ബൈബിളിൽ നിറങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

നമ്മുടെ ജീവിതത്തിൽ എല്ലായ്‌പ്പോഴും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിറങ്ങൾ. എല്ലാവർക്കും ഇഷ്ടമുള്ള നിറങ്ങളുണ്ട്. അതുപോലെതന്നെ ഓരോ നിറങ്ങൾക്കും ഓരോ അർഥങ്ങളുണ്ടെന്ന് നിറങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന കളർജനിക്സിൽ പറയുന്നു. വിശുദ്ധ ബൈബിളിലും വിവിധ നിറങ്ങളെക്കുറിച്ചു പറയുന്നുണ്ട്. വിശുദ്ധഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന നിറങ്ങൾ ചില പ്രത്യേക പ്രമേയത്തെ പ്രതീകപ്പെടുത്തുന്നു. ചുവപ്പ് ത്യാഗത്തെയും, നീല ദൈവത്വത്തിനെയും, സ്വർണ്ണനിറം ദൈവത്തിന്റെ മഹത്വത്തെയും, പച്ച ജീവിതത്തെയും, വെള്ള വിശുദ്ധിയെയും ഒക്കെ വ്യാഖ്യാനിക്കുന്നു.

അക്കങ്ങളെപ്പോലെതന്നെ നിറങ്ങൾക്കും ബൈബിളിൽ കാര്യമായ അർഥമുണ്ട്. വ്യത്യസ്‌ത നിറങ്ങൾ എന്തിനെ പ്രതീകപ്പെടുത്തുന്നു എന്ന് മനസ്സിലാക്കുന്നത് തിരുവെഴുത്തുകളെ ആഴത്തിൽ മനസ്സിലാക്കാനും നമ്മുടെ വിശ്വാസജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും നമ്മെ സഹായിക്കും.

ബൈബിളിലെ പ്രാഥമിക നിറങ്ങളുടെ പ്രാധാന്യം

പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് പ്രാഥമിക നിറങ്ങളാണ് ചുവപ്പ്, മഞ്ഞ, നീല. ഈ മൂന്ന് പ്രാഥമിക നിറങ്ങളിൽ ഓരോന്നിനും ബൈബിളിൽ പ്രത്യേക പ്രാധാന്യമുണ്ട്.

ചുവപ്പ്: പഴയനിയമത്തിൽ ചുവപ്പ് ‘ചുവന്ന കളിമണ്ണ്’ എന്നർഥമുള്ള ഔഡെം എന്ന വാക്കിൽനിന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. അത് മനുഷ്യരാശിയുടെ മൂലപദമാണ്. ആദം (ഉല്പ. 2:7), ഏസാവ് (ഉല്പ. 25:25) തുടങ്ങിയ ബൈബിൾവ്യക്തികളുടെ പേരുകൾ ഔഡെം എന്ന വാക്കിൽനിന്നാണ് ഉരുത്തിരിഞ്ഞത്.

ചുവപ്പിന്റെ പ്രതീകാത്മകത, മനുഷ്യരാശിയുടെ മാനവികതയുടെ ഒരു രൂപകമായി വിപുലീകരിക്കുന്നു. പഴയനിയമത്തിൽ, ഒരു മൃഗത്തിന്റെ രക്തബലി ഒരുവന്റെ പാപത്തിനു പ്രായശ്ചിത്തമായി അർഥമാക്കുന്നു (ലേവ്യ. 17:11). ഈജിപ്തിലെ പത്താമത്തെയും അവസാനത്തെയും ബാധയുടെ സമയത്ത് മരണത്തിന്റെ ദൂതൻ തങ്ങളുടെ വീടുകളിലൂടെ കടന്നുപോകുന്നതിനായി ഇസ്രായേല്യർ പെസഹാ ആട്ടിൻകുട്ടിയുടെ രക്തം വരച്ചു (പുറ. 12:1-13). എന്നിരുന്നാലും, ചുവപ്പ് സാധാരണയായി യേശുക്രിസ്തുവിന്റെ രക്തവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് കാൽവരിയിലെ കുരിശിൽ നമ്മുടെ രക്ഷയ്ക്കുള്ള വിലയായി അവൻ ഒഴുക്കി (കൊളോ.1:20).

