ലെയോ മാർപാപ്പമാർ: ലെയോ ഏഴാമൻ (885-939) – ജീവചരിത്രം

ഏഴാം ദിവസം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇന്ന് ലെയോ ഏഴാമന്റെ ജീവിതം വായിക്കാം. പുതിയ മാർപാപ്പയുടെ പേര് ലെയോ പതിനാലാമൻ എന്നാണ്. അതിനർഥം ഇതിനുമുൻപ് കത്തോലിക്കാ സഭയിൽ ലെയോ എന്നു പേരുള്ള 13 മാർപാപ്പാമാർ ഉണ്ടായിരുന്നു എന്നാണ്. ലെയോ ഒന്നാമൻ മുതൽ പതിനാലാമൻ വരെയുള്ളവർ ഏതു കാലഘട്ടത്തിലൊക്കെയാണ് സഭയെ നയിച്ചത്, അവരുടെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു എന്നറിയുക ആവശ്യമാണ്. അവരുടെ ജീവചരിത്രത്തിലൂടെ ലൈഫ്ഡേ നടത്തുന്ന യാത്ര. ലെയോ മാർപാപ്പാമാർ 1 മുതൽ 14 വരെ. തുടർന്നു വായിക്കുക.

ക്രിസ്തുവർഷം 936 ജനുവരി മുതൽ 939 ജൂലൈ 13 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ലെയോ ഏഴാമൻ. എ ഡി 885 ൽ റോമിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെത്തന്നെ ആയിരുന്നു. സാൻ സിസ്റ്റോ വേക്കിയോ ദൈവാലയത്തിലെ പുരോഹിതനായിരിക്കുമ്പോഴാണ് ലെയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ റോമൻ ഭരണാധികാരിയായിരുന്ന സ്‌പോളെത്തോയിലെ ആൾബറിക് രണ്ടാമന്റെ ഇഷ്ടപ്രകാരമായിരുന്നു ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. തന്റെ ആജ്ഞകൾക്കനുസൃതമായി പേപ്പസിയെ കൊണ്ടുപോവുക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം. എന്നാൽ ഒരു ബെനഡിക്‌റ്റീൻ സന്യാസിയായിരുന്ന ലെയോയ്ക്ക് ഈ സ്ഥാനത്തേക്കു വരുന്നതിന് യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. വലിയ സമ്മർദത്തിനു വഴങ്ങി അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഇരുൾമൂടിയ ഒരു കാലഘട്ടത്തിൽ അൽപമെങ്കിലും പ്രകാശത്തിന്റെയും നന്മയുടെയും പ്രതീകമായിരുന്നു ലെയോ. മാർപാപ്പമാർ പേപ്പൽ സ്റ്റേറ്റിന്റെ ഭരണാധികാരി കൂടിയായിരുന്ന ഇക്കാലയളവിൽ ലെയോയ്ക്ക് ഭൗതീക കാര്യങ്ങളിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. റോമിന്റെ ഭരണാധികാരിയായിരുന്ന ആൾബറിക് രണ്ടാമൻ രാജാവായിരുന്നു പേപ്പൽ സ്റ്റേറ്റിന്റെയും ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ലെയോ ഏഴാമന്റെ മൂന്നുവർഷത്തെ ഭരണകാലയളവിൽ സന്യാസാശ്രമങ്ങളുടെ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. അതിൽ ഏറ്റം പ്രധാനമായത് ഫ്രാൻസിലെ ക്ലൂണി ആശ്രമത്തിന്റെ വളർച്ചയ്ക്കു  സഹായിച്ചതായിരുന്നു. അവിടുത്തെ ആശ്രമാധിപനായിരുന്ന ഒഡോയുടെ സ്വാധീനമുപയോഗിച്ച് ഇറ്റലിയിലെ രാജാക്കന്മാരായിരുന്ന ഹ്യുവും ആൽബെറിക്കും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ക്ലൂണി ആശ്രമത്തിൽ വലിയ നവീകരണവും പുതുചൈതന്യവും കൊണ്ടുവന്ന ഒഡോയെ പിന്നീട് റോമിലേക്കു വരുത്തുകയും റോമൻ പ്രദേശത്തുള്ള എല്ലാ ആശ്രമങ്ങളും നവീകരിക്കാനുള്ള ഉത്തരവാദിത്വം ഏൽപിക്കുകയും ചെയ്തു. റോമിൽനിന്ന് അധികം വിദൂരത്തല്ലാത്ത സുബിയാക്കോ ആശ്രമത്തിന്റെ വളർച്ചയ്ക്കായി പല പദ്ധതികളും നടപ്പാക്കി. മൈൻസിലെ ആർച്ചുബിഷപ്പായിരുന്ന ഫ്രഡറിക്കിനെ ജർമ്മനിയിലെ സഭയുടെ നവീകരണത്തിനായി ലിയോ മാർപാപ്പ നിയോഗിച്ചു. അവിടെയുള്ള യഹൂദന്മാരെയെല്ലാം മാമ്മോദീസ നൽകി ക്രിസ്ത്യാനികളാക്കുന്നതിനും അതിന് വിസമ്മിതിച്ചവരെ പുറത്താക്കുന്നതിനും ഫ്രെഡറിക്ക് ആവശ്യപ്പെട്ടപ്പോൾ അതിന് അനുവാദം നൽകിയത് ലെയോയുടെ ജീവചരിത്രത്തിലെ കറുത്ത അധ്യായമായി അവശേഷിച്ചു. എ ഡി 939 ജൂലൈ 13 ന് കാലം ചെയ്ത ലെയോ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.