
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ബുധനാഴ്ച 133 കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ ഒരുമിക്കും. എന്നാൽ അതിനു മുന്നോടിയായി വത്തിക്കാനിലെ ഇന്റർനെറ്റ് സംവിധാനങ്ങളടക്കമുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും രഹസ്യമായ തിരഞ്ഞെടുപ്പിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ നടക്കുന്ന കാര്യങ്ങളെല്ലാം ജീവിതകാലം മുഴുവൻ വിവരങ്ങൾ മറച്ചുവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് കോൺക്ലേവിൽ കർദിനാളന്മാർ പങ്കെടുക്കുന്നത്. കോൺക്ലേവ് സമയത്ത് വത്തിക്കാനിലെ എല്ലാവർക്കും ഇത് ബാധകമാണ്. ഏത് അടിയന്തര സാഹചര്യത്തിലും സജ്ജരായ രണ്ട് ഡോക്ടർമാർ മുതൽ കർദിനാളന്മാർക്ക് ഭക്ഷണം നൽകുന്ന ഡൈനിംഗ് റൂം ജീവനക്കാർ വരെ ‘പൂർണ്ണവും ശാശ്വതവുമായ രഹസ്യം’ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
ഫോൺ, വൈ-ഫൈ സിഗ്നലുകൾ അകത്തേക്കോ, പുറത്തേക്കോ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് ജാമറുകൾ വത്തിക്കാനിൽ സജ്ജീകരിച്ചിരിക്കുന്നു. ‘ഏകനായി’ എന്ന ആശയത്തെ വത്തിക്കാൻ വളരെ ഗൗരവമായി കാണുന്നു. വോട്ടിംഗ് പ്രക്രിയ രഹസ്യമായി സൂക്ഷിക്കുക മാത്രമല്ല, ഈ പ്രശസ്തമായ ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവരങ്ങൾക്കായി ഹാക്ക് ചെയ്യാനോ, കാര്യങ്ങൾ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന ‘ദുഷ്ടശക്തികളെ’ തടയുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. വോട്ടുചെയ്യാൻ തയ്യാറെടുക്കുമ്പോൾ ലോകത്തിൽ നിന്നും അതിന്റെ സ്വാധീനത്തിൽ നിന്നും പൂർണ്ണമായ ഒറ്റപ്പെടൽ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ. കോൺക്ലേവിലേക്കു പ്രവേശിക്കുമ്പോൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയുൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപേക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമങ്ങൾ നടപ്പിലാക്കാൻ വത്തിക്കാനിൽ സ്വന്തം പൊലീസ് സംവിധാനമുണ്ട്.
“കോൺക്ലേവിനായി ഗസ്റ്റ്ഹൗസിൽ ടെലിവിഷനുകളോ, പത്രങ്ങളോ, റേഡിയോയോ ഒന്നുമില്ല” – മൂന്നു പതിറ്റാണ്ടുകളായി പേപ്പൽ കുടുംബത്തിന്റെ തലവനായിരുന്ന മോൺസിഞ്ഞോർ പൗലോ ഡി നിക്കോളോ പറഞ്ഞു. “പല മുറികളിലും പുറംലോകത്തേക്ക് കണ്ണോടിക്കുന്നതിനുള്ള ജനാലകൾ ഉള്ളതിനാൽ ആർക്കും ജനാലകൾ തുറക്കാൻപോലും കഴിയില്ല.”
വത്തിക്കാന്റെ ഉയർന്ന മതിലുകൾക്കു പിന്നിൽ കോൺക്ലേവിൽ പ്രവർത്തിക്കുന്ന എല്ലാവരെയും കർശനമായി പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വോട്ടർമാരുമായി ആശയവിനിമയം നടത്തുന്നതിൽ നിന്ന് അവരെ വിലക്കിയിരിക്കുന്നു. ഔദ്യോഗികമായി, ഇപ്പോഴും കർദിനാൾമാർക്ക് അഭിപ്രായം പറയുന്നതിൽ നിന്ന് വിലക്കുണ്ട്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയെ സംസ്കരിച്ച നിമിഷം മുതൽ, ഇറ്റാലിയൻ മാധ്യമങ്ങളുടെ ഒരു ഭാഗവും നിരവധി സന്ദർശകരും ഏറ്റവും സാധ്യതയുള്ള പിൻഗാമിയെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് കർദിനാളുമാരുടെ അഭിപ്രായം ചോദിക്കുന്നുണ്ട്.
ലോകമെമ്പാടും നിന്ന് ഏകദേശം 250 കർദിനാൾമാർ ഇപ്പോൾ നഗരത്തിലുണ്ട്. എന്നിരുന്നാലും 80 വയസ്സോ, അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വോട്ടവകാശമില്ല.