നീല: ബൈബിളിലെ നീല നിറം, ആകാശത്തെയും ദൈവവചനത്തെയും പ്രതിനിധീകരിക്കുന്നു. പുറപ്പാടിൽ, മോശയും അവന്റെ പുത്രന്മാരും ഇസ്രായേലിലെ 70 മൂപ്പന്മാരും ദൈവത്തെ ആരാധിക്കാനായി സീനായ് പർവതത്തിൽ കയറിയപ്പോൾ അവർ ദൈവത്തെ കാണുകയും അവന്റെ കാൽക്കീഴിലുള്ള നടപ്പാതയെ നീലാകാശംപോലെ പ്രകാശമാനമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു (പുറ. 24:10). ഇതിനുശേഷമാണു മോശയ്ക്ക് പത്തു കല്പനകൾ ലഭിച്ചത്.

നീലയെ ഹീബ്രു ഭാഷയിൽ ‘ടെകെലെറ്റ്’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “വെള്ളിത്തകിടുകൾ താർഷീഷിൽനിന്നും സ്വർണ്ണം ഊഫാസിൽനിന്നും കൊണ്ടുവരുന്നു. ശില്പിയും സ്വർണപ്പണിക്കാരനും അവ പണിതൊരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്ദ്ധന്റെ ശില്പങ്ങൾ മാത്രമാണ്” (ജെറ. 10:9) എന്നും ബൈബിളിൽ ഇത് കാണപ്പെടുന്നു. പുരോഹിതന്റെ വസ്ത്രങ്ങൾക്ക്, പ്രത്യേകിച്ച് അവരുടെ അരികുകൾക്കു നൽകിയിരിക്കുന്ന നിറമായിരുന്നു ടെകെലെറ്റ് (പുറ. 28:5-6). ലൂക്കാ 8:40-48 ൽ, രക്തസ്രാവക്കാരി സ്ത്രീ, മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ വസ്ത്രത്തിന്റെ അരികിൽ സ്പർശിച്ചപ്പോൾ സുഖപ്പെട്ടു. അതിനാൽ, ദൈവത്തിന്റെ രോഗശാന്തിയുടെയും കൃപയുടെയും നിറമായി നീല അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മഞ്ഞ: വിലയേറിയ ലോഹമായ സ്വർണ്ണത്തെ സൂചിപ്പിക്കുന്ന ‘ചാരുട്ട്സ്’ എന്ന ഹീബ്രുപദത്താൽ ബൈബിളിൽ മഞ്ഞയെ പരാമർശിക്കുന്നു. സ്വർണ്ണം ദൈവത്തിന്റെ പരമാധികാരത്തെ പ്രതിനിധീകരിക്കുന്നു. പഴയനിയമത്തിൽ, സോളമൻ ആലയം പണിയുകയും പുരോഹിതന്റെ പാത്രങ്ങൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുകയും ചെയ്തതായി നമുക്കു കാണാം (1 രാജാ. 6). യേശുവിന്റെ ജനനസമയത്തു ലഭിച്ച സമ്മാനങ്ങളിലൊന്ന് സ്വർണ്ണമായിരുന്നു (മത്തായി 2:11).

കൂടാതെ, വെളിപാടിന്റെ പുസ്തകത്തിൽ പുതിയ ജറുസലേമിനെ ശുദ്ധമായ സ്വർണ്ണനഗരമായി പരാമർശിക്കുന്നു (വെളി. 21:18). മഞ്ഞയും സ്വർണ്ണവും ദൈവത്തിന്റെ സാന്നിധ്യത്തെയും (ആവർ. 4:24) അഗ്നിയിലൂടെയുള്ള ശുദ്ധീകരണത്തെയും പ്രതിനിധീകരിക്കുന്നു (1 പത്രോസ് 1:7).

ബൈബിളിലെ ദ്വിതീയനിറങ്ങളുടെ പ്രാധാന്യം

പ്രാഥമിക നിറങ്ങൾക്കു പുറമെ, ദ്വിതീയനിറങ്ങൾക്കും ബൈബിളിൽ പ്രാധാന്യമുണ്ട്.

പച്ച: പച്ച നിറം, സസ്യജാലങ്ങളുടെ നിറമായതിനാൽ, ജീവിതം, പുനഃസ്ഥാപനം, പുതിയ തുടക്കങ്ങൾ എന്നിവയെ പ്രതീകപ്പെടുത്തുന്നു (സങ്കീ. 1.3). വസന്തകാലത്ത് നാം അനുഭവിക്കുന്ന പുനരുജ്ജീവനത്തിന്റെ നിറവും പച്ചയാണ്.

