പങ്കാളി പകുത്ത് നൽകിയ പ്രാണൻ: ഭാര്യ ഭർത്താവിന് കിഡ്‌നി നൽകിയ അപൂർവ്വ കഥ

സി. സൗമ്യ DSHJ

“ഏതൊരാളും കിഡ്‌നി കൊടുക്കുമ്പോൾ വേദന സഹിക്കണം. എന്റെ ഭർത്താവിനു വേണ്ടി മറ്റൊരാൾ വേദനിക്കുന്നതിനേക്കാൾ നല്ലത് ഞാൻ തന്നെയാണെന്നു വിചാരിച്ചു.” ഭാര്യ ഭർത്താവിന് കിഡ്‌നി നൽകിയ അപൂർവ്വ കഥ. തുടര്‍ന്നു വായിക്കുക.

“ദൈവമേ, ഭാര്യയുടെ കിഡ്‌നി എന്റേതുമായി ചേരാതെ പോകണമേ” ഒരു കിഡ്നി ലഭിക്കാതെ, തുടര്‍ന്നു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലും സജി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ഭാര്യയുടെ കിഡ്‌നി തനിക്ക് സ്വീകരിക്കാൻ കഴിയുമോ എന്നറിയാന്‍ ടെസ്റ്റിന് കൊടുത്തിട്ട് തിരിച്ചു വീട്ടിൽ വന്ന ആ രാത്രിയിൽ സജിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. മകന് ഏഴു വയസു പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പ്രാർത്ഥന ഫലിച്ചു. റിസൾട്ട് വന്നപ്പോൾ സജിക്ക് ഭാര്യയുടെ കിഡ്‌നി സ്വീകരിക്കാൻ പറ്റില്ല; കാരണം അത് ചേരുന്നില്ല! എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു.

പള്ളിക്കത്തോട് അറയ്ക്കൽ സജിയും ഭാര്യ ബിനിലയും ഐ.ടി. ഫീൽഡിലാണ് ജോലി ചെയ്തിരുന്നത്. ഇവർ കോട്ടയത്ത് സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ‘ഇൻഫോ വ്യൂവേഴ്സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനം നടത്തുകയാണ്. അവിചാരിതമായുണ്ടായ രോഗം അവരുടെ ജീവിതത്തെ തകർത്തു കളഞ്ഞില്ല. പകരം സ്വന്തം ജീവൻ തന്നെ പകുത്തു നൽകാൻ ബിനില തയ്യാറായി. മുൻപ് കോട്ടയം സോണിലെ ജീസസ് യൂത്ത് അംഗങ്ങളായിരുന്ന ഇവര്‍ക്ക് ദൈവം കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസം കൂടുതല്‍ ബലം പകര്‍ന്നു. സജി – ബിനില ദമ്പതികള്‍ ലൈഫ്ഡേയുമായി രോഗാവസ്ഥയിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

പെട്ടെന്നുണ്ടായ രോഗം

ജോലിസംബന്ധമായി ഒരുപാട് യാത്രകൾ നടത്തേണ്ടി വന്ന വ്യക്തിയാണ് സജി. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി ക്ലയന്റിസ് ഉണ്ട്. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ഷിംല, ആസാം എന്നിവിടങ്ങളിലൊക്കെ ജോലിസംബന്ധമായ നിരവധി യാത്രകൾ. കേരളത്തിലും കോളേജ്, യൂണിവേഴ്‌സിറ്റികൾ എന്നിവ കേന്ദ്രീകരിച്ച് നിരവധി യാത്രകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇത്തരം യാത്രകളിലൊന്നും സജി പുറത്തു നിന്നും അധികം വെള്ളം കുടിക്കാറില്ലായിരുന്നു. ഭക്ഷണക്രമവും വേറെയായി.

