വി. പത്രോസിൽ നിന്നും വി. കൊച്ചുത്രേസ്യായിലൂടെ ബനഡിക്ട് പാപ്പായിലേക്ക്

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

എ.ഡി 29: തിബേരിയൂസ് തീരം

‘കര്‍ത്താവേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.’

തിബേരിയൂസിന്റെ തീരത്തായിരുന്നു അത്. സഭയുടെ ആദ്യ കപ്പിത്താനായിരുന്ന പത്രോസാണ് അത് പറഞ്ഞത്. സഭയുടെ മുഴുവന്‍ നാവികന്‍, വള്ളത്തില്‍ ഒരു ചെറുമത്സ്യം പോലുമില്ലാതെ നിരാശനായി നിന്ന ആ രാവിനു ശേഷമുള്ള പുലരിയില്‍.

30 സെപ്തംബര്‍ 1897, ലിസ്യൂ, ഫ്രാന്‍സ്

24 വയസുള്ള കര്‍മ്മലീത്താ സന്യാസിനി ക്ഷയം ബാധിച്ച് രക്തം ചുമച്ച് തുപ്പിയതിനു ശേഷവും ഒടുവിലെ ശ്വാസത്തില്‍ ചാലിച്ച് പറഞ്ഞു: ‘എന്റെ ദൈവമേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.’

അത് ആ പുണ്യവതിയുടെ ഈ ഭൂമിയിലെ അവസാന വാക്കായിരുന്നു. ലിസ്യൂവിലെ ചെറുപുഷ്പം, വി. കൊച്ചുത്രേസ്യ ആയിരുന്നു ആ സന്യാസിനി. 2011 ഏപ്രില്‍ 6 ബുധനാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ വിശ്വാസികളോട് ബെനഡിക്ട് 16-ാമന്‍ പാപ്പ പറഞ്ഞു: 1897 സെപ്തംബര്‍ 30 -ലെ സായന്തനത്തില്‍, അവളുടെ ഉള്ളം കൈയ്യില്‍ മുറുകെപ്പിടിച്ച ക്രൂശിതരൂപത്തെ നോക്കിക്കൊണ്ട്, എന്റെ ദൈവമേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് തെരേസ മരിച്ചത്. വിശുദ്ധയുടെ ഒടുവിലത്തെ ഈ വാക്കുകള്‍ അവരുടെ മുഴുവന്‍ ആശയങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള സൂചികയാണ്. സനേഹത്തിന്റെ പ്രവര്‍ത്തികളാലുള്ള സുവിശേഷ വ്യാഖ്യാനം. അവസാന ശ്വാസത്തിലൂടെ തെരേസ തെളിയിച്ചു. ഇത് മുഴുവന്‍ ജീവിതശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നെന്ന്, ഹൃദയത്തിന്റെ മിടിപ്പായിരുന്നെന്ന്.

31 ഡിസംബര്‍ 2022, മാത്തെര്‍ എക്ലേസിയാ സന്യാസാശ്രമം, വത്തിക്കാന്‍

രാവിലെ സമയം, 9.34. തൊണ്ണൂറ്റിയഞ്ച് വയസായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് 16. തന്റെ ഈ ഭൂമിയിലെ മുഴുവന്‍ ജീവിതത്തിന്റെയും അവസാന വാക്ക് എന്നോണം പറഞ്ഞു: ‘ഈശോയേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.’

ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഊതിക്കാച്ചിയെടുത്ത പൊന്നു പോലെ ഈ ഭൂമിയിലെ അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കും അടര്‍ന്നുവീണു. വാക്ക് പുഴയാവുകയാണ്. തലമുറകളിലൂടെ അത് ഒഴുകിയൊഴുകി പടരുകയാണ്. സംവത്സരങ്ങളുടെ മനുഷ്യചിന്തയെയും ജീവിതങ്ങളെയും നനച്ച് ഫലഭൂയിഷ്ടമാക്കി ദൈവവചനം. ‘ഈശോയേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.’

ഒടുവിലത്തെ ശ്വാസം വരെ ഈ ഭൂമി മുഴുവനിലുമുള്ള എല്ലാ ക്രൈസ്തവരുടെയും ഓരോ ശ്വാസത്തിലും ഈ പദമുണ്ടെങ്കില്‍, എത്രയോ ലക്ഷം ശ്വാസോച്ഛ്വാസങ്ങള്‍ നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ എത്രയധികം ഈ പദം നിലകൊള്ളുന്നുണ്ടാകും?
ഒരു വ്യക്തി തന്റെ നിരന്തരമായ ശ്വാസോച്ഛ്വാത്തില്‍ നിരന്തരമായി ഈ യേശുനാമജപം ഉള്‍ക്കൊള്ളിക്കുമെങ്കില്‍, ഒരോ ദിവസവും പൂര്‍ത്തിയാക്കി, രാവും പകലും, ഊണിലും ഉറക്കത്തിലുമെന്നവണ്ണം, എത്രയോ വട്ടം നമ്മുടെ ജീവിതം തന്നെയൊരു പ്രാര്‍ത്ഥനയായിത്തീരാം?

അള്‍ത്താര മുമ്പിലെ കുരിശടയാളത്താല്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ കുരിശടയാളത്താല്‍ മുദ്ര വയ്ക്കപ്പെട്ട് ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന നാം, ഒരു ജീവിതവൃത്തം പൂര്‍ത്തിയാക്കി വീണ്ടും അതേ കുരിശിന്റെ തണലില്‍ അന്ത്യയാത്രക്കായി വന്നണയുമ്പോഴേക്കും, ചെയ്തതും ചെയ്യാനാകാഞ്ഞതുമായ പുണ്യപ്രവര്‍ത്തികളുടെയും അറിഞ്ഞോ,. അറിയാതെയോ ചെയ്തുപോയ പാപകര്‍മ്മങ്ങളുടെയും കൂടെ ദൈവകരുണക്കായി നാം അറിയാതെ നമ്മുടെ കൂടെച്ചേര്‍ത്ത ഈ പ്രാര്‍ത്ഥന നമുക്കൊപ്പമുണ്ടാകില്ലേ?

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.