“പുഴുവരിച്ച മനുഷ്യനിൽ ഞാൻ കണ്ടത് ക്രിസ്തുവിനെ” – ഹൃദയസ്പർശിയായ അനുഭവങ്ങളുമായി ഒരു മിഷനറി

ഒരു രോഗി ഞങ്ങളുടെ ഹോമിൽ വന്നപ്പോൾ അയാളുടെ മുറിവുകളിൽ നിറയെ പുഴുക്കൾ ബാധിച്ചിരുന്നു. ആ മുറിവുകളിൽ നിന്നും പുഴുക്കൾ അയാളുടെ തല വരെ കയറിയിരുന്നു. ഞാൻ, മുറിവുകളിൽ നിന്നും ആ പുഴുക്കളെ എടുത്തുമാറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എന്നെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു. ഞാൻ മനസിലാക്കി – അത് ക്രിസ്തുവായിരുന്നു! മദർ തെരേസാ ബ്രദേഴ്സിലെ ബ്രദർ ബിനു അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

സി. സൗമ്യ DSHJ

കംബോഡിയ, ഫിലിപ്പീൻസ്, ജപ്പാൻ, കൊറിയ, ഈസ്റ്റ് തിമോർ (ന്യൂ കമ്മ്യൂണിറ്റി) എന്നിവിടങ്ങളിലുള്ള ഏഴ് സമൂഹങ്ങൾ ഉൾപ്പെടുന്ന റീജണിന്റെ സുപ്പീരിയറാണ് ബ്രദർ ബിനു തോണാട്ട്. ‘മിഷനറീസ് ഓഫ് ചാരിറ്റി ആക്റ്റീവ് ബ്രദേഴ്‌സ്’ എന്ന സന്യാസ സമൂഹത്തിലെ അംഗമായ ബ്രദർ ബിനു ഈ റീജണില്‍ എത്തിയിട്ട് 21 വർഷങ്ങളായി. പലതരത്തിലുള്ള പ്രതിസന്ധികളും പ്രശ്‍നങ്ങളും നിറഞ്ഞ മിഷൻ ജീവിതത്തെയും ദൈവവിളി അനുഭവങ്ങളെയും ലൈഫ് ഡേയ്ക്കായി പങ്കുവയ്ക്കുകയാണ് ബ്രദർ ബിനു.

38 ബ്രദേഴ്‌സ് ആണ് ഈ റീജണിൽ ഉള്ളത്. മാനസികവൈകല്യവും അംഗവൈകല്യവുമൊക്കെ ഉള്ളവരായ ആളുകൾക്കും ആരോരും നോക്കാനില്ലാത്തവർക്കും സംരക്ഷണമൊരുക്കുകയാണ് ഈ മിഷനറിമാർ. കൂടാതെ, എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിക്കുകയും അവർക്ക് പഠനത്തിനും ജോലിക്കും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നു. എയ്ഡ്‌സ് രോഗം ബാധിച്ച് കിടപ്പുരോഗികളായി ആശുപത്രികളിൽ നിന്നും ഉപേക്ഷിച്ച പലരെയും ഈ മിഷനറിമാരുടെ പക്കൽ എത്തിക്കാറുണ്ട്. മരണത്തോടടുത്ത അവർക്ക് നല്ല ശുശ്രൂഷകളും ഭക്ഷണവും ഇവർ കൊടുക്കുന്നു. ചിലർ ആരോഗ്യമുള്ളവരായി മാറും; എന്നാൽ, മറ്റു ചിലർ മരണപ്പെടാറുമുണ്ട്.

ദക്ഷിണ കൊറിയയിലെ മിഷൻ പ്രവർത്തനങ്ങൾ

20 വർഷങ്ങൾക്കു മുൻപ് ബ്രദർ ഇവിടെ എത്തുമ്പോൾ, സൗത്ത് കൊറിയ കേന്ദ്രീകൃതമായി ഒരു റീജൺ തന്നെ ഉണ്ടായിരുന്നു. അഞ്ചോ, ആറോ സമൂഹങ്ങളിലായി നിരവധി ബ്രദേഴ്‌സ് അവിടെ തങ്ങളുടെ ശുശ്രൂഷകൾ നിർവ്വഹിച്ചുപോന്നിരുന്നു. പിന്നീട് രാജ്യം സാമ്പത്തികമായി മെച്ചപ്പെട്ടപ്പോൾ ഗവൺമെന്റ് പോളിസികളും മാറി. ആരോരുമില്ലാത്തവർക്കും വൈകല്യങ്ങൾ ഉള്ളവർക്കുമായി ഗവൺമെന്റ് തലത്തിൽ, വളരെയേറെ ആനുകൂല്യങ്ങളും സേവനങ്ങളും ഇപ്പോൾ നൽകിവരുന്നുണ്ട്.

