“ഇത് ശുശ്രൂഷയ്ക്കായുള്ള ദൈവവിളി” – പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് നിയുക്ത മെത്രാൻ മാത്യു നെല്ലിക്കുന്നേൽ

സി. സൗമ്യ DSHJ

സി.എസ്.റ്റി സന്യാസ സമൂഹാംഗമായ മാർ മാത്യു നെല്ലിക്കുന്നേൽ ഇനി ഗോരഖ്പൂർ രൂപതയുടെ മെത്രാൻ. ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകാംഗമായ അദ്ദേഹം, ഇടുക്കി രൂപതാ ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠനാണ്. തന്റെ പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് മനസുതുറക്കുകയാണ് മാർ മാത്യു നെല്ലിക്കുന്നേൽ.

ഒരു മിഷനറിയാകാൻ അതിയായി ആഗ്രഹിച്ച്, പ്രാർഥിച്ച് വൈദികനായി; ഇപ്പോൾ സീറോമലബാർ മിഷൻ രൂപതയായ ഗോരഖ്പൂർ രൂപതയുടെ മെത്രാൻ. തന്റെ പൗരോഹിത്യ-സന്യാസജീവിതത്തെക്കുറിച്ചും ഇപ്പോൾ തന്നിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന പുതിയ ശുശ്രൂഷയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് പുതിയ മെത്രാൻ മാത്യു നെല്ലിക്കുന്നേൽ. സി.എസ്.റ്റി സന്യാസ സമൂഹാംഗമായ അദ്ദേഹത്തിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ ഇന്ന് ഗോരഖ്പൂരിൽവച്ച് നടത്തപ്പെട്ടു. ഈ അവസരത്തിൽ, മാർ മാത്യു നെല്ലിക്കുന്നേലുമായി ലൈഫ് ഡേ നടത്തിയ പ്രത്യേക അഭിമുഖം.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകാംഗമായ നിയുക്ത മെത്രാൻ, ഇടുക്കി രൂപതാ ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠനാണ്. ഒരു കുടുംബത്തിൽ നിന്നും രണ്ടു ബിഷപ്പുമാർ എന്ന അപൂർവസംഭവമാണ് നെല്ലിക്കുന്നേൽ കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്. വാക്കിലും പെരുമാറ്റത്തിലും മാത്രമല്ല, ജീവിതത്തിലും കൊച്ചുത്രേസ്യയുടെ ആധ്യാത്മികതയെ ചേർത്തുപിടിച്ചിരിക്കുന്ന വ്യക്തി കൂടിയാണ് ഈ സന്യാസ വൈദികൻ. ‘ചെറിയ കാര്യങ്ങൾപോലും വലിയ സ്നേഹത്തോടെ ചെയ്യുക’ എന്ന ചെറുപുഷ്പത്തിന്റെ മനോഭാവം അദ്ദേഹത്തിന്റെ കർമ്മമണ്ഡലങ്ങളിൽ കൂടുതൽ ഊർജ്ജം പകരുന്നു.

പുതിയ ദൗത്യത്തെ, ശുശ്രൂഷയും സേവനവുമായി കാണുന്ന നിയുക്ത മെത്രാൻ, തന്റെ നിലപാടുകൾകൊണ്ടും എളിമനിറഞ്ഞ ജീവിതശൈലികൾകൊണ്ടും വ്യത്യസ്തനാവുകയാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങളെ, മനോഭാവങ്ങളെ ഇടയസ്നേഹത്തോടെ വായിച്ചറിയാൻ അദ്ദേഹത്തിനു കഴിയുമെന്നത് തീർച്ച.

