സന്യാസിനിയാവുക എന്ന ജാപ്പനീസ് പെൺകുട്ടിയുടെ സ്വപ്‍നസാക്ഷാത്ക്കാരത്തിനായി പ്രയത്നിച്ച സ്പെയിനിലെ ഒരു ഗ്രാമം

മസാക്കോ കിമുറ എന്ന ജാപ്പനീസ് പെൺകുട്ടിയുടെ ദൈവവിളിയുടെ കഥയാണിത്. ജപ്പാനിലാണെങ്കിലും അവൾ സന്യാസിനിയാകാൻ ആഗ്രഹിച്ചത് സ്പെയിനിലാണ്. ആ സ്വപ്‍നസാഷാത്ക്കാരത്തിനായി സ്പെയിനിലെ ഒരു പട്ടണം മുഴുവൻ എപ്രകാരം പരിശ്രമിച്ചുവെന്ന് വായിച്ചറിയാം.

1963- ൽ സ്പെയിനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ സരഗോസയിലെ അൽപാർട്ടീർ എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന മാരി എന്ന അധ്യാപികയ്ക്ക് വിദേശത്തു നിന്നും ഒരു കത്ത് ലഭിച്ചു. ജപ്പാനിലുണ്ടായിരുന്ന ഫാ. ഫ്രാൻസിസ്‌കോ സെൻഡോക്വിസ് എന്ന സ്പാനിഷ് മിഷനറിയെ മാരിക്ക് പരിചയമുണ്ടായിരുന്നു. ആ പ്രദേശത്ത് ഷിന്റോ മതവിഭാഗത്തിൽപ്പെട്ട ഒരു പുരോഹിതന്റെ മകൾ, മസാക്കോ കിമുറ എന്ന യുവതി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ആ യുവതിയെക്കുറിച്ച് പറയാനാണ് അദ്ദേഹം മാരിക്ക് കത്തെഴുതിയത്.

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മസാക്കോ, തന്നെ ഒരു സന്യാസിനിയാകാൻ ദൈവം വിളിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞു. പുവർ ക്ലെയർ സിസ്റ്റേഴ്‌സ് ഇൻ ആർനെഡോ എന്ന സന്യാസ സമൂഹത്തിൽ പ്രവേശിക്കാൻ അവൾ ആഗ്രഹിച്ചു. ആ മഠത്തിലെ സുപ്പീരിയർ, ഫാ. ഫ്രാൻസിസ്‌കോയുടെ സഹോദരിയായിരുന്നു. മാരിക്കുള്ള കത്തിലെ ഉള്ളടക്കം ഇതായിരുന്നു. അതിനു ശേഷം ആ മിഷനറി വൈദികൻ ഒരു സഹായം കൂടി മരിയോട് അഭ്യർത്ഥിച്ചു. ജപ്പാനിൽ നിന്ന് സ്പെയിനിലേക്ക് യാത്ര ചെയ്യാൻ മസാക്കോയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കാനുള്ള ചുമതല മാരിക്ക് ഏറ്റെടുക്കുമോ? അതായത് 40,000 പെസെറ്റാകും ഏകദേശം ചിലവ്. അന്ന് സ്‌പെയിനിലെ ശരാശരി ശമ്പളം ഏകദേശം 1,500 പെസെറ്റ ആയിരുന്നു.

പിന്നെ, മാരി ഒരു നിമിഷം പോലും താമസിച്ചില്ല. തന്റെ ഗ്രാമത്തിൽ ധനശേഖരണത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്യാൻ തുടങ്ങി. അവൾ ടൗൺ കൗൺസിലിനെയും ഇടവക വൈദികനെയും ഗ്രാമത്തിലുള്ള മറ്റുള്ളവരെയും വിവരം അറിയിച്ചു. അവർ എല്ലാവരും ഇടപെട്ടു. അങ്ങനെ മസാക്കോയ്ക്ക് യാത്രാച്ചെലവിനുള്ള പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തിനായി ഒരു ഗ്രാമം മുഴുവൻ പരിശ്രമിക്കാൻ തുടങ്ങി.

കുറച്ച് പണം ഗ്രാമവാസികൾ തന്നെ സ്വരുക്കൂട്ടി. എന്നാൽ, അതു മാത്രം പോരായിരുന്നു. അതിനാൽ അവർ പത്രങ്ങളിലേക്കും റേഡിയോ സ്റ്റേഷനുകളിലേക്കും കത്തുകളയച്ചു. ആ വർഷങ്ങളിൽ, സ്പാനിഷ് റേഡിയോ നെറ്റ്‌വർക്കിൽ അസാധാരണമായ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.’യു ആർ ഫോർമിഡബിൾ’ എന്നായിരുന്നു ആ പ്രോഗ്രാമിന്റെ പേര്. ഇത് സംവിധാനം ചെയ്തിരുന്നത് പത്രപ്രവർത്തകനായ ആൽബെർട്ടോ ഒലിവേറാസ് ആയിരുന്നു. മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കുന്ന ആളുകളെയാണ് ഈ ഷോയിലൂടെ കൂടുതൽ അവതരിപ്പിച്ചിരുന്നത്.

