പാലിന്റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമോ?

സ്ഥിരമായി പാൽ കുടിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമോ? കാൻസർ രോഗികൾ പാൽ വർജിക്കണോ? പാലുകുടിച്ചാൽ ലീക്കി ഗട്ട് ഉണ്ടാകുമോ? ഡോ. ജോജോ ജോസഫ് എഴുതുന്നു.

അടുത്തിടെയായി പലരുടെയും സംശയങ്ങൾ ഇപ്രകാരം പാലിനെയും കാൻസർ രോഗത്തെയും ബന്ധപ്പെടുത്തിയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന പല ദൃശ്യങ്ങളും നിർദേശങ്ങളുമൊക്കെയാണ് സാധാരണക്കാരിൽ പാലിനെ ഒരു ഭീകരവസ്തുവാക്കി മാറ്റുന്നത്. സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തന്റെ അനുഭവങ്ങളുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ നമ്മോട് പങ്കുവയ്ക്കുകയാണ് ഓങ്കോളജി സർജനായ ഡോ. ജോജോ വി. ജോസഫ്.

അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളാണ്, ഈ വിഷയം സമൂഹത്തിൽ പലർക്കും വളരെയധികം കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെന്ന് മനസ്സിലാക്കാൻ കാരണമായത്. അവ ഒന്ന് ചുരുക്കിയെഴുതാം.

രണ്ടുമാസങ്ങൾക്കു മുമ്പ് എം.ബി.ബി.എസ് പാസ്സായ കുട്ടികളുടെ കോൺവൊക്കേഷൻ ചടങ്ങിൽ ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുത്തപ്പോഴുണ്ടായ സംഭവമാണ് ഒന്നാമത്തേത്. ചടങ്ങ് തുടങ്ങുന്നതിനുമുന്നേ ഒരു കോഫി കുടിക്കാം എന്ന് അവർ പറഞ്ഞു. ശരി, എന്നാൽ ബുദ്ധിമുട്ട് ആകില്ലെങ്കിൽ എനിക്ക് ഒരു ബ്ലാക്ക് കോഫി മതി എന്ന് ഞാൻ പറഞ്ഞപ്പോൾ അവിടെയുള്ള ഒരു പ്രമുഖവ്യക്തി ഒരു കമന്റ് പറഞ്ഞു – “അല്ലെങ്കിലും നിങ്ങൾ കാൻസർ ചികിത്സകർ പാല് കുടിക്കാറില്ലല്ലോ. പാൽ ഒരു വെളുത്ത വിഷമാണ്. സ്ഥിരമായി പാലുകുടിച്ചാൽ കാൻസർ വരും എന്നാണല്ലോ അല്ലേ?” ‘വൈകുന്നേരം ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ട്; അതുകൊണ്ടാണ്’ എന്ന് ഞാൻ മറുപടി നൽകി.

ഫംഗ്ഷൻ കഴിഞ്ഞ് പോകാൻനേരം അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് എനിക്ക് ഷെയർ ചെയ്തു. ആ ദൃശ്യത്തിൽ, സ്ഥിരമായി പാലുകുടിച്ചാൽ കാൻസർ സാധ്യത വർധിക്കുമെന്നും അതിനാൽ ആരും പാല് കുടിക്കരുത്, പാലിൽ അടങ്ങിയിരിക്കുന്ന ഇൻസുലിൻ ലൈക്‌ ഗ്രോത്ത് ഫാക്ടർ (IGF) കാൻസറിനു കാരണമാകുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നു. പാലിനെ ഒരു ‘വെളുത്തവിഷം’ ആയി മുദ്രകുത്തിക്കൊണ്ടാണ് ആ ദൃശ്യങ്ങൾ അവസാനിക്കുന്നതും. അന്നുതന്നെ ഈ വസ്തുതകൾക്കുപിന്നിലെ യാഥാർഥ്യം ഒരു വോയ്സ് ക്ലിപ്പ് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.