മിഷനറി വൈദികനാകാൻ ആഗ്രഹിച്ച ബാല്യം

വെറുമൊരു വൈദികനാകാനല്ല, ഒരു മിഷനറിവൈദികനാകാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു സജി എന്ന് എല്ലാവരും വിളിക്കുന്ന മാത്യു. സ്‌കൂൾ കാലഘട്ടത്തിൽതന്നെ അദ്ദേഹത്തിൽ മുളപൊട്ടിയിരുന്നു ഈ ആഗ്രഹം. പഠനകാലയളവിൽ രൂപതയുടെയും മറ്റ് പല സന്യാസ സമൂഹങ്ങളുടെയും ദൈവവിളി ക്യാമ്പുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

1986 -ലാണ് മാത്യു പത്താം ക്ലാസ്സ് പാസ്സാകുന്നത്. മരിയാപുരം ഇടവകയിൽ നടന്ന ക്യാമ്പിൽ വച്ചാണ് സി.എസ്.റ്റി സന്യാസ സമൂഹത്തിന്റെ വൊക്കേഷൻ പ്രമോട്ടറായ ഫാ. ജോർജ് കല്ലടാന്തിയിൽ എന്ന വൈദികനെ മാത്യു പരിചയപ്പെടുന്നത്. അച്ചൻ ഗോരഖ്പൂർ മിഷനുവേണ്ടി സെമിനാരിവിദ്യാർഥികളെ കണ്ടെത്താൻ വന്നതായിരുന്നു. മിഷനിലേക്കായതിനാൽതന്നെ മാത്യു ആ വൈദികന്റെ കയ്യിൽ തന്റെ പേരും കൊടുത്തു. കുറച്ചു ദിവസങ്ങൾക്കുശേഷം, ‘സെമിനാരിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു’ എന്ന അറിയിപ്പ് മാത്യുവിനു ലഭിച്ചു. അങ്ങനെ, വളരെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്‍നസാക്ഷാത്ക്കാരത്തിലേക്കുള്ള യാത്ര അവിടെആരംഭിച്ചു.

1986 -ൽ തന്നെ മാത്യു എന്ന ആ പത്താം ക്ലാസ്സുകാരൻ ഗോരഖ്പൂർ മിഷനിലേക്ക് ഒരു വൈദികാർഥിയായി കടന്നുചെന്നു. അവിടെ ചെന്നപ്പോഴാണ്, ഗോരഖ്പൂറിൽ ചെറുപുഷ്പ സന്യാസ സമൂഹത്തിനുവേണ്ടിയുള്ള ഒരു വൈദിക വിദ്യാർഥിയാണ് താനെന്ന് അദ്ദേഹത്തിനു മനസ്സിലായത്! 1986 മുതൽ 1989 വരെ ഗോരഖ്പൂരിൽ തന്നെയായിരുന്നു മാത്യുവിന്റെ പഠനം. ഗോരഖ്പൂർ മിഷനുവേണ്ടിയുള്ള ആദ്യത്തെ ബാച്ചായിരുന്നു അവരുടേത്. 1990 -ൽ നോവിഷ്യറ്റ് പൂർത്തിയാക്കി ആദ്യവ്രതം ചെയ്തു.

1990 – 1992 ൽ ആലുവയിലെ ലിറ്റിൽ ഫ്ലവർ സെമിനാരിയിൽ ഫിലോസഫി പഠനം പൂർത്തിയാക്കി. 1992 – 1995 കാലഘട്ടത്തിൽ ഐ.റ്റി.ഐയും അതോടൊപ്പം തന്നെ ഡിഗ്രി പഠനവും പൂർത്തിയാക്കി. തുടർന്ന് സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ റീജൻസി ചെയ്തു.1995 – 1998 കാലഘട്ടത്തിൽ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയിൽ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. 1998 ഡിസംബർ 30 -നായിരുന്നു പൗരോഹിത്യസ്വീകരണം.

ആ തിരുപ്പട്ടശുശ്രൂഷയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു – അനുജൻ ഫാ. ജോൺ നെല്ലിക്കുന്നേലും അന്നേദിവസം തന്നെയാണ് പൗരോഹിത്യം സ്വീകരിച്ചത്. ഒരേ കുടുംബത്തിൽനിന്ന് ജ്യേഷ്‌ഠനും അനുജനും ഒരേദിവസം തിരുപ്പട്ടം സ്വീകരിക്കുക! നെല്ലിക്കുന്നേൽ കുടുംബത്തിനുമാത്രമല്ല, ആ നാടിനുതന്നെ അതൊരു ആഘോഷമായിരുന്നു.

