ഹോര്‍ത്തൂസ് പള്ളിമുറ്റത്തു വീണ വിശുദ്ധ വിത്ത്: ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്

ജോസ് ക്ലെമന്റ്

മൂന്നേമുക്കാല്‍ കോടി ജനങ്ങളുള്ള കേരളത്തില്‍ അമ്പതുലക്ഷത്തോളം കത്തോലിക്കര്‍ക്കിടയില്‍ നിന്നും വിശുദ്ധിയുടെ ഉത്തുംഗശൃംഗത്തിലേറിയ വിശുദ്ധരായ അല്‍ഫോന്‍സാമ്മയ്ക്കും ചാവറ കുര്യാക്കോസിനും എവുപ്രാസ്യാമ്മയ്ക്കും മറിയം ത്രേസ്യയ്ക്കും ദേവസഹായം പിള്ളയ്ക്കും പിന്നാലെ രണ്ടു വാഴ്ത്തപ്പെട്ടവരും എട്ട് ധന്യരും 28 ദൈവദാസരും പുണ്യമകുടം ചാര്‍ത്തിനില്‍ക്കുമ്പോള്‍ ഇതാ, ഒരു ദൈവദാസന്‍ കൂടി കേരളസഭയില്‍ വിരിയുന്നു – വരാപ്പുഴ അതിരൂപത വൈദികശ്രേഷ്ഠനായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്. തുടർന്നു വായിക്കുക.

ചാത്യാത്ത് മലബാറിന്റെ ഔഷധ സസ്യാരാമം – ഹോര്‍ത്തൂസ് മലബാറിക്കൂസ് – സമ്മാനിച്ച ഡച്ച് ഗവര്‍ണര്‍ അഡ്രിയന്‍ ഹെന്റിക് വാന്റീഡില്‍ നിന്നും അനുമതി നേടി പടുത്തുയര്‍ത്തിയ ചാത്യാത്ത് കര്‍മ്മല പള്ളി – ഹോര്‍ത്തൂസ് പള്ളിയുടെ മണ്ണിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് എന്ന ദൈവവിത്ത് മുളപൊട്ടിയത്. ഈ പുണ്യാലയത്തിന്റെ ശില്പി മത്തേവൂസ് പാതിരിയുടെ വിടവാങ്ങലിന്റെ ത്രിശതോത്തര സില്‍വര്‍ ജൂബിലിയുടെയും കര്‍മ്മല പള്ളിയുടെ പിറവിയുടെ ത്രിശതോത്തര സുവർണ്ണ ജൂബിലിയുടെയും വര്‍ണ്ണങ്ങള്‍ പീലിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് ഈ മണ്ണിന്റെ മകന്‍ ദൈവദാസനായി ആരോഹിതനായത്. സഭാചരിത്രത്തില്‍ രേഖപ്പെടുത്താന്‍ ഒരു കേരള സഭാതാരവും ഒരു തീയതിയും കൂടി ലഭിച്ചിരിക്കുന്നു – ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസും ജൂലൈ 19-ഉം.

ഓര്‍മ്മകള്‍ മധുരിക്കും; അത് വിശുദ്ധി കലര്‍ന്ന ഓര്‍മ്മകളാകുമ്പോള്‍ മാധുര്യം മാത്രമല്ല, ഭയഭക്തിയാദരവും തീക്ഷ്ണമായ സ്‌നേഹവും ഹൃദയങ്ങളില്‍ തുളുമ്പും. ഈ തലമുറയ്ക്കുപോലും ചിരപരിചിതനായി ജീവിച്ചു മണ്‍മറഞ്ഞ ഒരു വിശുദ്ധാത്മാവിനെ ജൂലൈ 19-ന് ദൈവദാസപദവിയിലേക്കുയര്‍ത്തുമ്പോള്‍ പരസ്‌നേഹത്തിന്റെ ഈ പുരോഹിതശ്രേഷ്ഠന്റെ കര്‍മ്മകാണ്ഡങ്ങളെ അനുസ്മരിക്കുന്നു.

