
പ്രശസ്ത ഭാരതീയ ചിത്രകാരനായിരുന്ന രാജാ രവിവർമ്മ ജനിച്ചത് 1848 ഏപ്രിൽ 29 നാണ്. തിരുവിതാംകൂറിലെ മുൻ നാട്ടുരാജ്യമായ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മ കോയിൽ തമ്പുരാനായിട്ടായിരുന്നു ജനനം. പണ്ഡിതനായ ഏഴുമവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടും കവയിത്രിയും എഴുത്തുകാരിയുമായിരുന്ന ഉമയാംബ തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും വഴിതെളിച്ച ചിത്രകാരനായിരുന്നു അദ്ദേഹം. ഹംസ ദമയന്തി, സീതാസ്വയംവരം, സീതാപഹരണം, സീതാഭൂപ്രവേശം, ശ്രീരാമ പട്ടാഭിഷേകം, വിശ്വമിത്രനും മേനകയും, ശ്രീകൃഷ്ണ ജനനം, രാധാമാധവം, അർജുനനും സുഭദ്രയും തുടങ്ങിയവയാണ് രാജാ രവിവർമ്മയുടെ പ്രധാന പുരാണചിത്രങ്ങൾ. സ്നാനം കഴിഞ്ഞ സ്ത്രീ, നർത്തകി, വിദ്യാർഥി, ഉദയപ്പൂർ കൊട്ടാരം തുടങ്ങി അനേകം പ്രശസ്ത ചിത്രങ്ങളും രചിച്ചിട്ടുണ്ട്.
1945 ഏപ്രിൽ 29 നാണ് ദച്ചാവു കോൺസൻട്രേഷൻ ക്യാമ്പിന്റെ പ്രവർത്തനം അവസാനിച്ചത്. അമേരിക്കൻ സേനയാണ് ക്യാമ്പിലുള്ളവരെ സ്വതന്ത്രരാക്കിയത്. ജർമ്മനിയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കോൺസൻട്രേഷൻ ക്യാമ്പായിരുന്നു ദച്ചാവു. 1933 മാർച്ചിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ദച്ചാവുവിൽ അമേരിക്കൻ സേനയെ കാത്തിരുന്നത് ഭീതിദമായ കാഴ്ചകളായിരുന്നു. യാത്രയ്ക്കിടെ മരണപ്പെട്ട ജൂതത്തടവുകാരുടെ മൃതദേഹങ്ങൾ നിറഞ്ഞ റെയിൽ ബോഗികൾ നിർത്തിയിട്ടിരിക്കുന്നു. അമേരിക്കൻ, ബ്രിട്ടീഷ് മാധ്യമങ്ങൾ പകർത്തിയ ഇത്തരം കാഴ്ചകളാണ് കോൺസൻട്രേഷൻ ക്യാമ്പുകളുടെ ഭീകരത പുറംലോകത്തെ അറിയിച്ചത്.
ഒരുലക്ഷത്തിലേറെ ആളുകളുടെ ജീവനെടുത്ത ഭീമൻ ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശിന്റെ തീരം തൊട്ടത് 1991 ഏപ്രിൽ 29 ന് രാത്രിയിലായിരുന്നു. 150 മൈൽ വേഗതയിലെത്തിയ കാറ്റിനൊപ്പം 30 അടി ഉയരത്തിൽ കൂറ്റൻ തിരമാലകളും തീരത്തേക്ക് അടിച്ചുകയറി. ജനസാന്ദ്രതയേറിയ ചിറ്റഗോംഗ് പ്രദേശത്തായിരുന്നു അത്. 1,40,000 ആളുകൾ മരണപ്പെട്ടു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പത്തു മില്യണിലധികം ആളുകൾ ഭവനരഹിതരാകുകയും ബില്യൺ കണക്കിന് ഡോളറുകളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. പല ഗ്രാമങ്ങളും പൂർണ്ണമായി ഇല്ലാതായി. ഈ ദുരന്തത്തിനു ശേഷം ബംഗ്ലാദേശ് സർക്കാർ, ചുഴലിക്കാറ്റും സുനാമിയും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ ആയിരക്കണക്കിന് രക്ഷാകേന്ദ്രങ്ങൾ സ്ഥാപിച്ചു.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.