റോമിലെ യൂണിവേഴ്സിറ്റിയിൽ 29 വർഷക്കാലം പ്രൊഫസറായിരുന്ന മലയാളി വൈദികൻ  

സി. സൗമ്യ DSHJ

റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയുടെ ഫിലോസഫി ഫാക്കൽറ്റിയിൽ നീണ്ട 29 വർഷക്കാലം പ്രൊഫസർ. 68 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ഇക്കാലയളവിൽ പഠിപ്പിച്ചു. ഇതിനിടെ രണ്ടുതവണ ഫാക്കൽറ്റിയുടെ ഡീൻ ഓഫ് സ്റ്റഡീസ് ആയി സേവനംചെയ്തു. പിന്നീട്, ഇറ്റലിയിലെ ക്രമോണയിൽ പുതിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചാപ്ലയിൻ. ഒമ്പതോളം ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ കഴിവുള്ള പ്രഗത്ഭൻ. ആറാം ക്‌ളാസിലെ പഠനം കഴിഞ്ഞ്, മിഷനറിയാകാൻ കൽക്കട്ടയ്ക്കു ട്രെയിൻ കയറിയപ്പോൾ, ദൈവം തനിക്കായി ഒരുക്കിവച്ചിരിക്കുന്ന വഴികൾ ഏതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സലേഷ്യൻ സഭാംഗം ഭരണങ്ങാനംകാരൻ റവ. ഡോ. സ്‌കറിയ തുരുത്തിയിൽ ജീവിതം പറയുന്നു. 

“മിഷനറിയാകാൻ താത്പര്യമുള്ളവർ ആരൊക്കെ?” വർഷങ്ങൾക്കുമുൻപ്, 1960-ൽ ഇടമറ്റം സ്‌കൂളിലെത്തിയ സലേഷ്യൻ വൈദികർ ആറാം ക്ലാസ് വിദ്യാർഥികളോടു ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്. മിഷന്റെ അർഥം എന്തെന്ന് പൂർണ്ണമായി അറില്ലെങ്കിലും കൈപൊക്കിയവരുടെ കൂട്ടത്തിൽ സ്‌കറിയ തുരുത്തിയിൽ എന്ന കുട്ടിയുമുണ്ടായിരുന്നു.

ദൈവവിളിയുടെ വാതിലുകൾ ഒരു ചോദ്യത്തിലൂടെ ആ ബാലന്റെ മുന്നിലേക്കു തുറക്കപ്പെടുമ്പോൾ അവൻപോലും അറിഞ്ഞിരുന്നില്ല ഒരുപക്ഷേ, ലോകംമുഴുവൻ ആദരിക്കപ്പെടുന്ന ഒരു തത്വശാസ്ത്ര പ്രൊഫസറിലേക്കുള്ള, ക്രിസ്തുവിന്റെ അധ്യാപനദൗത്യത്തിൽ പങ്കുചേരാനുള്ള വലിയ ഒരു വിളി ആയിരിക്കും അതെന്ന്. റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയുടെ ഫിലോസഫി ഫാക്കൽറ്റിയിൽ നീണ്ട 29 വർഷക്കാലം പ്രൊഫസർ ആയിരുന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് അറിവിന്റെ പാഠങ്ങൾ പകർന്ന റവ. ഡോ. സ്‌കറിയ തുരുത്തിയിൽ തന്റെ ദൈവവിളിയുടെ പാതയെയും കടന്നുവന്ന ശുശ്രൂഷയുടെ നാളുകളെയും ലൈഫ് ഡേയ്ക്കായി പങ്കുവയ്ക്കുകയാണ്.

