ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 05

1494 മെയ് അഞ്ചിന് ലോകപ്രശസ്തനായ ക്രിസ്റ്റഫർ കൊളംബസ് എന്ന യൂറോപ്യൻ പര്യവേഷകൻ ജമൈക്ക എന്ന നഗരം കണ്ടെത്തി. ഈസ്റ്റ് ഇൻഡീസിലേക്കു പോകാനായി പടിഞ്ഞാറുനിന്ന് കപ്പൽ കയറി, ഇന്ന് വെസ്റ്റ് ഇൻഡീസ് എന്നു വിളിക്കപ്പെടുന്ന പ്രദേശത്തെത്തിയ അദ്ദേഹം ജമൈക്കയിൽ വന്നിറങ്ങി. വെസ്റ്റ് ഇൻഡീസിലേക്കുള്ള രണ്ടാമത്തെ യാത്രയിലാണ് അദ്ദേഹം ജമൈക്ക കണ്ടെത്തിയത്. തന്റെ ക്യൂബൻ യാത്രയിൽ അനുഗ്രഹീത സ്വർണ്ണത്തിന്റെ നാട് എന്ന് വിളിപ്പേരുള്ള ജമൈക്കയെ കണ്ടെത്തി. അന്ന് സൈമാഗ എന്നറിയപ്പെട്ടിരുന്ന ജമൈക്കയിൽ സ്വർണ്ണമില്ലെന്ന് പിന്നീട് കൊളംബസ് കണ്ടെത്തി.

1809 മെയ് അഞ്ചിന് യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകുന്ന പേറ്റന്റ് ആദ്യമായി ഒരു വനിത കരസ്ഥമാക്കി. തൊപ്പികൾ നിർമ്മിക്കുന്നതിനായി പട്ടും നൂലുമുപയോഗിച്ച വൈക്കോൽ നെയ്യുന്നതിനുള്ള ഒരു പുതിയ സാങ്കേതികതയ്ക്കുള്ള മേരി കീസിന്റെ പേറ്റന്റ് പ്രസിഡന്റ് ഒപ്പുവച്ചു. അമേരിക്കൻ വനിതകൾക്ക് രാഷ്ട്രീയമായോ, സാമൂഹികമായോ പോലും പങ്കാളിത്തമില്ലാതിരുന്ന കാലത്താണ് മേരി കീസ് ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. ഗ്രാമീണമേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിലോ, കൈത്തൊഴിലോ പോലെ ചെയ്യാവുന്ന ഒന്നായി ഇത് വികസിപ്പിച്ചെടുക്കപ്പെട്ടു. 1836 ൽ പേറ്റന്റ് ഓഫീസിലുണ്ടായ തീപിടുത്തത്തിൽ മേരി ഡിക്സൻ കീസിന്റേതടക്കം പതിനായിരം പേറ്റന്റുകൾ കത്തിനശിച്ചു. വൈക്കോൽ തൊപ്പികളുടെ കാലം അവസാനിച്ചെങ്കിലും മേരി ഡിക്സൻ കീസ് എന്നും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.

1862 മെയ് അഞ്ചിന് മെക്സിക്കോയിലെ പ്യൂബ്ലയിൽ ബെനിറ്റോ ജുവാരസിന്റെ സൈന്യവും ഫ്രഞ്ച് സാറ്റലൈറ്റ് സ്റ്റേറ്റ് സ്ഥാപിക്കാൻ നെപ്പോളിയൻ മൂന്നാമൻ അയച്ച ഫ്രഞ്ച് സേനയും തമ്മിൽ യുദ്ധം നടന്നു. ഫ്രാൻസിനെക്കാൾ ആൾബലം കുറവായിരുന്നെങ്കിലും മെക്സിക്കോ ഈ യുദ്ധം വിജയിച്ചു. മെക്സിക്കോയുടെ മേൽ അധികാരം സ്ഥാപിക്കാനുള്ള ഫ്രഞ്ചുകാരുടെ മോഹം വേരോടെ പിഴുതെറിയുന്നതായിരുന്നു മെക്സിക്കോക്കാരുടെ ഈ വിജയം. ഫ്രഞ്ച് സൈന്യത്തിന് നൂറുപേരെ നഷ്ടപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ മെക്സിക്കൻ സൈന്യത്തിന് 85 പേരെ നഷ്ടപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ദിനം മെക്സിക്കൻ കലണ്ടറിൽ സിംകോ ഡി മായോ എന്ന പേരിൽ അവധി ദിവസമായി ആചരിക്കപ്പെടുന്നു. വിദേശാക്രമണത്തെ തടയാനുള്ള മെക്സിക്കോയുടെ ദൃഢനിശ്ചയത്തെ അടയാളപ്പെടുത്തുന്നതാണ് സിം കോ ഡി മായോ അവധി.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.