നിറങ്ങളെ വായിക്കുന്ന പുരോഹിതൻ

സി. നിമിഷ റോസ് CSN

ലോകശ്രദ്ധ നേടിയിട്ടുള്ള വിശ്വോത്തര ചിത്രകലകളെ ക്രിസ്തീയകാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്ന ഒരു അപൂർവകൃതി മലയാളത്തിലുണ്ട്. ‘വിശുദ്ധ വർണ്ണങ്ങൾ’ എന്നപേരിൽ രൂപപ്പെടുത്തിയിട്ടുള്ള ആ കൃതിയിലൂടെ കടന്നുപോകുമ്പോൾ നിറക്കൂട്ടുകളെ ആത്മീയവീക്ഷണത്തോടെ വായിച്ചെടുക്കുന്ന ഒരു പുരോഹിതനെ കണ്ടുമുട്ടാനാകും – ‘മസത്തോ’ എന്നറിയപ്പെടുന്ന ഫാ. സാബു മണ്ണട. ഈ ചിത്രകാരന്റെ വിരൽത്തുമ്പിലും ജനശ്രദ്ധ നേടിയ ഒരുപാട് ചിത്രങ്ങൾ വിരിഞ്ഞിട്ടുണ്ട്. “പെയിന്റിംഗ് എന്നത് ഒരു ധ്യാനംതന്നെയാണ്. മറ്റു ചിന്തകളൊന്നുമില്ലാതെ വർണ്ണവിസ്മയങ്ങളുടെ ലോകത്ത് നിറങ്ങളുമായി സംവദിക്കുമ്പോൾ ആഴപ്പെട്ട ഒരു ശാന്തതയും സംതൃപ്തിയും സന്തോഷവും ഞാൻ അനുഭവിക്കാറുണ്ട്” എന്നാണ്, വിരൽത്തുമ്പിൽ വർണ്ണവിസ്മയങ്ങൾ തീർക്കുന്ന സാബു മണ്ണട എന്ന എം.സി.ബി.എസ്. വൈദികൻ പറയുന്നത്.

തുടക്കം  സെമിനാരി പഠനകാലയളവില്‍ 

ചെറുപ്പം മുതലേ ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്നെങ്കിലും സെമിനാരി പഠനകാലയളവിലാണ് ചിത്രകലാരംഗത്തേക്ക് ചുവടുവയ്ക്കാനുള്ള സാധ്യതകളും തന്നിലെ കഴിവുകളും അദ്ദേഹം കൂടുതലായി മനസ്സിലാക്കുന്നത്; ഒപ്പം സെമിനാരിയിലെ പരിശീലനകാലം അതിനുള്ള ഒരുപാട് അവസരങ്ങളും അദ്ദേഹത്തിനു നൽകിയിരുന്നു. സഭാസമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനങ്ങളും പിന്തുണയും ചിത്രകലയുടെ ലോകത്ത് ചുവടുറപ്പിക്കാനും തന്നിലെ സാധ്യതകളെ ഉപയോഗപ്പെടുത്താനും സാബുവച്ചന് പ്രചോദനമായി.

നിറഭേദങ്ങളുടെ പഠനകാലം 

പൗരോഹിത്യം സ്വീകരിച്ച സാബുവച്ചൻ അധികം വൈകാതെതന്നെ തൃപ്പൂണിത്തുറയിലെ ആർ.എൽ.വി. കോളേജിൽ ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കാൻ ആരംഭിച്ചു. അവിടുത്തെ പഠനത്തിനുശേഷം യൂറോപ്യൻ സംസ്കാരങ്ങളിലുള്ള കലകളെക്കൂടി പരിചയപ്പെടാൻ അദ്ദേഹം ഇറ്റലിയിലെ ലാക്വിലയിലെ സെക്കുലർ യൂണിവേഴ്സിറ്റിയിലും തുടർന്ന് റോമിലെ സെന്റ് ആൻസ് യൂണിവേഴ്സിറ്റിയിലും ചിത്രകലാപഠനം നടത്തി. അവിടെവച്ചായിരുന്നു ആർട്ട് ആൻഡ് ആർക്കിടെക്ചർ ഫോർ ലിറ്റർജിയിൽ ബിരുദം നേടുന്നത്.

