ഒറ്റമുറി വീട്ടില്‍ നിന്നും അപ്പന്റെ കൈയ്യും പിടിച്ച് വിജയത്തിലേക്കു നടന്ന ഒരു മകളുടെ കഥ

ഒരോ ജീവിതവും ഓരോ സാക്ഷ്യങ്ങളാണ്. പാഴ്മുളം തണ്ടില്‍ പോലും പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ദൈവത്തിന്റെ ചില അത്ഭുതവികൃതികളില്‍ ചിലതുപോലെ. ജെമീമ റോഡ്രിഗസ് എന്ന് ഇരുപത്തിമൂന്നുകാരി യുവതി ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നവളായി മാറിയതിനു പിന്നിലും ഈ ദൈവത്തിന്റെ കൈയ്യൊപ്പുണ്ട്; ഒപ്പം തനിക്ക് നേടാനാവാതെ പോയത് തന്റെ മകളിലൂടെ നേടണമെന്ന ഒരു അപ്പന്റെ സ്വപ്നവും. ഈ വിജയഗാഥയുടെ ചില പിന്നാമ്പുറങ്ങള്‍ തേടിയാണ് ഈ യാത്ര.

ആരംഭം: ഒരു ഒറ്റമുറി വീട്ടില്‍ നിന്ന്

ക്രിക്കറ്റ് പെണ്ണുങ്ങൾ കളിക്കുന്നോ? എന്ന് മൂക്കത്ത് വിരലും വച്ചുകൊണ്ട് ചോദിച്ചിരുന്ന കാലം. മുംബൈയിലെ ഒരു ഒറ്റമുറി വീട്ടില്‍ പാവക്കുട്ടികളോടും പൂമ്പാറ്റകളോടുമെല്ലാം കളിച്ചും കഥകള്‍ കേട്ടും താരാട്ടുപാട്ടിന്റെ മാധുര്യത്തില്‍ ചാഞ്ചാക്കമാടേണ്ട ഒരു നാലുവയസുകാരി കുഞ്ഞുജെമീമയുടെ കൈയ്യിലേക്ക് പിതാവ് ഇവാന്‍ ആദ്യമായി വച്ചുനീട്ടുന്നത് ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു. ഒരു ഒറ്റമുറി വീട്ടില്‍ നിന്നും ലോകോത്തര താരത്തിലേക്കുള്ള ചവിട്ടുപടിയുടെ ആരംഭം അവിടെയായിരുന്നു.

അപ്പന്‍ ഇവാനും അമ്മ ലവിതയും മൂത്തസഹോദരങ്ങളായ ഇനോക്കും ഇലിയുമടങ്ങുന്ന ഒരു കുടുംബം. തങ്ങള്‍ക്കു കഷ്ടിച്ചുമാത്രം കഴിയാന്‍ പറ്റുന്ന ആ വീട് പലപ്പോഴും ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയതെല്ലാം അവള്‍ പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും ബോള്‍ കൊള്ളാതിരിക്കാനായി അമ്മ പെടാപ്പാടു പെട്ടതെല്ലാം അവള്‍ ചെറുപുഞ്ചിരിയോടെയാണ് ഓര്‍ക്കുന്നത്. തന്റെ സഹോദരങ്ങളുടെ ബാറ്റിംഗ് പരീശീലനത്തില്‍ സഹായിച്ചാല്‍ പ്രതിഫലമായി കിട്ടുന്ന 15 മിനിറ്റ് ബാറ്റിംഗിലാണ് അവള്‍ തന്റെ കഴിവ് പ്രകടിപ്പിച്ചത്.

ഒരിക്കല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പിതാവ് ഇവാന്‍ അവള്‍ക്ക് ആദ്യമായി ലഭിച്ച ഒരു അവസരത്തെയും ഓട്ടോഗ്രാഫിനെയും കുറിച്ച് പങ്കുവച്ചത് ഇപ്രകാരമാണ്: “ഒരിക്കല്‍ കുടുംബസുഹൃത്തായ ഒരു സ്‌കൂള്‍ കോച്ച്, ക്രിക്കറ്റിനോടുള്ള അവളുടെ അഭിനിവേശത്തെയും കഴിവിനെയും മനസിലാക്കി അണ്ടര്‍-16 മത്സരത്തില്‍ അവളുടെ സഹോദരനു പകരമായി അവളെ അയച്ചു. ജെമീമ അന്ന് ആദ്യമായി ബാറ്റിംഗിനിറങ്ങി. അവള്‍ വേഗം പുറത്താകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അവള്‍ കുറേനേരം പിടിച്ചുനിന്നു. അന്ന് ആ കളിയില്‍ അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. അന്ന് ആ സ്‌കൂള്‍ ഗ്രൗണ്ടില്‍ അവളുടെ കളി കണ്ട ഒരു മനുഷ്യന്‍ അവളോട് ഓട്ടോഗ്രാഫ് ചോദിച്ചെത്തിയിട്ടു പറഞ്ഞത്രേ: ‘നാളെ നീ വലിയ കളിക്കാരിയായാല്‍ ചിലപ്പോ ഓട്ടോഗ്രാഫ് കിട്ടാതെവന്നാലോ’ എന്ന്. അവളുടെ ആദ്യ ഓട്ടോഗ്രാഫ്!”

