‘ശുദ്ധീകരണസ്ഥലത്തെ കള്ളൻ’ എന്ന് വിളിപ്പേരുള്ള വിശുദ്ധൻ

ജപമാലയോടൊപ്പം ശുദ്ധീകരണസ്ഥലത്തുനിന്ന് ആത്മാക്കളെ രക്ഷപെടുത്തുന്ന ചിത്രം അത്ര പ്രസിദ്ധമല്ലെങ്കിലും, അപൂർവമായെങ്കിലും ആളുകളുടെ ശ്രദ്ധയിൽപെട്ടിട്ടുള്ള ഒന്നാണ്. വി. മാർട്ടിൻ ഡി പോറസിന്റെ സുഹൃത്തായ വി. ജോൺ മാസിയാസിന്റേതാണ് ഇപ്രകാരം വരയ്ക്കപ്പെട്ടിരിക്കുന്ന ചിത്രം. 16 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡൊമിനിക്കൻ അത്മായനായിരുന്ന ജോൺ മാസിയാസ്, വി. മാർട്ടിൻ ഡി പോറസിന്റെ അടുത്ത സുഹൃത്തായിരുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി അദ്ദേഹം നിരന്തരം ജപമാലചൊല്ലി പ്രാർഥിക്കുന്നതിനാൽ ജീവചരിത്രകാരന്മാർ അദ്ദേഹത്തെ ‘ശുദ്ധീകരണസ്ഥലത്തെ കള്ളൻ’ എന്ന് വിളിക്കുന്നു.

ജോൺ മാസിയസിന്റെ പ്രധാന കടമകളിലൊന്ന്, ഭൗതികമായോ ആത്മീയമായോ സഹായംതേടി ആശ്രമത്തിൽവരുന്ന ദരിദ്രരായ ആളുകളുമായി സന്ധിക്കുക എന്നതായിരുന്നു. പലപ്പോഴും ദിവസം 200 -ലധികം ആളുകളുമായി വിശുദ്ധൻ ഇപ്രകാരം സംഭാഷണത്തിലേർപ്പെട്ടിരുന്നു. പ്രസന്നമായ സ്വഭാവത്തിനും പ്രോത്സാഹജനകമായ രീതിക്കും പുറമേ, അദ്ദേഹം ദരിദ്രരെ വളരെ നന്നായി സേവിച്ചിരുന്നു. ദരിദ്രർക്ക് ഭക്ഷണം കൊടുക്കാനായി ഭിക്ഷയെടുക്കാൻപോലും അദ്ദേഹം തയ്യാറായിരുന്നു. പലപ്പോഴും അദ്ദേഹത്തിന് വെറുംകൈയോടെ പോരേണ്ടിവന്നിട്ടുണ്ട്. എന്നാൽ തന്റെ പക്കലെത്തുന്നവരെ അദ്ദേഹം ഒരിക്കലും ഒന്നുംകൊടുക്കാതെ പറഞ്ഞയച്ചിരുന്നില്ല.

രണ്ട് വിശുദ്ധരും യാത്രകളിൽ, നഗരത്തിൽ പലപ്പോഴും കണ്ടുമുട്ടുകയും അടുത്ത ആത്മീയസുഹൃത്തുക്കളായി മാറുകയും ചെയ്തു. അവർ പരസ്പരം പ്രോത്സാഹനത്തിന്റെയും ആശയങ്ങളുടെയും ഉറവിടമായിരുന്നു. 1837 -ൽ പോപ്പ് ഗ്രിഗറി പതിനാറാമൻ ഒരു ചടങ്ങിൽ വച്ചുതന്നെയാണ് ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

തന്റെ ജീവിതകാലത്ത്, വി. ജോൺ മാസിയാസ് ജപമാല പ്രാർഥനയിൽ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പതിവായി പ്രാർഥിക്കുമായിരുന്നു. ജപമാലയോടൊപ്പം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുന്നതരത്തിലാണ് വിശുദ്ധന്റെ ചിത്രം വരച്ചിരിക്കുന്നതും. പൈതൃകമായി ലഭിച്ച ജപമാലയാണ് വിശുദ്ധൻ എപ്പോഴും ഉപയോഗിച്ചിരുന്നത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മധ്യസ്ഥപ്രാർഥനയുടെ ശക്തിയെക്കുറിച്ചും അദ്ദേഹം തന്റെ ജീവിതമാതൃകയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.