അവർ മൂന്നു സ്ത്രീകളെ ജീവനോടെ കത്തിക്കാൻ തീരുമാനിച്ചു; ഈ മലയാളിവൈദികൻ അവരെ രക്ഷിച്ചു

സി. സൗമ്യ DSHJ

കുറ്റമാരോപിക്കപ്പെടുന്ന സ്ത്രീകളെ ‘സങ്കുമ’ എന്നാണ് വിളിക്കാറ്. ഈ സങ്കുമകളെ ഇവർ വളരെ ക്രൂരമായി പീഡിപ്പിക്കും. അങ്ങേയറ്റം പൈശാചികമായ രീതിയിലുള്ള പീഡനങ്ങൾക്കുശേഷം അവരെ ജീവനോടെ കത്തിക്കുകയോ, ക്രൂരമായി കൊല്ലുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള മൂന്നു സ്ത്രീകളെയാണ് മരണമുഖത്തുനിന്നും ഫാ. മാത്യു രക്ഷപെടുത്തിയത്. തുടർന്നു വായിക്കുക. 

പാപുവ ന്യൂ ഗ്വിനിയ. ലോകത്ത് കേട്ടുകേഴ്വി പോലുമില്ലാത്തതരത്തിലുള്ള അന്ധവിശ്വാസങ്ങൾ ഇവിടെയുണ്ട്. അന്ധവിശ്വാസങ്ങളുടെ പേരിൽ ആളുകളെ ജീവനോടെ ചുട്ടുകൊല്ലുന്ന ആ നാട്ടിൽ കഴിഞ്ഞ 12 വർഷങ്ങളായി ശുശ്രൂഷചെയ്യുന്ന ഒരു മലയാളി മിഷനറി വൈദികനാണ് ഫാ. മാത്യു പനച്ചിപ്പുറം. സി.എസ്.റ്റി സന്യാസ സമൂഹത്തിലെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിലെ അംഗമാണ് അദ്ദേഹം. അച്ചന്റെ അഭിപ്രായത്തിൽ 845 -ഓളം വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരും വിവിധ ഗോത്രങ്ങളിലുള്ളവരും വസിക്കുന്ന ഇവിടം വ്യത്യസ്തതകളുടെ ഒരു ലോകം തന്നെയാണ്. താൻ അനുഭവിക്കുകയും സാക്ഷിയാകുകയും ചെയ്ത മിഷൻ അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് ഈ മിഷനറി വൈദികൻ.

മിഷൻപ്രവർത്തനത്തിനായി പാപുവ ന്യൂ ഗ്വിനിയയിലേക്ക്

സി.എസ്.റ്റി വൈദികർ 2000 മുതൽ പാപുവ ന്യൂ ഗ്വിനിയയിൽ സേവനംചെയ്യുന്നുണ്ട്. അങ്ങനെയാണ് ഫാ. മാത്യു ഈ മിഷനെക്കുറിച്ച് കൂടുതൽ അറിയുകയും മനസ്സിലാക്കുകയും പാപുവ ന്യൂ ഗ്വിനിയയിലേക്ക് മിഷനറിയായി പോകുകയും ചെയ്തത്. പോർട്ട് മൊർസ്‌ഡേ (Port Moresdy) രൂപതയിലെ സൊഗേരി (Sogeri) ഇടവകയിലാണ് അച്ചൻ ഇപ്പോൾ ശുശ്രൂഷചെയ്യുന്നത്. രാജ്യത്തിലെ വിവിധ സ്ഥലങ്ങളിൽ, പത്താം ക്ലാസ്സിൽ കൂടുതൽ മാർക്ക് നേടിയവരെ ഗവണ്മെന്റ് സെലക്ട് ചെയ്ത് ഹോസ്റ്റലിൽ കൊണ്ടുവന്നു പഠിപ്പിക്കും. അങ്ങനെയുള്ള കത്തോലിക്കരായ യുവജനങ്ങളുടെ മേൽനോട്ടമാണ് ഇപ്പോൾ അച്ചനുള്ളത്.

