മണ്ണിന്റെ മണവും കർഷകന്റെ മനവും അറിയുന്ന വൈദികൻ

“എല്ലുമുറിയെ മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നല്ല കാർഷികഫലങ്ങൾ ലഭിക്കാനായി മുടക്കുന്നത് ചിലപ്പോൾ 250 രൂപ ആയിരിക്കും. എന്നാൽ, തിരിച്ചു ലഭിക്കുന്നത് വെറും 50 രൂപ മാത്രം! അത്രമാത്രം നഷ്ടം ഇവർക്ക് സംഭവിക്കുന്നുണ്ട്.” ഇൻഫാമിന്റെ ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സംസാരിക്കുന്നു.

“മനസറിഞ്ഞ്‌ അദ്ധ്വാനിച്ചാൽ മണ്ണ് ചതിക്കില്ല.” പഴമക്കാർ നെഞ്ചേറ്റിയ, സുകൃതജപം പോലെ ആവർത്തിച്ചിരുന്ന ഒന്നാണ് ഈ വാചകം. കൃഷിയെ സ്നേഹിച്ച, മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച ഒരു സമൂഹമായിരുന്നു നമ്മുടേത്. കാലചക്രത്തിന്റെ വേഗതയേറിയ സഞ്ചാരപഥത്തിൽ പഴമക്കാരുടെ അതേ മനമോടെ കാർഷികസ്നേഹം നെഞ്ചേറ്റിയ ആളുകളുടെ എണ്ണം കുറഞ്ഞു; എങ്കിലും അവശേഷിക്കുന്ന കർഷകസമൂഹം ഇന്നും സജീവമാണ്. പ്രതിസന്ധികളും പ്രയാസങ്ങളും കൂട്ടിനുണ്ടെങ്കിലും ഒരു നാടിനെ മുഴുവൻ അന്നമൂട്ടാൻ അവർ അര മുറുക്കി ഇറങ്ങുമ്പോൾ അവർക്കു കൈത്താങ്ങായി എത്തുന്ന ഒരു വൈദികനുണ്ട് – ഫാ. ജോസഫ് ചെറുകരക്കുന്നേൽ. ആധുനികവത്ക്കരണത്തിന്റെ കൊടിയ തന്ത്രങ്ങൾക്കിടയിൽ നേർത്തതായി പോകുന്ന കർഷകരുടെ അവകാശങ്ങളുടെ സംരക്ഷകനും ജിഹ്വയുമായി മാറുകയാണ് ഈ വൈദികൻ. ജാതി-മത-ലിംഗ-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ, ഈ സമൂഹത്തിൽ കർഷകർ കൂടുതൽ അംഗീകാരവും പരിഗണനയും അർഹിക്കുന്നവരായി മാറുന്നത് സ്വപ്നം കാണുന്ന ഈ വൈദികൾ കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇൻഫാമിന്റെ ദേശീയ ഡയറക്ടറായി സേവനം ചെയ്തുവരികയാണ്. തന്റെ സേവനമേഖലയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഇൻഫാമിന്റെ ഭാവിപരിപാടികളെക്കുറിച്ചും ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് ഫാ. ജോസഫ് ചെറുകരക്കുന്നേൽ.

ഇന്ത്യയിലെ എല്ലാ കർഷകരെയും ‘കർഷകർ’ എന്ന ഒറ്റ പ്ലാറ്റ്‌ഫോമിൽ നിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇൻഫാമിന്റെ ദേശീയ ഡയറക്ടർ എന്ന നിലയിൽ ജോസഫ് അച്ചൻ ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെ ജാതി-മത-വർഗ്ഗ-രാഷ്ട്രീയ പാർട്ടികൾ എന്ന യാതൊരുവിധ വ്യത്യാസവുമില്ല. കർഷകരെ എല്ലാവിധ അടിമത്വങ്ങളിൽ നിന്നും – ആഗോളവത്ക്കണത്തിൽ നിന്നും ഉദാരവത്ക്കരണത്തിൽ നിന്നും – ഒക്കെ സ്വതന്ത്രമാക്കി, അവർ കഷ്ടപ്പെട്ടുണ്ടാക്കുന്ന വിളകൾക്ക് ന്യായമായ വേതനം കിട്ടുന്ന രീതിയിലുള്ള ഒരു വളർച്ചക്ക് അവരെ സജ്ജമാക്കുകയാണ് അദ്ദേഹം ഇൻഫാമിലൂടെ.

