ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 08

1978 മെയ് എട്ടിനാണ് റെയ്നോൾഡ് മെസ്നെറും പീറ്റർ ഹാബ്ലെറും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യത്തെ ആളുകളായിരുന്നില്ല അവർ. പക്ഷേ, ഓക്സിജൻ സിലിണ്ടറുകളുടെ സഹായമില്ലാതെ ആദ്യം എവറസ്റ്റിന്റെ നെറുകയിലെത്തിയത് അവരായിരുന്നു. ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കാനാകില്ല എന്ന്, അന്നുവരെ നിലനിന്നിരുന്ന ഒരു ചിന്തയാണ് ഈ രണ്ടുപേർ തങ്ങളുടെ ഉദ്യമത്തിലൂടെ തിരുത്തിയെഴുതിയത്. അതേവർഷം തന്നെ ഏപ്രിൽ 21 ന് അവർ തങ്ങളുടെ ആദ്യ പരിശ്രമം നടത്തിയെങ്കിലും ഭക്ഷ്യവിഷബാധ മൂലം ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് മെയ് ആറിന് ആരംഭിച്ച രണ്ടാം പരിശ്രമമാണ് രണ്ടുദിവസങ്ങൾക്കു ശേഷം വിജയത്തിലെത്തിയത്.

സ്മോൾ പോക്സ് എന്നു വിളിക്കപ്പെടുന്ന വസൂരിയിൽ നിന്ന് ലോകം മുക്തമായിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1980 മെയ് എട്ടിനായിരുന്നു. 33-ാമത് ലോകാരോഗ്യ അസംബ്ലിയിൽ വച്ചായിരുന്നു അത്. ചുരുങ്ങിയത് മൂവായിരം വർഷത്തോളമെങ്കിലും ലോകത്തെ പേടിപ്പെടുത്തിയ, ഇരുപതാം നൂറ്റാണ്ടിൽ മാത്രം 300 മില്യൺ ആളുകളുടെ ജീവനപഹരിച്ച പകർച്ചവ്യാധിക്കാണ് അതോടെ അന്ത്യമായത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടന്ന 10 വർഷത്തോളം നീണ്ടുനിന്ന പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

അറ്റ്ലാന്റയിലെ ജേക്കബ്സ് ഫാർമസിയിൽ കൊക്ക-കോളയുടെ ആദ്യ വിൽപന നടന്നത് 1886 മെയ് എട്ടിനായിരുന്നു. ഫാർമസിസ്റ്റായിരുന്ന ഡോ ജോൺ സ്റ്റിത്ത് പെംബെർട്ടനാണ് കൊക്ക-കോളയുടെ സിറപ്പ് വികസിപ്പിച്ചത്. ഒരു ഗ്ലാസിന് അഞ്ച് സെന്റ് എന്ന തോതിലാണ് ആദ്യകാലങ്ങളിൽ വിൽപന നടത്തിയിരുന്നത്. ഡോ പെംബെർട്ടന്റെ സഹപ്രവർത്തകനായിരുന്ന ഫ്രാങ്ക് എം റോബിൻസനാണ് കൊക്ക-കോള എന്ന പേര് നിർദേശിച്ചതും അത് പ്രത്യേകമായ ലിപിയിൽ എഴുതി തയ്യാറാക്കിയതും.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.