സ്നേഹബന്ധവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്‌നങ്ങളിൽ സഹായമേകുന്ന അഞ്ചു വിശുദ്ധർ

സ്നേഹബന്ധവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്‌നങ്ങളിൽ സഹായമേകുന്ന വിശുദ്ധന്മാരുണ്ട്. ഇത്തരം കാര്യങ്ങളിൽ മാർഗനിർദേശത്തിനും ആശ്വാസത്തിനും വേണ്ടി നമ്മുടെ ഹൃദയം കൊതിക്കുന്ന നിമിഷങ്ങളിൽ ദൈവത്തോട് അസാമാന്യമായ ഭക്തി കാണിച്ചിട്ടുള്ള വിശുദ്ധരുടെ മാധ്യസ്ഥം തേടുന്നത് ആശ്വാസവും വ്യക്തതയും നൽകും. സ്നേഹബന്ധങ്ങളിൽ ഉണ്ടാകുന്ന വെല്ലുവിളികളും സഹനങ്ങളും മുതൽ കുടുംബബന്ധങ്ങൾ വളർത്തുന്നത് വരെ ഈ വിശുദ്ധർ അവരുടെ സ്വന്തം അനുഭവങ്ങളിലൂടെയും സദ്‌ഗുണങ്ങളിലൂടെയും നമ്മെ സഹായിക്കുന്നു. ഇപ്രകാരമുള്ള അഞ്ചു വിശുദ്ധന്മാരെ നമുക്ക് പരിചയപ്പെടാം

1. പ്രധാന മാലാഖയായ വി. റഫായേൽ – സന്തോഷകരമായ കൂടിക്കാഴ്‌ചകളുടെ രക്ഷാധികാരി

ബൈബിളിലെ തോബിത്തിന്റെ പുസ്തകത്തിൽ ‘രോഗശാന്തി ദൂതൻ’ എന്നറിയപ്പെടുന്ന വി. റഫായേൽ ഒരു നല്ല ആത്മമിത്രത്തെ കണ്ടെത്തുന്നതിനോ സന്തോഷകരമായ കൂടിക്കാഴ്‌ചകൾ അനുഭവിക്കുന്നതിനോ സഹായിക്കുന്ന വിശുദ്ധനാണ്. അവൻ തോബിയാസിനെ തന്റെ യാത്രയിൽ നയിക്കുകയും തോബിത്തിനും സാറയ്ക്കും രോഗശാന്തി നൽകുകയും ചെയ്തു. ദൈവിക ബന്ധങ്ങൾ ക്രമീകരിക്കുന്നതിലും യോജിപ്പുള്ള ബന്ധങ്ങൾ വളർത്തുന്നതിലും വി. റഫായേൽ വലിയ പങ്കുവഹിച്ചിരുന്നു.

2. കാസിയയിലെ വി. റീത്താ – ബുദ്ധിമുട്ടുള്ള വിവാഹങ്ങളുടെ രക്ഷാധികാരി

ഈ ഇറ്റാലിയൻ വിശുദ്ധയുടെ ജീവിതം സഹനത്തിന്റെയും ക്ഷമയുടെയും പ്രതിരൂപമാണ്. ഭർത്താവിന്റെ അവിശ്വസ്തതയും അക്രമവും മൂലം വളരെ ബുദ്ധിമുട്ടേറിയ ദാമ്പത്യജീവിതം നയിച്ചിട്ടും റീത്ത തന്റെ  വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ഒടുവിൽ ഭർത്താവിനെ മനസാന്തരപ്പെടുത്തുകയും ചെയ്തു. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും വിവാഹബന്ധത്തിലെ അനുരഞ്ജനത്തിനും ആന്തരിക സമാധാനത്തിനും വേണ്ടിയുള്ള പ്രാർഥനകൾ അർപ്പിക്കുന്നവർക്കും ഈ വിശുദ്ധയുടെ മാധ്യസ്ഥം സഹായിക്കും.

3. പാദുവയിലെ വി. ആന്റണി – നഷ്ടപ്പെട്ട സ്നേഹബന്ധങ്ങളുടെ രക്ഷാധികാരി

നഷ്ടപ്പെട്ട വസ്തുക്കളെ കണ്ടെത്താൻ വ്യക്തികളെ സഹായിക്കുന്ന വിശുദ്ധനാണ് പാദുവയിലെ വി. ആന്റണി. ഈ ഫ്രാൻസിസ്കൻ സന്യാസിയുടെ മധ്യസ്ഥത നഷ്ട്ടപ്പെട്ടതോ കുഴപ്പത്തിലായതോ ആയ ബന്ധങ്ങളിൽ മാർഗനിർദേശവും പുരൈക്യവും ലഭിക്കുന്നതിന് സഹായിക്കും. ഈ വിശുദ്ധന്റെ അഗാധമായ അനുകമ്പയും സഹാനുഭൂതിയും വേർപിരിയലിന്റെയോ ഹൃദയവേദനയുടെയോ വേദനയുമായി ജീവിക്കുന്നവർക്ക് സഹായകമാണ്. അവർക്ക് ഈ വിശുദ്ധൻ സാന്ത്വനവും അനുരഞ്ജനത്തിനുള്ള പ്രതീക്ഷയും നൽകുന്നു.

4. യൗസേപ്പിതാവ് – കുടുംബങ്ങളുടെയും പിതാക്കന്മാരുടെയും രക്ഷാധികാരി

യേശുവിന്റെ വളർത്തുപിതാവും തിരുകുടുംബത്തിന്റെ സംരക്ഷകനുമായ വിശുദ്ധ യൗസേപ്പ് കുടുംബ ബന്ധങ്ങളിൽ നിസ്വാർഥത, സമർപ്പണം, വിനയം എന്നിവ വളരുന്നതിന് സഹായിക്കുന്ന വിശുദ്ധനാണ്. വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് അദ്ദേഹം ഉറച്ച മദ്ധ്യസ്ഥനാണ്. മാതാപിതാക്കളെ അവരുടെ കടമകൾ ജീവിക്കുവാൻ സഹായിക്കുകയും കുടുംബങ്ങളിൽ ഐക്യവും സ്നേഹവും വളർത്തുകയും ചെയ്യുന്നു. യൗസേപ്പിതാവിന്റെ ശാന്തമായ ശക്തിയും അചഞ്ചലമായ ഭക്തിയും അവരുടെ കുടുംബങ്ങളിൽ ഐക്യവും സ്നേഹവും തേടുന്ന എല്ലാവർക്കും പ്രചോദനമാണ്.

5. വി. വാലൻ്റൈൻ – പ്രണയികളുടെ രക്ഷാധികാരി

വി. വാലൻ്റൈൻ, സ്നേഹത്തിന്റെയും ഭക്തിയുടെയും ശാശ്വതമായ പ്രതീകമായി തുടരുന്നു. പ്രണയികളുടെ രക്ഷാധികാരി എന്ന നിലയിൽ, പ്രണയബന്ധങ്ങളിലും വിവാഹബന്ധങ്ങളിലും അനുഗ്രഹം തേടുന്നവർ അദ്ദേഹത്തിന്റ മാധ്യസ്ഥം യാചിക്കുന്നു. പീഡനങ്ങൾക്കിടയിലും സ്നേഹത്തോടുള്ള അദ്ദേഹത്തിന്റെ  അചഞ്ചലമായ പ്രതിബദ്ധത, യഥാർഥ വാത്സല്യത്തിന്റെയും അനുകമ്പയുടെയും പരിവർത്തന ശക്തിയുടെയും ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.