ദൈവവിളിയാൽ സമൃദ്ധമായ കുടുംബം

ജ്യേഷ്ഠനും അനുജനും ഒരുമിച്ചല്ല സെമിനാരിയിൽ ചേർന്നത്. ജ്യേഷ്ഠൻ ചേർന്ന് രണ്ടുവർഷങ്ങൾക്കുശേഷമാണ് അനുജൻ സെമിനാരിയിൽ ചേരുന്നത്. അനുജൻ, ജോൺ നെല്ലിക്കുന്നേൽ കോതമംഗലം രൂപതയ്ക്കുവേണ്ടിയാണ് സെമിനാരിയിൽ ചേരുന്നത്. എന്നാൽ പൗരോഹിത്യസ്വീകരണം ഒരുമിച്ചായിരുന്നു. കാരണം, ജോണും മാത്യുവും ഒരേ കാലഘട്ടത്തിലാണ് റീജൻസി പൂർത്തിയാക്കി ദൈവശാസ്ത്രപഠനം ആരംഭിക്കുന്നത്. ജോൺ, വടവാതൂർ സെമിനാരിയിലും മാത്യു, ആലുവ മംഗലപ്പുഴ സെമിനാരിയിലുമായിരുന്നു. അങ്ങനെ രണ്ടുപേരും ഒരേസമയം പഠനം പൂർത്തിയാക്കി; ഒരേദിവസം തിരുപ്പട്ടവും സ്വീകരിച്ചു.

ചാച്ചനും അമ്മയും അഞ്ചുമക്കളുമായിരുന്നു ഫാ. മാത്യുവിന്റെ വീട്ടിൽ. ചാച്ചൻ 2014 -ൽ മരണമടഞ്ഞു. അമ്മയ്ക്ക് ഇപ്പോൾ 79 വയസ്സുണ്ട്. മൂത്തസഹോദരൻ വിവാഹിതനാണ്. അനുജനാണ് ഇടുക്കി രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് – മാർ ജോൺ നെല്ലിക്കുന്നേൽ. ഏകസഹോദരി എസ്.എ.ബി.എസ് സന്യാസ സമൂഹത്തിലെ ഇടുക്കി പ്രൊവിൻസിലെ അംഗമാണ്. ഇപ്പോൾ തങ്കമണി എന്ന സ്ഥലത്തെ സ്‌കൂളിൽ പഠിപ്പിക്കുന്നു; ഒപ്പം സുപ്പീരിയറായും സേവനംചെയ്യുന്നു. ഇളയ സഹോദരനാണ് വീട്ടിൽ അമ്മയോടൊപ്പമുള്ളത്. അഡ്വക്കേറ്റായ അദ്ദേഹം കുടുംബജീവിതം നയിക്കുന്നു.

ദൈവവിളിക്ക് സഹായമായ കുടുംബപശ്ചാത്തലം

ഒരു കുടുംബത്തിൽ നിന്നുതന്നെ മൂന്ന് ദൈവവിളികൾ; അതിൽ രണ്ടുപേർ ബിഷപ്പുമാർ, ഒരാൾ സമർപ്പിത. അതിനു സഹായകമായ കുടുംബപശ്ചാത്തലം വീട്ടിൽനിന്നു ലഭിച്ച നല്ല മാതൃകകളും പരിശീലനവുമാണ്. അമ്മ മേരി, വളരെയധികം പ്രാർഥിക്കുന്ന ഒരു വ്യക്തിയാണ്. ചെറുപ്പത്തിൽ തന്നെ പ്രാർഥനയ്ക്കും പള്ളിയിൽ പോകാനുമൊക്കെ അമ്മയുടെ പ്രോത്സാഹനം മക്കൾക്കുണ്ടായിരുന്നു. വൈദികരോടുള്ള  സ്നേഹവും താത്പര്യവും ഒരു വൈദികനാകാൻ പോകാനുള്ള പ്രോത്സാഹനവുമൊക്കെ ചെറുപ്പത്തിൽ ഫാ. മാത്യുവിന് തന്റെ കുടുംബത്തിൽ നിന്നുതന്നെ ലഭിച്ചിരുന്നു.