കേരളത്തിൽ ഓരോ ജില്ലയിലും കർഷകർ നേരിടുന്നത് വിവിധ പ്രശ്നങ്ങൾ

കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ ജില്ലകളിലും വ്യത്യസ്തതരം പ്രശ്നങ്ങളാണ് കർഷകർ അഭിമുഖീകരിക്കുന്നത്. ഹൈറേഞ്ച് മേഖലകളിൽ പട്ടയപ്രശ്നവും വന്യജീവികളുടെ ശല്യവുമാണെങ്കിൽ തിരുവനന്തപുരം, ആലപ്പുഴ ഭാഗത്ത് വിഴിഞ്ഞം മേഖലയിലെ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവയാണ് ജനങ്ങളെ അലട്ടുന്നത്. മലബാർ, വയനാട് മേഖലകളിൽ പട്ടയപ്രശ്നങ്ങളും കുടിയേറ്റ ജനതയുടെ പ്രശ്നങ്ങളുമാണ് കർഷർ അഭിമുഖീകരിക്കുന്നത്. ബഫർസോൺ വിഷയങ്ങളും കർഷകർ നേരിടുന്നു. ഹൈറേഞ്ച് മേഖലകളിലും വയനാട്ടിലുമൊക്കെ കൃഷി ചെയ്ത ഉത്‌പന്നങ്ങളുടെ വിലയിടിവ് കർഷകരെ വളരെ സാരമായി തന്നെ ബാധിക്കുന്നു. കുരുമുളക്, തേയില മുതലായ കാർഷികോത്‌പന്നങ്ങളുടെ വിലയിടിവ് കർഷകർക്ക് തിരിച്ചടിയായി. കോട്ടയം ജില്ലയിൽ റബറിന്റെ വിലക്കുറവ് കർഷകരെ പ്രതിസന്ധിയിലാക്കി.

കേരളത്തിൽ ഓരോ ജില്ലയിലും കാർഷികമേഖല നേരിടുന്നത് ഇത്തരം വ്യത്യസ്തമായ പ്രശ്നങ്ങളാണ്. ഓരോ നാട്ടിലെയും കൃഷിയും ഭൂപ്രകൃതിയും അനുസരിച്ചുള്ള പ്രശ്നങ്ങളാണ് കർഷകർ അഭിമുഖീകരിക്കുന്നത്.

“മുൻപ് കാർഷികമേഖല സംരക്ഷിക്കേണ്ട ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നിരവധി സബ്‌സിഡികൾ, വളങ്ങൾ ഇവയൊക്കെ ലഭിച്ചിരുന്നു. എന്നാൽ, അവയൊക്കെ ഇപ്പോൾ നിർത്തലാക്കി. രാഷ്ട്രീയ തിരഞ്ഞെടുപ്പ് വരുമ്പോൾ വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. എന്നാൽ, പിന്നീട് അവയൊന്നും ലഭിക്കുന്നില്ല. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ രാഷ്ട്രീയ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുമ്പോൾ, ‘ഇപ്പോൾ ശരിയാക്കാം’, ‘അടുത്തയാഴ്ച ശരിയാക്കാം’, ‘നാളെ ശരിയാക്കാം’ എന്നു പറയുന്നതല്ലാതെ, പ്രശ്ങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കിത്തരാൻ അവർക്ക് സാധിക്കുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നില്ല എന്നുതന്നെ പറയാം. പല വാഗ്ദാനങ്ങളും പരിഹരിക്കപ്പെടാതെ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുമാണ്. കർഷകർ ശാശ്വതമായി ഒരിക്കലും ഒന്നിക്കില്ലെന്ന് ഗവൺമെന്റിന് അറിയാം. ഒന്നിച്ചാൽ പോലും അവർക്ക് ഗവൺമെന്റിനെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ സാധിക്കുകയില്ല” – കർഷകരുടെ പ്രശ്നങ്ങൾ വ്യക്തമായി അറിയാവുന്ന ഫാ. ജോസഫ് പറയുന്നു.