തെരുവുകളിൽ കഴിയുന്ന ഭവനരഹിതരായ ആളുകൾക്കു വേണ്ടിയും ഈ ബ്രദേഴ്‌സ് തങ്ങളുടെ സേവനങ്ങൾ എത്തിച്ചു. ആരോരുമില്ലാത്ത അവർ ജീവിതത്തിൽ ദാരിദ്ര്യത്തേക്കാൾ കൂടുതൽ അനുഭവിക്കുന്നത് ഒറ്റപ്പെടലായിരിക്കും. അങ്ങനെയുള്ളവരുടെ അടുത്തുപോയി സംസാരിക്കാനും അവരോട് ഒപ്പമായിരിക്കാനും ഈ ബ്രദേഴ്‌സ് പരിശ്രമിക്കുന്നു. അങ്ങനെയുള്ള, നിരാശയിൽ കഴിയുന്നവരുടെ ഒപ്പമായിരിക്കുകയാണ് കൂടുതൽ ആവശ്യം. നിലവിൽ, നോർത്ത് കൊറിയയിൽ കയറാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

സൗത്ത് കൊറിയ ഒരു ബുദ്ധിസ്റ്റ് രാജ്യമാണ്. എങ്കിലും പ്രൊട്ടസ്റ്റന്റ് ഉൾപ്പെടെയുള്ള ക്രൈസ്തവർ 12% വരും. “സൗത്ത് കൊറിയ, ക്രൈസ്തവരോട് വളരെ നല്ല സമീപനമാണ് പുലർത്തുന്നത്. ഇവിടുത്തെ നിയമങ്ങൾ അനുസരിക്കുകയും രാഷ്ട്രീയമായി ചാരപ്രവർത്തികൾ ഒന്നും ചെയ്യാതെയും ഇരിക്കുന്നവർക്ക് വളരെ നല്ല സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു രാജ്യമാണ് ഇത്. മതപരമായ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്” – ബ്ര. ബിനു വെളിപ്പെടുത്തുന്നു.

പുതിയ തുടക്കം കുറിക്കാൻ ഈസ്റ്റ് തിമോറിലേക്ക്   

ഈസ്റ്റ് തിമോർ എന്ന രാജ്യത്തെ ആവശ്യങ്ങൾ മനസിലാക്കി ഈ മിഷനറി ബ്രദേഴ്‌സ് ആ രാജ്യത്തേക്കും തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇവർ ഈസ്റ്റ് തിമോറിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന ഈ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് അധികം നാളുകളായിട്ടില്ല. മലകളും കുന്നുകളും നിറഞ്ഞ ഈ രാജ്യം വളരെ ദരിദ്രമായ അവസ്ഥയിലാണ് കഴിയുന്നത്.

ഇവിടെയുള്ള 90% ആളുകളും കത്തോലിക്കരാണെങ്കിലും വളരെ പ്രാചീനമായ രീതികളാണ് ഇവർ ഇപ്പോഴും പിന്തുടർന്നുപോരുന്നത്. ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ ചില പഴയ മതാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. ഈ രാജ്യത്തെ ആരോഗ്യരംഗം വളരെ ശോചനീയമാണ്. ആശുപത്രികൾ ഒന്നും നല്ലതില്ല. രാജ്യത്തിന്റെ തലസ്ഥാനത്ത് ഒരു ഗവണ്മെന്റ് ആശുപത്രിയുണ്ട്. അതാണ് അവിടുത്തെ ഏറ്റവും വലിയ ആശുപത്രി. അവിടെയാണ് മിക്ക രോഗികളും ചികിത്സ തേടിയെത്തുന്നത്.

കല്ലും കുഴികളും നിറഞ്ഞ റോഡുകളാണ് അവിടെയുള്ളത്. ബാക്കിയുള്ള ആരോഗ്യകേന്ദ്രങ്ങൾ ചെറിയ ഹെൽത്ത് ക്ലിനിക്കുകൾ മാത്രമാണ്. അന്ന് അവിടുത്തെ ബിഷപ്പായിരുന്ന ബിഷപ്പ് ഡോം വെർജീല്ലിയോ (ഇന്ന് കർദ്ദിനാൾ), രോഗികൾക്കു വേണ്ടി എന്തെങ്കിലും സംരഭം തുടങ്ങാനും രാജ്യത്തിന് ഈ സേവനം വളരെ ആവശ്യമാണെന്നും മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സിനോട് ആവശ്യപ്പെട്ടു.

