ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിലേക്ക്: ഈ രാജ്യത്തിന്റെ അഞ്ചു പ്രത്യേകതകൾ

വലുതും ശക്തവുമായ രാജ്യങ്ങളായ റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലാണ് മംഗോളിയ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ജനസംഖ്യ കുറവുള്ള രാജ്യങ്ങളിൽ ഒന്നായ മംഗോളിയയിൽ ക്രൈസ്തവരുടെ എണ്ണവും താരതമ്യേന കുറവാണ്. മൂന്നിലൊന്നു ശതമാനം ആളുകൾ ദാരിദ്രരേഖക്കു താഴെയുള്ള രാജ്യങ്ങൾ സന്ദർശിക്കാനുള്ള മാർപാപ്പയുടെ ആഗ്രഹം യാഥാർഥ്യമാവുകയാണ് മംഗോളിയൻ അജപാലന യാത്രയിലൂടെ. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അജപാലന സന്ദർശനത്തിനായി മംഗോളിയയിൽ എത്തുന്നത്.

മാർപാപ്പയുടെ യാത്രയ്ക്ക് മുന്നോടിയായി മംഗോളിയയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രത്യേകതകൾ

1. 1300 ഓളം മാത്രം ക്രൈസ്തവരുള്ള മംഗോളിയൻ സഭ

3.3 ദശലക്ഷം ജനങ്ങളുള്ള മംഗോളിയയിൽ ക്രൈസ്തവരുടെ എണ്ണം 1% ൽ താഴെയാണ്. നിലവിൽ മംഗോളിയയിൽ ഔദ്യോഗികമായി 1300 ഓളം ക്രൈസ്തവരെ ഉള്ളൂ. 1920 മുതൽ 1990 വരെ മംഗോളിയയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്നതുകൊണ്ടുതന്നെ 1990 കൾ വരെയും മംഗോളിയയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നില്ല. 1921ൽ മംഗോളിയ സ്വതന്ത്രരാജ്യമായി മാറിയതിനുശേഷം ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെയാണ് മംഗോളിയയിൽ ക്രിസ്തുമതത്തിന് ആരംഭം കുറിക്കുന്നത്. മംഗോളിയയിൽ പ്രധാനമായും ബുദ്ധമതമാണ് നിലനിൽക്കുന്നത്. മംഗോളിയയുടെ തലസ്ഥാന നഗരവും മിഷനറി മേഖലയുമായ ഉലാൻബാതറിലെ അപ്പസ്തോലിക് പ്രിഫെക്ചറിന് മംഗോളിയയിൽ മുഴുവനും അധികാരപരിധിയുണ്ട്. മംഗോളിയയുടെ അപ്പോസ്തോലിക് പ്രീഫെക്റ്റും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളുമായ 49 കാരനായ ജോർജിയോ മാരെങ്കോയാണ് ഇപ്പോൾ ഈ ചുമതല വഹിക്കുന്നത്. 2022 ഓഗസ്റ്റിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്.

2. ജനസാന്ദ്രത കുറഞ്ഞ രാജ്യം

വലുപ്പത്തിന്റെ കാര്യത്തിൽ മംഗോളിയ രാജ്യം പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണിത്. ഇവിടെയുള്ള ജനസംഖ്യയും രാജ്യത്തിന്റെ വ്യാപ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. ജനസംഖ്യാ കണക്കെടുക്കുമ്പോൾ ഒരു ചതുരശ്ര കിലോമീറ്ററിൽ വെറും രണ്ട് ആളുകളുടെ ജനസാന്ദ്രതയാണ് ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉലാൻബാതരാണ് മംഗോളിയയുടെ തലസ്ഥാനം.

3. കാലാവസ്ഥയിലെ വ്യതിരിക്തത

മംഗോയിലെ കാലാവസ്ഥ തികച്ചും വ്യത്യസ്തമാണ്. പൊതുവേ മഴ കുറവുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്. ശിശിരകാലത്ത് അധിശൈത്യവും വേനൽക്കാലത്ത് കഠിനമായ ചൂടും ഇവിടെ അനുഭവപ്പെടുന്നു. വേനൽക്കാലത്ത് 40 ഡിഗ്രിക്കു മുകളിലും ശൈത്യകാലത്ത് 40 ഡിഗ്രിക്ക് താഴെയും ഇവിടെ താപനില രേഖപ്പെടുത്തപ്പെടാറുണ്ട്. പ്രമുഖമായ മൂന്ന് മലനിരകളാൽ ചുറ്റപ്പെട്ട മംഗോളിയയിൽ ചെറുതും വലുതുമായി 39 ഓളം നദികൾ ഒഴുകുന്നുണ്ട്.

4. ജോലി മേഖലകളിലെ സാധാരണത്വം

മംഗോളിയയിലെ ഭൂരിഭാഗം ജനങ്ങളും കന്നുകാലികളെ മേയ്ക്കുന്നവരായാണ് ജീവിക്കുന്നത്. മാറിമാറി വരുന്ന കാലാവസ്ഥകൾ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രധാനമായും ഇവിടെയുള്ളവർ കന്നുകാലികളെ വളർത്തി ജീവിക്കുന്നു.

5. മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം

ഓഗസ്റ്റ് 31ന് വത്തിക്കാനിൽ നിന്നും യാത്ര തിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബർ ഒന്നിന് മംഗോളിയയിൽ എത്തിച്ചേരും. തുടർന്ന് സെപ്റ്റംബർ നാലുവരെ അദ്ദേഹം തന്റെ അജപാലന സന്ദർശനം മംഗോളിയയിൽ നടത്തും. ‘ഒരുമയോടെ പ്രതീക്ഷിക്കാം’ എന്ന ആദർശവുമായാണ് മാർപാപ്പ മംഗോളിയയിൽ സന്ദർശനം നടത്തുന്നത്. മാർപാപ്പയുടെ സന്ദർശനം ചെറിയ കത്തോലിക്കാ രാജ്യമായ മംഗോളിയയിലെ ക്രിസ്ത്യാനികൾക്ക് വലിയ പ്രത്യാശയുടെയും പ്രോത്സാഹനത്തിന്റെയും സാന്നിധ്യം ആയിരിക്കുമെന്നാണ് വത്തിക്കാൻ പങ്കുവയ്ക്കുന്നത്.

സെപ്റ്റംബർ ഒന്നിന് മംഗോളിയയിൽ എത്തുന്ന മാർപാപ്പ സെപ്റ്റംബർ രണ്ടാം തീയതി രാവിലെ ഒൻപതു മണിക്ക് ഉലാൻബാതറിലെ സുഖ്ബാതർ സ്ക്വയറിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് സർക്കാർ നേതാക്കളുമായും ക്രൈസ്തവ നേതൃത്വങ്ങളുമായും കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ രണ്ടിന് മതാന്തര സംവാദത്തിൽ പങ്കെടുക്കുകയും ക്രിസ്താനികൾക്കൊപ്പം ബലിയർപ്പിക്കുകയും ചെയ്യും. സെപ്റ്റംബർ നാലിന് ജീവകാരുണ്യ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഹൗസ് ഓഫ് മേഴ്സി എന്ന പേരിൽ ഒരു ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ മാർപാപ്പ റോമിലേക്കു തിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.