രണ്ടാമത്തെ സംഭവം എന്നുപറയുന്നത് ഒരു രോഗിയുമായി ബന്ധപ്പെട്ടതാണ്. രേവതി എന്ന ഒരു 65 -കാരിയാണ് കുഴപ്പിക്കുന്ന ആ ചോദ്യവുമായി എന്റെയടുത്തു വന്നത്. കാൻസർബാധിതയായ ആ സ്ത്രീയുടെ വൻകുടലിന്റെ ഒരു ഭാഗം സർജറി ചെയ്ത് മാറ്റിയിരുന്നു. ആദ്യഘട്ടമായിരുന്നതിനാൽ മറ്റു ചികിത്സകളൊന്നും വേണ്ടിവന്നില്ല. സാധാരണ ഇതുപോലുള്ള രോഗികൾക്ക് ഒരു ഡയറ്റ് ചാർട്ട് കൊടുത്തുവിടാറുണ്ട്. ആ ചാർട്ട് പേപ്പർ എടുത്ത് അതിലെ കാര്യങ്ങൾ ഒന്ന് വിശദീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രേവതിചേച്ചിക്ക് ഡോക്ടർ പറഞ്ഞാൽ വിശ്വാസംവരും; അതാണ് കാര്യം. മറ്റു ആശുപത്രി ജീവനക്കാർ പറഞ്ഞതുപോലെ ചെയ്തോളൂ എന്ന് പറഞ്ഞിട്ടും ചേച്ചി കൂട്ടാക്കിയില്ല. എന്തായാലും എനിക്കൊരു സംശയമുണ്ട്; അത് ഡോക്ടർ വിശദീകരിച്ചുതരണം – ഇതാണ് രേവതിച്ചേച്ചി ആവശ്യപ്പെട്ടത്. ചേച്ചിയുടെ സംശയനിവാരണം നടത്താൻ ഞാൻ തയ്യാറായി.

“ആശുപത്രിയിൽനിന്നു നൽകിയ ഡയറ്റ് പ്ലാനിൽ, ദിവസം രണ്ടുതവണ പാല് കുടിക്കാൻ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് കുഴപ്പമാകില്ലേ. കാൻസർ രോഗികൾ പാല് കുടിക്കരുതെന്നല്ലേ പറയുന്നത്. മാത്രമല്ല എനിക്ക് കുടലിൽ ശാസ്ത്രക്രിയ കഴിഞ്ഞതല്ലേ. രണ്ടുപ്രാവശ്യം പാല് കുടിക്കുമ്പോൾ എനിക്ക് ലീക്കീ ഗട്ട് ഉണ്ടാവില്ലേ.” ചേച്ചിയുടെ സംശയംകേട്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും ഞാൻ പുറമെ കാണിച്ചില്ല. “ആരാണ് ഇത് പറഞ്ഞത് എന്ന ചോദ്യത്തിന്, ഒരു നാച്ചുറോപ്പതി വിദഗ്ധൻ – ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ എന്നൊക്കെ പറയുന്ന ഒരു യൂട്യൂബറുടെ വീഡിയോ ചേച്ചി എന്നെ കാണിച്ചു. ഈ ലൈവ് സ്റ്റൈൽ ഫിസിഷ്യൻ പറയുന്നത്, പാല് കുടിക്കുന്നത് മദ്യം കഴിക്കുന്നതിനുതുല്യമാണ് എന്ന മട്ടിലാണ്.

സാധാരണ ഇതുപോലെയുള്ള യൂട്യൂബർമാർ, തങ്ങളോടുള്ള വിശ്വാസ്യത കൂട്ടാൻ കടിച്ചാൽപൊട്ടാത്ത രണ്ടുപദങ്ങളും പ്രഭാഷണത്തിൽ പറഞ്ഞുവയ്ക്കും. ഈ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്, ‘ഇൻസുലിൻ ലൈക്‌ ഗ്രോത്ത് ഫാക്ടർ’ എന്ന വാക്കാണ്. അത് പാലിലുണ്ട്. പശുവിന് പാൽ കൂട്ടാൻ ഇതാണ് കൊടുക്കുന്നത്. ഇത് അകത്തുചെന്നാൽ കുടൽ ലീക്ക് ഉണ്ടാകും എന്നൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. ഇതുപോലെയുള്ള തട്ടിപ്പ് വീഡിയോ കണ്ട് ജീവിതം നശിപ്പിക്കരുതെന്ന് അല്പം ശാസനാരൂപത്തിൽ അവരോട് പറഞ്ഞതിനുശേഷം കാര്യങ്ങൾ അല്പം വിശദമായിതന്നെ ഞാൻ പറഞ്ഞുകൊടുത്തു.

