കോസ്റ്റ് ഗാർഡിന്റെ ഹെഡ് ചാപ്ലിൻ; യുദ്ധഭൂമിയിലെ സമാധാനദൂതൻ: വിശേഷണങ്ങൾ ഏറെ ഒളിപ്പിച്ച ഒരു അമേരിക്കൻ വൈദികൻ

അഫ്ഗാനിസ്ഥാനിലെ യുഎസ് നേവി സീല്‍ ടീമിന്റെ (യുഎസ് നാവികസേനയുടെ പ്രത്യേക പ്രവര്‍ത്തനസേനയും നേവല്‍ സ്‌പെഷ്യല്‍ വാര്‍ഫെയര്‍ കമാന്‍ഡിന്റെ ഒരു ഘടകവും) ചാപ്ലിന്‍ (സൈന്യ പുരോഹിതന്‍) ആയിരുന്നു ഫാ. ഡാനിയല്‍ മോഡ്. കൂടാതെ ‘ഗ്രാന്തേ പാദ്രെ’ എന്ന് അറിയപ്പെടുന്ന ഫാ. വിന്‍സെന്റ് കപോഡാനോയെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫാ. മോഡിന്റെ കരിയറില്‍ ഒരു പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ചാപ്ലിന്‍സി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം ഇപ്പോള്‍. 12 വര്‍ഷത്തിനിടെ ഈ സുപ്രധാന പദവി വഹിക്കുന്ന ആദ്യത്തെ കത്തോലിക്കാ പുരോഹിതനായും അദ്ദേഹം മാറി. താന്‍ ശുശ്രൂഷിക്കുന്ന സേനാംഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും യേശുക്രിസ്തുവിന്റെ സമാധാനം എത്തിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ദൗത്യം എന്നാണ് 57 -കാരനായ ഫാ. മോഡ് പറയുന്നത്. “സമാധാനം എന്നത് ഒരുതരത്തില്‍ എന്റെ മന്ത്രമാണ്” – മോഡ് പറഞ്ഞു.

ഒരു നേവി കുടുംബത്തിലാണ് മോഡ് ജനിച്ചത്. കൗമാരപ്രായത്തില്‍ വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണിലുള്ള ബിഷപ്പ് ഡെനിസ് ജെ. ഒ’കോണല്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1992 -ല്‍ ആര്‍ലിംഗ്ടണ്‍ രൂപതയുടെ ഭാഗമായ അദ്ദേഹം, 2001 മുതല്‍ 2005 വരെ അലക്‌സാണ്ട്രിയയിലെ അപ്പോസ്തലസ് ഇടവകയില്‍ സേവനമനുഷ്ഠിച്ചു. 2005 -ല്‍ അഫ്ഗാനിസ്ഥാനില്‍ ചാപ്ലിന്‍ ആയി നിയമിക്കപ്പെട്ടു. അവിടെ എത്തിയ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിന് യുദ്ധത്തിന്റെ അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. “കാണ്ഡഹാറിലെ ഒരു ഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് എന്റെ കൈകളില്‍ കിടന്നാണ് ഒരു പട്ടാളക്കാരന്‍ മരിച്ചത്” – ഇതുവരെ മാറാത്ത ഞെട്ടലോടെ അദ്ദേഹം പറഞ്ഞു.

22 മാസക്കാലം അഫ്ഗാനിസ്ഥാനിലെ സേനാംഗങ്ങളെ ശുശ്രൂഷിച്ചപ്പോള്‍ ചാപ്ലിന്മാരുടെ അതിശയകരമായ ആവശ്യം തനിക്ക് മനസിലായെന്നും ജനങ്ങളെ സേവിക്കുന്നവരെ, സേവിക്കുന്നത് തുടരാന്‍ ‘വിളിക്കുള്ളിലെ വിളി’ അനുഭവപ്പെട്ടുവെന്നും മോഡ് പറഞ്ഞു. അങ്ങനെ ഒരു മുഴുവന്‍സമയ, സജീവ സൈനിക ചാപ്ലിന്‍ ആകാന്‍ 2007 -ല്‍ ബിഷപ്പിന്റെ അനുമതി ലഭിച്ചതു മുതല്‍, ലോകമെമ്പാടുമുള്ള തന്റെ ശുശ്രൂഷയില്‍ ദൈവത്തിന്റെ സമാധാനം പങ്കിടാന്‍ മോഡ് പ്രവര്‍ത്തിച്ചുതുടങ്ങി. ഒന്‍പതു വര്‍ഷം അദ്ദേഹം വിദേശത്ത് ചെലവഴിച്ചു. അതില്‍ ഏഴു വര്‍ഷവും കപ്പലുകളിലും വിമാനവാഹിനിക്കപ്പലുകളിലുമായിരുന്നു. “വിദൂരങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് ഇടയന്മാരെ ആവശ്യമുണ്ട്. അവര്‍ക്ക് അവരുടെ ചാപ്ലെയിന്മാരെ ആവശ്യമുണ്ട്” – മോഡ് പറഞ്ഞു.

