നിൻ്റെ ദൈവം എങ്ങനെയോ അങ്ങനെ തന്നെയാണ് നീയും!

ഫാ. ജോഷി മയ്യാറ്റിൽ

ഒരുവൻ്റെ ദൈവസങ്കല്പത്തിൻ്റെ ഉപോൽപന്നം തന്നെയാണ് അവൻ്റെ ലോകസങ്കല്പവും മനുഷ്യസങ്കല്പവും പാരസ്പര്യസങ്കല്പവുമെല്ലാം. ബഹുദൈവസങ്കല്പങ്ങൾ മനുഷ്യരെ പല തട്ടിലാക്കുന്നത് തികച്ചും സ്വാഭാവികം. പോളിതേയിസം ഗ്രീസിലും റോമിലുമെല്ലാം മനുഷ്യർക്കിടയിൽ വേർതിരിവുകൾക്കു കാരണമായി. ഇന്ത്യയിൽ പടർന്നുപന്തലിച്ച ചാതുർവർണ്യത്തിൻ്റെ ആധാരവും ഹൈന്ദവദൈവസങ്കല്പത്തിൽ ഉൾച്ചേർന്നിരുന്ന ബഹുത്വധാരണ തന്നെ.

യഹൂദരുടെ തോറാ മുന്നോട്ടുവച്ച ദൈവസങ്കല്പത്തിലെ ‘ഏഹാദ്’ (നിയമാവർത്തനം 6,4) ആണ് പഴയനിയമത്തിലെ പല ഒഴിവാക്കലുകൾക്കും അക്രമങ്ങൾക്കും അടിസ്ഥാനകാരണമായി നിലകൊണ്ടത്. കേവല ഏകത മുറുകെപ്പിടിക്കുന്ന മോണോതേയിസത്തിൽ എക്സ്ക്ലൂസിവിസം ഉറപ്പാണ്, സംശയമില്ല.

എന്നാൽ, ഉണ്മയുടെ ആ ഏകതയെ ഒന്നിപ്പിൻ്റെ ഏകത്വമാക്കി വെളിപ്പെടുത്തിക്കൊണ്ട് ദൈവപുത്രനായ യേശുക്രിസ്തു ഏവർക്കുമായി ഒരുമയുടെ വാതിൽ തുറന്നിട്ടു. ഏകദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകളുണ്ട് എന്ന് അവിടന്ന് വ്യക്തമാക്കി. ആ വെളിപാടിൻ്റെ ആന്തരാർത്ഥം തേടിയുള്ള മനോവ്യാപാരത്തിനൊടുവിൽ പ്രിയശിഷ്യൻ യോഹന്നാൻ കുറിച്ചുവച്ചു; “ദൈവം സ്നേഹമാണ്” (1യോഹ 4,8.16).

ഈ ക്രിസ്തുവെളിപാടാണ് എല്ലാ വെറുപ്പും വൈരാഗ്യവും അക്രമവും ഒറ്റപ്പെടുത്തലും ക്രിസ്തുചൈതന്യത്തിന് അന്യമാക്കിത്തീർത്തത്. ഈ സുവിശേഷമാണ് ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ യേശുക്രിസ്തു ആഗ്രഹിച്ചതും ശിഷ്യരോട് കല്പിച്ചതും. ആ അർത്ഥത്തിൽ, ആനന്ദത്തിൻ്റെയും സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാനവികതയുടെയും ആഘോഷവും വ്യാപനവും ആണ് ക്രൈസ്തവമിഷൻ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ സ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും വിശ്വസിക്കുന്നു…

ചരിത്രത്തിൽ പല ക്രൈസ്തവരും, എന്തിന് ഔദ്യോഗിക സഭാസംവിധാനങ്ങൾ തന്നെയും, അക്രമത്തിനും യുദ്ധത്തിനും ചുക്കാൻ പിടിക്കുകയോ അവയോട് അനുഭാവം പുലർത്തുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം ക്രിസ്തുവിരുദ്ധമായ നിലപാടുകളായിരുന്നെന്ന് പറയാൻ ക്രൈസ്തവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അത്രയ്ക്കു വ്യക്തമാണ് യേശുക്രിസ്തു വെളിപ്പെടുത്തിയ ദൈവസങ്കല്പത്തിലെ സ്നേഹസത്തയും ത്രിത്വവിശ്വാസം പിന്തുടരുന്നവർ അനുവർത്തിക്കേണ്ട സ്നേഹനിലപാടുകളും.

ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ദൈവ-മനുഷ്യനായ ക്രിസ്തുവിൻ്റെ ആത്യന്തിക പ്രബോധനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മുഹമ്മദ് മുന്നോട്ടുവച്ച എകദൈവസങ്കല്പമാകട്ടെ, ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സ്നേഹദൈവസങ്കല്പത്തിൽ നിന്നും വല്ലാതെ പിന്നിലേക്കു പോയി. തോറായുടെ ദൈവസങ്കല്പത്തെക്കാളും അത് പതിന്മടങ്ങു സങ്കുചിതമായിത്തീർന്നു. തത്ഫലമായി ചിന്തയില്ലാതെയും അന്ധമായും ആ വിശ്വാസസംഹിത പിന്തുടർന്നവരുടെ ലോകവീക്ഷണവും അങ്ങേയറ്റം ഗോത്രീയവും ഇടുക്കമുള്ളതും ആയിത്തീർന്നു. ‘മാത്രം’ എന്ന പദത്തിന് ആ ലോകവീക്ഷണത്തിൽ അമിതപ്രാധാന്യം കൈവന്നു. അത് അവർക്കിടയിൽത്തന്നെ ‘പുരുഷമാത്ര’ പ്രാധാന്യമായും ‘ഇസ്ലാംമാത്ര’ നിർബന്ധമായും ‘അറബുസംസ്കാരമാത്ര’ നിഷ്ഠയായും പടർന്നുകയറി. മതവിശ്വാസത്തിൻ്റെ പേരിലുള്ള അധിനിവേശവും അടിച്ചേല്പിക്കലും അക്രമവും കൊള്ളയും വഞ്ചനയും ഭീകരതയും ആ ദൈവസങ്കല്പത്തിന് യോജിച്ചതാണ് എന്ന് അതിൽ ഗൗരവമായി വിശ്വസിച്ച ചിലർക്കു തോന്നി. അങ്ങനെ ഐഎസും താലിബാനും ഹമാസും ബൊക്കൊ ഹൊറാമും ഒക്കെ പ്രബലപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, മാനവികതയുടെയും യുക്തിയുടെയും (ലോഗോസിൻ്റെ) വെളിച്ചമില്ലാത്ത ‘തൗഹീദ്’ സങ്കല്പം അങ്ങേയറ്റം പ്രതിലോമകരമാണെന്ന് സമ്മതിക്കാതെ തരമില്ല എന്ന അവസ്ഥയിൽ ലോകം എത്തി!

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.