ഇറ്റാനഗർ രൂപതയുടെ നിയുക്ത മെത്രാൻ മോണ്‍സിഞ്ഞോര്‍ ബെന്നി വര്‍ഗീസ് എടത്തട്ടേലുമായുള്ള അഭിമുഖം 

ഫാ. ചാക്കോച്ചന്‍ വടക്കേത്തലയ്ക്കല്‍ MCBS

“എന്റെ ഒരു ജന്മദിനത്തില്‍ ഭിക്ഷാടകയായ ഒരു സ്ത്രീ അടുത്തുവന്നിട്ട് എനിക്ക് 100 രൂപ സമ്മാനമായി തന്നു. എന്റെ തിരഞ്ഞെടുപ്പ് ദൈവഹിതമായി മാത്രമാണ് ഞാന്‍ കാണുന്നത്.” ഇറ്റാനഗർ രൂപതയുടെ നിയുക്ത മെത്രാൻ മോണ്‍സിഞ്ഞോര്‍ ബെന്നി വര്‍ഗീസ് എടത്തട്ടേലുമായി ഫാ. ചാക്കോച്ചന്‍ വടക്കേത്തലയ്ക്കല്‍ MCBS നടത്തുന്ന അഭിമുഖം. തുടര്‍ന്നു വായിക്കുക.

1. ഓരോ പൗരോഹിത്യ – സന്യാസജീവിതത്തിന്റെ അടിസ്ഥാനം അവരുടെ കുടുംബമാണല്ലോ. പിതാവിന്റെ ദൈവവിളിയില്‍ കുടുംബത്തിന്റെ പങ്ക് എങ്ങനെയായിരുന്നു? 

ഉ: എന്റെ കുടുംബം എനിക്ക് ഒരു അനുഗ്രഹമായിരുന്നുവെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമാണ്. എറണാകുളം ജില്ലയിലെ കോതമംഗലം എന്ന സ്ഥലത്തിനടുത്തുള്ള വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് എന്റെ ഇപ്പോഴത്തെ വീട്. പക്ഷേ, ഞാന്‍ ജനിച്ചത് കോതമംഗലം കുട്ടമ്പുഴ അടുത്തുള്ള ഞായപ്പള്ളി എന്ന സ്ഥലത്താണ്.

ഒരു സാധാരണ കുടുംബമായിരുന്നു എന്റേത്. അപ്പനും അമ്മയും ഒമ്പതു മക്കളും അടങ്ങിയ ഒരു കുടുംബം. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒമ്പതു മക്കളെയും പ്രാര്‍ഥനയില്‍ സന്തോഷത്തോടെ വളര്‍ത്താന്‍ അപ്പനും അമ്മയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാവണം ഒമ്പതു മക്കളില്‍ നാലുപേര്‍ ദൈവവിളി സ്വീകരിച്ച് ഇന്ന് പൗരോഹിത്യ – സന്യാസജീവിതം നയിക്കുന്നത് (മൂത്തസഹോദരന്‍ ഫാ. സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ മൂവാറ്റുപുഴ പ്രൊവിൻസ്, രണ്ടു സഹോദരികള്‍ സി. അനീറ്റ ഇടത്തട്ടേല്‍ എസ്.എ.ബി.എസ് നാഗാലാൻഡ്, സി. പ്രീതി വര്‍ഗീസ് ഡി.എസ്‌.പി. മുംബൈ).

