അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര: ജൂലൈ 24 – അൽഫോൻസാമ്മയെപ്പോലെ ദൈവത്തിന്റെ കൈയൊപ്പുള്ള വിശുദ്ധസൗഹൃദങ്ങൾ നമുക്കും വളർത്തിയാലോ?

സി. റെറ്റി എഫ്. സി. സി.

“ദൈവസ്നേഹത്തിനു തടസമായ അല്പസ്നേഹം പോലും എന്നിലുണ്ടെങ്കിൽ അത് എന്നിൽനിന്നും മാറ്റിത്തരണമേ എന്നുമാത്രമേ ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുള്ളൂ” – വി. അൽഫോൻസാമ്മ.

നമുക്കു ചിരിക്കാനും കരയാനും നമ്മുടെ രഹസ്യങ്ങൾ പങ്കിടാനും ഒരു സുഹൃത്ത് ഉണ്ടായിരിക്കുക നല്ല കാര്യമാണ്. നല്ല സൗഹൃദങ്ങൾ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. “വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ടമായ സങ്കേതമാണ്. അവനെ കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു” (പ്രഭാ. 6:14). “വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതമാണ്. അവൻ, നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു എന്നുമാത്രമല്ല നിങ്ങൾ ആരായിരിക്കണം എന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു” (പ്രഭാ. 6:16).

സൗഹൃദം രണ്ടു വ്യക്തികൾ തമ്മിലുള്ള മനോഹരവും അർഥവത്തായതുമായ ഒരു ബന്ധമാണ്. ഇതൊരു നിധിയാണ്. അത് നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും നമ്മുടെ വളർച്ചയിൽ പ്രോത്സാഹനം നൽകുകയും നമ്മുടെ തളർച്ചയിൽ താങ്ങാവുകയും ചെയ്യുന്നു. ഇത് വിലയേറിയ ഒരു സമ്മാനമാണ്. ഓരോ സുഹൃത്തും ദൈവത്തിന്റെ ദാനമാണ്. സ്നേഹത്തിലൂടെ, കരുതലിലൂടെ, പരിശ്രമത്തിലൂടെ സൗഹൃദത്തെ പരിപോഷിപ്പിച്ചാൽ നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് ഒരു ഉത്തമസുഹൃത്തായി നമുക്കു ലഭിക്കുന്നത്.

ഭൗതികതലത്തിലോ, ആത്മീയതലത്തിലോ ഉയർന്നുവന്നിട്ടുള്ള ഏതൊരു വ്യക്തിയുടെയും ജീവിതം ഒന്ന് ഉരച്ചുനോക്കിയാൽ അവരുടെ ഉയർച്ചതാഴ്ചകളിൽ അവരോടൊപ്പം നിന്നിട്ടുള്ള, പ്രോത്സാഹിപ്പിച്ചിട്ടുള്ള, ശക്തിപ്പെടുത്തിയിട്ടുള്ള ചില വ്യക്തികളുടെ സ്വാധീനം കാണാൻ സാധിക്കും. വി. ഫ്രാൻസിസ് – വി. ക്ലാര, വി. യോഹന്നാൻ ക്രൂസ് – വി. അമ്മ ത്രേസ്യ, വി. ഇഗ്നേഷ്യസ് – വി. ഫ്രാൻസിസ് സേവ്യർ, വി. ബെനഡിക്ട് – വി. സ്‌കോളാസ്റ്റിക്ക ഇവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

കുടമാളൂരിൽ ജനിച്ച് മുട്ടത്തുപാടത്തു വളർന്ന അന്നക്കുട്ടിയെ ഭരണങ്ങാനത്തെ വി. അൽഫോൻസയാക്കിമാറ്റാൻ സഹായിച്ചിട്ടുള്ള സൗഹൃദങ്ങൾ ഏറെയാണ്. 36 വർഷം തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരോടും സൗഹൃദഭാവം കാത്തുസൂക്ഷിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു. കാരണം, “മധുരമൊഴി സ്നേഹിതരെ ആകർഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു” (പ്രഭാ. 6:5).

സ്വർഗവുമായുള്ള അടുപ്പമായിരുന്നു അവരുടെ ഏറ്റവും വലിയ സൗഹൃദം. ക്രൂശിതനായ ഈശോ ആയിരുന്നു മണവാളൻ. മണവാളന്റെ എല്ലാ ഓഹരിയിലും അവർ പങ്കുചേർന്നു. “ഞാൻ ഈശോയുടെ മണവാട്ടിയല്ലേ, മണവാളന്റെ വേദനകൾ ഓർക്കുമ്പോൾ എന്റേത് എത്ര നിസാരം” എന്ന് അവൾ കൂടെക്കൂടെ പറയുമായിരുന്നു. പരിശുദ്ധ കന്യകാമറിയം അവരുടെ സ്വർഗീയമധ്യസ്ഥയും സ്വന്തം അമ്മയുമായിരുന്നു. “സ്വർഗത്തിൽ എനിക്ക് സ്നേഹമുള്ള ഒരു അമ്മയുണ്ട്. ആ അമ്മയെക്കുറിച്ചു പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയും” എന്ന് അവൾ പറഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ അവളുടെ ആദർശരൂപവും വഴികാട്ടിയുമായിരുന്നു. വി. അൽഫോൻസ് ലിഗോരി അവളുടെ പേരിനു കാരണഭൂതനായ വിശുദ്ധനായിരുന്നു. ‘പഴം വേണ്ടവർ വൃക്ഷത്തിന്റെ അടുക്കൽ ചെല്ലുവിൻ’ എന്നു പ്രബോധിച്ച ഈ വിശുദ്ധനിലൂടെയാണ് ദൈവമാതൃഭക്തി അവൾ പരിശീലിച്ചത്. വി. ചാവറയച്ചൻ അവളുടെ ആത്മീയശക്തിയായിരുന്നു. ചാവറയച്ചെന്റെ മധ്യസ്ഥ്യം വഴി രോഗത്തിൽനിന്ന് അവൾക്ക് സൗഖ്യം കിട്ടി. വീട്ടുകാരുമായുള്ള സൗഹൃദം അവൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അവളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും മടിയിലിരുത്തി പ്രാർഥനയും സുകൃതജപങ്ങളും ചൊല്ലിപ്പഠിപ്പിച്ച വ്യക്തി അവളുടെ വല്യമ്മച്ചി ആയിരുന്നു.