കടുത്ത അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ഒരിടം. എന്നാൽ ഏറ്റവും രസകരം 95 ശതമാനത്തിലധികവും ക്രിസ്ത്യാനികളാണ് ഇവിടെയുള്ളത് എന്നതാണ്. ഗോത്രസംസ്കാര രീതിയാണ് ഈ സമൂഹം പുലർത്തുന്നത്. വിവിധ ഗോത്രങ്ങളുള്ളതിനാൽ അതിന്റെ നന്മയും ദൂഷ്യവശങ്ങളും സാരമായിത്തന്നെ ഈ നാടിനെ ബാധിക്കുന്നുണ്ട്. പൊതുവെ, ഈ ആളുകൾക്ക് മിഷനറിമാരോട് വളരെ സ്നേഹവും ബഹുമാനവുമുള്ളവരാണ്. ഓരോ ഗോത്രത്തിൽപെട്ടവരും വ്യത്യസ്ത സ്വഭാവരീതി പുലർത്തിവരുന്നു.

1975 -ലാണ് പാപുവ ന്യൂ ഗ്വിനിയ ഒരു സ്വതന്ത്രരാജ്യമായി മാറിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രേലിയയുടെ അധീനതയിലായിരുന്ന പാപുവ ന്യൂ ഗ്വിനിയയ്ക്ക് 150 വർഷത്തെ ക്രൈസ്തവ വിശ്വാസപാരമ്പര്യമേയുള്ളൂ. പ്രകൃതിവിഭവങ്ങൾ ഏറെയുണ്ടെങ്കിലും അവയൊന്നും പ്രയോജനകരമായരീതിയിൽ വിനയോഗിക്കാനോ, അതിൽനിന്നും സാമ്പത്തികലാഭം ഉണ്ടാക്കാനോ അവർക്ക് സാധിക്കുന്നില്ല.

അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട ഒരു ജനത

പ്രാകൃതമായ നിരവധി അന്ധവിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്ന ഒരു രാജ്യമാണ് പാപുവ ന്യൂ ഗ്വിനിയ. ഉദാഹരണം പറഞ്ഞാൽ, ഇവിടെ ആരെങ്കിലും പെട്ടെന്ന്  മരണപ്പെട്ടാൽ അതിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിക്കുക, ഒരു സ്ത്രീ അവന്റെ ഹൃദയം എടുത്തുകഴിച്ചു എന്നതാണ്. അടുത്ത നടപടി, ഏതെങ്കിലുമൊരു സ്ത്രീയെ കണ്ടെത്തി ഹൃദയം കഴിച്ച കുറ്റം ആരോപിക്കലാണ്. ഇപ്രകാരം കുറ്റമാരോപിക്കപ്പെടുന്ന സ്ത്രീകൾ പൊതുവെ ‘സങ്കുമ’ (sanguma) എന്നപേരിലാണ് അറിയപ്പെടുന്നത്. ഇവർക്ക് ആ മരണവുമായി യാതൊരു ബന്ധവുംകാണില്ല. എങ്കിലും ഈ സങ്കുമകളെ ഇവർ വളരെ ക്രൂരമായി പീഡിപ്പിക്കും. അങ്ങേയറ്റം  പൈശാചികമായ രീതിയിലുള്ള പീഡനങ്ങൾക്കുശേഷം അവരെ ജീവനോടെ കത്തിക്കുകയോ, ക്രൂരമായി കൊല്ലുകയോ ചെയ്യുന്നു. ഇത്തരം രീതികളിൽനിന്ന് അവരെ പിന്തിരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏതെങ്കിലും തരത്തിൽ ഒരു സ്ത്രീയോട് വിരോധമുണ്ടെങ്കിൽ ഇത്തരം ‘സങ്കുമ’ ആരോപിക്കപ്പെട്ടാൽ അവൾക്ക് മരണം നിശ്ചയമാണ്.

ഫാ. മാത്യു, തന്റെ പ്രവർത്തനമേഖലയിൽ ഇപ്രകാരം സങ്കുമ ആരോപിക്കപ്പെട്ട മൂന്നു സ്ത്രീകളെ രക്ഷപെടുത്തി. അദ്ദേഹം പറയുന്നു: “ഒരാളിൽ സങ്കുമ ആരോപിക്കപ്പെട്ടാൽ അതിൽനിന്നും അവരെ രക്ഷപെടുത്തുക അസാധ്യമാണ്. കാരണം, ആ പ്രദേശത്തുള്ളവർ മുഴുവൻ സങ്കുമ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് എതിരാകും. ആരെങ്കിലും അനുഭാവം പ്രകടിപ്പിച്ചാൽ, അവർ ആയിരിക്കുന്ന ഗോത്രനിയമങ്ങൾക്ക് എതിരാകും. അതിനാൽത്തന്നെ ആരും ഇത്തരം സ്ത്രീകളോട് അനുഭാവം കാണിക്കാറില്ല.