എന്റെ പ്രാഥമിക വിദ്യാഭ്യാസം തട്ടേക്കാട് പ്രൈമറി സ്‌കൂളിലും തുടര്‍ന്ന് കുട്ടമ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമായിരുന്നു. എന്റെ എട്ടാം ക്ലാസ്സോടെ ഞങ്ങളുടെ കുടുംബം വാടാട്ടുപാറയിലേക്ക് താമസംമാറി. അവിടെ സെന്റ മേരിസ് ചര്‍ച്ച് വടാട്ടുപാറയായിരുന്നു എന്റെ  ഇടവക. അന്നൊക്കെ ഏതാണ്ട് 150 മാത്രം കുടുംബങ്ങളുണ്ടായിരുന്ന ഇടവകയില്‍ ഇന്ന് 450-ഓളം കുടുംബങ്ങളുണ്ട്. തീര്‍ച്ചയായിട്ടും, ഇവിടെയുണ്ടായിരുന്ന അച്ചന്മാരും സിസ്റ്റേഴ്‌സും ഇടവകയുടെ ഉന്നമനത്തിനായും ജാതിമതഭേദമന്യേ ദൈവജനത്തിന്റെ നന്മയ്ക്കായും എടുത്ത കഷ്ടപ്പാട്, പ്രയത്‌നങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. വടാട്ടുപാറയിലേക്ക് ഒരു റോഡുപോലും ഇല്ലാതിരുന്ന അക്കാലത്ത് വടാട്ടുപാറയില്‍ നിന്ന് ഇടമലയാറിലേക്കു പോകാന്‍ ഒരു റോഡ് നിര്‍മ്മിക്കാനായി നാട്ടുകാരോടൊപ്പം അച്ചന്മാരും എടുത്ത പ്രയത്‌നം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കുടുംബത്തില്‍ എത്ര വലിയ തിരക്കുകള്‍ വന്നാലും കുടുംബപ്രാര്‍ഥന മുടക്കാന്‍ അപ്പന്‍ സമ്മതിച്ചിരുന്നില്ല. അപ്പനും അമ്മയും മക്കളും എല്ലാവരുംകൂടെ ഒരുമിച്ചിരുന്ന് ചൊല്ലിയ ജപമാലകളായിരുന്നു എത്ര വലിയ കണ്ണീരിലും കഷ്ടപ്പാടിലും ഞങ്ങളെ എല്ലാവരെയും സ്‌നേഹത്തില്‍ കോര്‍ത്തിണക്കിയത്. ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, ഒമ്പതു മക്കളില്‍ നാലുപേര്‍ ദൈവവിളി സ്വീകരിച്ചുവെന്നും ബാക്കി അഞ്ചുപേര്‍ ഇന്ന് കുടുംബജീവിതം നയിക്കുന്നുവെന്നും. ഞങ്ങള്‍ മക്കള്‍ ഇന്ന് അനുഗ്രഹിക്കപ്പെടാന്‍ കാരണം ഞങ്ങളുടെ അപ്പനും അമ്മയും ചേര്‍ത്തുനിര്‍ത്തി ഞങ്ങളെ പ്രാർഥിക്കാന്‍ പഠിപ്പിച്ചതുകൊണ്ടു തന്നെയാണെന്ന് നിസ്സംശയം പറയാം.

2. പിതാവിന്റെ ദൈവവിളിയെക്കുറിച്ച് ഒന്ന് പറയാമോ?

ഉ: കുഞ്ഞുനാള്‍ മുതലേ ഒരു വൈദികനാകണമെന്നുളള ചെറിയ ആഗ്രഹം എന്നിലുണ്ടായിരുന്നു. എന്നാല്‍,  ഈ തീരുമാനത്തില്‍ അടിയുറയ്ക്കാന്‍ എന്നെ സഹായിച്ചത് രണ്ട് സി.എം.ഐ വൈദികരാണ്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ചത് ചെങ്കര എന്ന സ്ഥലത്തുളള നിര്‍മല്‍ഗ്രാം എന്ന ആശ്രമത്തില്‍ നിന്നുകൊണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന രണ്ടു വൈദികരുടെ ജീവിതശൈലി എന്ന വളരെയേറെ ആകര്‍ഷിച്ചിരുന്നു. ഫാ. തിയോഫോര്‍ഡ് സി.എം.ഐയും, ഫാ. ബീഡ് സി.എം.ഐയും. ഈ രണ്ടു വല്യച്ചന്മാരുടെ പ്രാര്‍ഥനാജീവിതവും പാവപ്പെട്ടവരോടുള്ള സഹാനുഭൂതിയും കുട്ടികളോടുള്ള വാത്സല്യവുമെല്ലാം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ്സില്‍വച്ച് എനിക്ക് വൈദികനാകണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ഫാ. ബീഡിനോടാണ്. ബീഡ് അച്ചനാണ്, ഒരു മിഷനറിയാകണമെന്ന ബോധ്യം എനിക്ക് തന്നത്. പത്താം ക്ലാസ്സ്  പൂര്‍ത്തിയാക്കിയപ്പോള്‍ നാഗാലാന്‍ഡിലേക്ക് പറഞ്ഞയച്ചതും അച്ചനായിരുന്നു.