അറിയണം സത്യാവസ്ഥ

ഈ അബദ്ധപ്രചരണത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ആദ്യം ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടർ എന്താണെന്നു മനസ്സിലാക്കണം.

എന്താണ് ഈ ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടർ? നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിലാക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. ഏതാണ്ട് 51 അമിനോ ആസിഡ് കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു പ്രോട്ടീനാണ് ഇത്. ഏതാണ്ട് ഇതേ രീതിയിൽ സ്ട്രക്ചറുള്ള 71 അമിനോ ആസിഡുകൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന മറ്റൊരു പ്രോട്ടീനാണ് ഇൻസുലിൻ ലൈക്‌ ഗ്രോത്ത് ഫാക്ടർ. ഇൻസുലിനുമായുള്ള സ്ട്രക്ച്ചറൽ സാമ്യമുള്ളതിനാലാണ് ഇതിനെ ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടർ (IGF) എന്നുവിളിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ്. ഇതിന്റെ അളവ് ശരീരത്തിൽ കൂടിയാൽ കാൻസർ സാധ്യത വർധിക്കും.

ഇത് ഒരു പ്രോട്ടീൻ മോളിക്യൂളാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. കുറച്ചുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ, ഇതിനെ ഒരു പോളിപെപ്ടൈഡ് എന്നാണ് വിളിക്കേണ്ടത്. വിവിധ അമിനോ ആസിഡുകൾ ഒരു പെപ്ടൈഡ് ബോണ്ട് വഴി കൂടിച്ചേർന്നാണ് പ്രോട്ടീൻ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, രണ്ട് അമിനോ ആസിഡ് ആണെങ്കിൽ ഡൈപെപ്ടൈഡ് എന്നും മൂന്നാകുമ്പോൾ ട്രൈപെപ്ടൈഡ് എന്നും അതിൽ കൂടുതലാകുമ്പോൾ പോളിപെപ്ടൈഡ് എന്നും വിളിക്കുന്നു. ഈ പെപ്ടൈഡ് ബോണ്ട് നൂറിൽ കൂടുതലാകുമ്പോളാണ് അതിനെ പ്രോട്ടീൻ എന്നു വിളിക്കുക. ഒരു പ്രോട്ടീൻ ശരീരത്തിനുള്ളിൽ പ്രവർത്തിക്കണമെങ്കിൽ അതിന്റെ മുഴുവൻ സ്ട്രക്ചറും കൃത്യമായിരിക്കണം എന്നതും പ്രത്യേകം ഓർക്കണം.

ഇനി മനസ്സിലാക്കേണ്ടത്, പ്രോട്ടീൻ വായിലൂടെ അകത്തേക്കുചെന്നാൽ എന്താണ് സംഭവിക്കുക എന്നാണ്. ഭക്ഷണമായോ, മരുന്നായോ ഒരു പ്രോട്ടീൻ വായിലൂടെ ആദ്യം എത്തുന്നത് ആമാശയത്തിലേക്കാണ്. അവിടെവച്ച് ആസിഡിന്റെ സഹായത്തോടെ പെപ്സിൻ, പ്രോടീസെസ് എന്നീ രാസാഗ്നികൾ, നമ്മൾ കഴിച്ച പ്രോട്ടീനെ വിവിധ പെപ്ടൈഡുകൾ ആയി വിഘടിപ്പിക്കുന്നു. അതോടെ നമ്മൾ കഴിച്ച പ്രോട്ടീൻ അവിടെവച്ച് അതല്ലാതാകുന്നു. അതിനുശേഷം ചെറുകുടലിൽവച്ച് വിവിധ അമിനോ ആസിഡുകളായി വിഘടിക്കപ്പെടുന്ന അവ കുടലിൽനിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ചെറിയൊരു ഭാഗം, അതായത് പേരിനുമാത്രം ചെറിയ പെപ്ടൈഡുകളായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാറുമുണ്ട്. അതായത് ഏതു പ്രോട്ടീൻ കഴിച്ചാലും അത് ശരീരത്തിനുള്ളിൽ എത്തുക അമിനോ ആസിഡുകളോ, ചെറിയ പെപ്ടൈഡുകളോ ആയിട്ടാണ്.

