ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 10

1857 മെയ് പത്തിനാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാർ കലാപം നടത്തിയത്. കലാപം മീററ്റിലാണ് ആരംഭിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഒന്നാം യുദ്ധം എന്നും അറിയപ്പെടുന്ന ഈ സംഭവം ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ഒരു സുപ്രധാന വഴിത്തിരിവായി. ഈ പ്രവർത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ വ്യാപകമായ കലാപത്തിനു  കാരണമായി.

1940 മെയ് പത്തിന് 65 വയസ്സുള്ളപ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി വിൻസ്റ്റൺ ചർച്ചിൽ അധികാരമേറ്റു. സ്ഥാനാർഥിയായ ലോർഡ് ഹാലിഫാക്സ് നിരസിച്ചതോടെയാണ് ഇത് സംഭവിച്ചത്. പ്രധാനമന്ത്രിസ്ഥാനം ചർച്ചിൽ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു. സൈനിക നേതൃത്വപരമായ കഴിവിന് പേരുകേട്ട ചർച്ചിൽ, ഒരു സർവകക്ഷിസഖ്യം രൂപീകരിക്കുകയും ബ്രിട്ടീഷുകാരുടെ ജനകീയപിന്തുണ വേഗത്തിൽ നേടുകയും ചെയ്തു. മെയ് 13 ന്, ഹൗസ് ഓഫ് കോമൺസിനു മുമ്പാകെ നടത്തിയ ആദ്യപ്രസംഗത്തിൽ പ്രധാനമന്ത്രി ചർച്ചിൽ, ‘എനിക്ക് രക്തം, അധ്വാനം, കണ്ണുനീർ, വിയർപ്പ് എന്നിവയല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യാനില്ല’ എന്നു പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് പ്രതിരോധത്തിനായുള്ള തന്റെ ധീരമായ പദ്ധതികളുടെ ഒരു രൂപരേഖ നൽകുകയും ചെയ്തു. തന്റെ ഭരണത്തിന്റെ ആദ്യവർഷത്തിൽ, നാസി ജർമ്മനിക്കെതിരെ ബ്രിട്ടൻ ഒറ്റയ്ക്കുനിന്നു. എന്നാൽ ബ്രിട്ടീഷ് ജനത ‘ഒരിക്കലും കീഴടങ്ങില്ല’ എന്ന് ചർച്ചിൽ തന്റെ രാജ്യത്തിനും ലോകത്തിനും വാഗ്ദാനം ചെയ്തു.

ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റായി നെൽസൺ മണ്ടേല സ്ഥാനാരോഹണം ചെയ്യപ്പെട്ടത് 1994 മെയ് പത്തിനാണ്. ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന വിരുദ്ധ പ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം. 1994 മുതൽ 1999 വരെ അദ്ദേഹം പ്രസിഡന്റായി സേവനം ചെയ്തു. പൂർണ്ണ പ്രാതിനിധ്യമുള്ള ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയുമായിരുന്നു അദ്ദേഹം. വംശീയ അനുരഞ്ജനം വളർത്തിയെടുക്കുന്നതിലൂടെ വർണ്ണവിവേചനത്തിന്റെ പാരമ്പര്യം ഇല്ലാതാക്കുന്നതിലാണ് അദ്ദേഹത്തിന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യയശാസ്ത്രപരമായി ഒരു ആഫ്രിക്കൻ ദേശീയവാദിയും സോഷ്യലിസ്റ്റുമായ അദ്ദേഹം 1991 മുതൽ 1997 വരെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.