ഹൃദയം സ്നേഹത്താൽ വിസ്തൃതമാക്കാൻ മാർപാപ്പ നിർദേശിക്കുന്ന മൂന്നു കാര്യങ്ങൾ

ഹൃദയം സ്നേഹത്താൽ വിസ്തൃതമാക്കപ്പെടുകയാണെങ്കിൽ നാമെല്ലാവരും മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതുന്നവരും അവരെ ഉൾക്കൊള്ളുന്നവരും ഈ പ്രപഞ്ചത്തെ തന്നെ സ്നേഹിക്കുന്നവരുമായിത്തീരും. ഇതുതന്നെയാണ് വിശുദ്ധിയിലേക്കുള്ള ആദ്യപടിയും. നമ്മുടെ ഹൃദയങ്ങൾ സ്നേഹത്താൽ വിശാലമാക്കിക്കൊണ്ട് വിശുദ്ധിയിലേക്ക് നടന്നടുക്കാൻ ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ച ഏതാനും ചില നുറുങ്ങുകളെ നമ്മുടെ ജീവിതത്തിൽ ചേർത്തുപിടിക്കാം. 2023 സെപ്റ്റംബർ 15 -ന് ബെനഡിക്റ്റയിൻ ഒബ്ലേറ്റിന്റെ അഞ്ചാമത് സമ്മേളനത്തിൽവച്ചാണ് ഫ്രാൻസിസ് മാർപാപ്പ, ഹൃദയം സ്നേഹത്താൽ വിസ്തൃതമാക്കാനുള്ള ഈ മാർഗങ്ങളെക്കുറിച്ച് പങ്കുവച്ചത്. ഈ മാർഗങ്ങളെ നമുക്കും ജീവിതത്തിൽ പ്രവർത്തികമാക്കാം.

1. ദൈവത്തെ അന്വേഷിക്കുക

കർത്താവിനെ കണ്ടെത്തുന്നതിനുള്ള ഒരു മാർഗം തിരുവചനവായനയും ധ്യാനവുമാണ്. ദൈനംദിനജീവിതത്തിലെ സംഭവങ്ങളിലൂടെയും നേരിടുന്ന വെല്ലുവിളികളിലൂടെയും നമ്മോടു സംവദിക്കുന്ന ദൈവത്തെ തിരിച്ചറിയാനും കണ്ടെത്താനും സാധിക്കുന്നതിലൂടെയാണ് ഈ കൂടിക്കാഴ്ച സാധ്യമാകുന്നത്. അതിനാൽ നാം ചെയ്യുന്ന ജോലികളിലും ഇടപെടുന്ന സഹോദരങ്ങളിലും മറഞ്ഞിരിക്കുന്ന ദൈവത്തെ പ്രാർഥനാപൂർവം തേടുന്നവരാകുക.

2. സുവിശേഷത്തോട് അഭിനിവേശമുള്ളവരാകുക

സുവിശേഷത്തോട് വലിയ അഭിനിവേശമുള്ള മിഷനറിമാരെപ്പോലെ സാക്ഷ്യജീവിതം നയിക്കുന്ന ക്രൈസ്തവരാകാൻ മാർപാപ്പ ഓർമ്മപ്പെടുത്തുന്നു. “ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടം വളരെ വേഗതയേറിയതാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനങ്ങൾ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ലോകത്തിനുവേണ്ടത് മറ്റുള്ളവരിലേക്ക് വിരൽചൂണ്ടുന്ന ക്രിസ്ത്യാനികളെയല്ല, മറിച്ച് സുവിശേഷം പ്രസരിപ്പിക്കുന്ന ഉത്സാഹമുള്ള സാക്ഷ്യജീവിതങ്ങളെയാണ്. മറ്റുള്ളവരിലേക്ക് വിരൽചൂണ്ടുന്ന ക്രിസ്ത്യാനികൾ യഥാർഥത്തിൽ ക്രിസ്തുവിന്റെ വേഷമല്ല, പിശാചിന്റെ വേഷമാണ് ധരിക്കുന്നത്.”

3. ആഥിത്യമരുളുക

“സ്വാർഥതയുടെയും നിസ്സംഗതയുടെയും പൂട്ടിയ നിലവറകളായി നമ്മുടെ സമൂഹങ്ങൾ മാറിയാൽ അത്‌ സാവധാനത്തിൽ ശ്വാസംമുട്ടിലിനു കാരണമാകും” എന്ന് പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ, എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവർക്കും ആഥിത്യമരുളാനും ആഹ്വാനംചെയ്യുന്നു; അതിൽ പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടും മുൻഗണന കാണിക്കണമെന്നും പാപ്പ ഓർമ്മപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.