മൂന്നേമുക്കാല്‍ കോടി ജനങ്ങളുള്ള കേരളത്തില്‍ അമ്പതുലക്ഷത്തോളം കത്തോലിക്കര്‍ക്കിടയില്‍ നിന്നും വിശുദ്ധിയുടെ ഉത്തുംഗശൃംഗത്തിലേറിയ വിശുദ്ധരായ അല്‍ഫോന്‍സാമ്മയ്ക്കും ചാവറ കുര്യാക്കോസിനും എവുപ്രാസ്യാമ്മയ്ക്കും മറിയം ത്രേസ്യയ്ക്കും ദേവസഹായം പിള്ളയ്ക്കും പിന്നാലെ രണ്ടു വാഴ്ത്തപ്പെട്ടവരും എട്ട് ധന്യരും 28 ദൈവദാസരും പുണ്യമകുടം ചാര്‍ത്തിനില്‍ക്കുമ്പോള്‍ ജൂലൈ 19-ന് ഒരു ദൈവദാസന്‍ കൂടി കേരളസഭയില്‍ വിരിയുന്നു – വരാപ്പുഴ അതിരൂപത വൈദികശ്രേഷ്ഠനായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്.

കേരളസഭയിലെ 28 ദൈവദാസരില്‍ ഇരുപതു പേരും വിശുദ്ധ പൗരോഹിത്യം സ്വീകരിച്ച് ജീവിതം നയിച്ചവരായിരുന്നു. ഇപ്പോള്‍ ദൈവദാസനായി ഉയര്‍ത്തപ്പെടുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസും പുരോഹിതനാണ്. കോട്ടപ്പുറം രൂപതയിലെ ഫാ. തെയോഫിലസ് പാണ്ടിപ്പിള്ളിയായിരുന്നു ഒടുവില്‍ (2022 ഡിസംബര്‍) ദൈവദാസപദവയിലേക്ക് ഉയര്‍ത്തപ്പെട്ട കേരളസഭയിലെ വൈദികോത്തമന്‍.
പൗരോഹിത്യത്തെയും സന്യാസത്തെയും അകത്തും പുറത്തു നിന്നും അടച്ചാക്ഷേപിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവും സാക്ഷ്യവുമായിത്തീരുകയാണ്. കേരളസഭ ഒത്തിരിയേറെ വെല്ലുവിളികള്‍ നേരിടുകയും വേദനകളിലൂടെ കടന്നുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജീവിതകാലത്തു തന്നെ പുണ്യതാപസനായി അറിയപ്പെട്ടിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസനായി ആരോഹിതനാകുന്നത്. ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കരുണയും ഇതള്‍വിരിയുന്നതിന്റെ അടയാളമാണ് മോണ്‍. ലോപ്പസിന്റെ ദൈവദാസപ്രഖ്യാപനം.

കരുണയുടെ പുഞ്ചിരിക്കുന്ന മുഖം

വാക്കുകളിലൊതുങ്ങുന്നതല്ല മോണ്‍. ലോപ്പസിന്റെ കരുണയും കരുതലും. അത് പ്രവൃത്തിയായി പരന്നൊഴുകിയപ്പോള്‍ പരിത്യക്തരും മുറിവേറ്റവരും അശരണരും നിരാലംബരും കുടുംബബന്ധങ്ങളുടെ കണ്ണികളകന്നു പ്രത്യാശ നഷ്ടപ്പെട്ടവരുമൊക്കെ സനാഥരാകുകയും ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റേറ്റ് ദൈവ-മനുഷ്യസ്‌നേഹത്തിന്റെ കാരുണ്യത്തണലനുഭവിച്ചവരായി മാറി.

അനുകമ്പയുള്ളവര്‍ക്കു മാത്രമേ വേദനിക്കുന്നവര്‍ക്ക് അത്താണിയാകാന്‍ കഴിയുമായിരുന്നുള്ളൂ. ഒരു പുരോഹിതന്‍, അജപാലന ഭരണാധികാരി എന്നീ നിലകളിലായിരിക്കവെ തന്നെ, ജാതിമതഭേദമെന്യേ രോഗബാധിതര്‍ക്കും മുറിവേറ്റവര്‍ക്കുമിടയില്‍ സാന്ത്വനത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു ലോപ്പസച്ചന്‍. നീണ്ടകാലം എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗീസന്ദര്‍ശകനും ചാപ്ലിനുമായി പ്രവര്‍ത്തിച്ച ഇദ്ദേഹം എല്ലാവര്‍ക്കും ദിവ്യകാരുണ്യാനുഭവം പകര്‍ന്ന പ്രേഷിതനായിത്തീരുകയായിരുന്നു. ഈ വെണ്‍കച്ചധാരി ആശുപത്രിക്കിടക്കകള്‍ക്കരികിലൂടെ നടന്നുനീങ്ങുമ്പോള്‍ ബാലമനസ്സുകള്‍പോലും അടക്കം പറഞ്ഞിരുന്നു: ‘ദേ, കുര്‍ബാന പോകുന്നുവെന്ന്.’

