ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ 7 പഴയനിയമ പ്രവാചകന്മാർ

ആഗമനകാലം ആരംഭിക്കുകയാണ്. ഈശോയുടെ ജനനത്തിനു മുന്നോടിയായി നമ്മുടെ മനസ്സുകളെ ഒരുക്കുന്ന സമയമാണ് ഇത്. പ്രത്യാശയോടെ നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന, രക്ഷകന്റെ വരവിനായി വിശുദ്ധിയോടെ ഒരുങ്ങാൻ സഹായിക്കുന്ന നിമിഷങ്ങളാണ് കടന്നുവരുന്നത്.

പഴയനിയമത്തിലും ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജനത്തെ അതിനായി ഒരുക്കിയ ഏതാനും പ്രവാചകന്മാർ ഉണ്ടായിരുന്നു. പ്രത്യാശയോടെ കാത്തിരിക്കാൻ പഴയനിയമ ജനതയെ ഒരുക്കിയ ആ പ്രവാചകന്മാർ ആരൊക്കെയെന്ന് നോക്കാം:

1. ഒബാദിയ

ഈശോയുടെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പഴയനിയമത്തിലെ പ്രവാചകൻ ഒബാദിയ ആണ്. “വിമോചകർ സീയോൻ മലയിൽ എത്തും. അവർ ഏസാവുമലയെ ഭരിക്കും. ആധിപത്യം കർത്താവിന്റേതായിരിക്കും” (1 :21).

2. നാഹും

ഒരു രക്ഷകൻ വരും എന്നും ദുഷ്ടനെ നിഗ്രഹിക്കും എന്നും പ്രവചിച്ച രണ്ടാമത്തെ പ്രവാചകനാണ് നാഹും പ്രവാചകൻ. ” സദ്‌വാർത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കപ്പെടുന്നവന്റെ പാദങ്ങൾ അതാ, മലമുകളിൽ! യൂദാ നീ നിന്റെ ഉത്സവങ്ങൾ ആചരിക്കുകയും നേർച്ചകൾ നിറവേറ്റുകയും ചെയ്യുക. എന്തെന്നാൽ ഇനി ഒരിക്കലും ദുഷ്ടൻ നിനക്കെതിരെ വരുകയില്ല. അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു’ (1:15).

3. ഹബക്കുക്ക്

ദൈവത്തിന്റെ ശക്തമായ കരത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത് പഴയനിയമത്തിൽ ഹബക്കുക്കിന്റെ പുസ്തകത്തിലാണ്. ‘ദൈവം തേമാനിൽനിന്ന്, പരിശുദ്ധൻ പാരാൻ പർവതങ്ങളിൽനിന്ന് വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്തുതികളാൽ ഭൂമി നിറഞ്ഞു. അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളിൽനിന്ന് രശ്മികൾ വീശുന്നു. അവിടെ തന്റെ ശക്തി മറച്ചുവച്ചിരിക്കുന്നു.’ (3: 3-4).

4. സെഫാനിയ

ഈശോയുടെ വരവിനെക്കുറിച്ചുള്ള അടുത്ത പ്രവചനം കാണുന്നത് സെഫാനിയയുടെ പുസ്തകത്തിലാണ്. ‘നിന്റെ ദൈവമായ കർത്താവ്, നിനക്ക് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേയുണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്നേഹത്തിൽ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും (3: 17,18).

5. ഹഗ്ഗായി

ഒരു രക്ഷകൻ വരും എന്നും ആ രക്ഷകന്റെ മഹത്വം ഇരട്ടിയായിരിക്കും എന്ന പ്രവചനം കാണുന്നത് ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തിലാണ്.’ സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. അല്പസമയത്തിനുള്ളിൽ ആകാശവും ഭൂമിയും കരയും കടലും ഞാൻ ഇളക്കും. അങ്ങനെ എല്ലാ ജനനതകളുടെയും അമൂല്യനിധി ഇവിടേക്കു  വരും. ഈ ആലയം ഞാൻ മഹത്വപൂർണ്ണമാക്കും’ (2: 6-7).

6. ദാനിയേൽ

ഈശോയെക്കുറിച്ചുള്ള പ്രവചനം വീണ്ടും കാണുന്നത് ദാനിയേൽ പ്രവാചന്റെ പുസ്തകത്തിലാണ്. ‘അക്രമം നിർത്തിവയ്ക്കുന്നതിനും പാപങ്ങൾക്ക് അറുതിവരുത്തുന്നതിനും കുറ്റങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിനും ശാശ്വതനീതി നടപ്പിലാക്കുന്നതിനും ദർശനത്തിനും പ്രവാചകനും മുദ്രവയ്ക്കുന്നതിനും അതിവിശുദ്ധ സ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനുംവേണ്ടി, നിന്റെ ജനത്തിനും വിശുദ്ധ നഗരത്തിനും വർഷങ്ങളുടെ എഴുപത് ആഴ്ചകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു (9:24).

7. ഏശയ്യാ

ഈശോയുടെ വരവിനെക്കുറിച്ച് ഏറ്റവും വ്യക്തവും ശക്തവുമായ പ്രവചനം കാണുന്നത് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലാണ്. ‘എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും’ (9:6).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.