“കുടുംബപ്രാർഥന ചൊല്ലാനുള്ള പ്രേരണയും ദേവാലയത്തിൽ പോകാനുള്ള പ്രചോദനവും അമ്മ തന്നെയാണ്. കൂട്ടിന് അപ്പച്ചന്റെ പ്രോത്സാഹനവുമുണ്ട്. വൈദികനാകണമെന്ന ആഗ്രഹം വീട്ടിൽപറഞ്ഞപ്പോൾ ആരും എതിർപ്പൊന്നും പറഞ്ഞില്ല; പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രാർഥനയുടെ ഒരു അന്തരീക്ഷം കുടുംബത്തിൽ തന്നെയുണ്ടായിരുന്നു. രാമപുരത്തെ ആശുപത്രിയിലാണ് ഞാൻ ജനിക്കുന്നത്. കുണിഞ്ഞിയിലാണ് അമ്മയുടെ വീട്. ഞാൻ ജനിച്ചയുടനെ ‘എന്റെ ഒരു മകനെ വൈദികനാക്കണം’ എന്ന ചിന്ത അമ്മയുടെ മനസ്സിൽ പെട്ടെന്നുണ്ടായി. ഇക്കാര്യം അമ്മ ഇടയ്ക്കൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്” – ബിഷപ്പ് ലൈഫ് ഡേ യോട് വെളിപ്പെടുത്തി.

സി.എസ്.റ്റി സന്യാസ സമൂഹം തുടക്കം കുറിച്ച ഗോരഖ്പൂർ മിഷൻ

1969 -ലാണ് സി.എസ്.റ്റി വൈദികർ ഗോരഖ്പൂർ മിഷൻ ആരംഭിക്കുന്നത്. സി.എസ്.റ്റി സന്യാസ സഭയുടെ സ്ഥാപകൻ ഫാ. ബസേലിയൂസ് പാണാട്ട് സി.എസ്.റ്റി, ഗോരഖ്പൂരിൽ നേരിട്ടെത്തുകയും അവിടുത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഒരു പുതിയ മിഷൻ ആരംഭിക്കുകയുമായിരുന്നു. അന്ന് ഗോരഖ്പൂർ രൂപത, വാരണാസി ലത്തീൻ രൂപതയുടെ ഭാഗമായിരുന്നു. ഫാ. ബസേലിയൂസ്, അവിടെയുള്ള ബിഷപ്പിനെ കാണുകയും സി.എസ്.റ്റി വൈദികർക്ക് മിഷൻപ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരു സ്ഥലം അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപേക്ഷ അംഗീകരിച്ചതിന്റെ ഫലമായി 1969 -ൽ അവിടെ മിഷൻ ആരംഭിച്ചു. വളരെ തീക്ഷ്ണതയോടെയുള്ള മിഷൻപ്രവർത്തനങ്ങളുടെ ഫലമായി വാരണാസി രൂപത തന്നെ തിരിഞ്ഞാണ് 1984 -ൽ സീറോമലബാർ സഭയ്ക്ക് ഒരു രൂപത ലഭിക്കുന്നത്. ഗോരഖ്പൂർ രൂപതയുടെ ആദ്യത്തെ ഇടയൻ, ബിഷപ്പ് ഡൊമിനിക് കോക്കാട്ട് ആണ്. വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ 92 വയസ്സുണ്ട്.