മിഷനറിയാകാൻ ആഗ്രഹിച്ച് കൽക്കട്ടയിലേക്ക്

ഇടമറ്റം സ്‌കൂളിൽ വന്ന സലേഷ്യൻ വൈദികർ മിഷനറിയാകാനുള്ള ക്ഷണം മുന്നിലേക്കു വയ്ക്കുമ്പോൾ മനസ്സിൽ അത്ഭുതവും ആകാംക്ഷയുമായിരുന്നു ഈ കുഞ്ഞുബാലന്റെ മനസ്സിൽ. അന്ന് ആ വൈദികരുടെ ചോദ്യത്തിന് സമ്മതമറിയിച്ചപ്പോൾ കത്തിലൂടെ വിവരങ്ങൾ അറിയിക്കാമെന്ന് മറുപടി നൽകി അവർ കടന്നുപോയി. ആ നിമിഷം മുതൽ മനസ്സുകൊണ്ട് മിഷൻ പ്രവർത്തനത്തിനായി ഇറങ്ങിത്തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ ആറാം ക്ലാസുകാരൻ.

അന്ന് സ്‌കൂൾ വിട്ടു വീട്ടിലെത്തിയപ്പോൾ എല്ലാവരോടുമായി പറഞ്ഞു: “ഞാൻ മിഷനറിയാകാൻ പോകുകയാണ്” എന്ന്. കൊച്ചുവായിലെ വലിയ വർത്തമാനം പോലെയാണ് അന്ന് എല്ലാവരും അതു കരുതിയത്. എന്നാൽ കാര്യം സീരിയസ് ആണെന്നു മനസ്സിലായത് ‘സ്കറിയയെ സെലക്ട് ചെയ്തിരിക്കുന്നു’ എന്നുപറഞ്ഞുകൊണ്ടുള്ള ഒരു കത്ത് വീട്ടിലെത്തിയപ്പോഴാണ്.

1960 ഏപ്രിൽ ഒന്നിന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നും അത്യാവശ്യസാധനങ്ങൾ വാങ്ങിക്കണമെന്നും കത്തിലുണ്ടായിരുന്നു. അങ്ങനെ സ്‌കറിയ ഉൾപ്പെടെ 60 പേർ ഏപ്രിൽ ഒന്നാം തീയതി തന്നെ റയിൽവേ സ്റ്റേഷനിലെത്തി. മിഷനറിയാകാനുള്ള ആഗ്രഹത്തെ തുടർന്നുള്ള ആ യാത്ര കൽക്കട്ടയിലേക്കായിരുന്നു. ഏഴാം ക്‌ളാസിലേക്കു കയറിയ സമയത്തായിരുന്നു അത്. അതിനുശേഷം ആസ്പിരൻസിയും ഒപ്പം തുടർപഠനവും മുൻപോട്ടു കൊണ്ടുപോയി. ഹൈസ്‌കൂളിനുശേഷം ഷില്ലോങ്ങിൽ നോവിഷ്യറ്റ് ചെയ്തു.

പഠനവും സെമിനാരിജീവിതവും

ഡാർജലിംഗിലെ കോളേജ് വിദ്യാഭ്യാസത്തിനുശേഷം 19-മത്തെ വയസ്സിൽ സ്കറിയയെ റോമിൽവിട്ടു പഠിപ്പിക്കാൻ സഭാധികാരികൾ തീരുമാനിച്ചു. അത്ര ചെറുപ്പത്തിലേതന്നെ വിദേശത്തു പഠിപ്പിക്കാൻവിടുന്നത് അന്നത്ര വ്യാപകമായിരുന്നില്ല. ലൈസൻഷ്യേറ്റ് കഴിഞ്ഞശേഷം ഇന്ത്യയിൽ തിരികെവന്നു. 1971-1973 കാലഘട്ടത്തിൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ സലേഷ്യൻ കോളേജിൽ പഠിപ്പിച്ചു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ 1973–1976 കാലയളവിൽ അദ്ദേഹം തിയോളജി പഠിച്ചു. അക്കാലത്ത് തിയോളജി പൊന്തിഫിക്കൽ ഡിഗ്രി പൂനയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിയോളജി പഠനത്തിനുശേഷം ആറുവർഷത്തോളം ഡൽഹി, ഒക്‌ല ടെക്നിക്കൽ സ്‌കൂളിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. 1977 ഫെബ്രുവരി ഒമ്പതിന് പാലാ ചെറുപുഷ്പ ആശ്രമ ദൈവാലയത്തിൽ വച്ച് വൈദികനായി അഭിഷിക്തനായി. തുടർന്ന് ഡൽഹിയിൽ അദ്ദേഹം അഡ്മിനിസ്ട്രേറ്റർ, വൈസ് റെക്ടർ, ഡോൺ ബോസ്‌കോ ടെക്നിക്കൽ സ്‌കൂളിലെ പ്രിൻസിപ്പൽ എന്നീ ചുമതലകൾ വഹിച്ചു. തുടർപഠനത്തിനായി റോമിലേക്കുപോയ അദ്ദേഹം 1987-ൽ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി.