3. കേരളത്തില്‍ നിന്നും നോർത്ത് ഈസ്റ്റിലേക്കുള്ള ജീവിതയാത്ര എങ്ങനെയായിരുന്നു? പിതാവിന്റെ സെമിനാരി അനുഭവങ്ങള്‍ ഒന്ന് വിശദീകരിക്കാമോ?

ഉ: ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് പത്താം ക്ലാസ്സ്  കഴിഞ്ഞപാടെയുള്ള നോർത്ത് ഈസ്റ്റ് യാത്ര ദൈവഹിതമനുസരിച്ചുള്ള ഒരു യാത്രയായിരുന്നു; സത്യം പറഞ്ഞാല്‍, ഇരുട്ടിലേക്കുള്ള ഒരു എടുത്തുചാട്ടം (It was just a leap in the dark) എന്നുവേണം പറയാന്‍. നോർത്ത് ഈസ്റ്റിനെക്കുറിച്ചുള്ള അധികം വാര്‍ത്തകള്‍ പോലും ഇല്ലാത്ത കാലമായിരുന്നു അത്. പക്ഷേ, എനിക്ക് അനുഗ്രഹമായത് എന്റെ വീട്ടുകാരില്‍ നിന്ന് എനിക്ക് ലഭിച്ച പിന്തുണയായിരുന്നു.

നാലുവര്‍ഷം മൈനര്‍ സെമിനാരിക്കാലം ചിലവഴിച്ചത് നാഗാലാന്‍ഡിലുള്ള ഗുഡ് ഷെപ്പേർഡ് സെമിനാരിയിലായിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷം ഓറിയന്റേഷന്‍ കോഴ്‌സ് (സന്യാസ സഭകളിലെ നൊവിഷ്യേറ്റ് പോലെയുള്ള ഒരു കാലഘട്ടം) റ്റ്യൂറയിലുള്ള സെന്റ് പീറ്റേഴ്സ് സെമിനാരിലായിരുന്നു. അവിടെയുണ്ടായിരുന്ന എന്റെ റെക്ടറച്ചന്‍ ഫാ. സേവ്യര്‍ പോള്‍ (Tezpur Diocese), ഒരു വൈദികന്‍ എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നൊക്കെ എനിക്ക് ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വമായിരുന്നു. തുടര്‍ന്ന് എന്റെ ഫിലോസഫി – ഡിഗ്രി പഠനം ഞാന്‍ ചെലവഴിച്ചത് ദിമാപുർ ഉളള സലേഷ്യന്‍ കോളജിലായിരുന്നു. എന്റെ പൗരോഹിത്യ-പ്രായോഗിക പരിശീലനം (റീജൻസി) ഗുഡ് ഷെപ്പേർഡ് സെമിനാരിയിലും സെന്റ് സേവിയേഴ്‌സ് ജലൂക് (Jaluke) ഇടവകയിലുമായിരുന്നു. ശേഷം, ഓറിയൻസ് തിയോളജി കോളേജില്‍ (Oriens Theology College) തിയോളജി പഠനം പൂര്‍ത്തിയാക്കി, 1999 ഏപ്രില്‍ 19 -ാം തീയതി മോസ്റ്റ് റവ. ബിഷപ്പ് ജോസഫ് മിറ്റത്താനി പിതാവിന്റെ (Former Bishop of Imphal) കൈവയ്പ്പുശുശ്രൂഷവഴി പുരോഹിതനായി അഭിഷിക്തനായി.