ചൈന, റഷ്യ തുടങ്ങി മറ്റു പല രാജ്യങ്ങളിൽനിന്നുള്ളവരും അവിടെ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. “യൂറോപ്യൻകലകളിൽ കുറേക്കൂടെ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്” എന്നാണ് യൂറോപ്യൻകലകളെക്കുറിച്ചുള്ള സാബുവച്ചന്റെ വാക്കുകൾ.

സംസ്കാരങ്ങളുടെ സമന്വയം 

ചിരിയും കരച്ചിലും മരണവും ജീവനും ദൈവവും മനുഷ്യനുമെല്ലാം നിറക്കൂട്ടുകളിലൂടെ ആവിഷ്കരിക്കുന്ന ഈ പുരോഹിതന്റെ ചിത്രകലകളുടെ സവിശേഷത, ഇന്ത്യൻസംസ്കാരത്തെയും യൂറോപ്യൻസംസ്കാരത്തെയും അതിന്റെ തനിമയിൽ സമന്വയിപ്പിക്കാൻ കഴിയുന്നു എന്നതുതന്നെയാണ്. ഇന്ത്യൻസംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇറ്റലിയിലെ ഫ്രഞ്ചിയോസ്കൊ ക്ലമെന്തെ, വിയന്നയിലെ ഗുസ്താവ് ക്ലിഗ്ത് എന്നിവരാണ് തന്നെ സ്വാധീനിച്ചിട്ടുള്ള ചിത്രകാരന്മാർ എന്ന് ഫാ. സാബു പങ്കുവയ്ക്കുന്നു.

ഐക്കൺ ചിത്രങ്ങളുടെ കലാകാരൻ 

“റോമിലെ സെന്റ് ആൻസ് യൂണിവേഴ്സിറ്റിയിലെ പഠനമാണ് ഐക്കൺ ചിത്രങ്ങളുടെ ലോകത്തേക്ക് എന്നെ നയിച്ചത്. മറ്റു ചിത്രങ്ങളേക്കാൾ ഐക്കൺ ചിത്രങ്ങളിൽ സ്വാതന്ത്ര്യം പരിമിതമാണെങ്കിലും ഐക്കൺ ചിത്രങ്ങളുടെ രചന രസകരമാണ്” – സാബുവച്ചൻ പറയുന്നു.

മറ്റു ചിത്രകലകളെപ്പോലെതന്നെ ഐക്കൺ ചിത്രകലയും സ്വായത്തമാക്കിയ ഫാ. സാബു ഇതിനോടകം അനേകം ഐക്കൺ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ മാന്നില ദൈവാലയത്തിലെ എല്ലാ ഐക്കൺ ചിത്രങ്ങളും, പാലായിലെ പാളയം ദൈവാലയത്തിലെ ഏതാനും ഐക്കൺ ചിത്രങ്ങളും സാബുവച്ചന്റെ വിരലുകൾ തീർത്ത വിസ്മയങ്ങളാണ്. കൂടാതെ, വിവിധ സന്യാസഭവനങ്ങളിലേക്കും അദ്ദേഹം ഐക്കൺ ചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്.

ഇറ്റാലിയൻ പത്രങ്ങളിൽ ഇടംനേടിയ ‘മസാത്തോ’

വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘മസാത്തോ’ എന്ന ഇന്ത്യൻ ചിത്രകാരന്റെ ചിത്രപ്രദർശനത്തെക്കുറിച്ച് ഇറ്റാലിയൻ പത്രങ്ങളിൽ വാർത്തകൾ നിറഞ്ഞിരുന്നു. മലയാളി വൈദികനും കുട്ടനാട്ടുകാരനുമായ ഫാ. സാബു മണ്ണടയായിരുന്നു ‘മസാത്തോ’ എന്ന അപരനാമത്തിൽ ഇറ്റാലിയൻ പത്രങ്ങളിൽ നിറഞ്ഞുനിന്നത്. മിലാനിലെ ചിത്രപ്രദർശനത്തിനുമുൻപ് ഇറ്റലിയിലെ കലാനഗരം എന്നറിയപ്പെടുന്ന ലാക്വിലയിലും റോമിനടുത്തുള്ള പെസ്ക്കാരാ നഗരത്തിലും ‘മസാത്തോ’ എന്ന ഈ മലയാളിവൈദികൻ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ (le ali della liberta), ദൈവികസ്പർശനം (Toco Divino), ആറാം ഇന്ദ്രിയം (il senso sei) എന്നിവ  മിലാനിലെ ചിത്രപ്രദർശനവേളയിൽ, ജനശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ കലാസൃഷ്ടികളായിരുന്നു.