ഈസ്റ്റ് തിമോറിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കായി ബ്രദേഴ്‌സ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതേയുള്ളൂ. ഇപ്പോൾ മൂന്ന് ബ്രദേഴ്‌സ് ഈസ്റ്റ് തിമോറിലുണ്ട്. അവിടെയുള്ള ബ്രദേഴ്‌സ് ഇപ്പോൾ കൂടുതലായി ചെയ്യുന്നത് ഭവനസന്ദർശനവും അതുവഴി പാവപ്പെട്ടതും ഒറ്റപ്പെട്ടതുമായ കുടുംബങ്ങളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതുമാണ്.

അറപ്പുളവാക്കിയ സാഹചര്യങ്ങൾ ദൈവത്തെ തിരിച്ചറിഞ്ഞ അവസരങ്ങളായപ്പോൾ

ഇരിട്ടിക്ക് അടുത്ത് എടൂരാണ് ബ്രദർ ബിനുവിന്റെ സ്വദേശം. രണ്ടു വർഷത്തെ ടെക്‌നിക്കൽ കോഴ്സ് പഠനത്തിനു ശേഷം വീട്ടിൽ കൃഷികാര്യങ്ങളിലൊക്കെ ചാച്ചനെ സഹായിച്ചുവരികയായിരുന്നു. ആദ്യം വൈദികനാകാൻ പോകണമെന്നായിരുന്നു ബ്രദറിന്റെ ആഗ്രഹം. രണ്ടു-മൂന്ന് സന്യാസ സമൂഹങ്ങളിലേക്കൊക്കെ തന്റെ ആഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതി; അവിടെ നിന്നും മറുപടിയും വന്നു. പക്ഷേ, അങ്ങോട്ട് പോകാൻ എന്തോ ഒരു താൽപര്യക്കുറവ്. അങ്ങനെയിരിക്കുമ്പോഴാണ് ‘മിഷനറീസ് ഓഫ് ചാരിറ്റി ആക്റ്റീവ് ബ്രദേഴ്‌സി’ന്റെ അഡ്രസ് അടങ്ങിയ ഒരു ചെറിയ കോളം പരസ്യംഒരു ക്രൈസ്തവ വാരികയിൽ  കാണാനിടയായത്. അത് വായിച്ചതോടു കൂടിയാണ് ‘മദർ തെരേസായുടെ ബ്രദേഴ്‌സ്’ എന്നൊരു സന്യാസ സമൂഹം ഉണ്ടെന്ന് ബിനു ബ്രദർ അറിയുന്നത്. കൊച്ചിയിലെ ആ അഡ്രസിലേക്ക് ബിനു എഴുതി; മറുപടിയും വന്നു. 15 ദിവസം അവിടെ വന്നുനിന്ന് പരിശീലനം നേടാനായിരുന്നു ക്ഷണം.

1994 ഡിസംബർ മാസത്തിലാണ് പരിശീലനത്തിനായി പോകുന്നത്. കിടപ്പുരോഗികൾ ആയിരുന്നു അവിടെ കൂടുതലും ഉണ്ടായിരുന്നത്. മലമൂത്രവിസർജ്ജനം കിടക്കയിൽ തന്നെ ചെയ്യുന്ന അവരെ വൃത്തിയാക്കാനും കുളിപ്പിക്കാനുമൊക്കെ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. അറപ്പും മനംപുരട്ടലും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ മനസില്ലാമനസോടെ ചെയ്തു. 15 ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് തിരിച്ചുപോന്നു. ഒരു മാസത്തോളം വീട്ടിലിരുന്ന് പോകണോ, വേണ്ടയോ എന്ന് ചിന്തിച്ചു. ഒരു മാസമായപ്പോഴേക്കും, അവിടേക്കു തന്നെ തിരികെ പോകണമെന്ന ചിന്ത വീണ്ടും വന്നു.

“ആ ദിവസങ്ങളിൽ എന്റെ ഉള്ളിന്റെയുള്ളിൽ ഒരു ശബ്ദം കേൾക്കുന്നതുപോലെ തോന്നി – അതാണ് നിന്റെ ദൈവവിളി. നീ അങ്ങോട്ട് തന്നെ തിരിച്ചുപോകുക. ജനുവരി അവസാനമായപ്പോഴേക്കും ഞാൻ വീട്ടിൽ പറഞ്ഞു: ഞാൻ തിരിച്ചുപോകുകയാണ് എന്ന്. അങ്ങനെ ഞാൻ മിഷനറീസ് ഓഫ് ബ്രദേഴ്സിൽ ചേരാൻ തീരുമാനമെടുത്തു.” ഇരുപത്തിരണ്ടാമത്തെ വയസിൽ ബ്രദർഹുഡിലേക്ക് ഇറങ്ങിത്തിരിച്ചതിനെപ്പറ്റി ബ്രദർ ബിനു പറയുന്നത്  ഇപ്രകാരമാണ്.