4. മാതാപിതാക്കളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

ഉ: അപ്പനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവയ്ക്കുകയാണെങ്കില്‍, എന്റെ സെമിനാരിജീവിതത്തിലെ ഒരു അവധിക്കാലത്ത് അപ്പനുമായി ഞാന്‍ ഇടവകപള്ളിയിലേക്ക് നടക്കുകയാണ്. ഒരു മകന് തന്റെ അപ്പനോടുള്ള സ്വാതന്ത്ര്യം എന്ന നിലയില്‍ ഞാന്‍ അപ്പനോട് ചോദിച്ചു: “അപ്പച്ചാ, അപ്പച്ചന്‍ എനിക്കായി പ്രാർഥിക്കാറുണ്ടോ?” ഉടനെ ഒരു ചെറുപുഞ്ചിരിയോടെ അപ്പച്ചന്‍ പറഞ്ഞു: “മോനേ, എല്ലാ ദിവസവും ഞാന്‍ മുടങ്ങാതെ ഒമ്പത് ജപമാലകള്‍ ചൊല്ലും. ഓരോ ജപമാലകളും എന്റെ  ഒന്‍പതു മക്കള്‍ക്കായിട്ട് ഞാന്‍ സമര്‍പ്പിക്കും.” എന്റെ മാതാപിതാക്കള്‍ അന്ന് എനിക്കായി ചൊല്ലിയ ജപമാലകളാണ് എന്റെ പൗരോഹിത്യജീവിതത്തിലും ഇന്ന് ഒരു രൂപതയുടെ ഇടയനായി ഞാന്‍ നിയമിതനായിരിക്കുമ്പോഴും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ എന്നെ സഹായിക്കുന്നത്. എനിക്ക് ഉറപ്പാണ്; ഇന്നും എന്റെ അപ്പന്‍ സ്വര്‍ഗത്തിലിരുന്ന് എനിക്കായി ജപമാലകള്‍ ചൊല്ലുന്നുണ്ട് എന്ന്.

എന്റെ അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പാള്‍ ഏറ്റവുമാദ്യം എന്റെ മനസ്സിലേക്ക് കടന്നുവരിക എന്തും മറ്റുളളവര്‍ക്ക് ദാനം ചെയ്യാനുളള അമ്മയുടെ മനസ്സാണ്. അത് വീട്ടിലുളളവരായാലും പണിക്കാരായാലും വീട്ടിലേക്ക് സഹായം ചോദിച്ചുവരുന്നവരായാലും അവര്‍ക്ക് കൊടുത്തിട്ടേ അമ്മ കഴിക്കൂ. ആരും സങ്കടഭാവത്തോടെ അമ്മയുടെ പക്കല്‍നിന്നു പോകില്ല, എപ്പോഴും എല്ലാവരെയും സന്തോഷത്തോടെ പറഞ്ഞയയ്ക്കാന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

5. പാവപ്പെട്ടവരോടുള്ള സഭയുടെ കാഴ്ചപ്പാട് എന്നും അഭിനന്ദനീയമാണ്. പുറമ്പോക്കുകളിലേക്കു പോകാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം സഭയെ ഇന്നും നവീകരിക്കുന്നു. നോർത്ത് ഈസ്റ്റ് പോലുള്ള മിഷന്‍രംഗങ്ങളില്‍ നാടിന്റെ ഉന്നമനത്തിനും ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കും മിഷനറിമാര്‍ വഹിച്ചിട്ടുള്ള പങ്ക് ഏറെയാണ് എന്നത് ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാര്‍പോലും പറയുന്ന ഒരു കാര്യമാണ്. ഒരു മിഷന്‍ രൂപതയില്‍ അംഗമായിരിക്കുന്ന, ഒരു മിഷന്‍ രൂപതയുടെ ഇടയനായി നിയമിതനായിരിക്കുന്ന അങ്ങയുടെ ഈ വിഷയത്തിലുള്ള വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഒന്നു പറയാമോ?