സി.എസ്.റ്റി സന്യാസ സമൂഹത്തിലെ വൈദികരുടെ പ്രവർത്തനങ്ങളാണ് ഗോരഖ്പൂർ രൂപതയുടെ സ്ഥാപനത്തിലേക്കു നയിച്ചത്. രൂപതയുടെ ആരംഭകാലഘട്ടങ്ങളിലെല്ലാം സി.എസ്.റ്റി വൈദികരാണ് ഇവിടെ സേവനംചെയ്തിരുന്നത്. 1984 മുതൽ ഇവിടെ രൂപതയ്ക്കുവേണ്ടിയുള്ള സെമിനാരി ആരംഭിച്ചു. ഇന്ന് ഈ രൂപതയ്ക്ക് 56 വൈദികരുണ്ട്. ഇപ്പോൾ സി.എസ്.റ്റി വൈദികർ അവരുടെതന്നെ സ്ഥാപനങ്ങളിൽ സേവനംചെയ്യുന്നു.

സി.എസ്.റ്റി സന്യസ സമൂഹത്തിന് ഗോരഖ്പൂരിൽ ഒരു പ്രൊവിൻസുണ്ട്. പ്രൊവിൻസിൽ 70 -ഓളം വൈദികരുമുണ്ട്. രൂപതയുടെ അതിർത്തിക്കുള്ളിലെ സ്ഥാപനങ്ങളിൽ 22 -ഓളം വൈദികർ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നു.

ഗോരഖ്പൂർ മിഷൻ ഒരു കാർഷികമേഖലയും ഗ്രാമപ്രദേശവുമാണ്. പാവപ്പെട്ടവരുടെ ഒരു ലോകമാണ് ഇവിടം. കരിമ്പ്, നെല്ല് മുതലായ കൃഷികളാണ് മുഖ്യമായും ചെയ്തുവരുന്നത്. ഇവിടുത്തെ വിദ്യാഭ്യാസമേഖല വളരെ ശോചനീയമാണ്. മാത്രവുമല്ല, ഗ്രാമങ്ങളിലേക്ക് വലിയ വളർച്ചയൊന്നും എത്തിയിട്ടുമില്ല. ക്രൈസ്തവരുടെ എണ്ണവും തുലോം കുറവാണ്. 3,400 -ഓളം കത്തോലിക്കർ മാത്രമേ ഈ രൂപതയിലുള്ളൂ; അതിൽത്തന്നെ ഭൂരിഭാഗവും ലത്തീൻസഭയിൽ നിന്നുള്ളവരാണ്. സാമൂഹികപ്രവർത്തനങ്ങളും വിദ്യാഭ്യാസമേഖലയുമാണ് ഇവിടെ ചെയ്യുന്ന മിഷൻപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത്. ഹൈന്ദവവിശ്വാസികളാണ് ഇവിടെ ഭൂരിഭാഗവും; ഒപ്പം മുസ്ലീങ്ങളും. എന്നാൽ, വളരെ മതസൗഹാർദ്ദത്തോടു കൂടിയാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്.