ഇതൊക്കെ പതിയെപ്പതിയെ സജിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതിന്റെ അനന്തരഫലമായി യൂറിനറി ഇൻഫെക്ഷൻ ഉണ്ടാവുകയും യൂറിൻ പോകുന്നതിനോടൊപ്പം രക്തം വരികയും ചെയ്തു. അങ്ങനെയായിരുന്നു രോഗത്തിന്റെ തുടക്കം. എന്നാല്‍, ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. പോളിസ്റ്റിക് കിഡ്‌നി ഡിസീസ് ആണെന്നും ഇതൊരു ജനിതകരോഗമാണെന്നും തിരിച്ചറിഞ്ഞു. ഈ രോഗം 45 വയസിനു ശേഷമാണെങ്കിലോ, സ്ത്രീകൾക്കാണെങ്കിലോ കുഴപ്പമില്ല. സജിയുടെ അമ്മയ്ക്കും ഇതേ രോഗം ഉണ്ടായിരുന്നു. അമ്മയുടെ ഈ രോഗം തിരിച്ചറിഞ്ഞിട്ട് 37 വർഷത്തോളമായി. ഇപ്പോഴും കുഴപ്പമൊന്നുമില്ല; കിഡ്നിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നു.

എന്നാൽ, സജിക്ക് ഈ രോഗം തിരിച്ചറിഞ്ഞു പെട്ടെന്ന് തന്നെ കിഡ്‌നിക്ക് ഇൻഫെക്ഷൻ ബാധിച്ചു. അണുബാധയെ തുടര്‍ന്ന് കിഡ്നിയുടെ വലിപ്പം വര്‍ദ്ധിക്കാന്‍ തുടങ്ങി. കോവിഡ് ആരംഭിച്ച ഘട്ടത്തില്‍ വീട്ടിൽ ആയിരുന്ന സമയത്താണ് ശാരീരികമായ ക്ഷീണം അനുഭവപ്പെടുന്നത്. അപ്പോൾ പെട്ടെന്നു തന്നെ പള്ളിക്കത്തോടുള്ള ആശുപത്രിയിൽ പരിശോധന നടത്തി. ക്രിയാറ്റിന്റെ അളവ് ഭയങ്കരമായി കൂടിയതായി കണ്ടെത്തുകയും വിദഗ്ധചികിത്സക്കായി ചേർപ്പുങ്കല്‍ മെഡിസിറ്റിയിലെ സ്പെഷ്യലിസ്റ്റ് ഡോ. മഞ്ജുളയെ ചെന്നു കാണുകയും ചെയ്തു. ക്രിയാറ്റിൻ കുറയാനുള്ള മരുന്നുകളൊക്കെ ഡോക്ടർ തന്നു. അതിനു ശേഷം യോഗയും നാച്ചുറോപ്പതിയും ചെയ്തു. മരുന്നുകളൊക്കെ കഴിച്ച് അഞ്ചാറു മാസം അങ്ങനെ വലിയ കുഴപ്പമില്ലാതെ മുൻപോട്ട് പോയി. ക്രിയാറ്റിന്റെ അളവിൽ കാര്യമായ കുറവുമുണ്ടായി.

കുറഞ്ഞ രോഗം പെട്ടെന്ന് വീണ്ടും വഷളായി

ചികിത്സയുടെ ഫലമായി കുറഞ്ഞുവന്ന രോഗം പെട്ടെന്ന് വീണ്ടും വഷളായി. മരുന്നുകളൊക്കെ കഴിച്ചിട്ടും ക്രിയാറ്റിൻ കുറയുന്നില്ല. അഞ്ചാറു മാസം കൊണ്ട് ക്രിയാറ്റിന്റെ അളവ് പന്ത്രണ്ടോളം എത്തി. അപ്പോൾ മെഡിസിറ്റിയിലെ ഡോക്ടർ, ഡയാലിസിസ് ചെയ്യാതെ വേറെ പോംവഴിയൊന്നും ഇല്ലായെന്ന് അറിയിച്ചു.