ഒരു വൈദികന്‍ എന്ന നിലയിലും ഒരു സൈനിക ചാപ്ലിന്‍ എന്ന നിലയിലും അവിശ്വസനീയമായ വെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ നാവികസേനയുടെ ക്യാപ്റ്റനായ മോഡ് അവയെ ഒക്കെ നേരിട്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ദൈവത്തിനാണ് എന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനം. എന്റെ രക്ഷകനായ യേശു എനിക്ക് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നല്‍കുന്നു. ഞാന്‍ ദൈവകൃപയില്‍ വിശ്വസിക്കുന്നു. ദൈവം നമുക്ക് നമ്മുടെ ജോലി തുടരാനുള്ള കൃപ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

2005 ജൂണില്‍, നേവി ചാപ്ലിന്‍ ആയി സേവനമനുഷ്ഠിക്കവെ താലിബാന്‍ യോദ്ധാക്കളുടെ കനത്ത ആക്രമണത്തെ തുടര്‍ന്ന് സീല്‍ ടീം 10-ന് ഒരു ചാപ്ലിന്റെ ആവശ്യമുണ്ടെന്ന സന്ദേശം മോഡിന് ലഭിച്ചു. ആ സമയത്ത് രാജ്യത്ത് വളരെ കുറച്ച്  നേവി ചാപ്ലിന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, അവരെ പരിചരിക്കുന്നതിനായി ആ ആഴ്ചകളില്‍ മോഡിനെ അവിടേക്ക് അയച്ചു. “ആ ദിനങ്ങള്‍ തീര്‍ച്ചയായും ദാരുണവും ചരിത്രപരവുമായിരുന്നു; പ്രത്യേകിച്ച് നേവി സീലുകള്‍ക്ക്. യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനാംഗങ്ങളുടെ അക്കാലത്തെ ഏറ്റവും വലിയ ജീവഹാനിയായിരുന്നു അന്ന് സംഭവിച്ചത്” – മോഡ് പറഞ്ഞു.

ദുരന്തബാധിത യൂണിറ്റില്‍ സേവനമനുഷ്ഠിച്ച ആ സമയങ്ങളെ, ‘നിരവധി ആഴ്ചകള്‍ നീണ്ട തീവ്രമായ ശുശ്രൂഷ’ എന്നാണ് മോഡ് വിശേഷിപ്പിച്ചത്. അവശേഷിച്ചവരെ ശുശ്രൂഷിക്കുന്നതിനു പുറമേ, വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെയെല്ലാം മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുകയും അവരുടെ ത്യാഗങ്ങള്‍ ബന്ധുക്കളെ അറിയിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

‘ഗ്രാന്തേ പാദ്രെ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്

വിയറ്റ്‌നാം യുദ്ധകാലത്ത് നേവി ചാപ്ലിന്‍ ആയിരുന്ന ഫാ. വിന്‍സെന്റ് കപോഡാനോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്, ദൈവശാസ്ത്രത്തിലും സഭാചരിത്രത്തിലും ഉന്നത ബിരുദങ്ങളുള്ള മോഡ് ഈ കരിയര്‍ തിരഞ്ഞെടുത്തത്. കപോഡാനോ തന്റെ സംരക്ഷണത്തിലുള്ള നാവികര്‍ക്കായി പൂര്‍ണ്ണഹൃദയത്തോടെ സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു.

‘ഗ്രാന്തുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും താഴ്ന്ന റാങ്കിലുള്ള സേനാംഗങ്ങള്‍ക്ക് അദ്ദേഹം പ്രത്യേക പരിചരണം നല്‍കി. പട്ടാളക്കാരുടെ പ്രിയപ്പെട്ട കൂട്ടുകാരനും പിതാവുമായി അദ്ദേഹം മാറി. അവര്‍ക്കൊപ്പം ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. ഈ സമര്‍പ്പണജീവിതത്തിലൂടെ ‘ഗ്രാന്തേ പാദ്രെ’ എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു.

