
ആദ്യമായി പിതൃദിനം ആഘോഷിച്ചത് 1910 ജൂൺ 19 നായിരുന്നു. വാഷിംഗ്ടൺ സ്വദേശിനിയായ സൊനോറാ ഡോഡ് ആണ് ഈ ദിനാചരണത്തിന് തുടക്കം കുറിക്കാൻ കാരണക്കാരിയായിത്തീർന്നത്. 1909 ലെ മാതൃദിനത്തിൽ പള്ളിയിലെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് പിതാക്കന്മാരെ ആദരിക്കാൻ ഒരു ദിനം വേണമെന്ന് അവർ ചിന്തിച്ചത്. പ്രാദേശിക മതനേതാക്കൾ ഈ നിർദേശത്തെ പിന്തുണയ്ക്കുകയും പിറ്റേവർഷം ജൂൺ 19 ന് ആദ്യ പിതൃദിനം ആചരിക്കുകയും ചെയ്തു. ഡോഡിന്റെ പിതാവ് ജനിച്ച മാസമായിരുന്നു ജൂൺ. 1972 ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആചരിക്കാനുള്ള പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റായ സൽമാൻ റുഷ്ദി ജനിച്ചത്1947 ജൂൺ 19 നാണ്. വളരെയധികം പ്രശംസ നേടിയ, സ്വാധീനമുള്ള എഴുത്തുകാരനാണെങ്കിലും അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടില്ല. ‘മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ’, ‘ദി സാറ്റാനിക് വേഴ്‌സസ്’ തുടങ്ങിയ കൃതികൾക്ക് പേരുകേട്ട അദ്ദേഹം, ‘ദി സാറ്റാനിക് വേഴ്‌സസ്’ എന്ന കൃതിയുടെ പേരിൽ വിവാദങ്ങൾ നേരിട്ടിട്ടുണ്ട്.
ഏറ്റവുമധികം അച്ചടിമാധ്യമങ്ങളിൽ ഒരേസമയം പ്രസിദ്ധീകരിക്കപ്പെട്ട കോമിക് കാർട്ടൂൺ സീരീസിനുള്ള ഗിന്നസ് പുരസ്കാരം സ്വന്തമാക്കിയ ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1978 ജൂൺ 19 നായിരുന്നു. കാർട്ടൂണിസ്റ്റായിരുന്ന ജിം ഡേവിസ് ആയിരുന്നു ഇതിന്റെ സൃഷ്ടാവ്. മടിയനായ ഒരു പൂച്ചയായിരുന്നു ഇതിലെ കഥാപാത്രം. 2500 ലധികം അമേരിക്കൻ പത്രങ്ങളിലും വാരികകളിലുമാണ് ഈ കോമിക് സ്ട്രിപ് പ്രസിദ്ധീകരിക്കപ്പെട്ടത്.
തയ്യാറാക്കിയത്: സുനിഷ വി എഫ്