അങ്ങനെ 2021 ജനുവരിയിൽ ഡയാലിസിസ് തുടങ്ങി. ക്രിയാറ്റിൻ പത്തിനു മുകളിലായാല്‍  ഡയാലിസിസ് ചെയ്യണമെന്നാണ്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഡയാലിസിസിന് നിർദ്ദേശിച്ചിരുന്നത്. സജിയുടെ കിഡ്‌നി, സാധാരണ കിഡ്‌നിയേക്കാൾ മൂന്നിരട്ടി വലിപ്പം വയ്ക്കാൻ തുടങ്ങി. ക്രിയാറ്റിൻ കൂടുന്നതോടൊപ്പം കിഡ്നിക്ക് ബാധിച്ചിരിക്കുന്ന അണുബാധ, രോഗാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി. കിഡിനി മാറ്റിവയ്ക്കുക മാത്രമാണ് ഒരു പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

‘ദൈവമേ, ബിനിലയുടെ കിഡ്‌നി എന്റേതുമായി ചേരാതെ പോകണമേ’

പല വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശവും സജിയും ബിനിലയും തേടി. അവരുടെ നിര്‍ദ്ദേശവും കിഡ്‌നി മാറ്റിവയ്ക്കൽ തന്നെയായിരുന്നു. അതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പോയി കിഡ്‌നി സ്വീകരിക്കാനായി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. സജിക്ക് ചേരുന്ന വൃക്ക ലഭിക്കാന്‍ ആളെ കണ്ടെത്താനായിട്ടുള്ള അന്വേഷണമായിരുന്നു പിന്നീടങ്ങോട്ട്.  ഇവരുടെ കുടുംബം മുഴുവനും അതിനായുള്ള അന്വേഷണം ആരംഭിച്ചു. പക്ഷേ, പല വഴിക്ക് അന്വേഷിച്ചിട്ടും ഒന്നും ശരിയായില്ല.

ആ സമയത്ത് ഭാര്യ ബിനില തന്റെ കിഡ്‌നി ദാനം ചെയ്യാൻ സമ്മതം അറിയിക്കുകയായിരുന്നു. എന്നാൽ സജി ആ തീരുമാനത്തെ എതിർക്കുകയായിരുന്നു ചെയ്തത്. എന്നാൽ, ഭാര്യയുടെ നിർബന്ധത്തെ തുടർന്ന്, ദൈവനിയോഗം ഇതായിരിക്കുമെന്നു കരുതി രണ്ടു പേരും വീണ്ടും ഡോണർ ആകാനുള്ള ടെസ്റ്റ് (ക്രോസ്സ് മാച്ച് ടെസ്റ്റ്) നടത്തി.

ടെസ്റ്റിന് കൊടുത്തിട്ട് തിരിച്ചു വീട്ടിൽ വന്നു. രാത്രിയിൽ വന്നു കിടന്നിട്ട് സജിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. “എനിക്ക് കിഡ്‌നി തന്നുകഴിയുമ്പോൾ ഓപ്പറേഷന്റെ സമയത്തോ, അതിനു ശേഷമോ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യും. പിന്നെ ഒരാളെ അവശേഷിക്കുകയുള്ളൂ. മകന് അന്ന് ഏഴ് വയസേ ഉണ്ടായിരുന്നുള്ളൂ. ‘എനിക്ക് സ്വീകരിക്കാന്‍ പറ്റുന്ന ഒരു കിഡ്നി ലഭിക്കണമേ’ എന്ന് അന്നു വരെ, പ്രാര്‍ത്ഥിച്ച ഞാന്‍ അന്ന് രാത്രി തിരിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി – ‘ഭാര്യയുടെ കിഡ്‌നി എന്റേതുമായി ചേരാതെ പോകണമേ’ എന്ന്. രാത്രി പന്ത്രണ്ടു മണി ആയപ്പോളൊക്കെ ഞാന്‍ ബെഡിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു” – ഇത് പറയുമ്പോള്‍ സജിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പ്രാർത്ഥന ഫലിച്ചു. റിസൾട്ട് വന്നപ്പോൾ സജിക്ക് ഭാര്യയുടെ കിഡ്‌നി സ്വീകരിക്കാൻ പറ്റില്ല; കാരണം അത് ചേരുന്നില്ല.