ഇതിനെ തുടര്‍ന്ന് പിതാവ് ഇവാന്‍ തന്റെ മകള്‍ക്ക് മികച്ച പരിശീലനം നല്‍കിത്തുടങ്ങി. പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് അത്ര താല്പര്യമില്ലാതിരുന്ന കാലമായതിനാല്‍ തന്റെ മകളെയും കൂട്ടി ക്രിക്കറ്റ് പരിശീലനത്തിന് ഇറങ്ങിത്തിരിച്ച ഈ പിതാവിനെ പലരും പരിഹസിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ആ പിതാവിന്റെ മനോധൈര്യത്തെ തകര്‍ത്തില്ല. വച്ച കാലടികള്‍ മുന്നോട്ടു തന്നെ. തന്റെ പിതാവിനെക്കുറിച്ച് ജെമീമ ഓര്‍ക്കുന്നത് ഇപ്രകാരമാണ്: “എന്റെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം എന്റെ മാതാപിതാക്കളുടെ കഠിനാദ്ധ്വാനമാണ്.” അപ്പനെ അന്ന് പരിഹസിച്ചവര്‍ തന്നെ കാലങ്ങള്‍ക്കു ശേഷം ആ അപ്പന്റെ മകള്‍ക്കായി ഹര്‍ഷാരവങ്ങള്‍ ഉയര്‍ത്തി.

ദൈവവചനത്തിന്റെ ശക്തി

സ്‌കൂള്‍തലത്തിലും പിന്നീട് മുംബൈ അണ്ടര്‍-19 തലത്തിലുമെല്ലാം കളിച്ചപ്പോഴും ജെമീമ തന്നെയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ താരം. പക്ഷേ, അപ്പോഴും തന്റെ കുടുംബത്തില്‍ നിന്നും കിട്ടിയ വിശ്വാസപരിശീലനം അവള്‍ നഷ്ടപ്പെടുത്തിയില്ല. ഒരുവശത്ത് ക്രിക്കറ്റിനോടും സ്പോര്‍ട്സിനോടും അഭിനിവേശം പുലര്‍ത്തിയപ്പോഴും റോഡ്രിഗസ് കുടുംബം ഒന്നാം സ്ഥാനം നല്‍കിയത് ദൈവത്തിനായിരുന്നു.

കളിക്കും പഠനത്തിനുമുപരിയായി ക്രിസ്തുവിനോടു ചേര്‍ന്നുള്ള ജീവിതത്തിനാണ് പ്രാധാന്യമെന്ന ബോധ്യം കുട്ടിക്കാലത്തു തന്നെ ജെമിമക്ക് ലഭിച്ചിരുന്നു. ആരാധനാകൂട്ടായ്മകളിലും മധ്യസ്ഥപ്രാര്‍ത്ഥനാ കൂട്ടായ്മകളിലും സ്ഥിരമായി പങ്കെടുത്തിരുന്ന ജെമി പലപ്പോഴും ഗിറ്റാർ ഉപയോഗിച്ച് മ്യൂസിക്കല്‍ വര്‍ഷിപ്പിന്  നേതൃത്വം നല്‍കി.

ദൈവവിശ്വാസത്തിന്റെ പ്രാധാന്യം ജീവിതത്തിലൂടെ കാണിച്ചുനല്‍കിയവരായിരുന്നു ജെമീമയുടെ മാതാപിതാക്കള്‍. ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്കു പോലും ദൈവത്തോട് ആലോചന ചോദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മാതൃക കണ്ടാണ് ജെമി വളര്‍ന്നുവന്നത്. അത് തന്റെ ക്രിക്കറ്റ് കരിയറിലും ഉപകാരപ്പെട്ടിരുന്നു എന്ന് ജെമി അഭിപ്രായപ്പെട്ടിട്ടുണ്ട്.

പലപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളായി ജീവിതം മാറുമ്പോള്‍ വചനത്തിലെ ക്രിസ്തു നല്‍കുന്ന കരുത്ത് അവള്‍ക്ക് അത്രമാത്രമായിരുന്നു. ഒരിക്കല്‍ അവള്‍ പങ്കുവച്ചത് ഇപ്രകാരമാണ്:

“2014-15 കാലഘട്ടത്തില്‍ ഇന്ത്യ അണ്ടര്‍-19 ക്യാമ്പില്‍ പങ്കെടുക്കാന്‍ എനിക്ക് ആദ്യമായി അവസരം ലഭിച്ചു. അന്ന് എനിക്ക് 14 വയസായിരുന്നു. ക്യാമ്പിലെ എന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരുപക്ഷേ, ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നുപോലും വിചാരിച്ചിരുന്ന സമയത്താണ് ഒരു ദൈവവചനം എനിക്ക് കിട്ടിയത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. അത് നിങ്ങളുടെ നാശത്തിനല്ല; ക്ഷേമത്തിനുള്ള പദ്ധതിയാണ്‌. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി’ (ജറെമിയ 29:11). ഈ വചനം എന്നെ വളരെയധികം സ്പര്‍ശിച്ചു.” ഇത്രയും വഴിനടത്തിയ ദൈവം തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ലെന്നും ദൈവമറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നും ജെമിമക്ക് ബോധ്യമായി.

ഒരു അഭിമുഖത്തില്‍ ജെമീമ പങ്കുവച്ചത് ഇങ്ങനെയാണ്: “ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ മാറ്റം വരാത്തതായി ഒന്നേയുള്ളൂ – അത് ദൈവത്തിന്റെ സ്നേഹമാണ്.”

പരാജയങ്ങളിൽ നിന്നുമുണ്ടായ വിജയം

എല്ലാ വിജയങ്ങള്‍ക്കു പിന്നിലും പരാജയങ്ങളുണ്ട്. പിറകോട്ട് ഒന്നാഞ്ഞാലേ മുന്നോട്ട്, ഉയരങ്ങളിലേക്ക് കുതിക്കാനാവൂ എന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് കുറിച്ചതുപോലെ, ജെമീമ നേരിട്ട പരാജയങ്ങളെ വിജയങ്ങളാക്കാന്‍ അവള്‍ നന്നായി പരിശ്രമിച്ചിരുന്നു. എങ്കിലും എല്ലാ ജീവിതങ്ങളിലും വേലിയേറ്റവും വേലിയിറക്കവുമുണ്ടല്ലോ. അണ്ടര്‍ -19 ലാണെങ്കിലും ആദ്യമൊന്നും അത്ര ശോഭിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. പക്ഷേ, അതും ഒരു വിജയമാക്കി മാറ്റാന്‍ അവള്‍ അത്യധികം പരിശ്രമിച്ചു.

2018-ലാണ് അവള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. സാധാരണയായി 15 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നതിനു പകരമായി ആ വര്‍ഷം 16 അംഗ ടീമിനെ തിരഞ്ഞെടുത്തു. ആ 16-ാമത്തെയാള്‍ ജെമീമയായിരുന്നു. അവളുടെ അരങ്ങേറ്റ കളിയില്‍ തന്നെ ഒരു സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 27 ബോളില്‍ നിന്ന് 37 റണ്‍സുമായി മുന്നേറിയ ആ പെണ്‍കുട്ടി എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ്‌പ്രേമികളുടെയും ആവേശമായി; എങ്കിലും പിന്നീടു നടന്ന ഓസ്‌ട്രേയേലിക്കെതിരായുളള കളിയില്‍ അവളുടെ പ്രകടനം നിരാശാജനകമായിരുന്നു. എങ്കിലും തന്റെ മാതാപിതാക്കള്‍ പകര്‍ന്നുതന്ന വിശ്വാസവും അവളുടെ കഠിനപ്രയത്‌നവുമെല്ലാം മൂലം ആ കളിയില്‍ത്തന്നെ ആദ്യ അര്‍ദ്ധസെഞ്ചുറി നേടി അവള്‍ തന്റെ കഴിവ് പ്രകടിപ്പിച്ചു. ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരെ മൂന്ന് സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം തുടങ്ങിയ ബഹുമതികളും ഇതിനകം താരം നേടിക്കഴിഞ്ഞു.