ഉ: ഒരു വൈദികന്‍ എന്ന നിലയിലും ഒരു അധ്യാപകന്‍ എന്ന നിലയിലും പാവപ്പെട്ടവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചവനാണ് ഞാന്‍. ഞാന്‍ അച്ചനായി തിരുപ്പട്ടം സ്വീകരിച്ചുകഴിഞ്ഞയുടനെ എന്റെ ആദ്യനിയമനം സെന്റ് തോമസ്, തുവെന്‍ സന്ഗ് (Tuensang (Eastern Part of Nagaland) -ലായിരുന്നു. അന്നത്തെ അവിടുത്തെ വികാരിയച്ചന്‍ ഫാ. കാര്‍ലോസ് നിസ്സാലോ (ഇന്ന് കോഹിമ രൂപതയിലെ വികാരി ജനറാളാണ്) എന്നോട് ആദ്യമായി പറഞ്ഞ കാര്യം ഇതായിരുന്നു: “ബെന്നിയച്ചാ, എപ്പോഴൊക്കെ ഒരു പാവപ്പെട്ട ആള്‍ എന്തെങ്കിലുമൊക്കെ ആവശ്യം പറഞ്ഞ് നമ്മുടെ അടുത്തുവരികയാണെങ്കില്‍ അവരെ നമ്മള്‍ വെറുംകൈയ്യോടെ പറഞ്ഞയയ്ക്കരുത്. അതോടൊപ്പം അവര്‍ക്ക് ഭക്ഷണം നല്‍കി അയയ്ക്കാനും അച്ചന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ നമ്മുടെ ഇടവകജനങ്ങള്‍ അവരുടെ കൃഷിയില്‍ നിന്നൊക്കെ എന്തെങ്കിലും നമുക്ക് സമ്മാനമായി കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് നിഷേധിക്കാനായിട്ട് ഒരിക്കലും ഇടവരുത്തരുത്. കാരണം, അവരുടെ കഷ്ടപ്പാടില്‍ നിന്നുള്ള ഒരു പങ്കാണ് അവര്‍ നമുക്കായി തരുന്നത്. അതിനോട് നമ്മള്‍ ഒരിക്കലും ‘നോ’ പറയരുത്. വീണ്ടും ഞാന്‍ ഓര്‍ക്കുന്നു: ഇടവകയില്‍ നിന്ന് ഞാന്‍ ട്രാന്‍സ്ഫറാകുന്ന ദിവസം ആ പാവപ്പെട്ട ആള്‍ക്കാര്‍ എനിക്കായിട്ട് ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടുവന്നു. എങ്കിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് അവരെല്ലാവരും ഒരുമിച്ചുകൂടി, എനിക്കായി, എന്റെ ഉത്തരവാദിത്വങ്ങള്‍ക്കായി ഒരുപോലെ തലയില്‍ കൈകള്‍വച്ചു പ്രാര്‍ഥിച്ചുവെന്നുള്ളതാണ്.

ഞാന്‍ ഫിലിപ്പൈന്‍സില്‍ മൂന്നു വര്‍ഷം ഉപരിപഠനത്തിനായി പോയി. അവിടെയുണ്ടായിരുന്ന മൂന്നു വര്‍ഷങ്ങളില്‍ രണ്ടു വര്‍ഷം ഞാന്‍ മരക്കീന എന്നുപറഞ്ഞ സ്ഥലത്തെ ഔവര്‍ ലേഡി ഓഫ് അബാന്‍ഡന്റ് ഇടവകയില്‍ സേവനമനുഷ്ഠിച്ചു. അവിടെ എനിക്കുണ്ടായ ഒരു അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല.

