പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ – അറിയേണ്ടതെല്ലാം

ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു പിറ്റേദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാസന്ദേശവും തമ്മിലുള്ള ബന്ധം, വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്.

മറിയത്തിന്റെ സ്നേഹത്തിന്റെ അടയാളം

അനാദികാലം മുതലേ ഹൃദയം സ്നേഹത്തിന്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിന്റെ വിമലഹൃദയവും രക്ഷകന്റെ രക്ഷാകരസ്നേഹവും അവന്റെ അമ്മയുടെ സഹരക്ഷകാ-സ്നേഹവും വെളിവാക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഫാത്തിമാസന്ദേശങ്ങളുടെ ഭാഗം തന്നയാണ്. ലോകപ്രശ്നങ്ങൾക്കു പരിഹാരമായും ആത്മാക്കൾ നരകത്തിൽ പോകുന്നതു തടയാനുള്ള രാക്ഷാമാർഗ്ഗമായും മറിയം തന്നെ നിർദ്ദേശിക്കുന്ന മറുമരുന്നാണ് വിമലഹൃദയഭക്തി.

വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി

1917 ജൂലൈയിലെ മൂന്നാം ഫാത്തിമാ ദർശനത്തിൽ, പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത കാണിച്ചുകൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകരകാഴ്ച കണ്ട് അവർ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നുവെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചുതള്ളേണ്ട തമാശയല്ലെന്നു പഠിപ്പിച്ച മറിയം നരകത്തിന്റെ ഭയാനകമായ കാഴ്ചകൾക്കു ശേഷം അവളുടെ വിമലഹൃദയത്തോടുള്ള ഭക്തിയും പാപപരിഹാരത്തിനായി ആദ്യ അഞ്ച് ശനിയാഴ്ചകളിൽ പാപസങ്കീർത്തനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനും റഷ്യയെ മറിയത്തിന്റെ വിലമഹൃദയത്തിനു പ്രതിഷ്ഠിക്കാനും ആവശ്യപ്പെട്ടു.

ജൂണിൽ പരിശുദ്ധ മറിയം ലൂസിക്കു ദർശനം നൽകിയപ്പോൾ ഇപ്രകാരം പറഞ്ഞു: “ഈശോയ്ക്ക് ലോകത്തിൽ എന്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഇത് അംഗീകരിക്കുന്നവർക്ക് ഞാന്‍ രക്ഷ വാഗ്ദാനം ചെയ്യുന്നു. ആ ആത്മാക്കളെ ദൈവത്തിന്റെ കീരീടം അലങ്കരിക്കാൻ ഞാൻ ഉപയോഗിക്കുന്ന പുഷ്പങ്ങളെപ്പോലെ ദൈവം സ്നേഹിക്കുന്നു.”

പ്രായശ്ചിത്ത ഭക്തി

മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഒരു പ്രായശ്ചിത്ത ഭക്തിയാണ്. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങൾ നേരിടുന്ന നിന്ദാപമാനങ്ങൾക്കുള്ള പരിഹാരമാണ് വിമലഹൃദയ ഭക്തി. 1917 ജൂൺ മാസത്തിൽ ഫാത്തിമായിൽ മറിയം ദർശനം നൽകിയപ്പോൾ അവൾ ഇടയകുട്ടികൾക്ക് തന്റെ തുറന്ന കരം കാട്ടികൊടുത്തു. മറിയത്തിന്റെ വലതുകൈയ്യിൽ മുള്ളുകളാൽ തുളയ്ക്കപ്പെട്ട ഒരു ഹൃദയമായിരുന്നു. മനുഷ്യപാപങ്ങളാൽ നിന്ദനമേല്‍ക്കപ്പെട്ട പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമായിരുന്നു അത്. ആ ഹൃദയം അനുഭവിക്കുന്ന നിന്ദനത്തിന് ഞങ്ങൾ പരിഹാരം ചെയ്യണമെന്ന് മറിയം ഓർമ്മപ്പെടുത്തി.

മറിയത്തിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ

പരിശുദ്ധ അമ്മയുടെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്.

1. മാതാവിന്റെ അമലോത്ഭവ ജനനത്തിന് എതിരായുള്ള പാപങ്ങൾ. അതായത്, ജന്മപാപത്തിന്റെ മാലാന്യമേല്‍ക്കാതെ ജനിച്ചവളാണെന്നു വിശ്വസിക്കാത്തവർ

2. മറിയത്തിന്റെ നിത്യകന്യാകാത്വത്തിന് എതിരായ പാപങ്ങൾ, വിശുദ്ധിക്കെതിരായ പാപങ്ങൾ. അതുപോലെ യേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ.

3. മറിയത്തിന്റെ ദൈവമാതൃത്വത്തിന് എതിരായ പാപങ്ങൾ. പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തതും അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തതും.

4. കൊച്ചുകുട്ടികളെ നശിപ്പിക്കുന്നത്. “ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ. എന്തെന്നാൽ, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” എന്ന് യേശു പഠിപ്പിക്കുന്നു. കൊച്ചുകുട്ടികളെ നശിപ്പിക്കുകയും അവർക്ക് ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു.

5. പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്.

വിമലഹൃദയത്തിന്റെ ശക്തി

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിച്ച കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്കോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പാ അവരെ ‘ചെറിയ ബലിവസ്തു’, ‘ഒരു ചെറിയ മിസ്റ്റിക്’ എന്നാണ് യഥാക്രമം വിശേഷിപ്പിച്ചത്. എന്നാൽ, ഫാത്തിമാ ദർശനങ്ങളിലെ മൂന്നാമത്തെ വ്യക്തിയായ ലൂസിയെ ഈ ഭൂമിയിൽ ദീർഘനാൾ ജീവിക്കാൻ ദൈവം തിരുമനസായി. പോർച്ചുഗലിലെ കോയിബ്രായിലുള്ള ഒരു കർമ്മലീത്താ മിണ്ടാമഠത്തിൽ തൊണ്ണൂറു വയസു വരെ അവര്‍ ജീവിച്ചു.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സ്നേഹവും ഭക്തിയും സമർപ്പണവും പ്രചരിപ്പിക്കുകയായിരുന്നു സി. ലൂസിയുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തിൽ പരിശുദ്ധ അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്: “എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്ന് എല്ലാവരോടും പറയുക. എന്നോട് കൃപകൾ ചോദിക്കാൻ അവരോടു പറയുക. യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു. എന്റെ വിമലഹൃദയത്തിൽ നിന്നു സമാധാനം തേടുക. ദൈവം എന്റെ വിമലഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു.”

മറിയത്തിന്റെ വിമലഹൃദയം: പ്രതീകങ്ങൾ

മറിയത്തിന്റെ വിമലഹൃദയത്തിന്റെ ചിത്രത്തിൽ അവളുടെ ഹൃദയം ശരീരത്തിനു പുറത്തു ദൃശ്യമാണ്. മനുഷ്യമക്കളോടുള്ള മറിയത്തിന്റെ അളവറ്റ സ്നേഹമാണ് അത് കാണിക്കുന്നത്. മറിയത്തിന്റെ സ്നേഹത്തെ അവളിൽ തന്നെ ഒതുക്കിനിർത്താൻ അവൾക്കാവില്ല എന്ന് ഈ ഹൃദയം ലോകത്തോടു പറയുന്നു. ചില ചിത്രങ്ങളിൽ, പരിശുദ്ധ കന്യകാമറിയം തന്റെ കരങ്ങളിൽ ഹൃദയം പിടിച്ചിരിക്കുന്നതായും അല്ലങ്കിൽ അവളുടെ ഹൃദയത്തിലേക്ക് വിരൽ ചൂണ്ടുന്നതായും ചിത്രീകരിച്ചിരിക്കുന്നു. തന്റെ അടുത്തു വരുന്ന എല്ലാവർക്കും മാതൃസ്നേഹവും കരുതലും നൽകാനുള്ള മറിയത്തിന്റെ സന്നദ്ധതയാണ് ഇത് വ്യക്തമാക്കുക.

രണ്ടാമതായി, അവളുടെ ഹൃദയത്തിൽ അഗ്നിനാളങ്ങൾ കാണാം. ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള മറിയത്തിന്റെ തീക്ഷ്‌ണതയുള്ള സ്നേഹത്തിന്റെ അടയാളമാണ് അഗ്നിനാളങ്ങൾ. മറിയത്തിന്റെ ഹൃദയത്തിനു ചുറ്റും വെളുത്ത റോസാപ്പൂക്കളുണ്ട്. മറിയത്തിന്റെ അമലോത്ഭവ ജനനത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകമാണത്. ചില ചിത്രങ്ങളിൽ ഹൃദയത്തിനു മുകളിൽ ലില്ലിപ്പൂക്കൾ കാണാം. ഇതും മറിയത്തിന്റെ നിർമ്മലതയെയാണ് സൂചിപ്പിക്കുക.

അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോകുന്നുണ്ട്. ലൂക്കാ സുവിശേഷത്തിൽ, ഈശോയെ ദൈവാലയത്തിൽ കാഴ്ച വയ്ക്കുമ്പോൾ ശിമയോൻ പറഞ്ഞ പ്രവചനത്തിലേക്കാണ് അതു വിരൽചൂണ്ടുന്നത്. മറിയം ജീവിതകാലത്ത് കടന്നുപോകേണ്ടി വന്ന സഹനങ്ങൾ പ്രത്യേകിച്ച്, പ്രിയസുതന്റെ കുരിശുമരണത്തെ അത് സൂചിപ്പിക്കുന്നു. മറിയത്തിന്റെ വിമലഹൃദയത്തിനു ചുറ്റുമുള്ള പ്രകാശരശ്മികൾ വെളിപാടിന്റെ പുസ്തകത്തിൽ മറിയത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന “സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ” (വെളി.‌ 12:1) എന്നതിലേക്ക് വെളിച്ചം വീശുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.