
1903 ജൂലൈ 23 നാണ് ഫോർഡ് കമ്പനി അവരുടെ ആദ്യത്തെ കാറിന്റെ വിൽപന നടത്തുന്നത്. ഫോർഡ് മോഡൽ എ എന്നായിരുന്നു ആ കാറിന്റെ പേര്. ഏണസ്റ്റ് ഫെന്നിംഗ് എന്ന ചിക്കാഗോ സ്വദേശിയായ ഡെന്റിസ്റ്റാണ് ഫോർഡിന്റെ ആദ്യ കാർ സ്വന്തമാക്കിയത്. അമേരിക്കയിലെ മിഷിഗണിലാണ് ഈ കാർ നിർമ്മിച്ചത്. 57 ഇഞ്ച് ഉയരവും 65 ഇഞ്ച് വീതിയും 103 ഇഞ്ച് നീളവുമാണ് കാറിനുണ്ടായിരുന്നത്. 1250 പൗണ്ടായിരുന്നു ഭാരം. വില 850 ഡോളറും. ജൂലൈ 15 നാണ് ഫെന്നിംഗ് കാറിന് ഓർഡർ നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന് വാഹനം ലഭിക്കുകയും ചെയ്തു. 12 നിക്ഷേപകരിൽ നിന്നായി ശേഖരിച്ച 1000 ഓഹരികളിൽ നിന്നുള്ള 28,000 ഡോളർ വരുന്ന തുകയുടെ നല്ലൊരു ശതമാനവും ആദ്യ കാർ നിർമ്മാണം പൂർത്തിയാക്കിയപ്പോഴേക്കും ചെലവായിരുന്നു എന്നാണ് കമ്പനി പിന്നീട് അറിയിച്ചത്.
ഇന്ത്യയിലെ ആദ്യ കൊമേർഷ്യൽ റേഡിയോ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത് 1927 ജൂലൈ 23 നായിരുന്നു. ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം രണ്ടു റേഡിയോ സ്റ്റേഷനുകളാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നടത്താൻ അനുമതിയുണ്ടായിരുന്നത്. ഒന്ന് ബോംബെ സ്റ്റേഷനായിരുന്നു, മറ്റൊന്ന് കൽക്കട്ട സ്റ്റേഷനും. ഇതിൽ ബോംബെ റേഡിയോ സ്റ്റേഷനാണ് ജൂലൈ 23 ന് പ്രവർത്തനം ആരംഭിച്ചത്. ഓഗസ്റ്റ് 26 ന് കൽക്കട്ട റേഡിയോ സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ കമ്പനി ആയി ആരംഭിച്ച ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1936 ൽ ഓൾ ഇന്ത്യ റേഡിയോ ആയി മാറുകയും ചെയ്തു.
ശ്രീലങ്കയിൽ ആദ്യ ആഭ്യന്തരയുദ്ധമുണ്ടാകുന്നത് 1983 ജൂലൈ 23 നാണ്. എൽ ടി ടി ഇ എന്നറിയപ്പെടുന്ന തമിഴ് പുലികളാണ് സൈനികർക്കെതിരെ ആക്രമണം നടത്തിയത്. ജാഫ്നയ്ക്കു സമീപത്തുവച്ച് ശ്രീലങ്കൻ പട്ടാളത്തിന്റെ വാഹനവ്യൂഹത്തെ പുലികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 13 പേരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയകക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976 ൽ സ്ഥാപിച്ചതാണ്. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലായിരുന്നു ഈ സംഘടനയുടെ തുടക്കം.
സുനീഷ വി എഫ്