ഒരിക്കല്‍ എന്റെ ബര്‍ത്ത്‌ഡേയ്ക്ക് ഭിക്ഷാടകയായ ഒരു സ്ത്രീ എന്റെ അടുക്കല്‍വന്നു. അവരെ ഞാന്‍ പലപ്പോഴും പള്ളിമുറ്റത്ത് കണ്ടിട്ടുണ്ട്. പലപ്പോഴും പള്ളിയില്‍ കടന്നുവരുന്നവരുടെ മുമ്പില്‍ അവര്‍ ഭിക്ഷ യാചിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, ആ ജന്മദിനത്തില്‍ ഭിക്ഷാടകയായ ഈ സ്ത്രീ എന്റെ അടുത്തുവന്നിട്ട് എനിക്ക് 100 രൂപ സമ്മാനമായി തന്നിട്ട് (അതായത് ഫിലിപ്പെന്‍സിലെ 100 Pessos) എനിക്ക് ബര്‍ത്ത്ഡേ ആശംസകള്‍ പറഞ്ഞു. എന്റെ ആദ്യ റിയാക്ഷന്‍ ‘അയ്യോ വേണ്ട’ എന്നുള്ളതായിരുന്നു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: “അച്ചാ,  ഇത് അച്ചനായി ഞാന്‍ മാറ്റിവച്ച എന്റെ ജീവിതവിഹിതത്തിലെ ഒരു ഭാഗമാണ്. ഞാന്‍ ആ സ്ത്രീക്ക് ഒരു ചായയും ഒരു ബ്രെഡും കൊടുത്തു. ആ സ്ത്രീ എന്നോട് യാത്രപറഞ്ഞു പോയി. സത്യം പറയട്ടെ,  പിന്നീട് ഞാന്‍ ആ സ്ത്രീയെ കണ്ടിട്ടില്ല. പെട്ടെന്ന് വിശുദ്ധ ബൈബിളിലെ വിധവയുടെ കാണിക്ക എന്ന ഉപമ എന്റെ മനസ്സിലേക്ക് ഓടിവന്നു. എന്റെ പൗരോഹിത്യജീവിതത്തെ ഞാന്‍ കാണുക ഇപ്രകാരമാണ്: എന്റെ പൗരോഹിത്യജീവിതത്തിൽ ഇതിലും വലിയ കാര്യങ്ങൾ ഞാൻ ചെയ്‌തിട്ടില്ല; പക്ഷേ ചെറിയ കാര്യങ്ങൾ വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്യാൻ ഞാൻ ശ്രമിച്ചു (I never did much bigger things in my priestly life, but I ever tried to do small things with great joy and satisfaction).

6. സഭ ഇന്ന് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; പ്രത്യേകിച്ച് വിശ്വാസജീവിതമേഖലയില്‍. അരുണാചല്‍ പ്രദേശില്‍ ക്രൈസ്തവവിശ്വാസം കടന്നുവന്നിട്ട് ഒരുപാട് നാളുകളായിട്ടില്ല. ഈ സഭയെ നയിക്കാനായിട്ടുള്ള അങ്ങയുടെ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കാമോ?

ഉ: നാനാത്വത്തിൽ ഏകത്വത്തിന്റെ നാടാണ് ഇന്ത്യ. അതുപോലെ ഏകദേശം നൂറോളം ഗോത്രവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നാടാണ് അരുണാചല്‍ പ്രദേശ്. പല ഭാഷാ, പല സംസ്‌കാരം, പല ചിന്താഗതികള്‍ എല്ലാം നിലനില്‍ക്കുന്ന ഈ നാട്ടില്‍ ക്രിസ്തീയവിശ്വാസം ഉടലെടുത്തിട്ട് അധിക കാലമായില്ലല്ലോ. എല്ലാ നിരോധനങ്ങളെയും പീഡനങ്ങളെയും ചെറുത്ത് തങ്ങളുടെ വിശ്വാസം മുറുകെപിടിക്കുകയും എല്ലാ ഗ്രാമങ്ങളിലും അത് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യകാല കത്തോലിക്കാ നേതാക്കളുടെയും മതബോധനക്കാരുടെയും പ്രതിബദ്ധതയും സ്ഥിരോത്സാഹവുമാണ് അരുണാചല്‍ പ്രദേശിലെ കത്തോലിക്കാ വിശ്വാസം എന്നുപറയുന്നത്.