വേദനിക്കുന്ന മനുഷ്യര്‍ക്കു മുന്നില്‍ താങ്ങും തണലുമാകാന്‍ ലോപ്പസച്ചന്റെ മുമ്പില്‍ ജാതിയും മതവുമൊന്നും വിലങ്ങുതടികളായിരുന്നില്ല. ആത്മസംയമനത്തിന്റെ പ്രതീകമായിരുന്നു മോണ്‍. ലോപ്പസ് അഹിതമായ അനുഭവങ്ങള്‍ വരുമ്പോള്‍ മൗനത്തെ വാചാലമാക്കുന്നത് സമാധാനഭദ്രതയ്ക്ക് എത്രമേല്‍ സഹായകരമാകുമെന്ന് ലോപ്പസച്ചന്‍ പഠിപ്പിച്ചുകൊടുത്തു.

അടുത്തായിരിക്കാനും ഒരുമിച്ചായിരിക്കാനും ആഗ്രഹമെങ്കിലും എപ്പോഴും അകന്നുപോകുന്ന തിരയും തീരവും പോലെ മോണ്‍. ലോപ്പസ്

അകലങ്ങളിലാണെങ്കിലും ഒരു തിരമാലകണക്കേ മനസ്സില്‍ ഉയര്‍ന്നുനില്‍ക്കുകയാണിന്നും. വി. എവുപ്രാസ്യാമ്മയുടെ വാക്കുകള്‍ കടംകൊണ്ട് കുറിക്കട്ടെ; “മരിച്ചാലും മറക്കില്ലട്ടോ.” “എനിക്കിനി ഒരിടംവരെ പോകാനുണ്ട് – അമേരിക്ക വരെ. എന്നുവച്ചാല്‍ അമ്മ ഇരിക്കുന്നിടം വരെ.” നര്‍മ്മത്തില്‍ ചാലിച്ച് കുസൃതിച്ചിരിയോടെ ഇത് പറഞ്ഞ് അകലുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ഒരു സ്‌നേഹനൊമ്പരമായി കണ്‍കോണുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ആയിരം പൂർണ്ണചന്ദ്രന്മാരെ ദര്‍ശിച്ച സാഫല്യത്തോടെയാണ് നക്ഷത്രങ്ങളെ ഉടയാട ചാര്‍ത്തിയും ചന്ദ്രനെ പാദപീഠമാക്കിയവളുമായ പരിശുദ്ധ അമ്മ ഇരിക്കുന്നിടത്തേക്ക് ലോപ്പസച്ചന്‍ ആനീതനായത്. ഇപ്പോഴിതാ അനുഗ്രഹങ്ങളുടെ വരമാരി ഭൂമിയിലേക്ക് വര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു ഈ അമേരിക്കക്കാരനിലൂടെ. നിഷ്‌കളങ്കമായ പുഞ്ചിരിയും പ്രസരിപ്പു നിറഞ്ഞ ചലനങ്ങളും മരണത്തിനിപ്പുറവും തെളിഞ്ഞുനില്‍ക്കുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നു: മോണ്‍. ലോപ്പസ് അറിവും അനുഭവവും ആത്മീയതയും നുറുങ്ങുകഥകളും പങ്കുവച്ച് സുസ്‌മേരവദനനായി ഇപ്പോഴും ഇടയചൈതന്യം പ്രസരിപ്പിച്ച് ഇവിടെയൊക്കെയുണ്ട്. ദൈവത്തില്‍ നിന്ന് സ്വീകരിച്ച പുഞ്ചിരിയും പ്രസന്നതയും വർഷിച്ചുകൊണ്ട് വിശ്വാസിസമൂഹത്തെ സുഗന്ധപൂരിതമാക്കിക്കൊണ്ടിരിക്കുകയാണ്.

നരച്ച തലമുടിയിഴകളായിരുന്നു ലോപ്പസച്ചന്റെ വയസ്സ് തെളിയിച്ചിരുന്നത്. തിളങ്ങുന്ന നയനങ്ങളും തിടുക്കത്തിലുള്ള നടത്തവും തെളിവാര്‍ന്ന ഓര്‍മ്മശക്തിയും തികച്ചും ഒരു ചെറുപ്പക്കാരന്റേതായിരുന്നു. ജീവിതത്തെ നര്‍മ്മത്തിലൂടെ നോക്കിക്കണ്ട ഒരു വ്യക്തിയായിരുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ നര്‍മ്മത്തില്‍ പൊതിഞ്ഞ് സ്വന്തം ജീവിതത്തെ ഭാവാത്മകമാക്കിയിരുന്നതുപോലെ മറ്റുള്ള ജീവിതങ്ങളെയും ഭാവാത്മകമാക്കി മാറ്റാന്‍ ലോപ്പസച്ചന്‍ ശ്രമിച്ചിരുന്നു.