ചുവപ്പു കലർന്ന മഞ്ഞനിറം: ആമ്പർ ദൈവത്തിന്റെ മഹത്വത്തെയും അവന്റെ ന്യായവിധിയെയും സഹിഷ്ണുതയെയും പ്രതീകപ്പെടുത്തുന്നു (എസ. 1:4).

പർപ്പിൾ: പർപ്പിൾ ബൈബിളിലെ രാജകീയത, മഹത്വം, പൗരോഹിത്യം എന്നിവയെ പ്രതിനിധീകരിക്കുന്നു (യോഹ. 19:2).

വെള്ള: വെള്ള എന്നത് യേശുക്രിസ്തുവിന്റെ വിശുദ്ധി, വെളിച്ചം, വീണ്ടെടുപ്പ്, നീതി എന്നിവയെ സൂചിപ്പിക്കുന്നു (മർക്കോ. 16:5).

കറുപ്പ്: പാപം, ഇരുട്ട്, മരണം, ദുരന്തം എന്നിവയെ പ്രതീകപ്പെടുത്തുന്നു (സെഫാ. 1:15).

വെള്ളി: ദൈവവചനം, ദിവ്യത്വം, രക്ഷ, ശുദ്ധീകരണം എന്നിവയുടെ പ്രതീകമാണ് വെള്ളിനിറം (സങ്കീ. 66:10).

കടുംചുവപ്പ്: പാപത്തെ പ്രതിനിധീകരിക്കും (ഏശയ്യാ 1:18), എന്നാൽ ഇത് രാജകീയതയെയും സൂചിപ്പിക്കുന്നു (ദാനി. 5:16).

പിച്ചള: പിച്ചള എന്നത് ശക്തിയെയും ഈടുതയെയും സൂചിപ്പിക്കുന്നു. ഒരു സങ്കരലോഹം എന്ന നിലയിൽ ഇത് കട്ടിയുള്ളതും ഈടുനിൽക്കുന്നതുമാണ്. ക്ഷാളനപാത്രങ്ങളും (പുറ. 30:18) സോളമൻ നിർമ്മിച്ച ക്ഷേത്രത്തിലെ പുരോഹിതന്മാരെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു വലിയ വൃത്താകൃതിയിലുള്ള തടാകവും നിർമ്മിക്കാൻ ഉപയോഗിച്ചു (1 രാജാ. 7:23-26). വെളിപാട് പുസ്തകത്തിൽ, യേശുവിന്റെ പാദങ്ങൾ പിച്ചളപോലെ എന്നാണ് താരതമ്യം ചെയ്തിരിക്കുന്നത് (വെളി. 1:15.)

“ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളിൽ എന്റെ വില്ല് ഞാൻ സ്ഥാപിക്കുന്നു” (ഉല്പ. 9:13) എന്ന് പറഞ്ഞുകൊണ്ടാണ്, ദൈവം പ്രളയത്തിനുശേഷം ഒരു മഴവില്ല് അയച്ചത്. ഇനിയൊരിക്കലും മനുഷ്യരെയോ, ജീവജാലങ്ങളെയോ നശിപ്പിക്കില്ല എന്ന് ദൈവം നമ്മോടു ചെയ്ത ഉടമ്പടിയുടെ പ്രതീകമാണ് മഴവില്ല്. അതുകൊണ്ടുതന്നെ സപ്തവർണ്ണങ്ങളുള്ള മഴവില്ലും ബൈബിളിൽ സന്തോഷത്തിന്റെ സൂചകമാണ്.

ചുവപ്പും സ്വർണ്ണനിറവും ക്രൈസ്തവർ ക്രിസ്തുമസുമായി ബന്ധപ്പെടുത്തുന്ന നിറങ്ങളാണ്. അതുപോലെതന്നെ വസന്തത്തിനും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനും പച്ചയും, പുനർജന്മത്തിന്റെയും പാപങ്ങൾ കഴുകുന്നതിന്റെയും പ്രതീകമായി സ്നാപനാർഥികൾ വെള്ളനിറമുള്ള വസ്ത്രവും ധരിക്കുന്നു.

സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.