ലോറൻസ് മാർ അപ്രേം: പുണ്യവാനായ മിഷനറിയുടെ ഓർമ്മ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഏപ്രിൽ എട്ടിന് ആചരിച്ചു

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പുണ്യവാനായ മിഷനറി ലോറൻസ് മാർ അപ്രേമിന്റെ ഓർമ്മ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഏപ്രിൽ എട്ടിന് ആചരിച്ചു.

ആരാണ് ലോറൻസ് മാർ അപ്രേം

മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സുവർണ്ണജൂബിലി സമ്മാനം.

1980 ഡിസംബർ 27-ന് കോട്ടയത്തു നടന്ന പുനരൈക്യ വാർഷികാഘോഷ വേദിയിൽ പുണ്യശ്ളോകനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.

 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വേറിട്ട കാൽവയ്പിന്റെ ഫലം

മലങ്കര സഭ എന്നാൽ പരമ്പരാഗത സുറിയാനിക്കാർ മാത്രമാണ് എന്ന മിഥ്യാധാരണ മാർ ഈവാനിയോസ് എന്ന മഹാമിഷനറി പൊളിച്ചെഴുതിയതിന്റെ പ്രഥമ സന്താനങ്ങളിൽ ഒരാൾ. നെയ്യാറ്റിൻകര താലൂക്കിലെ CSI നാടാർ പശ്ചാത്തലത്തിൽ നിന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഭാഗമായ ജെസ്റ്റസ് വിക്ടോറിയ ദമ്പതികളുടെ ആദ്യജാതൻ. കാഞ്ഞിരംകുളം പ്രദേശത്തിനടുത്തുള്ള വെള്ളെലുമ്പ് (മാർ അപ്രേം നഗർ) ഇടവകാംഗം. തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാല ഉപദേശിമാരിൽ ഒരാളായിരുന്നു മാർ അപ്രേം തിരുമേനിയുടെ പിതാവ്.

തീക്ഷ്‌ണമതിയായ മിഷണറി

നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ (മർക്കോ. 16:15) നമ്മുടെ ദൈവമായ കർത്താവ് തന്റെ ശിഷ്യന്മാർക്കു നൽകിയ ഈ ആഹ്വാനം അക്ഷരാർഥത്തിൽ പാലിച്ച മിഷനറിയാണ് അഭിവന്ദ്യ പിതാവ്. തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായി മുപ്പത്തിലധികം മിഷനുകളാണ് ഫാ. ലോറൻസ് ആരംഭിച്ചത്. കന്യാകുമാരി ജില്ലയിലും അനേകം മിഷനുകൾ പിതാവ് ആരംഭിച്ചു.

 വ്യത്യസ്തനായ മെത്രാൻ 

മലങ്കരയിലെ മെത്രാന്മാർ മാർ തോമാശ്ലീഹായുടെ തായ് വഴികളിലെ കുടുംബങ്ങളിൽ നിന്നും സുറിയാനി പശ്ചാത്തലത്തിൽ നിന്നും ഉള്ളവരായിരിക്കണം എന്ന പരമ്പരാഗത ധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു സഭാദർശനം പ്രാബല്യത്തിലാക്കിക്കൊണ്ട് മലങ്കര സുറിയാനി കത്തോലിക്കാ സഭ അദ്ദേഹത്തെ മേൽപ്പട്ട ശുശ്രൂഷയിലേക്കു ഉയർത്തി.

വേറിട്ട ശുശ്രൂഷ

കേരളത്തിൽ മാത്രം ഒതുങ്ങിക്കൂടി മലയാളം മാത്രം അറിയുന്നവർക്കു വേണ്ടി മാത്രമുള്ള സഭയാണ് മലങ്കര സുറിയാനി സഭ എന്ന ചിന്തയിൽ നിന്നും മാറി സഭയുടെ കാഴ്ചപ്പാടുകൾ വിശാലമാക്കിയപ്പോൾ തമിഴ് അറിയാവുന്നവർക്കായി മലങ്കര സുറിയാനി കത്തോലിക്കാ സഭ പുതിയ ഭദ്രാസനം മാർത്താണ്ഡം കേന്ദ്രമാക്കി ആരംഭിച്ചു. തദവസരത്തിൽ നവ ഭദ്രാസനത്തിൽ ശ്ലീഹായ്ക്കടുത്ത ശുശ്രൂഷ നിർവഹിക്കുന്നതിന് പരിശുദ്ധാത്മ നിയോഗം ലഭിച്ചത് അഭിവന്ദ്യ പിതാവിനാണ്.

 രോഗികളെ സ്നേഹിക്കുന്ന പിതാവ് 

അദ്ദേഹത്തിന്റെ നാൾവഴികളിൽ കണ്ടെത്താവുന്ന വ്യത്യസ്ത ജീവിതശൈലി തന്നെ ക്രിസ്തുശിഷ്യൻ മനഃപാഠമാക്കേണ്ടതാണ്. 1964 മുതൽ 1977 വരെ പിരപ്പൻകോടു കുഷ്ഠരോഗാശുപത്രിയുടെ ഡയറക്ടറായിരുന്ന അദ്ദേഹം കുടുംബാംഗങ്ങൾ പോലും ഉപേക്ഷിക്കുന്ന, നാടും നാട്ടാരും ആട്ടിയകറ്റുന്ന, ദുർഗന്ധം വമിക്കുന്ന കുഷ്ഠരോഗികളെ ഏറ്റെടുത്ത് പിരപ്പൻകോട് കുഷ്ഠരോഗാശുപത്രിയിൽ ശുശ്രൂഷ നൽകുന്നതിനും തീക്ഷ്ണമായി യത്‌നിച്ച മനുഷ്യസ്നേഹിയാണ്.

മാർത്താണ്ഡം രൂപതയുടെ ശൈശവദശയിൽ രൂപതാഭരണത്തിനാവശ്യമായ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം അദ്ദേഹത്തെ തമ്പുരാൻ 1997 ഏപ്രിൽ 8-ന് തന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.”എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും” (ജറെ. 3:15).

ഈ കർതൃവചനം പിതാവിന്റെ ജീവിതത്തിലൂടെ നിറവേറ്റപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ഓർമത്തിരുനാൾ ആചരിക്കുമ്പോൾ മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കൾക്ക് ശക്തി നൽകുന്നു. അദ്ദേഹത്തിന്റെ മാധ്യസ്ഥം നമുക്ക് ശക്തമായ കോട്ടയായിരിക്കട്ടെ. പിതാവേ, ഞങ്ങൾക്കായി പ്രാർഥിക്കണമേ.

സ്നേഹത്തോടെ,
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.