ആദ്യം ഗൈനക്കോളജി ഡോക്ടർ; ഇപ്പോൾ കർത്താവിന്റെ പുരോഹിതൻ: വ്യത്യസ്തം ഈ ദൈവവിളി അനുഭവം

ദൈവത്തിന്റെ വിളി പലപ്പോഴും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് അവിടുത്തെ തെരഞ്ഞെടുപ്പുകളും. വ്യത്യസ്തമായ വഴികളിലും ജീവിതത്തിലും ജോലിയിലുമുള്ള ആളുകളെ അവിടുന്ന് തെരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ ദൈവത്തിന്റെ തെരഞ്ഞെടുപ്പിന് വിധേയനായ വ്യക്തിയാണ് അർജന്റീനയിൽ നിന്നുള്ള ഫാ. ലിയോനാർഡോ ഡി കാർലോ. മുൻപ് ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറായി സേവനം ചെയ്ത വ്യക്തി ഇന്ന് കർത്താവിന്റെ പുരോഹിതനാണ്. അറിയാം, ദൈവവിളി അനുഭവത്തിലേക്ക് പ്രതിസന്ധികൾ തരണം ചെയ്തു കടന്നുവന്ന ഫാ. ലിയോനാർഡോ ഡി കാർലോയുടെ ജീവിതം.

വളരെ ചെറുപ്പം മുതലേ, ഗർഭധാരണം എങ്ങനെയാണെന്നും ഒരു സ്ത്രീയുടെ വയറ്റിൽ കുഞ്ഞ് എങ്ങനെ ഗർഭം ധരിക്കപ്പെടുന്നുവെന്നും അറിയാൻ ലിയോനാർഡോ ഡി കാർലോക്ക് വളരെ ആകാംക്ഷയായിരുന്നു. ആ ആകാംക്ഷകൾ ലിയോനാർഡോയെ എത്തിച്ചത് മെഡിസിൻ പഠനത്തിലാണ്. അങ്ങനെ അർജന്റീനയിലെ കോർഡോബ സർവ്വകലാശാലയിൽ മെഡിസിൻ പഠിക്കാനും ഗൈനക്കോളജിയിലും പ്രസവചികിത്സയിലും വൈദഗ്ധ്യം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഒരു ഡോക്ടർ ആയി തുടരുക എന്നതിനേക്കാൾ ദൈവത്തിന്, അദ്ദേഹത്തക്കുറിച്ച് മറ്റൊരു പദ്ധതി ഉണ്ടായിരുന്നു; ആ പദ്ധതി അദ്ദേഹം തിരിച്ചറിയുന്നത് തന്റെ പേഷ്യന്റുമായുള്ള സമ്പർക്കത്തിൽ നിന്നും.

പലപ്പോഴും, ഗർഭിണികളായ സ്ത്രീകളെ പരിശോധിക്കുന്നതിനിടെ, അവരുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും ഇടയിൽ ആത്മീയതയുടെ കുറവുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. ഒരിക്കൽ തന്റെ ഇടവകയിലെ രോഗികളുടെ കൂട്ടായ്മയിൽ ഒരു അത്ഭുതം സംഭവിക്കുന്നത് അദ്ദേഹം കണ്ടു. അത് ഭൗതികമായ ഒരു അത്ഭുതമായിരുന്നില്ല. മാരകമായ രോഗികൾ ഏറെ വിശ്വാസത്തോടെ, ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ അവരുടെ ഉള്ളുകളിൽ നിറഞ്ഞ, കണ്ണുകളിൽ കണ്ട ആത്മീയചൈതന്യമായിരുന്നു ആ അത്ഭുതം. അത് ഈ യുവഡോക്ടറിന്റെ കണ്ണുകൾ തുറപ്പിച്ചു. ആ വൈദികനിലൂടെ രോഗികളായ ആളുകളിലുണ്ടായ ആത്മീയ ആനന്ദം അദ്ദേഹത്തിന് വർണ്ണനാതീതമായി തോന്നി. ദൈവത്തിന് തന്നെക്കുറിച്ച് ഇങ്ങനെയും ഒരു പദ്ധതിയുണ്ടെന്നു തിരിച്ചറിഞ്ഞ ആ യുവാവിന്റെ ഉള്ളിൽ വൈദികനാകുക എന്ന ആഗ്രഹം മുളപൊട്ടി.

എന്നാൽ ഒരു ഗൈനക്കോളജിസ്റ്റായ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജോലി ഒരു തടസമായി നിന്നിരുന്നു. മെൻഡോസയിലെ ആർച്ചുബിഷപ്പുമായി ആശയവിനിമയം നടത്തിയപ്പോൾ, അദ്ദേഹം പിതൃതുല്യമായ സ്നേഹത്തോടെ ലിയോനാർഡോയെ സ്വീകരിച്ചു. “ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ഉള്ളതുപോലെ ഒരു ഡോക്ടർ ആയിരിക്കുന്നത് എനിക്ക് വളരെ സുഖകരമായിരുന്നു. പക്ഷേ, ദൈവം എന്നെ ഒരു പുതിയ ലോകത്തിലേക്ക് പോകാൻ ക്ഷണിച്ചു. അത് എളുപ്പമായിരുന്നില്ല. എന്നാൽ ഈ പുതിയ വിളിയിലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ ഇത് അത്ഭുതകരമായ  ഒരു ലോകമാണെന്ന് ഞാൻ മനസിലാക്കി” – ലിയോനാർഡോ പറയുന്നു.

ഫോർമേഷന് എട്ട് വർഷത്തിനു ശേഷം, 2012 മാർച്ച് 17-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. “ഞാൻ ഇപ്പോൾ 11 വർഷമായി ഒരു പുരോഹിതനാണ്. എനിക്ക് വളരെ സന്തോഷം തോന്നുന്നു. കാരണം ഞാൻ ഇഷ്ടപ്പെടുന്നത് ഞാൻ ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി സഭ എന്നെ വിളിക്കുന്ന സ്ഥലങ്ങളിൽ സേവനം ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു.

ഇന്ന് ഗർഭിണികളായ സ്ത്രീകൾക്കായി പ്രാർത്ഥിക്കുകയും അവരുടെ ഇടയിൽ ആത്മീയശുശ്രൂഷ ചെയ്യുകയും ഒപ്പം മക്കളില്ലാത്ത ദമ്പതികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് തന്റെ പൗരോഹിത്യശുശ്രൂഷ മുന്നോട്ട് കൊണ്ടുപോകുകയാണ് 46-കാരനായ ഈ വൈദികൻ. കൂടാതെ, യൂണിവേഴ്‌സിറ്റികളിൽ ക്ളാസുകളും മറ്റും എടുക്കുകയും ചെയ്യുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിൽ അംഗവും കൂടിയാണ് ഇദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.