വിലനൽകാതെ വിലപ്പെട്ടതൊന്നും ലഭിക്കുകയില്ലെന്ന് പഠിച്ചത് സ്വന്തം അപ്പനിൽനിന്നായിരുന്നു. ഒൻപതു വയസുവരെ പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന ഈ കുട്ടിയുടെ ജീവിതത്തെ ചിട്ടയായും ക്രമമായും പരുവപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി സ്വർഗീയ അപ്പച്ചൻ ഒരുക്കിയ ഒരു കളരിയായിരുന്നു പേരമ്മയുടെ വീട്. സ്നേഹപ്രകൃതിയും മൃദുലസ്വഭാവക്കാരിയുമായിരുന്ന അന്നക്കുട്ടിയെ മുരിക്കൽ വീട്ടിൽ പിടിച്ചുനിർത്തിയത് പേരപ്പനോടുള്ള സൗഹൃദമായിരുന്നു.

പേരമ്മയുടെ ആൺമക്കളോടൊത്തുള്ള ജീവിതം അവൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായിരുന്നു. മൂന്നാം ക്ലാസ് വരെ അന്നക്കുട്ടിയും, സഹപാഠിയും കൂട്ടുകാരിയുമായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയോട് അവൾക്ക് നല്ല സൗഹൃദമായിരുന്നു. സന്യാസജീവിതത്തിൽ പ്രവേശിച്ച നാൾമുതൽ അവളുടെ ജീവിതത്തെ സ്വാധീനിച്ച സുഹൃദ്ബന്ധങ്ങൾ പുണ്യപൂർണ്ണതയെ ലക്ഷ്യംവച്ചുള്ള അവളുടെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. ആത്മീയഗുരുഭൂതരായ ബഹു. ഉർസുലാമ്മ, ബഹു. ലൂയിസ് അച്ചൻ, ബഹു. റോമുളൂസ് അച്ചൻ, ബഹു. പിണക്കാട്ടച്ചൻ, അഭിവന്ദ്യ കാളാശ്ശേരി ജെയിംസ് മെത്രാൻ എന്നിവരെല്ലാം അവളെ മെനഞ്ഞെടുത്ത മഹാശില്പികളാണ്.

സന്യാസ സമൂഹാംഗങ്ങൾ അവളുടെ നല്ല സുഹൃത്തുക്കളായിരുന്നു. സ്വാർഥതയുടെ കെട്ടുകൾ തകർത്തുകൊണ്ട് സുഹൃത്തുക്കളെ അവരായിരിക്കുംവിധം അംഗീകരിക്കുന്ന അനേകം അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഏവർക്കും അവൾ ഒരു നല്ല സുഹൃത്തായിത്തീർന്നു. മഠത്തിലെ ആശ്രമശുശ്രൂഷികളായിരുന്ന ചേച്ചിമാരും അവളുടെ സുഹൃദ്വലയത്തിൽ ഉൾപ്പെട്ടിരുന്നു.

ഏതു ജീവിതമാണെങ്കിലും സൗഹൃദങ്ങൾ വേണം. സൗഹൃദത്തിന് പ്രായമോ, ലിംഗമോ, സ്ഥാനമോ ഒന്നും വിഷയമല്ല. അൽഫോൻസാമ്മയുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾമുതൽ ക്രിസ്തുനാഥൻവരെയുള്ളവർ അവളുടെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടിരുന്നു. ഓരോ സൗഹൃദവും നമുക്ക് സമ്മാനിക്കേണ്ടത് ആത്മീയവും മാനസികവും ബൗദ്ധികവും ഭൗതികവുമായ വളർച്ചയായിരിക്കണം. വളരേണ്ടത് ഒരു വ്യക്തി മാത്രമല്ല, സുഹൃത്തുക്കൾ ഒരുമിച്ച് ആയിരിക്കണം. മാതൃ-പിതൃബന്ധത്തിലും, സഹോദരബന്ധത്തിലും, അധികാര-അധീനബന്ധത്തിലും, ഒരു സൗഹൃദത്തിന്റെ തണൽ രൂപപ്പെടുത്താൻ നമുക്കു കഴിയട്ടെ. അതിനുവേണ്ടത് പരസ്പരവിശ്വാസവും വിശ്വസ്തതയും തന്നെയാണ്. ഇവ രണ്ടും ഉള്ളിടത്ത് സൗഹൃദം വളരും. ബന്ധങ്ങൾക്കുള്ളിലെ സൗഹൃദമാണ് ബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നത്. അതിനാൽ, ദൈവത്തിന്റെ കൈയൊപ്പുള്ള നല്ല സൗഹൃദങ്ങൾ, അഭിഷേകമുള്ള, കൃപയുള്ള സുഹൃത്തുക്കൾ നമുക്കുണ്ടാവട്ടെ.

സി. റെറ്റി FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.