“എന്റെ കുടുംബത്തെ അവർ ഇല്ലാതാക്കി” – കണ്ണ് നനയിക്കുന്ന അനുഭവങ്ങളുമായി ഒരു നൈജീരിയൻ കർഷകൻ

ക്ലെമന്റ് ഉസൂ! ഫുലാനി തീവ്രവാദികളുടെ ക്രൂരതകളുടെ ദൃക്‌സാക്ഷിയാണ് ഈ നൈജീരിയൻ കർഷകൻ. 65 വയസുള്ള ഈ കർഷകൻ 2019 -ൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തന്റെ കുടുംബം ഇല്ലാതാകുന്നത് നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനായിരുന്നു. നാളുകൾക്കിപ്പുറം ആ ദാരുണമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കണ്ണീരോടെ ഈ വയോധികൻ.

2019 ജൂൺ ഒന്നിനാണ് സംഭവം നടക്കുന്നത്. ഉസൂവും സഹോദരനും സമീപത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് ഗ്രാമത്തിൽ നിന്ന് വെടിയൊച്ചകളും നിലവിളികളും കേട്ടതെന്ന് അദ്ദേഹം ഓർക്കുന്നു. കുടുംബത്തെ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ ഉസൂവും സഹോദരനും ഉടൻ തന്നെ തിരികെ ഓടി. അവരുടെ വീടിനടുത്തെത്തിയപ്പോൾ നിലവിളികളും കരച്ചിലും ഉയർന്നു വരുന്നത് ഇരുവരും തിരിച്ചറിഞ്ഞു. “ഞാൻ അകത്തേക്ക് ഓടിക്കയറി, മുറിയുടെ ഒരു മൂലയിൽ എന്റെ മകന്റെ തലയും മധ്യഭാഗത്ത് അവന്റെ ശരീരത്തിന്റെ ബാക്കി ഭാഗവും കണ്ടു. ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു; ഞാൻ വേഗം അവന്റെ തല എടുത്ത് അവന്റെ ദേഹത്ത് വച്ചു. ദൈവം കരുണ കാണിച്ച് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമോ എന്നറിയാൻ ഞാൻ കരഞ്ഞുകൊണ്ട് ശരീരം കുലുക്കി – പക്ഷേ അവൻ തിരിച്ചു വന്നില്ല.” – ഉസൂ പറയുന്നു.

“ഞാൻ മുറിയിൽ നിന്ന് ഓടാൻ പോകുകയായിരുന്നു; നാല് ഫുലാനി ഇടയന്മാർ ഞങ്ങളെ പതിയിരുന്ന് ആക്രമിച്ചു. അവർ എന്നെ പിടികൂടി, അവരിൽ ഒരാൾ എന്റെ നെഞ്ചിൽ വെടിവച്ചു, മറ്റൊരാൾ ഒരു വെട്ടുകത്തികൊണ്ട് എന്റെ കൈ വെട്ടി. എനിക്കും പുറകിൽ കുത്തേറ്റിരുന്നു. അവർ എന്റെ സഹോദരനെയും അമ്മയെയും പിടികൂടി. അമ്മയെ പീഡിപ്പിക്കുകയും, മകനെ കൊല്ലുന്നത് കാണണം എന്ന് ശഠിക്കുകയും ചെയ്തു. ആ അമ്മയുടെ മുന്നിൽ വച്ച് എന്റെ സഹോദരനെ അവർ കൊന്നു. എന്നെയും മർദ്ദിച്ചു അവശനാക്കി. മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. ആ അമ്മയ്ക്ക് അത് കണ്ടു നിൽക്കുവാൻ കഴിഞ്ഞില്ല. അവർ ഹൃദയം തകർന്നു മരണത്തിനു കീഴടങ്ങി”. വേദനയോടെ ഉസൂ ആ ദിവസം ഓർത്തെടുത്തു.

ആക്രമണകാരികൾ മടങ്ങിയപ്പോൾ മറ്റു ഗ്രാമവാസികൾ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുവാൻ എത്തി. അവർ ഉസൂ ജീവനോടെ ഉണ്ടെന്നു മനസിലാക്കി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഏതാനും മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആണ് ഉസൂ തിരികെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.

ആശുപത്രി വിട്ടപ്പോൾ മറ്റ് നാല് ബന്ധുക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഉസൂവിനോട് ഗ്രാമവാസികൾ പറഞ്ഞു. ഭയന്ന അദ്ദേഹം ശേഷിച്ച കുടുംബത്തോടൊപ്പം, “ഗുമാ ക്യാമ്പ്” എന്നറിയപ്പെടുന്ന ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ (ഐഡിപി) ക്യാമ്പിൽ അഭയം തേടാൻ തന്റെ ഗ്രാമം വിട്ടു. എന്നാൽ അവിടുത്തെയും സ്ഥിതി മോശം ആയിരുന്നു.നൈജീരിയയിലെ ഐഡിപി ക്യാമ്പുകൾ കടുത്ത ബുദ്ധിമുട്ടുകൾക്കും ദാരിദ്ര്യത്തിനും പേരുകേട്ടതായിരുന്നു. ഗുമാ ക്യാമ്പിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും മരിച്ചു.

“എനിക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ഓർക്കുന്നത് വളരെ വിഷമകരമാണ്. എന്റെ മകൻ എന്റെ അന്നദാതാവായിരുന്നു, അവൻ പോയി. എനിക്ക് ഇപ്പോഴും സങ്കടം തോന്നുന്നു,” ഉസൂ പറഞ്ഞു.

“[നൈജീരിയയിലെ] കർഷകർക്ക് നേരെയുള്ള ഫുലാനി ആക്രമണങ്ങൾ എണ്ണാൻ പറ്റാത്തത്രയാണ്. ആക്രമണങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതാണ് ഇതിൽ ഏറ്റവും വിഷമിപ്പിക്കുന്ന ഭാഗം. ഇവിടെയുള്ള എല്ലാ ക്രിസ്ത്യാനികളെയും കൊല്ലാൻ ഒരു പദ്ധതിയുണ്ടെന്ന് തോന്നുന്നു.” ഉസൂ വിന്റെ വാക്കുകളിൽ രോക്ഷവും ഒപ്പം വേദനയും നിറയുന്നു. കാരണം നഷ്ടങ്ങൾ എപ്പോഴും ഈ പാവം കർഷകർക്കാണല്ലോ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.