മിഷനറിയാകാൻ എത്തി ഫിലോസഫി പ്രൊഫസർ ആയി

ഡോക്ടറേറ്റ് കഴിഞ്ഞ് തിരിച്ച് നാട്ടിൽവന്ന് മൂന്നാലു മാസം കോളേജിൽ പഠിപ്പിച്ചു. എന്നാൽ, അപ്പോഴേക്കും റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കാൻ നിയോഗിച്ചുകൊണ്ടുള്ള വിളിയെത്തി. അങ്ങനെ, 1988 ഒക്ടോബർ മുതൽ വീണ്ടും റോമിലേക്കുപോയി. തുടർന്ന് നീണ്ട 29 വർഷക്കാലം റോമിൽ ഫിലോസഫി പ്രൊഫസർ ആയിരുന്നു. 2017-ൽ തിരിച്ച് ഇന്ത്യയിൽ എത്തിയെങ്കിലും ഗസ്റ്റ് പ്രൊഫസർ ആയി മൂന്നുകൊല്ലത്തേക്ക് വീണ്ടും വിളിപ്പിച്ചു. അപ്പോഴേക്കും റിട്ടയേർഡ് ആയിരുന്നു എങ്കിലും ഫാ. സ്‌കറിയയുടെ ബുദ്ധിവൈഭവവും പരിജ്ഞാനവും യൂണിവേഴ്സ്റ്റിറ്റി അധികൃതർ നന്നായി മനസ്സിലാക്കിയിരുന്നു. സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ രണ്ടുപ്രാവശ്യമാണ് ഫാ. സ്‌കറിയ ഡീൻ ആയി ചുമതലയേറ്റത്. ഒപ്പം അവിടെ അഡ്മിനിസ്ട്രേറ്റർ, യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, ഫിലോസഫി ഫാക്കൽറ്റിയിലെ ഡയറക്ടർ, യൂണിവേഴ്സിറ്റി കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷൻ അംഗം എന്നീ നിലകളിൽ അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവച്ചു.

“ഞാൻ ചേർന്നത് കൽക്കട്ട പ്രോവിന്സിന്റെ ഭാഗമായിട്ടായിരുന്നു. പിന്നീട് ഈ പ്രൊവിൻസ് രണ്ടായി തിരിഞ്ഞ് ഡൽഹി പ്രൊവിൻസ് ഉണ്ടായി. അപ്പോൾ ഞാൻ ഡൽഹി പ്രൊവിൻസിന്റെ ഭാഗമായി. സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നും തിരിച്ചുവന്നതിനുശേഷം വീണ്ടും യൂണിവേഴ്‌സിറ്റിയിൽ നിന്നും വിളിവന്നു. ഇറ്റലിയിലെ ക്രമോണയിൽ പുതിയ യൂണിവേഴ്സിറ്റി ക്യാമ്പസ് ആരംഭിച്ചപ്പോൾ അവിടെ സേവനംചെയ്യാനായിരുന്നു ആ വിളി. അവസാന മൂന്നുവർഷങ്ങളിൽ ഞാൻ അവിടെയായിരുന്നു. അവിടെ ചെല്ലാനും സഹായിക്കാനുമായി അവർ വീണ്ടും വിളിക്കുകയായിരുന്നു. അങ്ങനെ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ചാപ്ലയിനായി ശുശ്രൂഷചെയ്തു. ഏഴുമാസത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. ഇവിടെ വന്നതിനുശേഷം ഫ്രീ ആയിരിക്കുന്ന സമയങ്ങളിൽ ഇപ്പോൾ ആലുവയിലെ കീഴ്മാടുള്ള സലേഷൻ കോളേജിൽ പഠിപ്പിക്കുന്നു” – ഫാ. സ്‌കറിയ വെളിപ്പെടുത്തുന്നു. ഇന്ത്യയിലുള്ളപ്പോൾ ഫാ. സ്‌കറിയ താമസിക്കുന്നത് ഡൽഹിയിലുള്ള സലേഷ്യൻ ആശ്രമത്തിലാണ്; ക്രമോണയിൽ ആയിരിക്കുമ്പോൾ താമസിക്കുന്നത് അവിടുത്തെ സെമിനാരിയിലും.