‘അരുണാചല്‍ പ്രദേശിന്റെ അപ്പോസ്തലന്‍’ എന്നറിയപ്പെടുന്ന ബെനഡിക്‌റ്റൈന്‍ സഹോദരന്‍ ‘പ്രേം ഭായ്’ പോലെയുള്ള മഹത്തായ മിഷനറിമാരുടെ പ്രാർഥനയും തീക്ഷ്ണതയും വിശ്വാസവുമാണ് ഈ നാട്ടില്‍ ക്രിസ്തീയവിശ്വാസം വേരുറയ്ക്കാന്‍ കാരണമായത്. അതുപോലെ തന്നെ എസ്.ഡി.ബി വൈദികരുടെ തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനവും സഭയെ അക്കാലങ്ങളില്‍ നയിച്ചുകൊണ്ടിരുന്ന ബിഷപ്പുമാരുടെ (Lt. Archbishop. John Mittathany, Lt. Bp. Robert Karketta, Archbishop Emiretus Thomas Menamparambil, Bp. Emiretus John kattrukudiyil) പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍, അത്മായസഹോദരരുടെ കഷ്ടപ്പാടിന്റെയും തീക്ഷ്ണതയുടെയും ആകെത്തുകയാണ് അരുണോദയത്തിന്റെ നാട്ടില്‍ ഇന്ന് ശോഭയോടെ ഉദിച്ചുനില്‍ക്കുന്ന ഈ വിശ്വാസവെളിച്ചം. ഇന്ന് രൂപതാവൈദികരുടെയും സന്യസ്തവൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അത്മായസഹോദരരുടെയും എല്ലാം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ് ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രിസ്തുവിശ്വാസം.

എന്നെ സംബന്ധിച്ചിടത്തോളം, എന്റെ തിരഞ്ഞെടുപ്പ് ദൈവഹിതമായി മാത്രമാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടു തന്നെ, ആദ്യമൊക്കെ ഒരല്പം പകച്ചുവെങ്കിലും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലും സഭയുടെ ഉന്നമനത്തിനായിട്ടും ഞാന്‍ തിരഞ്ഞെടുപ്പിനോട് സമ്മതം മൂളുകയായിരുന്നു; പരിശുദ്ധ അമ്മ ദൈവഹിതത്തോട്  ആമ്മേന്‍ പറഞ്ഞതുപോലെ.

ജനങ്ങളെ അറിയുക, അവരുടെ സാഹചര്യങ്ങളെ മനസ്സിലാക്കുക, ആദിമസഭയെപോലെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും കൂട്ടായ്മയിലൂടെയും സഭയെ പടുത്തുയര്‍ത്തുക, വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കാൻ പരിശ്രമിക്കുക, വിശ്വാസപരിശീലനത്തിലൂടെ സഭയോടു ചേര്‍ന്നുജീവിക്കാന്‍ അവരെ ബോധവാന്മാരാക്കുക എന്നതിലൊക്കെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സഭയെ മുന്നോട്ടുനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഭ എന്നും തുറവിയുള്ള മനസ്സോടെയാണ് വിശ്വാസികളെ പരിഗണിക്കുക. ആദിമസഭാ കാലഘട്ടം മുതലേ എല്ലാവരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കാനും ക്രിസ്തുവിശ്വാസത്തില്‍ നിലനിര്‍ത്താനുമായിട്ടുള്ള ഒരു പരിശ്രമം സഭയില്‍ ഇന്നുമുണ്ട്. ക്രിസ്തുവിശ്വാസം കൂടിതല്‍ ശാക്തീകരിക്കാനായുളള എന്റെ നിതാന്തപരിശ്രമം തീര്‍ച്ചയായും ഉണ്ടാവും.

7. കോഹിമ രൂപതയിലെ യുവജന സംഘടനകളുടെയെല്ലാം കോര്‍ഡിനേറ്ററായും ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്ന പിതാവ് യുവജനങ്ങളോട് ഒരു പ്രത്യേക സ്‌നേഹം എന്നും കാത്തുസൂക്ഷിക്കാറുണ്ട്. പിതാവിനെ യുവജനങ്ങളോട് എന്താണ് പൊതുവായി പറയാനുള്ളത് ?

ഉ: പ്രധാനമായിട്ടും യുവജനങ്ങളോട് മൂന്നു കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്; 1. അന്വേഷിക്കുക, 2. വിശ്വസിക്കുക, 3. ക്രിസ്തുശിഷ്യനാകുക.

