വീൽചെയറിലിരുന്ന് പൗരോഹിത്യം സ്വീകരിച്ച വൈദികൻ

50-ാം വയസ്സിൽ പുരോഹിതനായ സീസർ ഗാലൻ വീൽചെയറിലിരുന്ന് മരണത്തെ അതിജീവിച്ച തന്റെ കഥ പറഞ്ഞുതുടങ്ങി. “ആ മരണമുഖത്ത് ഞാനും എന്റെ  സഹോദരൻ ഹെക്ടറും ഒരുമിച്ചായിരുന്നു. പക്ഷേ, അവൻ എന്നേക്കുമായി വിടപറഞ്ഞു. അവസാന വിനാഴികയിൽ ഞാൻ അവനോട് ആശംസിച്ചത് ഇപ്രകാരമായിരുന്നു: ‘ഒരു ദിവസം ഞാനും എന്റെ കണ്ണുകളടയ്ക്കും. ഞാൻ അവ തുറക്കുമ്പോൾ അവിടെ നീയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ നീയായിരിക്കും എന്നെ അഭിവാദനം ചെയുന്ന ആദ്യവ്യക്തി.”

ജീവിതം ഒറ്റനോട്ടത്തിൽ

കാലിഫോർണിയ ആർട്ടിസിയയിലാണ് സീസർ ഗാലന്റെ ജനനം. എട്ടുമക്കളിൽ ആറാമനായ ഗാലനെയും സഹോദരങ്ങളെയും വിശ്വാസത്തിൽ വളർത്തിയത് അവരുടെ പിതാവായിരുന്നു. ഗാലൻ വളർന്ന ആർട്ടിസിയയിലെ തെരുവുകളിൽ മോശമായ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ലഹരിക്കടിമപ്പെട്ടും ക്രൂരകൃത്യങ്ങൾ ചെയ്തും ധാർമ്മികമായി അധഃപതിച്ച ചുറ്റുപാടുകളിൽ ഒരുപാട് യുവജനങ്ങൾ നശിച്ചിരുന്നു. അതുകൊണ്ടുതന്നെ മക്കൾ വഴിതെറ്റിപോകാതിരിക്കാൻ അവരുടെ പിതാവ് ഗാലനെയും സഹോദരങ്ങളെയും കുർബാനയ്ക്ക് കൊണ്ടുപോകുകയും ജപമാല ചൊല്ലാൻ പഠിപ്പിക്കുകയും ചെയ്തിരുന്നു.

ആർട്ടിസിയയിലെ തെരുവുകളിൽ നിന്ന് അകന്നുനിൽക്കാനുള്ള ആഗ്രഹംകൊണ്ടു തന്നെ ഒരു സുഹൃത്ത് സംഘടിപ്പിച്ചുകൊടുത്ത വെയർഹൗസിലെ ഒരു ജോലിയിൽ അവൻ പ്രവേശിച്ചു. 13-ാം വയസ്സു മുതൽ സ്‌കൂളിൽ നിന്ന് തിരിച്ചുവന്നതിനുശേഷം എല്ലാദിവസവും അവൻ നൈറ്റ് ഷിഫ്റ്റായി ജോലിചെയ്തുവന്നു. അങ്ങനെ 15 വയസ്സായപ്പോഴേക്കും അത്യാവശ്യം പണം സമ്പാദിക്കാൻ ഗാലനു കഴിഞ്ഞു.

അപ്രതീക്ഷിത അനുഭവങ്ങളിലൂടെ

അങ്ങനെയിരിക്കെ ഒരു ദിവസം സഹോദരൻ അയല്പക്കത്തെ കുറെ കൂട്ടുകാരുമായി ഒന്നിച്ചിരുന്നു സംസാരിക്കുകയായിരുന്നു. ആയിടെ ജയിൽമോചിതനായ ഒരു യുവാവും അക്കൂട്ടത്തിലുണ്ടായിരുന്നു. പെട്ടെന്ന് വെടിയൊച്ചകൾ കേട്ട് ഗാലൻ ഓടിച്ചെല്ലുമ്പോൾ സഹോദരനുമായുണ്ടായ വാക്കുതർക്കത്തിൽ ആ യുവാവ് സഹോദരനുനേരെ വെടിയുതിർക്കുകയായിരുന്നു. തോക്ക് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഗാലന്റെ തോളിനും നട്ടെല്ലിനും വെടിയേറ്റു. ആ നിമിഷം തന്നെ ബോധരഹിതനായി ഗാലൻ നിലംപതിച്ചു. ആ നിമിഷങ്ങളെക്കുറിച്ച് ഗാലൻ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “ഭയപ്പെടേണ്ട, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും എന്നുപറയുന്ന ഒരു ശബ്ദം എന്റെ ഉള്ളിൽ നിന്നു ഞാൻ കേട്ടു. എന്റെ മനസ്സിൽ വലിയൊരു സമാധാനം അനുഭവിക്കാൻ എനിക്കു കഴിഞ്ഞു. ബോധം പൂർണ്ണമായും നഷ്ടമാകുന്നതുവരെയും ഞാൻ അത് ആസ്വദിച്ചിരുന്നു.”