വിവിധ ഭാഷകളെയും സംസ്‍കാരങ്ങളെയും അടുത്തറിയുന്ന വൈദികൻ 

റോമിൽ നിരവധി വർഷങ്ങൾ പഠിപ്പിച്ചതിനാൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുമായും അധ്യാപകരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഫാ. സ്കറിയാ. പഠിപ്പിക്കുന്ന ഓരോ ക്ലാസിലും ഏകദേശം 40 മുതൽ 70 വരെ വിദ്യാർഥികളുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 68 രാജ്യങ്ങളിൽനിന്നുള്ളവർ അതിൽ ഉൾപ്പെടുന്നു. കേരളത്തിൽനിന്നുള്ള വിദ്യാർഥികളും പ്രൊഫസർമാരും ഉണ്ട്. ഇടയ്‌ക്കൊക്കെ  റോമിൽ തന്നെ മലയാളികൾ ഒന്നിച്ചുകൂടുകയും ചിലപ്പോൾ ഇന്ത്യക്കാർ ഒന്നിച്ചുകൂടുകയുമൊക്കെ ചെയ്യാറുണ്ട്.

ഒമ്പതോളം ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ കഴിവുള്ള പ്രഗത്ഭനുമാണ് ഫാ. സ്കറിയ. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകൾ നന്നായി എഴുതാനും വായിക്കാനും അറിയാം. ഒപ്പം ലാറ്റിൻ, ഫ്രഞ്ച്, സ്‌പാനിഷ്‌, ഹിന്ദി, ബംഗാളി എന്നീ ഭാഷകളും സ്വായത്തമാക്കിയിട്ടുണ്ട് ഈ വൈദികൻ.

“റോമിൽ പഠിക്കുന്നതിന്റെ ഒരു സൗന്ദര്യം എന്നത് ഇത്തരം വ്യത്യസ്ത സംസ്‍കാരങ്ങളെയും രാജ്യങ്ങളെയും ഭാഷകളെയും കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു എന്നതാണ്. പല സംസ്കാരങ്ങളിൽനിന്നും ഭാഷകളിൽനിന്നും രാജ്യങ്ങളിൽനിന്നും കടന്നുവരുന്ന വിവിധ ആളുകളെ പരിചയപ്പെടാനും അവരോടൊപ്പം ഇടപഴകാനും സാധിക്കുന്നു. ഒപ്പം സമൂഹജീവിതത്തിലും ഇങ്ങനെയുള്ള ആളുകളോടൊപ്പം ജീവിക്കുവാൻ കഴിയുന്നു. അതൊക്കെ വളരെ മഹത്വമുള്ള അനുഭവങ്ങളാണ്” – ഫാ. സ്കറിയാ പറയുന്നു.