കൊച്ചുത്രേസ്യയുടെ ആത്മീയതയുള്ള സന്യാസിയും മിഷനറിയുമായ ഇടയൻ

വി. കൊച്ചുത്രേസ്യയുടെ മിഷൻചൈതന്യം ജീവിതത്തിൽ പകർത്തുന്നവരാണ് സി.എസ്.റ്റി സന്യാസ സമൂഹത്തിലെ വൈദികർ. വി. കൊച്ചുത്രേസ്യ അഖിലലോക മിഷൻ മധ്യസ്ഥയാണ്. “ചെറുപ്പം മുതൽ തന്നെ മിഷനറിയാകാൻ ആഗ്രഹിച്ച എന്നെ വി. കൊച്ചുത്രേസ്യായുടെ ആധ്യാത്മികത വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ, കോതമംഗലം രൂപതയിൽ ചേരാൻ വികാരിയച്ചനൊക്കെ പറഞ്ഞിരുന്നു. എന്നാൽ, എനിക്ക് ഒരു മിഷനറിയാകാനായിരുന്നു താത്പര്യം. കൊച്ചുത്രേസ്യയുടെ സഭ ഞാൻ അറിഞ്ഞു തിരഞ്ഞെടുത്തതല്ല. എങ്കിലും കൊച്ചുത്രേസ്യയുടെ ആത്മീയതക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോള്‍ അതെന്നെ കൂടുതല്‍ സ്വാധീനിച്ചു. കൊച്ചുത്രേസ്യ, എല്ലാം ചെയ്തതിനുശേഷം, ‘ഞാൻ ഒന്നുമല്ല, എല്ലാം ചെയ്തത് ദൈവമാണ്’ എന്ന ചിന്താഗതി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. വിശുദ്ധയുടെ  ആ ആധ്യാത്മകതയാണ് എന്നെ ഏറെ സ്വാധീനിച്ചത്. ദൈവം ഏല്പിക്കുന്ന, സഭ ഭരമേല്പിക്കുന്ന ദൗത്യം  ചെയ്യുക. എന്റെ മഹത്വമല്ല, എല്ലാം ദൈവത്തിനുവേണ്ടി. അതിനപ്പുറത്തേക്ക് ചിന്തിക്കാതിരിക്കാൻ ഈ ആത്മീയത എന്നെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷത്തോളം ഈ സന്യാസ സമൂഹത്തിൽ ജീവിച്ചപ്പോൾ പഠിക്കാൻസാധിച്ച ഒരു വലിയ കാര്യമാണിത്” – ഒരു സന്യാസവൈദികൻ കൂടിയായ ഇദ്ദേഹം പറയുന്നു.

‘ഇത് ശുശ്രൂഷയ്ക്കായുള്ള ദൈവവിളി’

നല്ല അടിസ്ഥാനമുള്ള ഒരു രൂപതയാണ് ഗോരഖ്പൂർ രൂപത. ഇപ്പോഴത്തെ ഇടയൻ, ബിഷപ്പ് തോമസ് തുരുത്തിമറ്റം ആണ്. രണ്ടു പിതാക്കന്മാരുടെയും സാന്നിധ്യവും നേതൃത്വവും ഈ രൂപതയെ നല്ല രീതിയിൽ മുൻപോട്ടു നയിക്കുന്നു.

ഇവിടുത്തെ സാമൂഹിക പ്രവർത്തനമേഖല പാവപ്പെട്ട ജനങ്ങളുടെ ഇടയിൽ വളരെ നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്; ഒപ്പം വിദ്യാഭ്യാസമേഖലയും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടൊപ്പം ഹിന്ദി മീഡിയം സ്കൂളുകളും ഇവിടെയുണ്ട്. ഓരോ വില്ലേജിലും ഏതാണ് സാധ്യത എന്ന് മനസ്സിലാക്കിക്കൊണ്ട് അതിനനുസരിച്ചുള്ള വിദ്യാഭ്യാസമാണ് നൽകിവരുന്നത്.

രൂപതയ്ക്ക്, ഗോരഖ്പൂർ സിറ്റിയിൽതന്നെ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയുമുണ്ട്. സീറോമലബാർ സഭയുടെ മിഷൻ പശ്ചാത്തലമനുസരിച്ച്, കൂടുതൽ സ്ഥലങ്ങളിലേക്ക് രൂപതയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഇതുവരെ കടന്നുചെല്ലാത്ത ജില്ലകളിലേക്ക് പ്രവർത്തനങ്ങളും സേവനമണ്ഡലവും വ്യാപിപ്പിക്കേണ്ടത് ആവശ്യമാണ്. അവിടെ എന്തുചെയ്യാൻ സാധിക്കും, വിശ്വാസികൾ ഒന്നിച്ചുള്ള അജപാലനപ്രവർത്തനങ്ങളിൽ ചെയ്യാൻ കഴിയുന്നത്, മറ്റ് സാമൂഹികപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്നിവയൊക്കെയാണ് നിയുക്ത ഇടയൻ തന്റെ പുതിയ ദൗത്യമേഖലയിലെ പ്രധാനപ്പെട്ട കാര്യങ്ങളായി സൂചിപ്പിക്കുന്നത്.

