ക്രിസ്ത്യാനിയാണെന്ന ഒറ്റക്കാരണത്താൽ കൊലചെയ്യപ്പെട്ട യുവാവ്

ലോകമെമ്പാടുമായി ക്രൈസ്തവർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. അത്തരമൊരു സംഭവമാണ് ഈജിപ്തിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനിയാണ് എന്ന ഒറ്റക്കാരണത്താൽ ആണ് യുവാവായ ഫാഡി എന്ന ആർക്കിടെക്റ്റ് കൊലചെയ്യപ്പെട്ടത്.

ഫാഡി എന്ന ആർക്കിടെക്റ്റ്

2023 മെയ് 15 ന് ഫാഡി പതിവുപോലെ ജോലിക്ക് പോയി. പതിവുള്ള തിങ്കളാഴ്ചകളെ പോലെ അന്നും കാര്യങ്ങൾ ഏറെ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. ഒരു ആർക്കിടെക്റ്റ് എന്ന നിലയിൽ 2017 മുതൽ ഫാഡി കൺസ്ട്രക്ഷൻ കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു സമർത്ഥനായ ജോലിക്കാരൻ എന്നതിലുപരി അദ്ദേഹം എല്ലാവരോടും മാന്യമായി ഇടപെടുന്നവനും പോസിറ്റീവ് ചിന്താഗതിയുള്ളവനും ആയിരുന്നു. അദ്ദേഹത്തോടൊപ്പം മുഹമ്മദ്‌ എന്നൊരാളും ജോലി ചെയ്തിരുന്നു. കമ്പനിയിലെ ബുൾഡോസറിന്റെ ഡ്രൈവറായി പത്തു ദിവസം മാത്രം ജോലി ചെയ്ത സൗഹൃദമേ മുഹമ്മദും ഫാഡിയും തമ്മിൽ ഉണ്ടായിരുന്നുള്ളൂ.

ക്രിസ്ത്യാനി ആയതുകൊണ്ട് കൊലചെയ്യപ്പെട്ട ഫാഡി

മെയ് 15 നാണ് ഫാഡി കൊല്ലപ്പെട്ടത്. കൊലയാളി മുഹമ്മദ് ആണെന്ന് കണ്ടെത്തിയപ്പോൾ പൊലീസ് മുഹമ്മദിനോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ ഫാഡിയെ കൊലപ്പെടുത്തിയത്? മുഹമ്മദിന്റെ മറുപടി ഇപ്രകാരമായിരുന്നു: “അവൻ ഒരു ക്രിസ്ത്യാനിയായതുകൊണ്ടാണ് ഞാനവനെ കൊലപ്പെടുത്തിയത്. ഞാൻ ക്രിസ്ത്യാനികളെ വെറുക്കുന്നു.”

വ്യത്യസ്തമായ ജോലികൾ ചെയ്യുന്നതുകൊണ്ട് തന്നെ മുഹമ്മദും ഫാഡിയും ഒരിക്കലും പരസ്പരം സംസാരിച്ചിട്ടില്ല. പക്ഷേ ഫാഡി ഒരു ക്രിസ്ത്യാനിയാണെന്ന് മുഹമ്മദിന് അറിയാമായിരുന്നു. ഒരു നല്ല മുസ്ലീം ആകുക എന്നത് ക്രിസ്ത്യാനികളെ വെറുക്കുകയാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നതു കൊണ്ടാണ് മുഹമ്മദ്, ഫാഡിയുടെ ജീവൻ എടുത്തത്.

ഫാഡി തന്റെ ജോലികൾ ശ്രദ്ധയോടെ ചെയ്തു തീർക്കുകയായിരുന്നു. അപ്പോഴാണ് മുഹമ്മദ് തന്റെ ബുൾഡോസറുമായി ഫാഡിയുടെ അരികിലേക്കു വരുന്നത് അദ്ദേഹം ശ്രദ്ധിച്ചത്. ഓടി മാറാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് ഫാഡിയെ പിന്തുടർന്നു. ‘ഒരു ക്രിസ്ത്യാനിയെ കൊല്ലുന്നവനാണ് ഉത്തമനായ മുസ്ലിം’ എന്ന തന്റെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ബുൾഡോസർ ഉപയോഗിച്ച് ഫാഡിയെ തള്ളിയിടുകയും ആ യുവാവ് മരിക്കുന്നതുവരെയും ഫാഡിയുടെ ശരീരത്തിലൂടെ വാഹനമോടിക്കുകയും ചെയ്തു. ജോലി സ്ഥലത്തെ മറ്റ് തൊഴിലാളികൾക്കോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ മുഹമ്മദിനെ തടുക്കാനായില്ല. ഒരു ക്രിസ്ത്യാനി എന്നതിന്റെ പേരിൽ ഫാഡി ജീവനർപ്പിച്ചു.

രക്ഷപ്പെടുന്ന കുറ്റവാളികൾ

ഫാഡിയുടെ കൊലപാതകത്തെ തുടർന്ന് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും നാലു ദിവസത്തെ ജയിൽ വാസത്തിനുശേഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അദ്ദേഹം മാറ്റപ്പെട്ടു. ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കുറ്റവാളികൾ സ്വീകരിക്കുന്ന ഒരു പ്രധാന മാർഗ്ഗമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറുക എന്നത്. ഇത് ഇവിടുത്തെ ആദ്യത്തെ ക്രിസ്ത്യാനിയുടെ മരണമല്ല. വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും മറ്റു പല സ്ഥലങ്ങളിലും ഇത് ഒരു സ്ഥിരം കഥയാണ്. കൊലപാതകികൾക്ക് രക്ഷപെടാൻ മാനസികാരോഗ്യ കേന്ദ്രം ഒരു സുരക്ഷാസങ്കേതവുമാണ്.

ദുഃഖത്തിലും പ്രത്യാശയോടെ

ഫാഡി എന്ന യുവാവ് മരണമടഞ്ഞെങ്കിലും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം ക്രിസ്തുവിനു വേണ്ടി ജീവൻ സമർപ്പിച്ചത്. ക്രിസ്തുവിനെ അതിയായി സ്നേഹിച്ചവനും ക്രൈസ്തവ മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടവനുമായിരുന്ന ഈ ചെറുപ്പക്കാരൻ സമൂഹത്തിലെ സജീവമായ ഒരു സഹായഹസ്തമായിരുന്നു. ദൈവത്തോടും ക്രൈസ്തവ വിശ്വാസത്തോടും ജീവിതത്തിൽ കൂറുപുലർത്തിയ ഫാഡിയെ സ്വർഗത്തിൽ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. 94-ാം സങ്കീർത്തനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ ഫാഡിയുടെ ജീവിതത്തെക്കുറിച്ച് ദൈവത്തോടു ചോദിക്കാൻ ഒന്നേയുള്ളൂ “കര്‍ത്താവേ, ദുഷ്‌ടന്‍മാര്‍ എത്രനാള്‍ഉയര്‍ന്നുനില്‍ക്കും? എത്രനാള്‍ അഹങ്കരിക്കും? (സങ്കീ: 94:3)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.