ഒരു യാത്രാമധ്യേ, സങ്കുമ ആരോപിക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത് കാണാനിടയായി. ഇടവകയുമായി ബന്ധപ്പെട്ടുനിൽക്കുന്ന കാറ്റിക്കിസ്റ്റുമാരെ ആദ്യം ബോധവൽക്കരിച്ച് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. മരിച്ച ആളുടെ ഹൃദയം അവിടെത്തന്നെ ഉണ്ടെന്നും ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും പറഞ്ഞപ്പോൾ ആൾക്കാർ രണ്ട് വ്യത്യസ്ത അഭിപ്രായമുള്ളവരായി തിരിഞ്ഞു. ആ സമയം അച്ചൻ ഇടപെട്ട് അവരെ ശാന്തരാക്കി. തികച്ചും പൈശാചികമായ രീതിയാണ് അവർ പിന്തുടരുന്നതെന്ന് അവരെ ബോധ്യപ്പെടുത്തി. അങ്ങനെ, 22-നും 25-നുമിടയിൽ പ്രായമായ മൂന്നു സ്ത്രീകളെ ജീവനോടെ കത്തിക്കുക എന്ന ഉദ്യമത്തിൽനിന്നും മോചിപ്പിക്കാൻ അച്ചനു സാധിച്ചു. അവരെ ഞാൻ തന്നെ അവിടെനിന്നും മോചിപ്പിച്ച് അടുത്തുള്ള മഠത്തിൽ ഏല്പിച്ചു. ഇത്തരം ചെറുതും വലുതുമായ അന്ധവിശ്വാസരീതികൾക്ക് പതിയെ മാറ്റം വന്നുതുടങ്ങുന്നു” – ഫാ. മാത്യു പറയുന്നു.

കൂദാശകൾ പരികർമ്മം ചെയ്യാൻ മൂന്നുദിവസം തുടർച്ചയായി കാൽനടയാത്ര

മൂന്നുദിവസങ്ങൾ കാൽനടയായി സഞ്ചരിച്ച് ഇടവകപ്രവർത്തനങ്ങൾക്കായി പോകുന്ന വൈദികരുണ്ട്. ചതുപ്പുനിലങ്ങളും ബുദ്ധിമുട്ടേറിയ വഴികളും താണ്ടിയുള്ള യാത്ര. നമ്മുടെ നാട്ടിലെ കാലിത്തൊഴുത്തിനേക്കാളും ചെറുതാണ് ഇവിടുത്തെ ഗ്രാമങ്ങളിലെ പള്ളികൾ. കാരണം ഒരു ഇടവകയുടെ കീഴിൽ ഇരുപത്തിമൂന്ന് വില്ലേജുകൾ ഉൾപ്പെടുന്നു. വൈദികരുടെ കുറവുമൂലം വിശുദ്ധ കുർബാന, കുമ്പസാരം എന്നിവ വളരെ കുറവാണ്. മാസത്തിൽ ഒരുപ്രാവശ്യം മാത്രമേ ഗ്രാമങ്ങൾ കയറിയിറങ്ങി കൂദാശകൾ പരികർമ്മം ചെയ്യാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നത് മൂന്നു വർഷക്കാലം പ്രത്യേക പരിശീലനം ലഭിച്ച കാറ്റിക്കിസ്റ്റുമാരാണ്. അവരുടെ സേവനങ്ങൾക്ക് ഒരു ചെറിയ തുക പ്രതിഫലമായി നൽകിവരുന്നു. നാം പരിശീലിപ്പിക്കുന്നതനുസരിച്ച് ഇവരുടെ ഇടയിലെ അന്ധവിശ്വാസങ്ങൾക്ക് കുറേശ്ശെ മാറ്റംവരികയും അവർ അവരുടെ കൂടെയുള്ളവരെ പറഞ്ഞുബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളോട് ഇവർ നല്ലരീതിയിലാണ് പ്രതികരിക്കുന്നത്.

ഇവരുടെ പാട്ട്, നൃത്തം, ഗോത്രരീതിയിലുള്ള വ്യത്യസ്ത സംസ്കാരങ്ങൾ ഇവയെല്ലാം സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മിഷനറിമാരുടെ പ്രവർത്തനരീതിയിലുള്ള വ്യത്യസ്തതയും തുടർച്ചയില്ലാത്തതും ഇവരുടെ വിശ്വാസജീവിതത്തെ സാരമായി ബാധിക്കുന്നു എന്നതും മറച്ചുവയ്ക്കാനാവാത്ത സത്യംതന്നെ. അവർക്ക് സ്വീകാര്യരായ വ്യക്തികളുടെ വാക്കുകൾമാത്രമേ അവർ ചെവിക്കൊള്ളുകയുള്ളൂ. അവരുടെ ഇടയിൽ സ്വാധീനംചെലുത്താൻ സാധിച്ചാൽ മാറ്റങ്ങൾ വരുത്താനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും വളരട്ടെ എളുപ്പം സാധിക്കും.