ഒരു പ്രൊഫസർ എന്ന നിലയിൽ സഹപ്രവർത്തകരിൽനിന്നും വിദ്യാർഥികളിൽ നിന്നുമൊക്കെ വളരെയധികം പ്രോത്സാഹങ്ങളും ആദരവും ലഭിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഫാ. സ്കറിയാ. 70 – 80 ഓളം പ്രൊഫസർമാർ പഠിപ്പിക്കുന്നതിൽ ഏഴെട്ടുപേർ ഓർഡിനറി പ്രഫസേഴ്സ് ആകും. ഈ പട്ടികയിൽ ഇടംനേടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. അധ്യാപനത്തിനൊപ്പം യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻ ഓഫിസർ കൂടിയായിരുന്നു അദ്ദേഹം. ഒപ്പം കുറേ വർഷങ്ങൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള ചുമതലയും അദ്ദേഹത്തിൽ നിഷിപ്തമായിരുന്നു. ഈ ദൗത്യനിർവഹണത്തിലൂടെ 400-ഓളം വിദ്യാർഥികൾക്ക് ഈ വൈദികൻ സ്കോളർഷിപ്പ് അനുവദിച്ചുനൽകിയിട്ടുണ്ട്.

പാവങ്ങൾക്കായി സമയം കണ്ടെത്തിയ വൈദികൻ 

തിരക്കേറിയ അധ്യാപകൻ ആയിരുന്നുവെങ്കിലും ദൈവജനത്തെ ശുശ്രൂഷിക്കുന്നതിനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. 1985 മുതൽ ഒരു വൈദികനെന്ന നിലയിൽ ഇടവകപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഫാ. സ്കറിയ തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട തിരുനാൾ ദിനങ്ങളിൽ സഹായിക്കാനായി വർഷങ്ങളായി ഇറ്റലിയിലെ ജെസി രൂപതയിലെ ഒരു ഇടവകയിൽ അദ്ദേഹം എത്തുമായിരുന്നു. അതിന്റെ ഫലമായി അവിടുത്തെ ജനങ്ങളുമായി നല്ലൊരു ബന്ധം രൂപപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരോട് ഇന്ത്യയിലെ സാഹചര്യങ്ങൾ വിശദമാക്കി ഇവിടെയുള്ള പാവപ്പെട്ട കുട്ടികളെ സഹായിക്കാൻപറ്റുന്ന ചില സാഹചര്യങ്ങൾ അച്ചൻ ഒരുക്കി. അങ്ങനെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള ചിൽഡ്രൻസ് ഹോമിനെ അവിടെയുള്ള ആളുകൾ സഹായിക്കുമായിരുന്നു. ജർമ്മനിയിൽ ആയിരുന്നപ്പോഴും അദ്ദേഹം നാട്ടിലുള്ള പാവങ്ങളെ സഹായിക്കാൻ മാർഗങ്ങൾ ഒരുക്കിയിരുന്നു.

ഭരണങ്ങാനം, പൂവത്തോട് ആണ് ഫാ. സ്‌കറിയയുടെ സ്വദേശം. പരേതരായ വർക്കിച്ചൻ – ത്രേസ്യാ എന്നിവരാണ് മാതാപിതാക്കൾ. പത്തുമക്കളിൽ മൂത്തയാളാണ് ഫാ. സ്‌കറിയ. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരനും വൈദികനാണ്. ക്ലരീഷ്യൻ സന്യാസ സമൂഹാംഗമായ ഫാ. പയസ് തുരുത്തിയിൽ, ഇപ്പോൾ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ പ്രൊവിൻഷ്യൽ ആണ്. ജോസ്-അച്ചാമ്മ, വക്കച്ചന്‍-കുട്ടിയമ്മ, (late)കൊച്ചേട്ടന്‍-മോളി, മേരിയമ്മ-ചാക്കോച്ചന്‍, സണ്ണി-ജോളി, അപ്പച്ചായി-ബെറ്റി, സിബി-അജി, ഡോളി-ജോജി എന്നിവരാണ്‌ മറ്റു സഹോദരങ്ങള്‍.

റവ. ഡോ. സ്കറിയ തുരുത്തിയിൽ, തന്റെ അറിവും കഴിവും ഒട്ടും കുറയാതെ തിരുസഭയ്ക്കു നൽകിയ, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഈ അതുല്യപ്രതിഭ മലയാളിസമൂഹത്തിനും തിരുസഭയ്ക്കും നമ്മുടെ നാടിനുതന്നെയും ഒരു മുതൽക്കൂട്ടാണ്. ഫാ. സ്കറിയക്ക് ലൈഫ്ഡേയുടെ ആശംസകൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.