ഇൻഫാമിന്റെ പ്രവർത്തനങ്ങൾ

ഇൻഫാമിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവവുമില്ല എതിർപ്പുമില്ല. ഇപ്പോൾ കർഷകർക്ക് ഏറ്റവും ആവശ്യം മാനസികമായി ലഭിക്കുന്ന പിന്തുണയും സഹായവുമാണ്. കാരണം, തുടരെത്തുടരെയുള്ള തിരിച്ചടികൾ മൂലം കർഷകർ ഇന്ന് മാനസികമായി വളരെയധികം തകർന്നുപോയിരിക്കുന്നു. കർഷകർക്ക്, ഗുണമേന്മയുള്ള പച്ചക്കറികളെക്കുറിച്ചും ആധുനിക സംവിധാനങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. നവീന കൃഷിരീതികളെക്കുറിച്ചും ഏതു സമയത്താണ് കൃഷി ചെയ്യേണ്ടതെന്നും കർഷകർക്ക് അറിയില്ല. അതിനാൽ, അവ പരിചയപ്പെടുത്താൻ വിവിധ ക്ലാസുകളും ചർച്ചകളും പഠനശിബിരങ്ങളും ഒക്കെ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കർഷകദിനമായ ചിങ്ങം ഒന്നിന് കാർഷികമേഖലയെക്കുറിച്ചുള്ള അവബോധം ജനങ്ങളുടെ ഇടയിൽ വളർത്താൻ ശ്രമിക്കുന്നു.

എല്ലുമുറിയെ മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നല്ല കാർഷികഫലങ്ങൾ ലഭിക്കാനായി മുടക്കുന്നത് ചിലപ്പോൾ 250 രൂപ ആയിരിക്കും. എന്നാൽ, തിരിച്ചു ലഭിക്കുന്നത് വെറും 50 രൂപ മാത്രം! അത്രമാത്രം നഷ്ടം ഇവർക്ക് സംഭവിക്കുന്നുണ്ട്. അങ്ങനെ സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാത്ത അവസ്ഥയിലേക്ക് കാർഷികരംഗം കൂപ്പുകുത്തുമ്പോൾ കർഷകർക്ക് മാനസികമായി ഒരു സപ്പോർട്ട് കൊടുത്ത് ശക്തിപ്പെടുത്താനാണ് ഇൻഫാം ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഓരോ സ്ഥലങ്ങളിലും രൂപതകൾ കേന്ദ്രീകരിച്ച് ‘വില്ലേജ് വിജിലൻസ് കമ്മിറ്റി’ ആരംഭിക്കുന്നുണ്ട്. അവർ അവിടുത്തെ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് കൃത്യമായി അവ എങ്ങനെ പരിഹരിക്കാമെന്ന് കണ്ടെത്തുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം, അടിസ്ഥാനപരമായി ഞാൻ ഒരു കർഷക കുടുംബത്തിൽപെട്ട ആളായതുകൊണ്ട് ചെറുപ്പം മുതലേ എനിക്ക് കൃഷിയോട് നല്ല താത്പര്യമുണ്ട്. എനിക്ക് കൃഷിസംബന്ധമായ അത്യാവശ്യ കാര്യങ്ങൾ അറിയുകയും ചെയ്യാം. അതുകൊണ്ടായിരിക്കാം ഞാൻ ഇൻഫാമിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നത്. പ്രത്യേകിച്ച് ചെറുപ്പകാലങ്ങളിൽ ഇൻഫാമിന്റെ ആദ്യകാല നേതാവായിരുന്ന ഫാ. മാത്യു വടക്കേമുറിയുടെ കൂടെ വിശുദ്ധ കുർബാനക്ക് കൂടിക്കൊണ്ടിരുന്ന ഒരാളെന്ന നിലയിലും അച്ചന് വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിലും അച്ചന്റെ പ്രവർത്തനങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