ഞാൻ നേരത്തെ പ്രതിപാദിച്ച കാര്യത്തിലേക്ക് വീണ്ടും പോകാം. അതായത് നമ്മൾ കുടിക്കുന്ന പാലിലുള്ള ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടർ (IGF) ഒരു പ്രോട്ടീനാണ്. അപ്പോൾ ഒരു പ്രോട്ടീൻ ഹോർമോൺ ആയ IGF വായിലൂടെ കഴിച്ചാൽ ശരീരത്തിനുള്ളിൽ എത്താനുള്ള സാധ്യതയില്ല എന്ന് ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാം. കാരണം അത് ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും കടന്നുപോകുമ്പോൾ പൂർണ്ണമായും ദഹിച്ചുപോകും. ഇതേ കാരണംകൊണ്ടാണ് ഇൻസുലിൻ ഗുളികരൂപത്തിൽ നൽകാൻ സാധിക്കാത്തതും.

ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടർ

ഇനി ഇൻസുലിൻ ലൈക് ഗ്രോത്ത് ഫാക്ടറിനെക്കുറിച്ച് ഒരു കാര്യംകൂടി. ഇത് കൊടുത്താൽ പശുക്കളിൽ പാലുല്പാദനം വർധിക്കുന്നില്ല. പാലുത്പാദനം കൂട്ടാൻ കൊടുക്കുന്നത് BS7 എന്നറിയപ്പെടുന്ന പശുവളർച്ച ഹോർമോൺ ആണ്. അത് പാലിലെ IGF കൂട്ടുന്നുമില്ല. നമ്മൾ കുടിക്കുന്ന പാലിലെ IGF ലെവൽ വളരെ കുറഞ്ഞ അളവിലേ കാണപ്പെടുന്നുള്ളൂ. നമ്മൾ കഴിക്കുന്ന മാംസ ഉല്പന്നങ്ങളിൽ ഇതിൽ കൂടുതൽ IGF അടങ്ങിയിട്ടുണ്ട് എന്നതുംകൂടി ഞാൻ ഇവിടെ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

ഏതെങ്കിലും പഠനങ്ങൾ പാലുകുടിച്ചാൽ ക്യാൻസർ സാധ്യത കൂടുമെന്ന് പറഞ്ഞിട്ടുണ്ടോ?