യുവജനങ്ങള്‍ എന്നരീതിയില്‍ അവര്‍ എന്നും ക്രിസ്തുവിനെ, സത്യത്തെ അന്വേഷിക്കുന്നവരാകണം. പരിശുദ്ധ പിതാവ് ബെനഡിക്ട് പാപ്പ യൂകാറ്റിന്റെ ആമുഖത്തില്‍ യുവജനങ്ങളോട് പറഞ്ഞുവയ്ക്കുന്നതുപോലെ, “നിങ്ങള്‍ വിശ്വസിക്കുന്നത് എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം; വിവരസാങ്കേതിക വിദ്യയിലെ ഒരു സ്‌പെഷ്യലിസ്റ്റിന് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനസംവിധാനം അറിയാവുന്ന അതേ കൃത്യതയോടെ നിങ്ങളുടെ വിശ്വാസവും നിങ്ങള്‍ അറിഞ്ഞിരിക്കണം; ഒരു സംഗീതജ്ഞന്‍ തന്റെ ഭാഗം വ്യക്തമായി അറിയുന്നതുപോലെ നിങ്ങള്‍ അത് അറിഞ്ഞിരിക്കണം. അതെ, ഈ കാലത്തെ വെല്ലുവിളികളെയും പ്രലോഭനങ്ങളെയും ശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ചെറുക്കാന്‍ കഴിയുന്നതിന് നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയുടെ വിശ്വാസത്തില്‍ നിങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നിയിരിക്കണം.”

പ്രിയ യുവജനങ്ങളെ, നിങ്ങളാണ് നാളത്തെ സഭ. അനുദിനം നമ്മുടെ സമൂഹത്തിന്റെ ചിന്താഗതികളും മൂല്യവും വിശ്വാസവുമെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. നമ്മുടെ മുന്‍പില്‍ വിശ്വാസം പകര്‍ന്നുവയ്ക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളും നമ്മള്‍ പാഴാക്കരുത്. അത് ഉപയോഗിക്കുക, നിങ്ങളുടെ പരമാവധി ഉപയോഗിക്കുക.

8. പിതാവ് തിരഞ്ഞെടുത്തിരിക്കുന്ന പ്രമാണവാക്യം എന്താണ്? അതിനെക്കുറിച്ച് വിശദീകരിക്കാമോ?

ഉ: ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രമാണവാക്യം “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പി 4:13) എന്നതാണ്. ഞാന്‍ ഈ ഉദ്ധരണി തിരഞ്ഞെടുക്കുന്നത് ഈ ജീവിതം ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നതിനാലാണ്. ഒരു ഇടയനാകാനുള്ള തിരഞ്ഞെടുപ്പ് പ്രത്യേക ചുമതലകളോടെയുള്ള ഒരു പദവിയാണ്. ഈ പ്രത്യേക കൃപ മനുഷ്യവഴികളിലൂടെ കാണിക്കപ്പെട്ട ദൈവത്തില്‍ നിന്നാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ദിവസേനയുള്ള അവബോധത്തിലും പ്രതികരണങ്ങളിലും ആഴത്തില്‍ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ അറിവില്‍ ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രത്യേക തിരഞ്ഞെടുപ്പിലൂടെ അവന്റെ ദൗത്യം വളരെ ഉത്തരവാദിത്വത്തോടെയും ഉത്സാഹത്തോടെയും നിറവേറ്റുന്നതിന് ദൈവത്തില്‍ ആശ്രയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഇന്ന് വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കൊപ്പം എന്നെക്കുറിച്ചുള്ള പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും തീര്‍ച്ചയായും വളരെ ഉയര്‍ന്നതാണ്. എന്നാല്‍, ഇറ്റാനഗർ രൂപതയിലെ വിശ്വാസികളുടെ ഇടയനായിരിക്കാന്‍, അവരുടെ ഇഷ്ടം അറിയാനും പ്രവര്‍ത്തിക്കാനും എന്റെ കടമകളോട് കൂടുതല്‍ വിശ്വസ്തനായിരിക്കാന്‍ ഞാന്‍ ദൈവത്തില്‍ സദാ ആശ്രയിക്കുന്നു.

ഫാ. ചാക്കോച്ചന്‍ വടക്കേത്തലയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.