ചരിത്ര മുഹൂർത്തം: സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം കോപ്റ്റിക് ഓർത്തഡോക്സ്‌ സഭാ തലവൻ 

കോപ്‌റ്റിക് ഓർത്തഡോക്‌സ് സഭയുടെ തലവനായ തവാദ്രോസ്‌ രണ്ടാമൻ പാപ്പാ ഇന്നത്തെ പൊതുസദസിൽ, ഫ്രാൻസിസ് പാപ്പായോടൊപ്പം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്തു. മറ്റൊരു സഭയുടെ തലവൻ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്.

“പ്രിയ സഹോദരൻ, പരിശുദ്ധ ഫ്രാൻസിസ്” എന്നാണ് തവാദ്രോസ്‌ രണ്ടാമൻ, ഫ്രാൻസിസ് പാപ്പയെ അഭിസംബോധന ചെയ്‌തത്. അഭിസംബോധനയ്ക്കുശേഷം, ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവൻ യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റു’ എന്ന തന്റെ വിശ്വാസം ഏറ്റുപറഞ്ഞു.

തുടർന്ന്, തന്റെ പത്തു വർഷം മുൻപിലത്തെ വത്തിക്കാൻ സന്ദർശനം അനുസ്മരിച്ചു: “ഞാൻ പത്ത് വർഷം മുമ്പ്, ഇവിടെയെത്തിയ ഇതേ ദിനം എന്റെ ഓർമ്മയിലേക്ക് വരുന്നു. കോപ്റ്റിക് സഭയുടെ പ്രതിനിധി സംഘത്തോടൊപ്പം എന്നെ സ്വാഗതം ചെയ്ത നിങ്ങളുടെ സ്നേഹം ഞാൻ ഓർക്കുന്നു.” 2013 മെയ് പത്ത് മുതൽ എല്ലാ വർഷവും ആ ദിവസം ‘കോപ്റ്റിക്-കാത്തലിക് സൗഹൃദ ദിനം’ ആയി ആഘോഷിക്കാൻ ആരംഭിച്ചതായി തവാദ്രോസ്‌ പാപ്പാ അനുസ്മരിച്ചു. അതിനുശേഷം, എല്ലാ വർഷവും മെയ് പത്തിന് താനും ഫ്രാൻസിസ് മാർപാപ്പയും ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ 2017-ലെ ഈജിപ്ത് സന്ദർശനത്തിനും കോപ്റ്റിക് ഓർത്തഡോക്സ് സഭാ തലവൻ നന്ദി പറഞ്ഞു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ  ഈജിപ്റ്റിന്, പുരാതന ക്രിസ്ത്യൻ വേരുകളുണ്ടെന്നും സന്യാസം ജനിച്ചത് അവിടെയാണെന്നും അദ്ദേഹം അനുസ്മരിച്ചു.

“നമ്മുടെ വേരുകളിലും ബന്ധങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്താലും നമ്മെ വഴിനടത്തുന്ന നമ്മുടെ അപ്പസ്തോലിക പിതാക്കന്മാരുടെയും വിശുദ്ധരുടെയും സാന്നിധ്യത്താലും നാം ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തവാദ്രോസ്‌ രണ്ടാമന്റെ വാക്കുകൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ മറുപടി വളരെ ഹൃദ്യമായിരുന്നു.

“അലക്‌സാൻഡ്രിയയിലെ മാർപാപ്പയും വിശുദ്ധ മർക്കോസിന്റെ പാത്രിയർക്കീസുമായ തവാദ്രോസ്‌ രണ്ടാമൻ പാപ്പായെ ഞാൻ ഇന്ന് അഭിവാദ്യം ചെയ്യുന്നത് വളരെ സന്തോഷത്തോടെയാണ്. പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസ്‌, ഈ വാർഷികത്തിൽ എന്റെ ക്ഷണം സ്വീകരിച്ചതിന് ഞാൻ നന്ദി പറയുന്നു. പരിശുദ്ധാത്മാവിന്റെ വെളിച്ചം നിങ്ങളുടെ റോമിലേക്കുള്ള സന്ദർശനത്തെ പ്രകാശിപ്പിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കോപ്‌റ്റിക് ഓർത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള, വളർന്നുവരുന്ന സൗഹൃദത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

“കോപ്‌റ്റിക് സഭയിലെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മദ്ധ്യസ്ഥതയാൽ, നിങ്ങളോടൊപ്പം, സർവശക്തനായ ദൈവത്തോട് ഞാൻ അപേക്ഷിക്കുന്നു. കൂട്ടായ്മയിൽ വളരാൻ ഞങ്ങളെ സഹായിക്കൂ.” സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ കോപ്‌റ്റിക് ബിഷപ്പുമാരേയും വിശ്വാസികളേയും അഭിവാദ്യം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.