കര്‍മ്മലമണ്ണില്‍ വിരിഞ്ഞ കാരുണ്യപൂവ്

ചാത്യാത്ത് മൗണ്ട് കാര്‍മ്മല്‍ ഇടവകയിലെ ചിരപുരാതനമായ വേലിയാത്ത് കുടുംബത്തില്‍ ഏലിയാസ് ലോപ്പസ് – ത്രേസ്യാ ലോപ്പസ് ദമ്പതികളുടെ നാലുമക്കളില്‍ മൂത്തമകനായി 1908 മെയ് 10-നാണ് ഈ വിശുദ്ധാത്മാവിന്റെ ജനനം. കുസൃതികള്‍ നിറഞ്ഞ ശൈശവം പിന്നിട്ടപ്പോള്‍ എറണാകുളം സെന്റ് ആൽബർട്ട്സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇമ്മാനുവലിനെ ചേര്‍ത്തു. മാതൃഭവനത്തില്‍ നിന്നും ഏറെ ദൂരത്തല്ലാതിരുന്ന ഇടവകപ്പള്ളിയില്‍ നിത്യവും പപ്പയോടൊപ്പം പോയിരുന്ന ഇമ്മാനുവലിന് വിശുദ്ധ കുര്‍ബാനയോടും ആധ്യാത്മികജീവിതത്തോടും ഏറെ താല്പര്യമായിരുന്നു. മാതാപിതാക്കളുടെ ശിക്ഷണവും നല്ല മാതൃകയും ഇമ്മാനുവലിനെ വൈദിക ജീവിതാന്തസ്സിലേക്ക് വഴിനടത്തി. അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കിയപ്പോഴാണ് സെമിനാരിജീവിതത്തോടുള്ള മോഹമുദിക്കുന്നത്. ഇതിനുള്ള പ്രചോദനം പപ്പയോടൊപ്പമുള്ള പള്ളിസന്ദര്‍ശനവും അന്നത്തെ ഇടവക വികാരി സ്പാനിഷ് വൈദികനും കര്‍മ്മലീത്താംഗവുമായ ഫാ. ബ്ലെയ്‌സിന്റെ ആധ്യാത്മികജീവിതവുമായിരുന്നു. എന്നാല്‍ തന്റെ ദൈവവിളി തിരിച്ചറിയാനുള്ള കേന്ദ്രബിന്ദു തന്റെ മമ്മ തന്നെയായിരുന്നുവെന്ന് ഇമ്മാനുവല്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഇമ്മാനുവലിന്റെ ആത്മസുഹൃത്തുക്കളില്‍ നിന്നുതന്നെയാണ് ഈ സത്യം പിന്നീട് മനസ്സിലാക്കാനായത്.

നല്ല ജീവിതം നയിക്കുന്നതിനുള്ള സദ്ചിന്തകളും പ്രേരണകളും ആ കുരുന്നുമനസ്സില്‍ നിക്ഷേപിച്ചിരുന്നത് ഇമ്മാനുവലിന്റെ സ്‌നേഹമയിയായ മമ്മയായിരുന്നു. മമ്മയുടെ സ്വാധീനം ഈ ബാലന്റെ ഭക്തിജീവിതത്തിലെ പ്രകാശദീപമായിരുന്നു. ദൈവനിശ്ചയത്തിന്റെ മുഹൂര്‍ത്തം തെളിഞ്ഞപ്പോള്‍ 1921-ല്‍, 13-ാം വയസ്സില്‍ ഇമ്മാനുവല്‍ ലോപ്പസ് വൈദിക പരിശീലനാര്‍ഥിയായി എറണാകുളം സെന്റ് ജോസഫ് പെറ്റി സെമിനാരിയില്‍ പ്രവേശിച്ചു. ഡോ. എയ്ഞ്ചല്‍ മേരി വരാപ്പുഴ മെത്രാപ്പോലീത്തയും സ്പാനിഷ് മിഷനറി ഫാ. സിറിയക് ഒസിഡി സെമിനാരി റെക്ടറുമായിരുന്നു. സെന്റ് ആൽബർട്ട്സ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ലത്തീന്‍ ഭാഷാപഠനത്തിന് നിയോഗിതനായി ബ്രദര്‍ ലോപ്പസ്. തുടര്‍ന്നാണ് കാന്‍ഡി പേപ്പല്‍ സെമിനാരിയിലേക്കാണ് തുടര്‍പഠനങ്ങള്‍ക്കായി ബ്രദര്‍ ലോപ്പസ് നിയോഗിതനായത്.