പിന്നീട് സെമിനാരിയിലായിരുന്ന സമയത്തും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ താത്പര്യമെടുത്തു. റീജൻസി കാലഘട്ടത്തിൽ വടവാതൂർ സെമിനാരിയുടെ എസ്റ്റേറ്റിലായിരുന്നു സേവനം. അങ്ങനെ കൃഷിയോടുള്ള താത്പര്യം കൂടുതൽ വർദ്ധിക്കുന്ന മേഖലകളിൽ ശുശ്രൂഷ ചെയ്യാൻ സാധിച്ചു. കൃഷിക്കാർ ചെയ്യുന്നത് കണ്ടുമനസിലാക്കുന്നതിനും നവീന കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാനും ഇക്കാലഘട്ടങ്ങളിൽ ഞാൻ കൂടുതൽ പരിശ്രമിച്ചു.

ഇൻഫാമിന്റെ ദേശീയ ഡയറക്ടറായി ഒരു ഓഫീസ് മുറിക്കുള്ളിൽ  ഒതുങ്ങുന്ന ആളല്ല, ഒരു ഇടവക വികാരി കൂടിയാണ് ഞാൻ. ഇടവകയിലുള്ള സേവനം, സാധാരണ കർഷകരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും അവരുടെ ഇപ്പോഴത്തെ ആവശ്യം എന്താണെന്ന് മനസിലാക്കാനും സഹായിക്കുന്നു. അതിനാലാണ് ഒരു ഇടവകയുടെ ഉത്തരവാദിത്വവും കൂടി ഇൻഫാമിന്റെ പ്രവർത്തനങ്ങളോടൊപ്പം ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത്” – ഫാ. ജോസഫ് വെളിപ്പെടുത്തുന്നു.

‘വിത്തുകൊട്ട’ എന്ന സംരംഭം

ഓരോ ചെറിയ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുള്ള സംരഭമാണ് ‘വിത്തുകൊട്ട.’ എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ടു മണി മുതൽ ഒമ്പതു മണി വരെ സ്വന്തം വീട്ടിലുള്ള പച്ചക്കറി തൈകൾ ഒന്നിച്ച് ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കുന്നു. ആവശ്യമുള്ളവർക്ക് അതിൽ നിന്നും പച്ചക്കറിത്തൈകൾ എടുത്തുകൊണ്ടു പോകാം. പകരം അവരുടെ വീട്ടിലുള്ള തൈകളോ, വിത്തുകളോ അവിടെ വച്ചിട്ട് പോകുന്നു.

പച്ചക്കറി മാത്രമല്ല, പൂച്ചക്കുഞ്ഞിനെയോ, പട്ടിക്കുഞ്ഞിനെയോ വരെ ഇവിടെ കൊണ്ടുപോയി വയ്ക്കാവുന്നതാണ്. ഇങ്ങനെ പങ്കുവയ്ക്കപ്പെടുമ്പോൾ ആ ഗ്രാമത്തിലെ എല്ലാ വീടുകളിലും ഒട്ടുമിക്ക പച്ചക്കറികളും ഉത്‌പാദിപ്പിക്കാനും ഉപയോഗിക്കാനും സാധിക്കും. ആളുകൾ ‘വിത്തുകൊട്ട’ എന്ന സംരംഭത്തോട് നല്ല സഹകരണമാണ് പുലർത്തുന്നത്.

കേരളത്തിൽ അങ്ങോളമിങ്ങോളമായി 72 ഓളം വിത്തുകൊട്ട സംരംഭമാണ് ഉള്ളത്. ആഴ്ചയിൽ ഒരു മണിക്കൂർ സമയം കൊണ്ട് നടപ്പിലാക്കാവുന്ന, ഓരോ വീട്ടിലും വിവിധയിനം പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കാവുന്ന സംരംഭമാണിത്. ഇപ്പോൾ ഈ സംരംഭം ആരംഭിച്ചിട്ട് മൂന്ന് വർഷമായി.

