്തികളുടെയും വ്യത്യസ്ത രീതിയിലുള്ള സഹായങ്ങള്‍ സഭയ്ക്ക് ലഭിക്കുന്നു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ദെബേല ഗോത്രക്കാരോട് എതിര്‍പ്പുള്ളതുകൊണ്ട് രാജ്യത്തിന്റെ വികസനമൊന്നും ഈ അതിരൂപതയില്‍ എത്താറില്ല. കാരണം, ഇവിടെ കൂടുതല്‍ ദെബേല ഗോത്രക്കാരാണ്.

പാവങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അവരിലൊരാളാണ് ഞാന്‍ എന്ന ചിന്ത എനിക്കും ഇവിടുത്തെ ജനങ്ങള്‍ക്കുമുണ്ട്. ഇവിടുത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തുടരാന്‍ അത് ഏറെ സഹായിക്കുന്നു.

കേരളത്തില്‍ നിന്നും പോന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മാതാപിതാക്കള്‍ മരിച്ചു. ഏറ്റവും മൂത്ത സഹോദരിയൊഴിച്ച് മറ്റു സഹോദരങ്ങളെല്ലാം മരിച്ചു. ഞാനിവിടെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറം ദൈവത്തിന്റെ രാജ്യത്തിനായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്. ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ അതില്‍ ആനന്ദിക്കുകയും ചെയ്യുന്നു.

ലൈഫ്‌ഡേയുടെ വായനക്കാര്‍ക്ക് ആശീര്‍വ്വാദവും പ്രാര്‍ത്ഥനയും

(2023 മെയ് 5 – ന് പ്രസിദ്ധീകരിച്ചത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.