പിന്നെ വേറെ വഴിക്ക് കിഡ്‌നി ലഭിക്കുമോ എന്നറിയാന്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. എന്നാൽ, പല സ്ഥലത്തും അന്വേഷിച്ചിട്ടും പലവിധ കാരണങ്ങളാൽ ഒന്നും ലഭിക്കാത്ത അവസ്ഥ. എല്ലാ വഴികളും അടഞ്ഞു. സജിയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. അപ്പോഴും ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു വൃക്ക ദാതാവിനെ ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട അവസ്ഥയിൽ ഈ ദമ്പതികൾ വീണ്ടും മെഡിസിറ്റിയിൽ ചെന്നു.

“ബിനിലയുടെ വൃക്ക എനിക്ക് ചേരുമോ എന്നറിയാൻ ഒരിക്കൽ കൂടി ടെസ്റ്റ് ചെയ്യാമോ” – വിഷമത്തോടെയാങ്കിലും സജി അവസാനം ആവശ്യപ്പെട്ടു. ആ ആവശ്യം ഡോക്ടർമാർ അംഗീകരിച്ചു. അങ്ങനെ വീണ്ടും ടെസ്റ്റ് നടത്തി. ആ ടെസ്റ്റ് മുബൈയ്ക്ക് അയച്ചു. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റിസൾട്ട് വന്നത്, ബിനിലയുടെ വൃക്ക സ്വീകരിക്കാനുള്ള തടസങ്ങൾ എല്ലാം നീങ്ങിക്കൊണ്ടായിരുന്നു. അങ്ങനെ തുടർനടപടികൾക്കായി വീണ്ടും ലിസി ആശുപത്രിയിലേക്ക്. വീണ്ടും ക്രോസ്സ് മാച്ച് ടെസ്റ്റ് നടത്തി. 2021 മാർച്ച് മാസമായപ്പോഴേക്കും ടെസ്റ്റുകൾ ഒക്കെ പൂർത്തിയായി. ഗവൺമെന്റ് തലത്തിലുള്ള എല്ലാ പേപ്പർ വർക്കുകളും ശരിയായി.

കിഡ്നി രണ്ടും എടുത്തു മാറ്റി, കിഡ്നി സ്വീകരിക്കുക – അപൂര്‍വ്വമായ ശസ്ത്രക്രിയ  

കിഡ്‌നി രണ്ടും എടുത്തുമാറ്റേണ്ട അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. കിഡ്‌നി മാറ്റിവയ്ക്കുന്നതിനും മുൻപ് എത്രയും വേഗം  കിഡ്‌നി രണ്ടും എടുത്തുമാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കാരണം, അണുബാധ അത്രയും കൂടുതലായിരുന്നു. ഇൻഫെക്ഷൻ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ആന്റിബയോട്ടിക്കുകളും മരുന്നുകളും കൊണ്ട് ഒരു ഫലവും ഇല്ലാത്ത അവസ്ഥ. അങ്ങനെ 2021 ജൂലായ് 20 -ന് സജിയുടെ കിഡ്‌നി രണ്ടും എടുത്തുമാറ്റാനുള്ള ഓപ്പറേഷൻ തീയതി നിശ്ചയിച്ചു. സജിയുടെ കിഡ്നി ഓപ്പറേഷന്‍ ചെയ്തുമാറ്റുമ്പോള്‍ ഇന്‍ഫെക്ഷന്‍  ബാധിച്ച കിഡ്‌നി രണ്ടും കൂടി ഏകദേശം ഏഴ് കിലോയ്ക്ക് മുകളിൽ തൂക്കമുണ്ടായിരുന്നു.