ക്രിക്കറ്റിനൊപ്പം ഹോക്കിയിലും തിളങ്ങിയ താരമാണ് ജെമി. കുഞ്ഞുനാള്‍ മുതലേ ക്രിക്കറ്റിനോടൊപ്പം ഹോക്കിയിലും അവള്‍ക്ക് കമ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ഹോക്കി ടീമുകളിലും താരം അംഗമായിരുന്നിട്ടുണ്ട്. മിന്നും വേഗവും ഡ്രിബ്ലിങിലെ മികവുമായിരുന്നു താരത്തിന്റെ ഹൈലൈറ്റ്. വനിതാ ട്വന്റി-20 ലീഗില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ബുദ്ധിപൂര്‍വ്വം ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു കഴിവ് ജെമിമയില്‍ കാണാമായിരുന്നു. പിതാവിന്റെ ഉപദേശമാണ് ഇതിന് തന്നെ സഹായിക്കുന്നതെന്ന് വെലോസിറ്റിക്കെതിരായ 77 റണ്‍സ് പ്രകടനത്തിനു ശേഷം (ഐ.പി.എല്‍) താരം വെളിപ്പെടുത്തുകയുണ്ടായി. സാങ്കേതികമികവും സ്‌ട്രോക്കുകള്‍ പായിക്കാനുള്ള കഴിവും ഇന്ത്യന്‍ വനിതാ ടീമിലെ മികച്ച മൂന്ന് ബാറ്റ്‌സ്‌വുമണ്‍മാരിലൊരാളായി ജെമിമയെ ഉറപ്പിച്ചുകഴിഞ്ഞു. അഞ്ജു ചോപ്ര പറഞ്ഞതുപോലെ, “ഇനി വരാനുള്ളത് ജെമിയുടെ നാളുകള്‍ തന്നെയാണ്.”

അടുത്തിടെ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ (WPL) ഡൽഹി ക്യാപിറ്റൻസ് ടീം 2.20 കോടി രൂപക്കാണ് താരത്തെ സ്വന്തമാക്കിയത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഒരിക്കല്‍ ഇങ്ങനെ ട്വിറ്റ് ചെയ്തു: ” ജമീമ എന്ന പേര്ര്‍ ഓമ്മിക്കുക – ഇന്ത്യയുടെ അടുത്ത താരമാണ് അവള്‍.”

താരം സോഷ്യല്‍ മീഡിയയിലും ഹിറ്റ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗ് ആയ താരം ജെമീമ റോഡ്രിഗസാണ്. എപ്പോഴും ഊര്‍ജ്ജസ്വലയായി കാണപ്പെടുന്ന ജെമീമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ആരാധകരേറെയാണ്. ഉരുളയ്ക്കുപ്പേരി പോലെയുള്ള പ്രതികരണങ്ങളും കുസൃതികള്‍ നിറഞ്ഞ പോസ്റ്റുകളും എല്ലാമാണ് ഈ ഇന്ത്യന്‍ ബാറ്റ്‌സ്‌വുമണിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. എല്ലാത്തിനുമുപരി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ജെമീമ കുറിച്ചുവച്ചിരിക്കുന്ന ഒരു വചനഭാഗം ഏറെ ശ്രദ്ധേയമാണ്: 1 യോഹ. 4:18: “സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല. പൂര്‍ണ്ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു.”

സമര്‍പ്പണം: എല്ലാ അപ്പന്മാര്‍ക്കും

എല്ലാ മക്കളുടെയും വിജയപരാജയങ്ങള്‍ക്കു പിന്നില്‍ ഒരോ മാതാപിതാക്കള്‍ക്കും പങ്കുണ്ട്. ജെമീമ എന്ന ക്രിക്കറ്റ് താരത്തെ പടുത്തുയര്‍ത്താന്‍ ഇവാന്‍ എന്ന അപ്പന്‍ ചെയ്ത യാത്രകള്‍ പോലെ, ഏറ്റ പരിഹാസ ശരങ്ങള്‍ പോലെ, കണ്ട കിനാവുകള്‍ പോലെ.

ഇതൊരു ഓര്‍മ്മപ്പെടുത്തലാവട്ടെ. തന്റെ മക്കളെ വളര്‍ത്താന്‍ നടന്നുതേഞ്ഞ ഒരോ അപ്പന്മാരുടെയും കാലടികളെ മറന്ന് ഒരുനാള്‍ അവരെ വൃദ്ധസദനത്തിന്റെ ഒരു ഒറ്റമുറിക്കുള്ളിലാക്കുന്ന ഒരോ മക്കള്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈ ദിനത്തിന്റെ എല്ലാ മംഗളങ്ങളും തങ്ങളുടെ മക്കള്‍ക്കായി അദ്ധ്വാനിച്ച എല്ലാ അപ്പനന്മാര്‍ക്കും നേര്‍ന്നുകൊണ്ട് ഫാദേഴ്‌സ് ഡേ.

ഫാ. ചാക്കോച്ചന്‍ വടക്കേത്തലയ്ക്കല്‍ mcbs  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.