ആത്മധ്യാനത്തിന്റെ അകക്കാഴ്ചയുള്ള പുരോഹിതൻ

പ്രകൃതിയും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്കാരങ്ങളാണ് പലപ്പോഴും തന്റെ ചിത്രങ്ങളിലെ മുഖ്യപ്രമേയമായി തിരഞ്ഞെടുക്കാറുള്ളതെന്ന് ഫാ. സാബു പങ്കുവയ്ക്കുന്നു. “പ്രകൃതി എപ്പോഴും നമുക്കുനൽകുന്ന വലിയൊരു പാഠം, ‘മനുഷ്യൻ എപ്പോഴും ആത്മീയതയിലേക്കുള്ള പ്രയാണത്തിലാണ്’ എന്നതാണ്.

“പ്രകൃതിയിൽ എപ്പോഴും ജീവന്റെ ഒരു മുകുളം ഒളിഞ്ഞുകിടപ്പുണ്ട്” എന്ന ഈ പുരോഹിതന്റെ വാക്കുകളിൽതന്നെ അദ്ദേഹത്തിന്റെ അകക്കാഴ്ചകൾ അനാവൃതമാകുന്നുണ്ട്. ജനശ്രദ്ധ നേടിയ ദൈവികസ്പർശനം (Toco Divino) എന്ന ചിത്രത്തിൽ, പരസ്പരം തൊടാനായുന്ന ആകാശത്തെയും ഭൂമിയെയും ചിത്രീകരിച്ചതിലൂടെ ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ മൂകമായ ആവിഷ്കാരമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് ഈ ചിത്രത്തിന്റെ അർഥത്തെക്കുറിച്ച് ഫാ. സാബു പങ്കുവയ്ക്കുന്നത്.

കലയുടെ വ്യത്യസ്തവഴികളിലൂടെ

സംഗീതോപകരണങ്ങളും നൃത്തവും സംഗീതവുമെല്ലാം പഠിപ്പിക്കുന്ന, കോട്ടയം ജില്ലയിലെ പ്രധാനകേന്ദ്രമായ ‘ക്രിസ്റ്റോൺ മീഡിയ’, എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ഫാ. സാബു മണ്ണട, അവിടുത്തെ കലാപരമായ പ്രവർത്തനങ്ങൾക്കൊപ്പം CARP (കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ്) എന്ന മുന്നേറ്റത്തിലും സജീവ അംഗമാണ്. CARP -ന്റെ ഭാഗമായി പല ചിത്രപ്രദർശനങ്ങളും ആർട്ട് ക്യാമ്പുകളും കലാധ്യാനങ്ങളും എക്സിബിഷനുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

ഇപ്പോള്‍, ഹൈറേഞ്ചില്‍ ആരംഭിക്കുന്ന ആർട്ട് സെന്ററിന്റെ ഡയറക്ടർസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഫാ. സാബു, പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്ക്കാരത്തിനുള്ള ഒരുക്കത്തിലാണ്. കലാകാരൻമാർക്ക് ഏതാനും ദിവസങ്ങൾ സ്വസ്ഥമായി താമസിക്കാനും ചിത്രങ്ങൾ വരയ്ക്കാനും ധ്യാനിക്കാനും അവസരമൊരുക്കുക, ചിത്രകലയുമായി ബന്ധപ്പെട്ട ആർട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക, ആത്മീയമായി ചിത്രകലയെ സമീപിക്കുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുക തുടങ്ങിയ കാലോചിതമായ ഒരുപാട് സ്വപ്നങ്ങളോടെയാണ് ഫാ. സാബു പുതിയ ദൗത്യവുമായി മുന്നേറുന്നത്.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.