
ഫോർഡ് മോട്ടോർ കമ്പനിയിൽനിന്ന് ജാഗ്വർ ലാന്റ്റോവർ ബ്രാന്റ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത് 2008 ജൂൺ രണ്ടിനാണ്. 2.3 ബില്യൺ യു എസ് ഡോളർ നൽകിയായിരുന്നു ഏറ്റെടുക്കൽ. അതോടെ ജാഗ്വർ ലാന്റ്റോവറുമായി ബന്ധപ്പെട്ട എല്ലാ ബൗദ്ധികസ്വത്തുക്കളും അവയുടെ നിർമ്മാണശാലകളും യു കെ യിലുള്ള രണ്ട് ഡിസൈനിംഗ് സെന്ററുകളും ലോകമാസകലമുള്ള സെയിൽസ് കമ്പനി ശൃംഖലകളും ടാറ്റയുടെ സ്വന്തമായി.
ഇന്ത്യയുടെ 29-ാമതു സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നത് 2014 ജൂൺ രണ്ടിനാണ്. ദശകങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബിൽ പാർലമെൻറിൽ പാസ്സാക്കിയത്. തെലങ്കാന, സീമാന്ധ്ര എന്നിങ്ങനെയാണ് രണ്ടു സംസ്ഥാനങ്ങളുടെ പേരുകൾ. 23 ജില്ലകളുണ്ടായിരുന്ന അവിഭക്ത ആന്ധ്രാപ്രദേശിനെ വിഭജിച്ചാണ് തെലങ്കാനയും സീമാന്ധ്രയും രൂപീകരിച്ചത്. ഇതിൽ പത്തു ജില്ലകൾ തെലങ്കാനയ്ക്കും ബാക്കി 13 ജില്ലകൾ സീമാന്ധ്രയ്ക്കും ലഭിച്ചു. ഹൈദരാബാദ്, ഖമ്മം, കരീം നഗർ, അദിലാബാദ്, മഹബൂബ് നഗർ, മേധക്ക്, നൽഗോണ്ട, നിസാമാബാദ്, വാറംഗൽ, രംഗറെഡ്ഡി എന്നീ പത്തു ജില്ലകൾ ചേർന്നതാണ് തെലങ്കാന.
പൊതുഗതാഗത സംവിധാനത്തിന് കെ എസ് ആർ ടി സി എന്ന പേര് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് കേരളത്തിനും കർണാടകത്തിനുമിടയിൽ നിലനിന്നിരുന്ന തർക്കത്തിന് അന്ത്യമായത് 2021 ജൂൺ രണ്ടിനാണ്. സെൻട്രൽ രജിസ്ട്രി ഓഫ് ട്രേഡ്മാർക്ക്സ് ആണ് കേരളത്തിനനുകൂലമായി ഉത്തരവിറക്കിയത്. ഇരുസംസ്ഥാനങ്ങളും പൊതുഗതാഗത സർവീസുകളിൽ കെ എസ് ആർ ടി സി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയയ്ക്കുകയായിരുന്നു. എന്നാൽ 1965 മുതൽ കേരളം ആ പേര് ഉപയോഗിക്കുന്നുണ്ടെന്നും കർണാടകം 1973 മുതൽ മാത്രമാണ് ആ പേര് ഉപയോഗിച്ചുതുടങ്ങിയതെന്നുമുള്ള കേരളത്തിന്റെ വാദം പരിഗണിച്ചാണ് ഉത്തരവുണ്ടായത്. കർണാടകയുടെ പൊതുഗതാഗത സംവിധാനം 1973 വരെ മൈസൂർ ഗവൺമെന്റ് റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.
തയ്യാറാക്കിയത്: സുനിഷ വി എഫ്




