
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതുദർശനത്തിനിടെ മാർപാപ്പയുടെ വേഷമണിഞ്ഞെത്തിയ ഒരു കുരുന്നും അവനെ സ്നേഹപൂർവം സ്വീകരിച്ച ലെയോ പതിനാലാമൻ മാർപാപ്പയുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കുഞ്ഞിന്റെ നിഷ്കളങ്കത കണ്ട് ഏറെ സന്തോഷിച്ച മാർപാപ്പ, അവൻ വളർന്നു വരുമ്പോൾ ദൈവിക വിളിയനുസരിച്ച് ഒരു വൈദികനാകാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
മാർപാപ്പയുടെ വെളുത്ത വസ്ത്രവും തലയിൽ ചെറിയ തൊപ്പിയും ധരിച്ച് മാർപാപ്പയുടെ അപരനായി എത്തിയ കുഞ്ഞിനെ കണ്ടപ്പോൾ സ്ക്വയറിലുണ്ടായിരുന്ന ആയിരക്കണക്കിന് തീർഥാടകർ ആവേശത്തിലായി. മാർപാപ്പ തന്റെ വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ നീങ്ങുമ്പോഴാണ് ഈ കുട്ടി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട അദ്ദേഹം കുഞ്ഞിനെ വാങ്ങി സ്നേഹപൂർവം ആശീർവദിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിച്ച മാർപാപ്പ, മകനെ ഇത്തരത്തിൽ ഒരുക്കിയതിലുള്ള സന്തോഷം പങ്കുവച്ചു. “ഈ കുഞ്ഞിന് വൈദികനാകാനുള്ള ദൈവവിളി ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം,” എന്ന് അദ്ദേഹം പറഞ്ഞു.
കുട്ടി പാപ്പയെ മാർപാപ്പ ആശീർവദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.