‘ഏതെങ്കിലും പഠനങ്ങൾ പാലുകുടിച്ചാൽ ക്യാൻസർ സാധ്യത കൂടുമെന്ന് പറഞ്ഞിട്ടുണ്ടോ’ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. 2020 -ൽ ഇന്റർനാഷണൽ ജേർണൽ ഓഫ് എപ്പിടെമിയോളജിയിൽ പാലുല്പന്നങ്ങളുടെ ഉപയോഗം ക്യാൻസർ സാധ്യത കൂട്ടുമെന്നു പറഞ്ഞ് ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വിവരം കൂടുതൽ ആളുകളിലേക്കും എത്തിച്ചേർന്നു. എന്നാൽ അത് വെറും ഒബ്സർവേഷണൽ സ്റ്റഡി ആയിരുന്നു. ഒബ്സർവേഷണൽ സ്റ്റഡിയിലൂടെ ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല. കൂടാതെ, പ്രത്യേക ഭക്ഷണശൈലികൾ, ജീവിതശൈലികൾ ഒക്കെയുള്ള സെവൻത് ഡേ അഡ്വെന്റിസ്റ്റ് എന്ന ഒരു പ്രത്യേക ഗ്രൂപ്പിൽ നടത്തിയ പഠനങ്ങളുമായിരുന്നു അവ. ശാസ്ത്രീയമായ ഘടകങ്ങളൊന്നുംതന്നെ പരിഗണിക്കാതെയുള്ള ഈ ടൈപ്പ് പഠനങ്ങൾക്ക് ശാസ്ത്രലോകം ഒരുവിലയും കല്പിക്കുന്നില്ല. ഇത് യൂട്യൂബർമാർക്ക് അവരുടെ റീച്ച് കൂട്ടാൻ ഉപയോഗിക്കാം എന്നുമാത്രമേയുള്ളൂ.

എന്നാൽ വേൾഡ് കാൻസർ റിസേർച്ച് സെന്റർ കൃത്യമായ പഠനങ്ങൾ പുറത്തുവിടുന്നുണ്ട്. മെറ്റ അനാലിസിസ് വഴി വേൾഡ് കാൻസർ റിസേർച്ച് സെന്റർ കണ്ടെത്തിയത്, പാലുകുടിക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കും എന്നാണ്. അതുപോലെ പാലുകുടിക്കുന്നത് ഏതെങ്കിലും കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നില്ല എന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ (2023) അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് ഇത് ശരിവയ്ക്കുകയുമുണ്ടായി.

പാലിന്റെ ഉപയോഗം ആരോഗ്യം വർധിപ്പിക്കും

ഇത്രയും വിശദമായി ഇത് എഴുതാൻ കാരണം, പാൽ കുടിക്കുന്നത് ഒരുരീതിയിലും കാൻസർ സാധ്യത വർധിപ്പിക്കുന്നില്ല എന്നും ചില കാൻസർ വരുന്നതിൽനിന്ന് രക്ഷപെടാൻ നമ്മെ സഹായിക്കുമെന്നും മനസ്സിലാക്കിത്തരാനാണ്.

ഇനി കാൻസർ രോഗം വന്നവരോട് പറയാനുള്ളത്, കാൻസർ ചികിത്സയ്ക്കുശേഷം പലപ്പോഴും എല്ലുകളുടെ ബലം കുറയാനും അതിലൂടെ ഒടിവിനും മറ്റും സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. സ്ഥിരമായി പാലുകുടിക്കുകയും അതിനോടൊപ്പംതന്നെ വ്യായാമംകൂടി ചെയ്യുകയാണെങ്കിൽ ഇതൊക്കെ തരണംചെയ്യാൻ സാധിക്കും. നമ്മുടെ പല്ലിനും എല്ലിനും ബലംവയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും കാത്സ്യം, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ കുടലിലെത്തുമ്പോൾ നമ്മുടെ ഗട്ട് ഹെൽത്ത് നന്നാവാനും പാല് ഉപയോഗിക്കുന്നത് സഹായിക്കും. അല്ലാതെ യൂട്യൂബർ പറയുന്നതുപോലെ ഗട്ട് ലീക്ക് ഉണ്ടാക്കുകയല്ല പാലിന്റെ ജോലി.

പാലിന്റെ ഉപയോഗം ഗുണംചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുപറയുമ്പോഴും ലാക്ടോസ് ഇന്റോൾറൻസ് എന്ന അവസ്ഥയുള്ളവർ പാൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. പാൽ ഒരു ഉത്തമ പോഷകാഹാരമാണ്. ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ചമഞ്ഞുനടക്കുന്നവരുടെ പ്രഭാഷണങ്ങളിൽവീണ് ആരോഗ്യം നശിപ്പിക്കാതിരിക്കുക എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഡോ. ജോജോ ജോസഫ് തന്റെ വിശദീകരണം അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.