വ്യത്യസ്‍തമായ ആഘോഷരീതികൾ

845 -ഓളം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വിവിധ ഗോത്രങ്ങളിലുള്ളവരും വസിക്കുന്ന ഇവിടെ, ടോക് പിസിൻ (Tok Pidigin) എന്ന ഭാഷയാണ് കൂടുതൽ ആളുകൾ സംസാരിക്കുന്നത്; ടൗണുകളിലുള്ളവർക്ക് കുറച്ച് ഇംഗ്ലീഷ് ഭാഷയും അറിയാം. ഒപ്പം ഓരോ ഗോത്രത്തിനും അതിന്റേതായ അലങ്കാരങ്ങളും വസ്ത്രങ്ങളുമുണ്ട്. എന്നിരുന്നാലും ഗോത്രങ്ങൾ തമ്മിലുള്ള വഴക്കുകൾ ഇവിടെ പതിവാണ്. മിഷനറിമാരുടെ വരവോടെയാണ് ഇവർ കാടുകളിൽ നിന്ന് നാട്ടിലെത്തുന്നതും മനുഷ്യരായി ജീവിക്കാൻ ആരംഭിച്ചതും. അതിനാൽത്തന്നെ പലകാര്യങ്ങളിലും ഇവർ പിറകോട്ടാണ്.

എല്ലാ ആഘോഷങ്ങൾക്കും പ്രധാനപ്പെട്ട വിഭവം പന്നിയെ ചുട്ടെടുക്കുന്നതാണ്. വീട്ടിലെ പന്നികളുടെ എണ്ണമനുസരിച്ചാണ് ഒരാളുടെ സമ്പത്ത് നിശ്ചയിക്കുന്നത്. ആഘോഷങ്ങൾക്ക് പന്നിയെ കൊന്ന് ചുട്ടെടുക്കുന്നു. വിവാഹത്തിൽ പുരുഷന്മാരാണ് സ്ത്രീകൾക്ക് പണം കൊടുക്കുന്നത്. പ്രധാനമായും പണവും പന്നിയുമാണ് വിവാഹവുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്യുക. പള്ളിയിലെ ആഘോഷങ്ങൾക്ക് കൊല്ലുന്ന പന്നിയുടെ എണ്ണമനുസരിച്ച് ആഘോഷങ്ങളുടെ മാറ്റുകൂടുന്നു.

പ്രാകൃതമായ ആചാരങ്ങൾ 

മരണശേഷമുള്ള ഇവരുടെ ആചാരരീതികൾ വളരെ പ്രാകൃതമാണ്. ഒരാൾ മരിച്ചതിനുശേഷം 20 ദിവസത്തോളം മൃതദേഹം വച്ചുകൊണ്ടിരിക്കുന്നു. അപ്പോഴേക്കും മൃതദേഹം ഏറ്റവും മോശമായ അവസ്ഥയിലാകുന്നു. മൃതസംസ്കാര ശുശ്രൂഷകൾക്ക് വരുന്നവരെല്ലാം ഭക്ഷണസാധനങ്ങൾ കൊണ്ടുവരും. അതെല്ലാം കഴിച്ച്, മദ്യപിച്ച് എല്ലാവരും ആ മരണവീട്ടിലായിരിക്കും. ആഘോഷത്തിന്റെ ഒപ്പം എല്ലാവിധ അസാന്മാർഗികതയും നടമാടും.

ആദ്യമൊക്കെ അച്ചനെ ഇവർ മരണവിവരം അറിയിക്കുകയില്ലായിരുന്നു. എന്നാൽ ഇപ്പോൾ മിക്കവരും മരണവിവരം അറിയിക്കും. അച്ചൻ വന്ന് മരിച്ചവർക്കുള്ള പ്രാർഥനകൾ ചൊല്ലും. എന്നാൽ ഇത്രയുംദിവസം മൃതദേഹം മറവുചെയ്യാതെ വച്ചുകൊണ്ടിരിക്കരുതെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൂരെനിന്ന് ആളുകൾ വരാനാണെന്നാണ് ഇവർ പറയുന്ന കാരണം. എന്നാൽ അത് വെറുമൊരു ന്യായംമാത്രമാണ്.  പറഞ്ഞുബോധ്യപ്പെടുത്തിയതിന്റെ ഫലമായി ചിലയിടങ്ങളിൽ ദിവസത്തിന്റെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