“കണ്ണുതുറക്കുമ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു. ഞാൻ അമ്മയോട് ആദ്യം തന്നെ ചോദിച്ചത് ‘എന്റെ സഹോദരൻ എവിടെ’ എന്നായിരുന്നു.” ഈ ലോകത്തിൽ അവൻ ഇനി ഉണരില്ലെന്നും ഗാലന് ഒരിക്കലും എണീറ്റുനടക്കാനാകില്ലെന്നും മനസ്സിലാക്കിയ നിമിഷം അവസാനമായി കിടക്കയിൽ കിടന്നുകൊണ്ട് ഗാലൻ ആത്മാവിൽ സഹോദരനോടു പറഞ്ഞു: ‘ഒരു ദിവസം ഞാനും എന്റെ കണ്ണുകളടയ്ക്കും. ഞാൻ അവ തുറക്കുമ്പോൾ അവിടെ നീയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ നീയായിരിക്കും എന്നെ അഭിവാദനം ചെയുന്ന ആദ്യ വ്യക്തി.”

ഇരുളിന്റെ ഇടനാഴികളിലൂടെ

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ദിനങ്ങളിലെ ഏകാന്തതയെയും സഹോദരന്റെ ഘാതകനോടുള്ള വെറുപ്പിനെയും ജീവിതത്തിൽ ഇനി എണീറ്റുനിൽക്കാൻ കഴിയില്ല എന്ന യാഥാർഥ്യത്തെയും അഭിമുഖീകരിക്കാൻ അവിടുത്തെ ചാപ്ലൈനായിരുന്ന വൈദികനായിരുന്നു അദ്ദേഹത്തെ സഹായിച്ചതെന്ന് ഗാലൻ പങ്കുവച്ചു. പിന്നീട് അദ്ദേഹം എന്റെ സുഹൃത്തായി. “എനിക്ക് ആ സമയത്ത് അദ്ദേഹം ഒരു ക്രിസ്തുവായിരുന്നു” എന്നാണ് ഗാലൻ പങ്കുവയ്ക്കുന്നത്.

“അരയ്ക്കു കീഴ്‌പ്പോട്ട് തളർന്നുപോയ ആദ്യ നാലഞ്ചുമാസങ്ങളിൽ എണീറ്റുനടക്കാനുള്ള കൃപയ്ക്കായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. പക്ഷേ, ദൈവം എനിക്ക് ക്ഷമിക്കാനുള്ള കൃപയും ആത്മാവിൽ സമാധാനവും നിറച്ചുനൽകി.” ജീവിതകാലം മുഴുവൻ ആ നിത്യസ്നേഹത്തിന് ജീവിതം സമർപ്പിക്കാനാഗ്രഹിച്ച ഗാലൻ, വൈദികനാകാൻ ആഗ്രഹിച്ചു. രോഗികളായ പാവങ്ങളുടെ സന്യാസി എഫ്.എസ്.പി എന്ന സന്യാസ സഭയിൽ പ്രവേശിച്ച് 2015 ഡിസംബർ 11-ന് നിത്യവ്രതവാഗ്ദാനം ചെയ്തു. 2023-ലെ തിരുഹൃദയ മാസമായ ജൂൺ മൂന്നാം തീയതി ഗാലൻ പുരോഹിതനായി അഭിഷിക്തനായി.

“എന്റെ പ്രതീക്ഷകൾക്കപ്പുറം എന്നെ സ്നേഹിക്കുന്ന എന്നെ സൃഷ്ടിച്ച ഒരാളുണ്ട്. അതാണെന്റെ ദൈവം.” പരിമിതികളുടെ നടുവിൽ തന്നെ സ്വീകരിച്ച സഭയോടും എല്ലാറ്റിനുമുപരി തന്നെ പൗരോഹിത്യത്തിലേക്കുയർത്തിയ ദൈവത്തോടും ഫാ. ഗാലന് നന്ദി മാത്രമാണ് പറയാനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.