കേരളാ കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസിന്റെ കീഴിലുള്ള ഒരു സ്വതന്ത്ര കർഷകസംഘടനയാണ് ഇൻഫാം. കേരളത്തിലെ എല്ലാ രൂപതകൾക്കും ഇതിൽ ഭാഗഭാഗിത്വമുണ്ട്. കെസിബിസിക്കാണ് ഇൻഫാമിന്റെ പ്രധാന ചുമതല. കേരളത്തിലെ 56-ഓളം വിവിധ കർഷക സംഘടനകളുണ്ട്. ഇവരെല്ലാം ഒരു ഒറ്റ കുടക്കീഴിൽ ഒന്നിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം ഓരോ നാടും കാർഷികമേഖലയിൽ അഭിമുഖീകരിക്കുന്നത് ഓരോ തരം പ്രശ്നമാണ് എന്നതാണ് അതിന്റെ കാരണം.

അടിസ്ഥാനപരമായി കർഷകരുടെ പ്രശ്നങ്ങൾ ജീവന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രശ്നമാണ്. ഇൻഫാമിന്റെ ഡയറക്ടർ ആയതിനാൽ തന്നെ ഫാ. ജോസഫ് കേരളത്തിലെ എല്ലാ രൂപതകളിലും സന്ദർശനം നടത്താറുണ്ട്. പ്രകൃതിദുരന്തങ്ങൾ, ആനുകാലിക പ്രശ്നങ്ങൾ എന്നിവയൊക്കെ വരുമ്പോൾ ഇൻഫാമിന്റെ ഡയറക്ടർ എന്ന നിലയിൽ അച്ചൻ ഉടൻ തന്നെ ഇടപെടാറുണ്ട്. കർഷകരുടെ സംഘടന എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാറുമുണ്ട്. കർഷകർ ചിലപ്പോൾ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് അജ്ഞരാവാം. ഇത്തരം സാഹചര്യങ്ങളിൽ അവരോടൊപ്പം നിന്നുകൊണ്ട് അവബോധം വളർത്താനും സഹായിക്കാനും ജോസഫച്ചൻ ശ്രമിക്കുന്നു.

പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകാംഗമായ ഫാ. ജോസഫ്, പാലാ രൂപതയിലെ മലയിഞ്ചിപ്പാറ മാർ സ്ലീവാ ഇടവകയുടെ വികാരി കൂടിയാണ്. നൂറു വർഷത്തോളം പഴക്കമുള്ള, പാരമ്പര്യമുള്ള ഇടവകയാണ് മലയിഞ്ചിപ്പാറ. 340 കുടുംബങ്ങളുള്ള ഈ ഇടവകയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തന്നെ വളരെ പ്രമുഖരായ വ്യക്തികൾ അതിൽ ഉൾപ്പെടുന്നു. കാൻസർ രോഗവിദഗ്ദ്ധൻ ഡോ. ജോജോ വി. ജോസഫ്, പഴയ ചീഫ് സെക്രട്ടറി ജേക്കബ് തോമസ് ഐ.പി.എസ്, പ്രശസ്ത ഗ്രന്ഥകർത്താവായ ഫാ. ജി. കടൂപ്പാറയിൽ എന്നിവർ ഉൾപ്പടെയുള്ള പ്രമുഖർ പഠിച്ചതും വളർന്നതും ഈ നാട്ടിലാണ്.

മണ്ണിന്റെ മനസറിയുന്ന ഒരു സമൂഹം രൂപപ്പെടാനും കർഷകരുടെ സ്വപ്ങ്ങൾക്ക് ജീവൻ ലഭിക്കാനും സാധിക്കുന്ന ഒരു നല്ല ‘നാളെ’ ഉണ്ടാകാൻ ലൈഫ് ഡേ യുടെ ആശംസകൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

സി. സൗമ്യ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.