പൗരോഹിത്യ സ്വീകരണവും ഇടയവഴികളും

പഠന-പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാന്‍ഡിയില്‍ വച്ചുതന്നെ സിലോണ്‍ ബിഷപ് ഡോ. ബീഡ് ബക്ക് മെയറില്‍ നിന്നും 1934 ആഗസ്റ്റ് 26-ന് ഡീക്കന്‍ ഇമ്മാനുവല്‍ ലോപ്പസ് പൗരോഹിത്യം സ്വീകരിച്ചു. അപ്പോള്‍ പ്രായം 26! തദനന്തരം നവവൈദികന്‍ കൊളംബോയില്‍ നിന്ന് കപ്പല്‍മാര്‍ഗം തൂത്തുക്കുടിയിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലും വീണ്ടും ട്രെയിന്‍മാര്‍ഗം ഷൊര്‍ണൂര്‍ വഴി എറണാകുളത്തിനും എത്തിച്ചേര്‍ന്നു. വന്നിറങ്ങിയതോ, ചാത്യാത്ത് ഇടവകാതിര്‍ത്തിയിലുള്ള ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പഴയ ഗുഡ്‌സ് സ്റ്റേഷനിലായിരുന്നു. ഇവിടെ നിന്നും കാല്‍നടയായാണ് 89 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. ഇമ്മാനുവല്‍ ലോപ്പസ് മാതൃദേവാലയത്തില്‍ പ്രഥമബലിയര്‍പ്പണത്തിനായി എത്തിച്ചേര്‍ന്നത്.

കര്‍മ്മലനാഥയുടെ ദേവാലയത്തില്‍ പ്രഥമപൂജയര്‍പ്പിച്ചതിനെ തുടര്‍ന്ന് കര്‍മ്മല കോണ്‍വന്റില്‍ നവവൈദികന് സ്വീകരണവും നല്‍കി

വൈപ്പിന്‍ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സഹവികാരിയായാണ് ഇടയശുശ്രൂഷയാരംഭിച്ചത്. വൈദികജീവിതത്തിന്റെ പരിശീലനക്കളരിയായിരുന്നു പെരുമ്പിള്ളി ഇടവകയിലെ തന്റെ നാലര വര്‍ഷത്തെ കര്‍മ്മരംഗമെന്ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അന്ത്യഘട്ടം വരെ വിശേഷിപ്പിക്കുമായിരുന്നു. വികാരി ഫാ. ക്ലെമന്റ് കൊറയായ്‌ക്കൊപ്പമുള്ള അജപാലനജീവിതം സുവർണ്ണനാളുകളായിരുന്നു ലോപ്പസച്ചന്; പിന്നീട് ജീവിതത്തിന്റെ കാല്‍നൂറ്റാണ്ടു കാലം ഒരിടവകയില്‍ തന്നെ വികാരിയായി സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യവും. എന്നാല്‍ ഇടയവഴികളിലെ അറിവും അനുഭവവുമൊക്കെ നേടിയെടുത്തത് ആദ്യ ഇടവകയില്‍ നിന്നുതന്നെയായിരുന്നുവെന്ന് അഭിമാനപൂര്‍വം ലോപ്പസച്ചന്‍ പറയുമായിരുന്നു.

1939 ജൂണ്‍ 11 മുതല്‍ 23 വര്‍ഷം എറണാകുളം ഉണ്ണിമിശിഹാ പള്ളിവികാരിയായിരുന്ന മോണ്‍. ലോപ്പസ് ‘ഇമ്മാനുവല്‍’എന്ന നാമമായിരിക്കാം ഇത്രയുംകാലം ഇന്‍ഫന്റ് ജീസസ് പള്ളിവികാരിയായി സേവനമനുഷ്ഠിക്കാന്‍ നിയോഗിതനായതെന്ന് നര്‍മ്മത്തില്‍ പൊതിഞ്ഞ് സ്വതസിദ്ധമായ ചിരിയോടെ ലോപ്പസച്ചന്‍ പറയുമായിരുന്നു. 1962 ജൂലൈ 11-ന് ഉണ്ണിമിശിഹാ പള്ളിയില്‍ നിന്നും വിടപറഞ്ഞ് താന്‍ വൈദികപരിശീലനത്തിന് ഹരിശ്രീ കുറിച്ച സെന്റ് ജോസഫ്‌സ് സെമിനാരിയുടെ ആധ്യാത്മികപിതാവായും മതബോധന ഡയറക്ടറായും ചുമതലയേറ്റു. കേരള സഭയില്‍പോലും മതബോധന കമ്മീഷനോ, കാര്യാലയമോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ലോപ്പസച്ചന്‍ അതിരൂപതയിലെ മതബോധന ശുശ്രൂഷയുടെ നായകത്വം വഹിക്കാന്‍ ആരംഭിക്കുന്നത്. 14 വര്‍ഷം ഈ രംഗത്ത് കര്‍മ്മനിരതനായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് എറണാകുളം ജനറല്‍ ആശുപത്രി ചാപ്ലിനായും പ്രവര്‍ത്തിച്ചത്. മോണ്‍. ലോപ്പസ് അന്ത്യം വരെ ഇത് തുടര്‍ന്നു.

ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറയുടെ ഭരണകാലഘട്ടത്തില്‍ പ്രോ വികാര്‍ ജനറലായി നിയമിതനായി. എട്ടുവര്‍ഷം വിശ്വസ്തതയോടെ ആ സ്ഥാനത്ത് കര്‍മ്മനിരതനായതിനെ തുടര്‍ന്ന് കേളന്തറ പിതാവ് ലോപ്പസച്ചനെ വികാര്‍ ജനറലായി അവരോധിച്ചു. മൂന്ന് ആര്‍ച്ചുബിഷപ്പുമാര്‍ക്കൊപ്പം 12 വര്‍ഷം വികാര്‍ ജനറലായി മോണ്‍. ലോപ്പസ് പ്രവര്‍ത്തിച്ചു. ആര്‍ച്ചുബിഷപ്പ് കേളന്തറയുടെ ആകസ്മികവിയോഗത്തില്‍ ആറുമാസം വരാപ്പുഴ അതിരൂപത അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. രണ്ടു പതിറ്റാണ്ടോളം വിവാഹ കോടതിയുടെ ന്യായാധിപനായും മോണ്‍. ലോപ്പസ് പ്രവര്‍ത്തിച്ചു.

കരുണയുടെ കുമ്പസാരക്കൂട്

വരാപ്പുഴ അതിരൂപതയുടെ സമസ്തമേഖലകളിലും കൈയ്യൊപ്പു പതിപ്പിച്ച ഭരണനിയന്താവും ഇടയനുമായി കര്‍മ്മനിരതനായിരുന്നപ്പോഴും നല്ലൊരു കുമ്പസാരക്കാരനും ജാതിമതഭേദമെന്യേ മനുഷ്യഹൃദയങ്ങളെ സ്പര്‍ശിച്ച ലളിതജീവിതത്തിനുടമയുമായിരുന്നു ലോപ്പസച്ചന്‍. കേരളത്തിലെ ഒട്ടുമിക്ക മതമേലധ്യക്ഷന്മാരുടെയും വൈദികരുടെയും വൈദികവിദ്യാര്‍ഥികളുടെയും രോഗികളുടെയും കുമ്പസാരക്കാരനായിരുന്നു ഈ വന്ദ്യവൈദികന്‍. കരുണയുടെ ഒരു കുമ്പസാരക്കൂടു തന്നെയായി മാറിയിരുന്നു ഇദ്ദേഹം. ചുരുക്കത്തില്‍ ജീവിതകാലത്തു തന്നെ മലയാളികളുടെ ഒരു വിയാനിപുണ്യാളനായിരുന്നു ഈ പട്ടക്കാരന്‍. ഏതൊരു വ്യക്തിയെയും അവരായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അവരുടെ ആവശ്യങ്ങളിലും പ്രശ്‌നങ്ങളിലും അറിഞ്ഞ് ഇടപെട്ട് സഹായകനും പരിഹാരകനുമായി ഈ ഉപവിപ്രവര്‍ത്തകന്‍ മാറുമായിരുന്നു.

ജപമാലഭക്തന്‍

പരിശുദ്ധ മറിയത്തില്‍ പൂർണ്ണമായും ആശ്രയിച്ചിരുന്ന തികഞ്ഞൊരു മരിയഭക്തനായിരുന്നു ലോപ്പസച്ചന്‍. തന്റെ ദൈവവിളി പ്രതിസന്ധിയില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ചൊല്ലാനാരംഭിച്ച പ്രാര്‍ഥന ഒരു ഹൃദയതാളം പോലെ അന്ത്യനാള്‍ വരെയും ലോപ്പസച്ചന്‍ ആവര്‍ത്തിച്ചിരുന്നു: “പരിശുദ്ധ അമ്മേ, എന്നെ നല്ലൊരു വൈദികനായി വളര്‍ത്തുകയും വൈദികാന്തസ്സില്‍ എന്നും നിലനിര്‍ത്തുകയും ചെയ്യണമേ.”