പിന്നെ പരിശീലന കാലഘട്ടമായിരുന്നു. കൽക്കട്ടയിലായിരുന്നു പ്രീ-നോവിഷ്യറ്റ്. ആ നാളുകളിൽ മദർ തെരേസയെ കാണാനും മദറിന്റെ അനുഗ്രഹം വാങ്ങാനും ബ്രദറിന് സാധിച്ചു. വ്രതം സ്വീകരിച്ച ശേഷം മദ്രാസിലേക്ക് ആയിരുന്നു ആദ്യത്തെ നിയമനം. 250-ഓളം രോഗികളുള്ള ആ ഭവനത്തിൽ വളരെയേറെ ജോലികളും ഉത്തരവാദിത്വങ്ങളും ഒക്കെയുണ്ടായിരുന്നു. എങ്കിലും അവരെ ശുശ്രൂഷിക്കുമ്പോൾ മനസിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം. അവരെ പരിചരിക്കുമ്പോൾ ബ്രദറിന് ക്രിസ്തുവിന്റെ സാമിപ്യം അനുഭവിക്കാൻ സാധിച്ചു. പിന്നീട് കൊച്ചിയിലും ശുശ്രൂഷ ചെയ്തു. ജൂനിയറേറ്റിനു ശേഷമാണ്, ‘വിദേശ മിഷനിലേക്ക് പോകാൻ താത്പര്യമുണ്ടോ?’ എന്ന് ജനറൽ ചോദിച്ചത്. അങ്ങനെ ആദ്യം സിംഗപ്പൂരിലും പിന്നീട് ഫിലിപ്പീൻസിലെ കംബോഡിയയിലും സേവനം ചെയ്തു. അതിനു ശേഷം നിത്യവ്രതത്തിനായി കൽക്കട്ടയിലേക്ക് തിരിച്ചുപോന്നു. പിന്നീട് കംബോഡിയ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. ഇപ്പോൾ റീജണൽ ഹൗസ് ഫിലിപ്പീൻസിലാണ്.

‘ഈശോയെ ആണ് ഞാൻ സ്പർശിച്ചത്’

നോവിഷ്യറ്റിൽ ആയിരിക്കുമ്പോൾ കാളിഘട്ടിലുള്ള ഒരു ഹോമിലായിരുന്നു ബ്രദർ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നത്. അവിടെ പുരുഷന്മാരായ അറുപതോളം രോഗികൾ ഉണ്ടായിരുന്നു; അവരിൽ  കൂടുതലും മരിക്കാറായവരും. ചിലരൊക്കെ അവിടെ വന്നതിനു ശേഷം രക്ഷപെടും; എന്നാൽ, മറ്റു ചിലർ വന്ന് മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ മരണപ്പെടും. അവരെ നല്ല മരണത്തിന് ഒരുക്കുക എന്ന കർത്തവ്യമാണ് കൂടുതലും ചെയ്യേണ്ടിയിരുന്നത്.

