ശാരീരിക വൈകല്യങ്ങളോടെ ക്രിസ്തുവിനെ അനുഗമിച്ച മൂന്ന് സന്യസ്തര്‍ ധന്യപദവിയില്‍ 

വിവിധ ശാരീരിക വൈകല്യങ്ങളോടെ സന്യസ്തജീവിതം നയിച്ച മൂന്ന് സന്യസ്തരെ ധന്യരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ കർമ്മലീത്ത സഭാംഗമായിരുന്ന ഇമ്മാക്കോലാത്തോ ജുസേപ്പെ ദി ജെസു, ബ്രസീലിയൻ സന്യസ്തയായ ബെനിഞ്ഞ വിക്റ്റിമ ദെ ജീസസ്, സ്പാനിഷ് സന്യസ്തയായ ജുവാന മെൻദെസ് റൊമേറോഎന്നിവരെയാണ് ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 18 -ന് ധന്യരായി പ്രഖ്യാപിച്ചത്.

ഇറ്റാലിയൻ കർമ്മലീത്ത സഭാഗമായിരുന്നു ഇമ്മാക്കോലാത്തോ ജുസേപ്പെ ദി ജെസു. ഗുരുതരമായ ശാരീരിക വൈകല്യങ്ങളുമായാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ജീവിച്ചത്. പരിശുദ്ധ സിംഹാസനത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി അദ്ദേഹം ഒരു സന്യാസജീവിതത്തിലേക്കു പ്രവേശിച്ചു. ദശാബ്ദങ്ങളായി കിടപ്പിലായിരുന്ന അദ്ദേഹം തന്റെ സഹനങ്ങളിലൂടെ ക്രിസ്തുവുമായി ഐക്യപ്പെട്ടിരുന്നു. ഈ സഹനങ്ങൾ പൂർണ്ണമായും അദ്ദേഹം സഭയുടെയും തന്റെ സന്യാസ സമൂഹത്തിന്റെയും നന്മക്കായി കാഴ്ച വച്ചു.

ബ്രസീലിയൻ സന്യസ്തയായിരുന്നു ബെനിഞ്ഞ വിക്റ്റിമ ദെ ജീസസ്. വംശീയമായ അവഹേളനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നവളാണ് ഈ സന്യസ്ത. ഹോർമോൺ മൂലമുണ്ടായ അമിതവണ്ണത്തിന്റെ പേരിലും ഈ സന്യസ്ത ഒരുപാട് പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ അവളുടെ നർമ്മബോധവും ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള അവളുടെ ബഹുമാനവും സ്നേഹവും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു.

സ്പാനിഷ് സന്യസ്തയായിരുന്നു ജുവാന മെൻദെസ് റൊമേറോ. ജുവാനിറ്റ എന്ന പേരിലാണ് അവൾ കൂടുതലായും അറിയപ്പെട്ടിരുന്നത്. കുട്ടിക്കാലത്ത് ടൈഫോയ്ഡ് രോഗം ബാധിച്ചതിനെ തുടർന്ന് അവൾ തളർവാതരോഗിയായി. എന്നാൽ ‘വർക്കർ സിസ്റ്റേഴ്സ് ഓഫ് ദ ഹാർട്ട് ഓഫ് ജീസസ്’ എന്ന സന്യാസ സമൂഹത്തിൽ  പ്രത്യേക അനുമതിയോടെ അവൾ ചേർന്നു. അവളുടെ ശരീരത്തിൽ ചലനയോഗ്യമായിട്ടുണ്ടായിരുന്നത് ശിരസ്സും കൈകളും മാത്രമായിരുന്നു. അവൾ ചലിപ്പിക്കാനാകുന്ന തന്റെ ശിരസ്സും കൈകളും ഉപയോഗിച്ച്  മതബോധന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി. അതോടൊപ്പം തന്നെ മിഷനറികളുമായി കത്തിടപാടുകളും അവൾ നടത്തിയിരുന്നു.

ഇവരെ ധന്യരാക്കിയതിലൂടെ, ശാരീരിക ന്യൂനതകള്‍ വിശുദ്ധിയിലേക്കുള്ള വിളിക്ക് തടസമാകുന്നില്ല എന്ന സഭയുടെ കാഴ്ചപ്പാട് കൂടുതല്‍ വ്യക്തമാകുകയാണ്. “വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ളതാണ്. അത് കഴിവുകളെയും കുറവുകളേയും ആശ്രയിച്ചല്ല. ഏതു പദവിയിലായാലും അവസ്ഥയിലായാലും ക്രിസ്തുവിശ്വാസികൾ ക്രിസ്തീയജീവിതത്തിന്റെയും സ്നേഹത്തിന്റെയും പൂർണ്ണതയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികൾ ഈ പൂർണ്ണതയിലെത്താൻ, യേശുവിന്റെ ജീവിതമാതൃക സ്വജീവിതത്തിൽ സ്വീകരിക്കണം. അവർക്കുള്ളതെല്ലാം അവർ ദൈവത്തിന്റെ മഹത്വത്തിനും മറ്റുള്ളവരുടെ നന്മക്കുമായി സമർപ്പിക്കണം” എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനം.

വൈകല്യങ്ങളുള്ളവരുടെ മൂല്യത്തെക്കുറിച്ചും യേശുവിന്റെ പാത പിന്തുടരാൻ അവർ എങ്ങനെയാണ് പ്രാപ്തരാകുന്നത് എന്നതിനെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ജന്മനാ അന്ധനായ മനുഷ്യൻ ക്രിസ്തുവിൽ നിന്ന് സൗഖ്യം സ്വീകരിച്ചപ്പോൾ അവൻ എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സാക്ഷിയായ സംഭവം സുവിശേഷത്തിലുണ്ട്. വൈകല്യമുള്ളവർ യേശുവിനെ കണ്ടുമുട്ടിയപ്പോഴെല്ലാം അവരുടെ ജീവിതം രൂപാന്തരപ്പെട്ടുവെന്നും അവർ അവന്റെ സാക്ഷികളായിത്തീർന്നുവെന്നും സുവിശേഷങ്ങളിൽ  പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.