‘ക്രിസ്തു എന്റെ വ്യക്തിത്വമാണ്, എന്റെ അടിത്തറയാണ്’; വിശ്വാസത്തിന്റെ കരുത്തിൽ ഹാലി വിന്നിന്റെ ഒളിമ്പിക് വിജയം

2026-ലെ മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സിൽ കാനഡയെ പരാജയപ്പെടുത്തി യുഎസ് വനിതാ ഹോക്കി ടീം സ്വർണ്ണ മെഡൽ നേടിയപ്പോൾ, ആ വിജയത്തിന് പിന്നിലെ പ്രധാനി 22 കാരിയായ ഹാലി വിൻ എന്ന കത്തോലിക്കയാണ്. മിലാനിലെ ഐസ് ഹോക്കി അരീനയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കിയ യുഎസ് ടീമിനായി പ്രതിരോധ നിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഹാലി കാഴ്ചവച്ചത്. തന്റെ ആദ്യ ഒളിമ്പിക്സിൽ തന്നെ സ്വർണ്ണമണിഞ്ഞ ഹാലി, ഈ നേട്ടത്തെ തന്റെ കുടുംബത്തിനും ദൈവത്തിനുമാണ് സമർപ്പിക്കുന്നത്.

ക്രിസ്തുവിലൂന്നിയ ജീവിതം

“ക്രിസ്തു എന്റെ വ്യക്തിത്വമാണ്, എന്റെ അടിത്തറയാണ്. എന്നെ ഉറപ്പിച്ചു നിർത്തുന്ന കാര്യം അതാണ് എന്ന് ഞാൻ കരുതുന്നു” എന്നാണ് വിജയത്തിന് ശേഷം ഹാലി പ്രതികരിച്ചത്.

കളിക്കളത്തിലെ സമ്മർദ്ദഘട്ടങ്ങളിലും തന്നെ ഉറപ്പിച്ചു നിർത്തുന്നത് തന്റെ വിശ്വാസമാണെന്ന് ഈ യുവതാരം സാക്ഷ്യപ്പെടുത്തുന്നു. ഓരോ മത്സരത്തിന് മുൻപും സഹതാരങ്ങൾക്കൊപ്പം പ്രാർഥിക്കുന്നത് തനിക്ക് വലിയ പ്രചോദനമാണെന്നും ഹാലി പറയുന്നു. ലോകത്തിന്റെ വലിയൊരു വേദിയായ ഒളിമ്പിക്സിനെ ദൈവത്തെ മഹത്വപ്പെടുത്താനുള്ള ഒരു അവസരമായിട്ടാണ് ഹാലി കാണുന്നത്.

കഠിനാധ്വാനത്തിന്റെ പാത

ന്യൂയോർക്കിലെ റോച്ചസ്റ്റർ സ്വദേശിയായ ഹാലി വിൻ, ബിഷപ്പ് കിയാർണി ഹൈസ്കൂളിലൂടെയാണ് ഹോക്കി ലോകത്തേക്ക് ചുവടുവച്ചത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ തന്റെ ആദ്യ ഒളിമ്പിക് ഗോൾ നേടിയ ഹാലി, ടൂർണമെന്റിലുടനീളം മികച്ച പ്രതിരോധം കാഴ്ചവച്ചു. 2021-ൽ ക്ലാർക്‌സൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന ഹാലി, അവിടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനായും മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. കളിക്കളത്തിലെ തിരക്കുകൾക്കിടയിലും ബൈബിൾ സ്റ്റഡി ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകാനും ആത്മീയ കാര്യങ്ങൾക്ക് അവൾ സമയം കണ്ടെത്തിയിരുന്നു.

കുടുംബത്തിന്റെ പിന്തുണയും ആത്മീയ സൗഹൃദവും

ഹാലിയുടെ വിജയയാത്രയിൽ മാതാപിതാക്കളായ ജാനറ്റും മൈക്കും മൂന്ന് സഹോദരന്മാരും നൽകിയ പിന്തുണ വലുതാണ്. മിലാനിൽ നടന്ന ഫൈനലിൽ അവളെ പ്രോത്സാഹിപ്പിക്കാൻ കുടുംബം മുഴുവൻ എത്തിയിരുന്നു.

“അവരില്ലാതെ ഞാൻ ഒളിമ്പിക് ചാമ്പ്യനാകില്ലായിരുന്നു”, വിൻ തന്റെ മാതാപിതാക്കളായ ജാനറ്റിനെയും മൈക്കിനെയും മൂത്ത സഹോദരന്മാരായ കേസി, റയാൻ, ടോമി എന്നിവരെക്കുറിച്ചും പറഞ്ഞു – അവരിൽ അഞ്ചുപേരും മിലാനിൽ എത്തിയിരുന്നു. “എന്റേത് പോലെ തന്നെ അവരുടെയും മെഡലാണ് ഇത്,” അവൾ തന്റെ വിജയത്തിന്റെ ബഹുമതി തന്റെ പ്രിയപ്പെട്ടവർക്കും നൽകി.

റോച്ചസ്റ്ററിലെ സെന്റ് ഫ്രാൻസെസ് സേവ്യർ കാബ്രിനി ഇടവകയിലെ ഫാ. റോബർട്ട് വെർത്തുമായുള്ള ഹാലിയുടെ സൗഹൃദം അവളുടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴമുള്ളതാക്കി. ഹാലിയുടെയും കുടുംബത്തിന്റെയും ആത്മീയ വളർച്ചയിൽ ഈ വൈദികൻ വലിയ പങ്കുവഹിച്ചതായി ഹാലിയുടെ മാതാവ് സാക്ഷ്യപ്പെടുത്തുന്നു.

റെക്കോർഡ് വിജയം

ശരാശരി 5.3 ദശലക്ഷം ആളുകൾ തത്സമയം കണ്ട ഈ ഫൈനൽ മത്സരം വനിതാ ഐസ് ഹോക്കി ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗെയിമായി മാറി. ഓവർടൈമിൽ പ്രേക്ഷകരുടെ എണ്ണം 7.7 ദശലക്ഷം വരെ ഉയർന്നു. ഇത്രയേറെ പ്രശസ്തിയും ശ്രദ്ധയും ലഭിക്കുമ്പോഴും തികഞ്ഞ വിനയത്തോടെയാണ് ഹാലി ഈ വിജയത്തെ നോക്കിക്കാണുന്നത്. വരും നാളുകളിലും പ്രൊഫഷണൽ ഹോക്കി ലീഗിൽ (PWHL) ബോസ്റ്റൺ ഫ്ലീറ്റിനായി കളിക്കുന്നതിനോടൊപ്പം തന്റെ വിശ്വാസ സാക്ഷ്യം ലോകത്തോട് വിളിച്ചുപറയാനും ഹാലി വിൻ ആഗ്രഹിക്കുന്നു.

“ഈ വേദിയിൽ ദൈവത്തെ മഹത്വപ്പെടുത്താൻ എന്നെ ഉപയോഗിക്കുന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്,” അവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.