പരിശുദ്ധ മറിയത്തോടുള്ള അഗാധമായ സ്‌നേഹം ലോപ്പസച്ചനെ ജപമാലഭക്തിയുടെ പ്രചാരകനുമാക്കിത്തീര്‍ത്തു. തന്റെ ളോഹയ്ക്കുള്ളില്‍ അദ്ദേഹം ജപമാല സൂക്ഷിച്ചിരുന്നു. ആര്‍ക്കെങ്കിലുമൊക്കെ വിലകൂടിയ സമ്മാനമായി അച്ചന്‍ നല്കിയിരുന്നതും ജപമാലയാണ്. അത്രയ്ക്ക് മൂല്യവും മഹത്ത്വവും ജപമാലയ്ക്ക് അദ്ദേഹം നല്കിയിരുന്നു.

രോഗികളോടും നിരാലംബരോടും എന്നും അലിവും സ്‌നേഹവും പങ്കിട്ടിരുന്ന ഇടയമനസ്സായിരുന്നു ലോപ്പസച്ചന്റേത്. കാനോനിക നിയമങ്ങളുടെ സൂക്ഷ്മപഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധിപ്രസ്താവനകള്‍ക്കൊക്കെയ്ക്കും നടുവിലും നിത്യവും രാവിലെയും വൈകുന്നേരവും എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഈ മനുഷ്യസ്‌നേഹി സമയം കണ്ടെത്തിയിരുന്നു. രാവിലെ 6.15 മുതല്‍ 6.45 വരെ ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് ദിവ്യകാരുണ്യം നല്കാന്‍ പ്രായത്തെ മറന്നും ശുഷ്‌കാന്തി കാണിച്ചിരുന്നു. വൈകിട്ട് 5.30 മുതല്‍ ഏഴുമണി വരെ രോഗീസന്ദര്‍ശനവും കുമ്പസാരവും സാന്ത്വനിപ്പിക്കലുമായിരുന്നു.

പൗരോഹിത്യജീവിതത്തിന്റെ ഏഴ് ദശാബ്ദത്തിനിടയില്‍ 39 വര്‍ഷത്തോളം രോഗികളോടും നിരാലംബരോടുമൊപ്പം ഈ സാത്വികന്‍ സ്‌നേഹം പങ്കിട്ടു. വാര്‍ധക്യം ശരീരത്തെ തഴുകിയിട്ടും മനസ്സ് സജീവവും സന്നദ്ധവുമായിരുന്നു. അതുകൊണ്ടു തന്നെ അധികാരികളുടെ ‘സ്‌നേഹവിലക്ക്’ ഉണ്ടാകുന്നതുവരെ മുടക്കമില്ലാതെ നിത്യം രണ്ടുനേരവും ലോപ്പസച്ചന്‍ രോഗീസന്ദര്‍ശനത്തിലും കൂദാശാപരികര്‍മ്മത്തിലും വ്യാപൃതനായിരുന്നു. 1997-ല്‍ അധികാരികള്‍ക്കു വിധേയനായി പിന്മാറി.

സകലകലാ വല്ലഭന്‍

മോണ്‍. ലോപ്പസിന്റെ ഇടയജീവിതം അജപാലനത്തില്‍ മാത്രം ഒതുങ്ങിയതായിരുന്നില്ല. ഒറ്റവാക്കില്‍ ചുരുക്കിയാല്‍ അദ്ദേഹം ഒരു സകലകലാ വല്ലഭനായിരുന്നു. കാരണം, സമസ്തമേഖലകളിലും തന്റെ കൈയ്യൊപ്പു പതിപ്പിച്ചാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. പ്രീസ്റ്റ്‌സ് മ്യൂച്ച്വല്‍ എയ്ഡ്‌സ് സൊസൈറ്റി (പി.എം.എ.എസ്) സ്ഥാപകന്‍, സെന്റ് ജോസഫ് മൈനര്‍ സെമിനാരി ആധ്യാത്മിക പിതാവ്, അതിരൂപതാ മതബോധന ഡയറക്ടര്‍, എറണാകുളം ജനറല്‍ ആശുപത്രി ചാപ്ലൈന്‍, അതിരൂപതാ ആലോചനാസമിതിയംഗം, പ്രോ വികാരി ജനറല്‍, സെന്റ് ആൽബർട്ട്സ് – സെന്റ് പോള്‍സ് കോളജ് മാനേജര്‍, വികാരി ജനറാള്‍, അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ ഈ ശ്രേഷ്ഠവൈദികന്‍ ശുശ്രൂഷ നിര്‍വഹിച്ചു. ഇതോടൊപ്പം നലംതികഞ്ഞൊരു രചയിതാവും കലാകാരനും കൂടിയായിരുന്നു.