തിരുസഭ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെ ഒരു ശുശ്രൂഷയായിട്ടു കാണുന്ന വ്യക്തിയാണ് നിയുക്ത മെത്രാൻ. “എനിക്ക് കിട്ടിയിരിക്കുന്ന സന്യാസാരൂപിയിലും കാഴ്ചപ്പാടിലും നിന്നുകൊണ്ടുതന്നെ അജപാലനമേഖലയിലും മറ്റ് പ്രവർത്തനമണ്ഡലങ്ങളിലും ആയിരിക്കാനാണ് ഞാൻ താല്പര്യപ്പെടുന്നത്. അടിസ്ഥാനപരമായി എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്റെ സന്യാസജീവിതവും അതിനോടുള്ള സമർപ്പണവുമാണ്. സഭയിൽനിന്നും എനിക്ക് ഒരു ഉത്തരവാദിത്വം തന്നാൽ ഞാൻ ആ മേഖലയിൽ ശുശ്രൂഷചെയ്യും. ഇവിടെ, കുറച്ചുകൂടി വിശാലമായ രീതിയിൽ തിരുസഭയിൽ സേവനം ചെയ്യാൻ എന്നെ ഏല്പിച്ചിരിക്കുന്നു. അങ്ങനെയൊരു ദൗത്യമെന്ന നിലയിലാണ് ഞാൻ ഈ പുതിയ വിളിയെ കാണുന്നത്” – പിതാവ് തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് വാചാലനായി.

‘ദൈവവിളിയുടെ എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം’

കഴിഞ്ഞ ആറുവർഷമായി ആലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയിൽ റെക്ടർ ആയി സേവനം ചെയ്യുകയാണ് നിയുക്ത മെത്രാൻ. ഫിലോസഫിയിലാണ് അദ്ദേഹം ഡോക്ടറേറ്റ് ചെയ്‌തിരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ദൈവവിളിയുടെ എണ്ണത്തിൽ സാരമായ കുറവുണ്ട്. അത് കാര്യമായി പരിഗണിക്കേണ്ട വിഷയം തന്നെയാണെന്നാണ് പിതാവിന്റെ പക്ഷം.

ദൈവവിളിയുടെ കുറവ് മറ്റ് മിക്ക സന്യാസ സമൂഹങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. “പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ദൈവവിളി എന്ന ആ വെല്ലുവിളി ഏറ്റെടുക്കാനായി തീക്ഷ്ണതയോടെ കടന്നുവരുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. സെമിനാരിയിൽ ചേരാനായി ആളുകളുണ്ടാകാം; ഏതാനും വർഷങ്ങൾ തുടരുന്നുമുണ്ടാകാം. എന്നാൽ ഇതാണ് എന്റെ വിളിയെന്നു മനസ്സിലാക്കി അതിൽ പൂർണ്ണമായി സമർപ്പിച്ചു ജീവിക്കാനുള്ള ആളുകളുടെ എണ്ണം കുറയുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഞാനിതിനെ കാണുന്നത്, രണ്ടുപേരെ ഉള്ളുവെങ്കിലും വിളിയോടുള്ള ആത്മാർഥമായ സമർപ്പണമുണ്ടെങ്കിൽ പത്തുപേരുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ആ രണ്ടുപേർക്ക് ചെയ്യാൻ സാധിക്കുമെന്നാണ്” – പിതാവ് ലൈഫ് ഡേയോടു പറയുന്നു.

