ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 02

1952 മെയ് രണ്ടിനാണ് ദെ ഹാവിലാന്റ് കോമെറ്റ് എന്ന എയർക്രാഫ്റ്റ് ആദ്യമായി പറന്നത്. വാണിജ്യ സർവീസിൽ പ്രവേശിക്കുന്ന ആദ്യത്തെ ജെറ്റ് വിമാനമാണിത്. ലണ്ടനിൽ നിന്ന് ജോഹന്നാൻസ് ബർഗിലേക്ക് ആദ്യയാത്ര തിരിച്ച ഈ വിമാനം ബ്രിട്ടീഷ് ഓവർസീസ് എയർവേയ്സ് കോർപ്പറേഷനു വേണ്ടിയാണ് പറന്നത്. നാല് എഞ്ചിനുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ക്യാബിൻ കോൺഫിഗറേഷനനുസരിച്ച് 36 നും 44 നുമിടയിൽ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ സൗകര്യത്തിന് ഇന്നത്തെതിനെക്കാൾ അന്ന് വലിയ പ്രാധാന്യം നൽകപ്പെട്ടിരുന്നു.

2003 മെയ് രണ്ട്, കേരളത്തിന് കറുത്ത ദിനമാണ്. അന്നാണ് മാറാട് കടപ്പുറത്ത് കൂട്ടക്കൊല നടന്നത്. അക്രമത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടക്കൊലയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. തോമസ് പി ജോസഫിനായിരുന്നു അന്വേഷണച്ചുമതല. സംഭവത്തിൽ 62 പ്രതികൾക്ക് മാറാട് പ്രത്യേക കോടതിയും, 24 പേർക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2018 മെയ് രണ്ടിന് മലിനീകരണത്തെ അടിസ്ഥാനപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും മലിനമായ 15 നഗരങ്ങളിൽ 14 ഉം ഇന്ത്യയിലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് നാലുവർഷങ്ങൾക്കു മുൻപ് ഈ ദിവസം പുറത്തുവന്നത്. മലിനീകരണത്തിൽ ഒന്നാം സ്ഥാനം കാൺപൂറിനാണ്. ഫരീദാബാദും വാരണാസിയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഈ മലിനീകരണം ലോകത്തിലൊട്ടാകെ എകദേശം ഏഴു ദശലക്ഷം ആളുകളുടെ മരണത്തിലേക്കു നയിച്ചുവെന്ന് ഈ പഠന റിപ്പോർട്ട് തെളിയിക്കുന്നു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.