പ്രായമായവരിൽ ജ്ഞാനം കണ്ടെത്താം ഈ മാർഗങ്ങളിലൂടെ

പ്രായമായ മാതാപിതാക്കൾ ജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്. ഓരോ കുടുംബത്തിന്റെയും മൂല്യങ്ങൾക്കും അവരാണ് കാരണം. തങ്ങളുടെ ആരോഗ്യവും സമ്പത്തും സംശയങ്ങളും നന്മകളും പകർന്ന് അവർ കെട്ടിപ്പടുത്തതാണ് ഓരോ കുടുംബവും. അതിനാൽത്തന്നെ നമ്മുടെ കുടുംബത്തിന്റെ വിജയമെന്നത് പ്രായമായ മാതാപിതാക്കളുടേതുകൂടിയാണ്. പ്രായമായ ആളുകളിലെ ജ്ഞാനത്തെ അറിയാൻ  ഏതാനും മാർഗങ്ങളിതാ. ഈ മാർഗങ്ങളിലൂടെ അവരുടെ നന്മയും മാതൃകയും നമ്മുടെ കുടുംബജീവിതത്തിലേക്കും നമുക്ക് പകർത്താം.

1. വൃദ്ധമാതാപിതാക്കളെ കേൾക്കാൻ അവസരം സൃഷ്ടിക്കാം

നമ്മുടെ പ്രായമായ ഓരോ മാതാപിതാക്കൾക്കും അവരുടേതായ അനുഭവങ്ങളും കഥകളും പറയാനുണ്ടാകും. ഒരുപക്ഷേ, അവർ നേരിട്ട പ്രതിസന്ധികളുടെ, കടന്നുവന്ന കഥനവഴികളുടെ, ധീരതയോടെ പൊരുതിയ അനുഭവങ്ങളും നൊമ്പരങ്ങളുമൊക്കെയാകാം അത്. കണ്ണുനിറയ്ക്കുന്ന, ഹൃദയം കവരുന്ന അനുഭവങ്ങളുമുണ്ടാകാം അക്കൂട്ടത്തിൽ. ഈ കഥകളൊക്കെയും പങ്കുവയ്ക്കാൻ ഒരു അവസരമുണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു മാർഗമാണ്. അവർക്ക്  പറയാനുള്ളത് അല്ലെങ്കിൽ നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യങ്ങൾ  മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അവർക്കും ഒപ്പം കേൾക്കുന്ന നമുക്കും അത് വ്യത്യസ്തമായ ഒരു അനുഭവമായി മാറും.

2. പതിവായുള്ള സംഭാഷണത്തിൽ ഏർപ്പെടാം

പല വീടുകളിലും അകത്തളങ്ങളിൽ ആരോടും സംസാരിക്കാനില്ലാതെ ഏകാന്തതയിലാണ് വൃദ്ധരായ മാതാപിതാക്കൾ അല്ലെങ്കിൽ വയോജനങ്ങൾ. അവരുമായി സ്ഥിരമായി സംഭാഷണത്തിൽ ഏർപ്പെടാം. അത് അവരുടെ മനസ്സിന് സന്തോഷവും തുറവിയും നൽകുന്ന അനുഭവമായി പരിണമിക്കും; ഒപ്പം അവരുടെ പല അനുഭവങ്ങളും അറിവുകളും ഇത്തരത്തിൽ വളർത്തിയെടുക്കുന്ന സൗഹൃദത്തിലൂടെ പങ്കുവയ്ക്കാൻ അവർ തയാറാകും. പലപ്പോഴും നമുക്കറിയാത്ത പല കാര്യങ്ങളിലുള്ള അറിവുകൾ അവരിൽ നിന്നും നമുക്ക് ലഭിക്കും.

3. അവരുടെ ഓർമ്മകൾ പകർത്തിസൂക്ഷിക്കാം

പ്രായമായവർ തങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ അത് റെക്കോർഡ് ചെയ്തുസൂക്ഷിക്കാൻ നമുക്ക് ശ്രമിക്കാം. തങ്ങളുടെ ഓർമ്മകൾ സൂക്ഷിക്കുന്നുവെന്ന തിരിച്ചറിവ് അവർക്കും, തങ്ങൾ വിലമതിക്കുന്നവരാണെന്ന വിശ്വാസം ജനിപ്പിക്കുന്നതിനു കാരണമാകും. തന്നെയുമല്ല, ഭാവിയിൽ ആ ഓർമ്മകളൊക്കെ  നമുക്കൊരു മുതൽക്കൂട്ടാവുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.