ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 04

ബോക്സിംഗ് ചരിത്രത്തിൽ ഫൈറ്റ് ഓഫ് ദി സെഞ്ച്വറി എന്നറിയപ്പെട്ട ആദ്യ മത്സരം നടന്നത് 1910 ജൂലൈ നാലിനായിരുന്നു. ആഫ്രിക്കൻ അമേരിക്കൻ ബോക്സിംഗ് താരമായിരുന്ന ജാക്ക് ജോൺസണും അമേരിക്കൻ ബോക്സറായിരുന്ന ജെയിംസ് ജെഫ്രീസും തമ്മിലായിരുന്നു മത്സരം. ‘ആ നീഗ്രോയെ വിജയിക്കാൻ അനുവദിക്കരുത്’ എന്ന കാഴ്ചക്കാരുടെ ആക്രോശങ്ങളെ അതിജീവിച്ച ജാക്ക് ജോൺസന്റെ വിജയം ആഫ്രിക്കൻ അമേരിക്കക്കാർ രാജ്യവ്യാപകമായി ആഘോഷിച്ചു. വിജയത്തെ അംഗീകരിക്കാൻ കഴിയാതെപോയ വെള്ളക്കാരായ അമേരിക്കക്കാരുടെ പ്രതിഷേധം മൂലം ചിലയിടങ്ങളിൽ അക്രമത്തിൽ കലാശിച്ച ആഘോഷങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങലിനിടയാക്കിയ ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കപ്പെട്ടത് 1947 ജൂലൈ നാലിനായിരുന്നു. അതിനുമേലുള്ള ചർച്ചകൾക്കുശേഷം ജൂലൈ 18 നാണ് ബിൽ നിയമമായി മാറിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനുമുള്ള നിർദേശങ്ങളടങ്ങിയ മൗണ്ട് ബാറ്റൺ പ്ലാൻ നടപ്പിലാക്കുന്നതായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്. ക്ലെമന്റ് ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഈ നിയമത്തിന് അംഗീകാരം നൽകിയത്.

പ്രപഞ്ചോത്പത്തി തേടിയുള്ള ശാസ്ത്രത്തിന്റെ യാത്രയിൽ നിർണ്ണായക വഴിത്തിരിവാകുന്ന ഹിഗ്സ് ബോസോൺ കണികയുടെ സാന്നിധ്യത്തെ സംബന്ധിച്ചുള്ള ആദ്യ വെളിപ്പെടുത്തലുണ്ടായത് 2012 ജൂലൈ നാലിനായിരുന്നു. യൂറോപ്യൻ ആണവോർജ ഏജൻസിയുടെ സ്വിറ്റ്സർലണ്ടിലെ ലബോറട്ടറിയിലുള്ള ശാസ്ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും പിണ്ഡം നൽകുന്ന സൂക്ഷ്മകണമാണ് ഹിഗ്സ് ബോസോൺ എന്നാണ് കരുതപ്പെടുന്നത്. ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ഹിഗ്സിന്റെയും ഇന്ത്യൻ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെയും പേരുകളിൽ നിന്നാണ് ‘ഹിഗ്സ് ബോസോൺ എന്ന പേര് ഉണ്ടായത്. സ്വിറ്റ്സർലൻഡ് – ഫ്രാൻസ് അതിർത്തിയിൽ ഭൂമിക്കടിയിൽ 27 കിലോമീറ്റർ നീളത്തിൽ സ്ഥാപിച്ച ലാർജ് ഹാഡ്രൻ കൊളൈഡറിൽ നടന്ന പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു വെളിപ്പെടുത്തൽ.

തയ്യാറാക്കിയത്: സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.