1967 -ല്‍ കപോഡാനോയുടെ രണ്ടാമത്തെ പര്യടനത്തില്‍, വിയറ്റ്‌നാമില്‍ വച്ച് ഒരു വടക്കന്‍ വിയറ്റ്‌നാമീസ് ആക്രമണത്തില്‍ അദ്ദേഹത്തിന്റെ യൂണിറ്റ് തോറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും പരിക്കേറ്റ മറ്റൊരാളുടെ സഹായത്തിനായി കപോഡാനോ ഓടിയെത്തിയ സമയം, ശത്രുവിന്റെ വെടിയേറ്റ് വീഴുകയായിരുന്നു.

“അദ്ദേഹത്തിന്റെ സമര്‍പ്പണം എന്നെ പ്രചോദിപ്പിച്ചു. ആ സമയത്ത് ഞാന്‍ സെമിനാരിയിലായിരുന്നു. ഫാ. കപോഡാനോയെക്കുറിച്ച് എന്റെ മാസ്റ്റേഴ്‌സ് തീസിസ് എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. അതിനാല്‍, അടുത്ത രണ്ടര വര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാനും എഴുതാനുമായി ചെലവഴിച്ചു” – മോഡ് വിശദീകരിച്ചു.

മോഡിന്റെ തീസിസ് പിന്നീട് ഒരു പുസ്തകമായി മാറി, ‘ദി ഗ്രാന്ത് പാദ്രെ: ഫാദര്‍ വിന്‍സെന്റ് റോബര്‍ട്ട് കപോഡാനോ, വിയറ്റ്‌നാം, 1966-1967’ എന്നാണ് പുസത്കത്തിന്റെ പേര്. കപോഡാനോയുടെ മാദ്ധ്യസ്ഥത്താല്‍ നടന്ന അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക്  ഉയര്‍ത്താനുള്ള നടപടികള്‍ വത്തിക്കാനില്‍ നടക്കുന്നുണ്ട്. കപോഡാനോയുടെ ജീവിതത്തെയും സേവനത്തെയും കുറിച്ച് അറിവുള്ള ഒരു വിദഗ്ധന്‍ എന്ന നിലയില്‍, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പ്രക്രിയയെക്കുറിച്ച് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനായി മോഡിനെയാണ് സഭാനേതൃത്വം പ്രധാനമായും ആശ്രയിക്കുന്നത്.

ഒരു നേവി ചാപ്ലിന്‍ എന്ന നിലയില്‍, ഗ്രാന്തേ പാദ്രെ തന്റെ ശുശ്രൂഷയില്‍ അവിശ്വസനീയമായ സ്വാധീനം ചെലുത്തിയതായി മോഡ് ആവര്‍ത്തിച്ചു പറയുന്നു. ‘അദ്ദേഹത്തിന്റെ ജീവിതം, അദ്ദേഹം നല്‍കിയ സാക്ഷ്യം, അദ്ദേഹത്തിന്റെ ആത്മീയപരിചരണം എല്ലാം എന്നെ സ്പര്‍ശിച്ചു. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമ്പോള്‍, ഈ സമയത്ത് ഫാ. കപോഡാനോ ആയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കാറുള്ളത്” – മോഡ് പറഞ്ഞു.

പുതിയ ജോലി, അതേ ദൗത്യം

2022 ഏപ്രിലില്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള യു.എസ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെഡ് ചാപ്ലിന്‍ ആയി മോഡ് നിയമിതനായി. അവിടെ അദ്ദേഹം വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നുള്ള മറ്റ് 157 ചാപ്ലിന്മാരുടെ മേല്‍നോട്ടം വഹിക്കുന്നു. ഈ പുതിയ ഉത്തരവാദിത്വത്തിലും സമാധാനം പങ്കിടാനുള്ള ദൈവത്തിന്റെ അതേ വ്യക്തമായ വിളി മോഡ് തുടര്‍ന്നും കേള്‍ക്കുന്നു.

“സൈന്യത്തില്‍, കമാന്‍ഡര്‍മാര്‍ ബഹുമാനത്തിന്റെ പ്രതീകമായി മെമന്റോ നാണയങ്ങള്‍ നല്‍കുന്ന ഒരു പാരമ്പര്യമുണ്ട്. ഞാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചാപ്ലെയിന്‍ ആയപ്പോള്‍ എനിക്ക് ആ നാണയം രൂപകല്പന ചെയ്യാന്‍ അവസരം ലഭിച്ചു. ഞാന്‍ ആ നാണയത്തിന്റെ അടിയില്‍ ലാറ്റിനില്‍ ‘PAX’ – ‘സമാധാനം’ എന്ന വാക്ക് കൂടി ഉള്‍പ്പെടുത്തി” – സമാധാനദൂതനായി വര്‍ത്തിക്കുന്ന മോഡ് പറഞ്ഞുനിര്‍ത്തി.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.