“ഒരു രോഗി ഞങ്ങളുടെ ഹോമിൽ വന്നപ്പോൾ അയാളുടെ മുറിവുകളിൽ നിറയെ പുഴുക്കൾ ബാധിച്ചിരുന്നു. ആ മുറിവുകളിൽ നിന്നും പുഴുക്കൾ അയാളുടെ തല വരെ കയറിയിരുന്നു. ഞാൻ, മുറിവുകളിൽ നിന്നും ആ പുഴുക്കളെ എടുത്തുമാറ്റി വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കടുത്ത വേദനയിലും ഒച്ച വയ്ക്കുകയോ, ബഹളമുണ്ടാക്കുകയോ ഒന്നും ചെയ്യാതെ ആ മനുഷ്യൻ വളരെ ശാന്തനായി വേദനകളെല്ലാം സഹിച്ചുകൊണ്ട് എന്നെ അതിന് അനുവദിച്ചു. അതെല്ലാം ചെയ്തുകഴിഞ്ഞപ്പോൾ ആ മനുഷ്യൻ എന്നെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു; നന്ദിയും പറഞ്ഞു. ആ അനുഭവം എന്റെ മനസിൽ നിന്നും വർഷങ്ങൾ കഴിഞ്ഞിട്ടും മായുന്നില്ല. മാത്രമല്ല, ആ സംഭവം എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. ‘ഞാനൊക്കെ ഒരു ചെറിയ വേദന വരുമ്പോൾ പോലും എന്തുമാത്രം അസ്വസ്ഥനാകാറുണ്ട്’ എന്ന് സ്വയം പരിശോധിക്കാനും ആ സംഭവം കാരണമായി. അസഹനീയമായ വേദനകൾക്കിടയിലും ഒരു വാക്കു പോലും ആരോടും പരാതി പറയാതെ ആ മനുഷ്യൻ എല്ലാം സഹിച്ചു. ഈശോയാണ് അത് എന്നായിരുന്നു ആ സംഭവത്തിലൂടെ എനിക്ക് മനസിലായത്. ഈശോയെ ആണ് ഞാൻ സ്പർശിച്ചത്, ഞാൻ ശുശ്രൂഷിച്ചത് എന്നുള്ള ഒരു വിചാരം എന്നിൽ ബലപ്പെട്ടു” – ബ്രദർ തന്റെ ജീവിതത്തിലുണ്ടായ അനുഭവം വെളിപ്പെടുത്തുന്നു.

മറ്റൊരു സംഭവം ഇപ്രകാരമാണ്. രോഗികളെ കുളിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും വന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു. അയാൾ അടുത്തുവരുമ്പോൾ തന്നെ അസഹനീയമായ ദുർഗന്ധവും ഉണ്ടായിരുന്നു. വെള്ളം കാണുന്നതു പോലും അയാളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കി. അപ്പോൾ അയാൾ ഓടിരക്ഷപെടുമായിരുന്നു. ബ്ര. ബിനു അദ്ദേഹത്തെ ഒരുതരത്തിൽ ബാത്ത്റൂമിൽ കൊണ്ടുവന്നിരുത്തി. അന്ന് ബിനു ബ്രദറിന് ഹിന്ദിഭാഷ അത്ര വശമില്ലായിരുന്നു. “എന്റെ മുറിഞ്ഞ ഹിന്ദിയും കേട്ട് അനുസരണയോടെ, അദ്ദേഹം ഞാൻ പറയുന്നത് കേട്ടിരുന്നു. നല്ല രീതിയിൽ വൃത്തിയാക്കി തീരുന്നതുവരെ അദ്ദേഹം നന്നായി തന്നെ പെരുമാറി; പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്തു. ഈ അനുഭവവും, ഈശോയാണ് അത്; ഈശോയ്ക്കു വേണ്ടിയാണ് ചെയ്യുന്നത് എന്ന അനുഭവം എന്നിൽ കൂടുതൽ ബലപ്പെടാൻ കാരണമായി. “എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത്…” (മത്തായി 25:40) എന്ന വചനം ഓർമ്മകളിൽ വന്നു. ഇപ്രകാരമുള്ള നിരവധി അനുഭവങ്ങളിലൂടെ ഈശോ പലവിധത്തിലും എന്നെ സഹായിക്കുകയും അവിടുത്തെ സാമീപ്യം നൽകി ബലപ്പെടുത്തുകയും ചെയ്തതായി ബ്രദർ സാക്ഷിക്കുന്നു.

ബ്രദേഴ്‌സിന്റെ ഈ മിഷനറി സന്യാസ സമൂഹത്തിലേക്ക് ദൈവവിളി സ്വീകരിച്ചുകൊണ്ട് ഒരുപാട് പേർ കടന്നുവരാറുണ്ട്; എന്നാൽ, എല്ലാവർക്കും ഇതിൽ തുടരാൻ സാധിക്കാറില്ല. കാരണം ദൈവത്തിന്റെ പ്രത്യേക കൃപ ലഭിച്ചവർക്കു മാത്രമേ, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ തങ്ങളുടെ ശുശ്രൂഷകൾ നിർവ്വഹിച്ചുകൊണ്ട് ഇത്തരമൊരു ഉദ്യമത്തിൽ തുടരാൻ സാധിക്കുകയുള്ളൂ. ഇനിയും ധാരാളം നല്ല ദൈവവിളികൾ ഈ മിഷനറി സന്യാസ സമൂഹത്തിന് ഉണ്ടാകട്ടെ. ഈ സന്യാസ സമൂഹത്തിലെ മിഷനറിമാർക്ക് ലൈഫ് ഡേ യുടെ ആശംസകളും പ്രാർത്ഥനകളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ     

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.