ഓപ്പറേഷനു ശേഷം ഒരാഴ്ചയോളം വെന്റിലേറ്ററിൽ. കുടുംബക്കാരും പ്രിയപ്പെട്ടവരമെല്ലാം സജിക്കു വേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. കിഡ്‌നി രണ്ടും ഇല്ലാത്തതു കൊണ്ട് വെള്ളം കുടിക്കാൻ സാധിക്കില്ലായിരുന്നു. ആ ദിവസങ്ങളില്‍ എല്ലാ ദിവസവും തന്നെ ഡയാലിസിസ് ഉണ്ടായിരുന്നു. രണ്ട് കിഡ്നിയും എടുത്തുമാറ്റിയ ശേഷം കിഡ്‌നി സ്വീകരിക്കുന്നത് ലിസി ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ കേസാണെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടക്കുന്നതിൽ 90% പേരുടെയും പഴയ കിഡ്‌നി അവിടെത്തന്നെയുണ്ട്. സജിയെ സംബന്ധിച്ച് രണ്ട് കിഡ്‌നിയും എടുത്തുമാറ്റേണ്ടതായി വന്നു. അതുകൊണ്ടു തന്നെ ആ ഓപ്പറേഷന് അത്രയേറെ കരുതലും ശ്രദ്ധയും ആവശ്യമായിരുന്നു. കിഡ്‌നി എടുത്തുമാറ്റിയാൽ തന്നെ ഓരോന്നായിട്ടാണ് ചെയ്യാറുള്ളത്. എന്നാൽ, സജിയുടെ രണ്ട് കിഡ്നിയും ഒരുമിച്ച് എടുത്തുമാറ്റേണ്ടതായി വന്നു.

ദൈവം എല്ലാം നോക്കിക്കോളും എന്ന വിശ്വാസം   

ആഗസ്റ്റ് 16 -നാണ് സജിയുടെയും ബിനിലയുടെയും കിഡ്‌നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടക്കുന്നത്. “എന്റെ കിഡ്‌നി സ്വീകരിക്കാന്‍ സജിച്ചേട്ടന് ആദ്യകാലങ്ങളിൽ അത്ര താത്പര്യമൊന്നും ഇല്ലായിരുന്നു. ഡോക്ടർ തന്നെ ഒരു പ്രാവശ്യം ഞങ്ങളോട് ചോദിക്കുകയുണ്ടായി. ‘നിങ്ങളുടെ മകൻ വളരെ ചെറുതല്ലേ. നിങ്ങൾ കിഡ്‌നി കൊടുക്കാൻ തയ്യാറാണെന്നു പറയുമ്പോൾ എങ്ങനെയാ’ എന്ന്.”

സജിക്ക് കിഡ്നി കൊടുക്കാൻ ബിനില എന്തുകൊണ്ടാണ് തയ്യാറായത് എന്ന ചോദ്യത്തിനുള്ള മറുപടി ഇപ്രകാരമായിരുന്നു. “ഏതൊരാളും കിഡ്‌നി കൊടുക്കുമ്പോൾ വേദന സഹിക്കണം. പണത്തിനു വേണ്ടിയാണെങ്കിലും വേറെ എന്തിനു വേണ്ടിയാണെങ്കിലും വേദനിക്കും. എന്റെ ഭർത്താവിനു വേണ്ടി മറ്റൊരാൾ വേദനിക്കുന്നതിനേക്കാൾ നല്ലത് ഞാൻ തന്നെയാണെന്നു വിചാരിച്ചു. പണം സ്വീകരിച്ച് ഒരാൾ കിഡ്‌നി നൽകിയാലും അവരുടെ ജോലിയെ ഒക്കെ അത് ബാധിക്കും.”

ദൈവം തന്ന മകനാണ് അവനെ ദൈവം തന്നെ നോക്കിക്കൊള്ളും എന്ന ചിന്തയായിരുന്നു ബിനിലക്ക് അപ്പോൾ. ഒരു കിഡ്‌നി എടുക്കുന്നതു കൊണ്ട് യാതൊരു ബുദ്ധിമുട്ടോ, വിഷമമോ ഉണ്ടാകുന്നില്ല. പിന്നെ എന്തിനാണ് നമ്മൾ ഭയക്കേണ്ടത് എന്നാണ് ബിനില ചോദിക്കുന്നത്.