“ഇവർ പന്നിയെ കൊല്ലുന്നതിനു പറയുന്ന കാരണം, പന്നിയുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടാനാണ് എന്നതാണ്. എന്നാൽ അത് ശരിയല്ല എന്നും ക്രിസ്തുവിന്റെ രക്തത്താലാണ് നാം വിശുദ്ധീകരിക്കപ്പെടേണ്ടതെന്നും പറഞ്ഞുകൊടുത്തു. ഒരുപാടു നാളത്തെ പരിശ്രമങ്ങൾക്കുശേഷമാണ് അവരുടെ ആചാരരീതികൾക്ക് മാറ്റംവരുത്താൻ സാധിക്കുന്നത്. ആധ്യാത്മിക കാര്യങ്ങളിൽ തുടർച്ചയില്ലാത്തത് ഇവരുടെ വിശ്വാസം ക്ഷയിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കാരണം ഇവരെ എങ്ങനെ വേണമെങ്കിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒരു സമൂഹമാണ്. അതിനാൽത്തന്നെ പെന്തക്കോസ്തു പോലുള്ള വ്യത്യസ്ത വിഭാഗങ്ങൾ ഇവിടെ ശക്തമാണ്” – ഫാ. മാത്യു ലൈഫ് ഡേയോട് പറയുന്നു.

സ്ത്രീകളും കുട്ടികളും

കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വളരെ കുറവാണ്. സ്കൂൾ തുറക്കുമ്പോൾ 500 കുട്ടികളുണ്ടെങ്കിൽ അവസാനമാകുമ്പോഴേക്കും അത് നൂറോ, അമ്പതോ ആയി ചുരുങ്ങും. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ബോധ്യം ഇവർക്കിടയിൽ വളരെ കുറവാണ്. അതിനാൽത്തന്നെ സ്കൂൾവിദ്യാഭ്യാസത്തിന് ഇവർ ഒട്ടുംതന്നെ പ്രാധാന്യം കൊടുക്കുന്നില്ല.

ചെറുപ്പത്തിൽ മുതലേ ധാർമ്മികമായ രീതിയിലുള്ള അവബോധം കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. എന്നാൽ ഇവിടുത്തെ സ്ത്രീകൾ പൊതുവെ ശക്തരാണ്. പറമ്പിലും കൃഷിയിടങ്ങളിലും ജോലിചെയ്യുന്നത് സ്ത്രീകൾ മാത്രമായിരിക്കും. പുരുഷന്മാരുടെ പ്രധാനജോലി കാട്ടിൽപോയി വിറക് ശേഖരിക്കുകയാണ്. മക്കളില്ലാത്ത സ്ത്രീകളെ ഭർത്താക്കന്മാർ  ഉപേക്ഷിക്കും. വിവാഹം കഴിച്ച് ജീവിക്കുന്നതിനുപകരം ഇപ്പോൾ ഒന്നിച്ചുതാമസിക്കുന്ന രീതിയും (Living Together) ഇവരുടെയിടയിൽ വ്യാപകമാകുന്നുണ്ട്. യൂറോപ്യൻസംസ്കാരത്തിന്റെ സ്വാധീനം ഇവരുടെയിടയിൽ ഇപ്പോൾ ശക്തമായി ഉണ്ട്. സ്ത്രീകളാണ് ഇവിടെ കൂടുതൽ ജോലിചെയ്യുന്നത്.

വ്യത്യസ്‌തകൾ നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹമാണെങ്കിലും ഇവരുടെയിടയിൽ ക്രിസ്തുവിന്റെ സന്ദേശം മാറ്റംവരുത്തുമെന്ന പ്രതീക്ഷ ഈ മിഷനറിമാർക്കുണ്ട്. വളരെ പ്രാകൃതമായ ആചാരങ്ങൾ പിന്തുടരുന്ന ഈ ജനങ്ങൾക്കിടയിൽ അവരുടെ ജീവിതരീതികളുമായി സമരസപ്പെട്ടുകൊണ്ട് വർഷങ്ങളായി ക്രിസ്തുവിന്റെ സ്നേഹം പകരുന്ന ഫാ. മാത്യു പനച്ചിപ്പുറത്തിന് ലൈഫ് ഡേയുടെ ആശംസകൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.