മോണ്‍. ലോപ്പസിന്റെ ആദ്യ ഫിക്ഷനായിരുന്നു 1990-ല്‍ വരാപ്പുഴ അതിരൂപത മതബോധന വിഭാഗം പ്രസിദ്ധീകരിച്ച ‘അലക്‌സമ്മാവന്‍’ ഇതിന്റെ സ്വീകാര്യത കൊണ്ട് 168 പേജുകള്‍ കൂടി ഉള്‍പ്പെടുത്തി 680 പേജില്‍ 1994-ല്‍ അലക്‌സമ്മാവന്റെ രണ്ടാം പതിപ്പും ഇറങ്ങി. ലോപ്പസച്ചന്റെ പ്രഥമകൃതി ‘സേവനം’ എന്ന നാടകമായിരുന്നു. തുടര്‍ന്ന് നിരവധി ഏകാംഗങ്ങള്‍ ‘പരമരഹസ്യം’ മുതല്‍ ‘ഹാ, എന്തൊരു ജീവിതം’ വരെ 25-ല്‍പരം ഏകാംഗങ്ങള്‍ ഇദ്ദേഹം രചിച്ചു. 1963-ല്‍ പ്രസിദ്ധീകൃതമായ വേദോപദേശ സംക്ഷേപത്തിന്റെ പിന്നിലും ഈ ദൈവദാസന്റെ കരങ്ങളായിരുന്നു. എറണാകുളത്തെ ബോസ്‌കോ കലാസമിതിയുടെ ആരംഭകനും മോണ്‍ ലോപ്പസായിരുന്നു.

അംഗീകാരങ്ങള്‍

ഉത്തരവാദിത്വങ്ങളിലെ വിശ്വസ്തതയും അതിനുള്ളിലെ അംഗീകാരവുമായി 1959 ജൂലൈ 26-ന് വി. ജോണ്‍ 23-ാമന്‍ പാപ്പാ പ്രിവി ചേമ്പര്‍ ലെയ്ന്‍ പദവിയും 1981 മാര്‍ച്ച് 19-ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രോട്ടോ നോട്ടറി അപ്പസ്‌തോലിക് പദവിയും നല്‍കി മോണ്‍. ലോപ്പസിനെ ആദരിക്കുകയുണ്ടായി. 96 വര്‍ഷത്തെ ധന്യമായ ഈ ലോകജീവിതത്തില്‍ മഹത്വം നിറഞ്ഞ 70 വര്‍ഷം ദൈവത്തിന്റെ വിശുദ്ധ പൗരോഹിത്യത്തില്‍ കളങ്കിതനാകാതെ ശോഭിച്ചുവെന്നതാണ് ഈ വൈദികശ്രഷ്ഠന്റെ പുണ്യശോഭ. വിശുദ്ധനായി ജീവിക്കുകയും വിശുദ്ധിയോടെ പെരുമാറുകയും വിശുദ്ധിയില്‍ മഹചരമം പ്രാപിക്കുകയും ചെയ്ത ഒരു വ്യക്തിയെ, നാമകരണചടങ്ങുകളെ മാറ്റിനിര്‍ത്തിയാല്‍ നിര്‍ഭയം നമുക്ക് വിളിക്കാനാകും ‘വിശുദ്ധ ഇമ്മാനുവേല്‍ ലോപ്പസ്’ എന്ന്.

ഈ വൈദിക സര്‍വ്വോത്തമനെ വിശുദ്ധിയുടെ പടവുകളിലേക്ക് ആനയിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍ ദൈവാനുഗ്രഹങ്ങള്‍ ഈ ദൈവദാസനിലൂടെ പെയ്തിറങ്ങട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ദൈവസമക്ഷം സ്‌നേഹത്തിന്റെ വാടാമലരായി വിരിഞ്ഞുപരിമളം പരത്തിനില്‍ക്കുന്ന കര്‍മ്മലമണ്ണിലെ ഈ പുണ്യപുഷ്പത്തിന്റെ വിശുദ്ധസൗമ്യതയില്‍ നമുക്കും ഇടം കണ്ടെത്താം.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.