സജിയുടെയും ബിനിലയുടെയും മാതാപിതാക്കളും സജിയുടെ സഹോദരങ്ങളും എല്ലാ കാര്യത്തിലും വലിയ സപ്പോർട്ടോടെ കൂടെ നിന്നു. രണ്ടു പേരും ഓപ്പറേഷൻ ചെയ്തുകിടക്കുമ്പോൾ അവർ വലിയ ബലം നൽകി. ഭക്ഷണം ഉണ്ടാക്കാനും ആശുപത്രിയിൽ കൂടെ നിൽക്കാനുമൊക്കെ ഈ സഹോദരങ്ങൾ ഉണ്ടായിരുന്നു. ആശുപത്രിയുടെ അടുത്തു തന്നെ വീടെടുത്ത് കുറച്ചു നാൾ ഓപ്പറേഷനു ശേഷം കഴിയേണ്ടിവന്നു. അപ്പോൾ ഇവരുടെ കൂടെ മോനും ഉണ്ടായിരുന്നു. ഒക്ടോബർ ഒന്നാം തീയതിയാണ് എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കു വന്നത്.

ഡോക്ടര്‍മാര്‍ പോലും ഭയപ്പെട്ടു, പക്ഷേ…  

സജിയുടെ രോഗാവസ്ഥയിൽ ഡോക്ടര്‍മാർക്കു പോലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അണുബാധ മൂലം ഇത്രയും വലിയ കിഡ്‌നി ആയതുകൊണ്ട് ഡോക്ടർമാർക്കു പോലും, ഓപ്പറേഷൻ ചെയ്താൽ എങ്ങനെ ആകുമെന്ന ചിന്ത ഉണ്ടായിരുന്നു. “ധൈര്യമായിട്ട് ചെയ്തോ എന്ന് ഞങ്ങള്‍ തന്നെയാണ് ഡോക്ടറോട് പറഞ്ഞത്. അങ്ങനെ പറയാനുള്ള ആത്മവിശ്വാസം ഞങ്ങൾക്ക് ലഭിച്ചത് പ്രാർത്ഥനയിലൂടെ മാത്രമാണ്. കാരണം, ഞങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥനയുടെ ഫലമായി മുന്‍പും ദൈവം നിരവധി അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. ആ ആത്മവിശവസം ഞങ്ങള്‍ക്ക് ശക്തി പകർന്നു. വിവാഹം കഴിഞ്ഞു എട്ടു വർഷങ്ങൾക്കു ശേഷമാണ് മകനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചത്. അറിവിലും പരിചയത്തിലുമുള്ള നിരവധി വൈദികര്‍, സമര്‍പ്പിതര്‍ ഒക്കെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു” – ഈ ദമ്പതികള്‍ പറയുന്നു.

ഓപ്പറേഷനു ശേഷവും ചില ശാരീരികപ്രശ്നങ്ങൾ ഉണ്ടായി. അപ്പോഴൊക്കെ പ്രാർത്ഥന മാത്രമാണ് ഇവർക്ക് ബലം പകർന്നത്. ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകാറായി. ഇപ്പോഴും ചികിത്സയും മരുന്നും ഒക്കെയുണ്ട്. ഇപ്പോള്‍, ആഴ്ചയിൽ രണ്ടു ദിവസം കോട്ടയത്തെ ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാഴ്ചയിൽ ഒരിക്കൽ ലിസി ആശുപത്രിയിൽ പരിശോധനകൾക്കായി എത്തണം. മെഡിസിന്റെ ഫലമായി ഇപ്പോൾ സജിക്ക് ഷുഗർ ഉണ്ട്. രാവിലെ ഏഴു മണിക്കും വൈകിട്ട് ഏഴു മണിക്കും കൃത്യമായി മരുന്ന് കഴിക്കണം. ഷുഗറിന്റെ മരുന്ന് ദിവസം മൂന്നു നേരം, ഭക്ഷണത്തിനു ശേഷം വേറെയും മരുന്നുകൾ. നല്ല വ്യായാമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

“ഞങ്ങൾ ഒരിക്കൽപ്പോലും ഭയപ്പെട്ടില്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഞങ്ങൾക്ക് ബലം പകർന്നത്. അതിപ്പോഴും ഞങ്ങൾ തുടരുന്നു” – ഈ ദമ്പതികള്‍ ഉറപ്പിച്ചു പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.