“ഇക്കാലഘട്ടത്തിൽ ഭൗതികമായ ഒത്തിരി താത്പര്യങ്ങളും ആഗ്രഹങ്ങളും ഉള്ളതുകൊണ്ട് ആ രീതിയിലാണ് മാതാപിതാക്കൾ മക്കളെ വളർത്തുന്നത്. ദൈവവിളി പ്രോത്സാഹനം കുടുംബത്തിൽ നിന്നുതന്നെ വളരെ കുറവാണ് ലഭിക്കുന്നത്. അതിനാൽ സെമിനാരിയിൽ വരുന്ന കുട്ടികളിൽ ചിലർക്കെങ്കിലും ഈ വിളിയോടുള്ള പ്രതിബദ്ധത കുറയുന്നു. അതുകൊണ്ട് ഇടയ്ക്കുവച്ച് വിളി ഉപേക്ഷിച്ചുപോകും. അതിനകത്തുനിന്നും നിലനിൽക്കുന്ന രണ്ടോ, മൂന്നോ പേരെ ഉള്ളെങ്കിലും അവർ നല്ല ബോധ്യങ്ങൾ ഉള്ളവരാണെങ്കിൽ അതൊരിക്കലും സഭയ്ക്ക് വലിയ നഷ്ടമായിട്ടുവരികയില്ല. അതാണ് കൂടുതൽ എഫക്റ്റീവ്” – ഇക്കാലയളവിൽ വൈദികാർഥികളോടൊപ്പം ജീവിക്കുന്ന ബിഷപ്പ് മാത്യു വെളിപ്പെടുത്തുന്നു.

വൈദികപരിശീലനത്തിലും ഒപ്പംനടക്കുന്ന ‘ഇടയൻ’

പരിശീലകൻ എന്ന ദൗത്യം ഒരു ഇടയന്റെ ദൗത്യമായിട്ടാണ് ബിഷപ്പ് മാത്യു കാണുന്നത്. ആ ദൗത്യത്തിൽ നയിക്കുക, കരുതുക, വഴിതെറ്റിപോയതിനെ തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമം ഒക്കെയുണ്ട്. ആ ദൗത്യംതന്നെ ഒരു പരിശീലകനും ഉണ്ടായിരിക്കണം. ശരിയായ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള കഴിവുംകൂടി ഒരു പരിശീലകനുണ്ടായിരിക്കണം. അത് തീർച്ചയായും പരിശുദ്ധാത്മാവിന്റെ ഇടപെടലോടെയാണ് നടക്കുക. ശരിയായ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ പരിശീലകന് തീർച്ചയായും പാളിച്ചകൾ സംഭവിക്കാം. ആളുകളെക്കുറിച്ചുള്ള വിലയിരുത്തലുകളൊക്കെ മാറിപ്പോകാനിടയുണ്ട്. അതോടൊപ്പം പരിശീലകനൊപ്പമായിരിക്കാനും സാധിക്കണം. മാറിനിന്നുകൊണ്ട് ‘ഇത് ചെയ്യ്’, ‘അത് ചെയ്യ്’ എന്ന് പറയാനോ, ആജ്ഞകൾ കൊടുക്കാനോ അല്ല മറിച്ച് അവരോടൊപ്പം ആയിരിക്കാനും കൂടെനടക്കാനും സാധിക്കണം. ഒരു റെക്ടർ എന്ന നിലയിൽ തന്റെ പ്രവർത്തനശൈലിയെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും പറയുന്നു.

ജ്യേഷ്ഠനും അനുജനും മെത്രാന്മാരായി എന്ന അപൂർവതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. വൈദികരെന്ന നിലയിലും ജ്യേഷ്ഠനും അനുജനും എന്നനിലയിലും ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഒരു പിതാവെന്ന നിലയിൽ പിതാവിന്റെ ഉത്തരവാദിത്വവും കാര്യങ്ങളും ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. അമ്മയുടെ ഒപ്പം ഇടയ്ക്കൊക്കെ തങ്ങൾ ഒരുമിച്ച് വീട്ടിൽ കൂടാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു ഇടയനടുത്ത വാത്സല്യത്തോടെ, സ്നേഹത്തോടെ, കരുതലോടെ ഈ പുതിയ ഇടയൻ എന്നും തന്റെ അജഗണങ്ങളോടൊപ്പമുണ്ടാകും. അതൊരു ഉറപ്പാണ്. ലാളിത്യത്തെ കൂട്ടുപിടിച്ചുള്ള ബിഷപ്പ് മാത്യു നെല്ലിക്കുന്നേലിന്റെ പുതിയ യാത്രയ്ക്ക് ലൈഫ് ഡേ യുടെ ആശംസകളും പ്രാർഥനകളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.