
ലോകത്ത് ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത് 1914 ഓഗസ്റ്റ് അഞ്ചിനായിരുന്നു. അമേരിക്കയിലെ ഒഹിയോയിൽ ക്ലിവ്ലാന്റിലാണ് ആദ്യ സിഗ്നൽ സ്ഥാപിച്ചത്. 1868 ലും 1912 ലുമായി രണ്ടിടങ്ങളിൽ നേരത്തേ സിഗ്നലുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദങ്ങളുണ്ടെങ്കിലും 1914 ൽ സ്ഥാപിച്ച സിഗ്നലാണ് ആദ്യത്തേതായി പൊതുവേ കണക്കാക്കപ്പെടുന്നത്. ജെയിംസ് ഹോഗാണ് ഈ സിഗ്നൽ രൂപകൽപന ചെയ്തത്. നാലുജോഡി പച്ച, ചുവപ്പ് ലൈറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. അതിനടുത്തുള്ള കണ്ട്രോൾ ബോക്സിൽ സ്ഥാപിച്ചിരുന്ന സ്വിച്ചുകൾ ഉപയോഗിച്ച് യഥാസമയം അത് പ്രവർത്തിപ്പിക്കുകയായിരുന്നു.
ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത് 1991 ആഗസ്റ്റ് അഞ്ചിനായിരുന്നു. ലൈല സേത്ത് ആയിരുന്നു ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലായിരുന്നു അവരുടെ നിയമനം. പാറ്റ്ന ഹൈക്കോടതിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, 1972 ൽ ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി പ്രാക്ടീസ് ആരംഭിച്ചു. 1977 ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. അതിനുശേഷമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 1997 മുതൽ 2000 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ 15-ാം നിയമ കമ്മീഷനിൽ അംഗവുമായിരുന്നു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ വകുപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയത് 2019 ആഗസ്റ്റ് അഞ്ചിനായിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 35എ, ആർട്ടിക്കിൾ 370 എന്നിവയാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് 1954 ൽ 370-ാം വകുപ്പുമായി ബന്ധപ്പെടുത്തി ആർട്ടിക്കിൾ 35എ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിക്കായി ഭരണഘടയിൽ ഉൾപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആർട്ടിക്കിൾ 370 ന്റെ കരട് തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ മേൽ കേന്ദ്രസർക്കാരിനുള്ള അധികാരങ്ങൾ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇതാണ് രാഷ്ട്രപതി പ്രത്യേക ഓർഡിനൻസിലൂടെ റദ്ദാക്കിയത്.
സുനീഷ വി എഫ്