മസാക്കോ എന്ന ജാപ്പനീസ് പെൺകുട്ടിക്ക് യാത്ര ചെയ്യാനും കോൺവെന്റിൽ പ്രവേശിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ സ്പെയിനിലെ ആ ചെറിയ ഗ്രാമം ഒന്നടങ്കം പരിശ്രമിക്കുന്ന സംഭവം ആ റേഡിയോ പ്രോഗ്രാമിൽ സംപ്രേക്ഷണം ചെയ്ത് അധിക നാളുകൾ കഴിയുന്നതിനു മുമ്പു തന്നെ സംഭാവനകൾ ലഭിച്ചുതുടങ്ങി.

1963 മെയ് 7- ന് ടോക്കിയോയിലെ നരിത വിമാനത്താവളത്തിൽ നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിൽ മസാക്കോ കിമുറയും ഉണ്ടായിരുന്നു. സ്പെയിനിലെ വിമാനത്താവളത്തിൽ ആൽബെർട്ടോ ഒലിവേറാസ്, ക്രിസ്റ്റോബൽ ലോബെറ്റ് (അൽപാർട്ടറിന്റെ മേയർ), പട്ടണത്തിലെ ഇടവക വികാരി ഫാ. അന്റോണിയോ കോർട്ടെസ് എന്നിവർ അവളെ സ്വീകരിക്കാനായി കാത്തുനിന്നു.

മസാക്കോ, ആൽപാർട്ടറിൽ രണ്ടാഴ്ച ചെലവഴിച്ചു. തുടർന്ന് മഠത്തിൽ പ്രവേശിച്ചു. പരിശീലന കാലഘട്ടങ്ങൾക്കു ശേഷം സന്യാസിനിയായി. എന്നാൽ, മകൾ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും തുടർന്ന് സന്യാസജീവിതം സ്വീകരിക്കാനായി സ്പെയിനിലേക്കു പോയതും അവളുടെ മാതാപിതാക്കളെ വളരെയേറെ വേദനിപ്പിച്ചു. മകളുടെ അസാന്നിധ്യത്തിൽ ആ മാതാപിതാക്കൾ വളരെ ദുഃഖിതരായി. അതറിഞ്ഞ പത്രപ്രവർത്തകൻ ആൽബെർട്ടോ ഒലിവേരസ് ഒരു ആശയം കൊണ്ടുവന്നു – മസാക്കോയുടെ മാതാപിതാക്കൾക്ക് സ്പെയിനിൽ നിന്ന് കത്തുകൾ അയക്കുക. അവരുടെ മകൾ ഇവിടെ വളരെ സന്തോഷവതിയാണെന്നും അവളുടെ ദൈവവിളിയിൽ ജീവിക്കാൻ ഈ രാജ്യം തിരഞ്ഞെടുത്തതിൽ എല്ലാവരും സന്തുഷ്ടരാണെന്നും കത്തിലൂടെ ആ മാതാപിതാക്കളെ അറിയിക്കുക.

അതിനെ തുടർന്ന് ആ റേഡിയോ സ്റ്റേഷന് പിന്നീട് ഡസൻ കണക്കിന് കത്തുകൾ ലഭിക്കാൻ തുടങ്ങി. ‘മസാക്കോ കിമുറ സ്‌പെയിനിൽ സന്തോഷവതിയാണ്’ എന്നതായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഈ കത്തുകൾ കൈമാറാൻ ഗ്രാമത്തിലെ പോസ്റ്റ്മാൻ റാഫേൽ ബാരാങ്കോ, ജപ്പാനിലേക്ക് പോയി. കത്തുകൾ നേരിട്ട് കൈമാറുന്നതാണ് നല്ലതെന്നും ആളുകൾ കരുതിയതിനാലാണ് അങ്ങനെ ചെയ്തത്. അദ്ദേഹം കത്തുകളുമായി ടോക്കിയോയിലേക്ക് യാത്ര ചെയ്തു. കത്ത് കൈപ്പറ്റിയ മസാക്കോയുടെ മാതാപിതാക്കൾ സന്തോഷിച്ചു.

മസാക്കോയുടെ ജീവിതകഥയെ ആസ്‌പദമാക്കി പിന്നീട് ഒരു സിനിമ പോലും നിർമ്മിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.