ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനം. സമാധാനപൂർണ്ണമായ കുടുംബജീവിതത്തിന്റെ ആധാരവും ഇതുതന്നെ. പരസ്പരം ക്ഷമിച്ചും മനസ്സിലാക്കിയും മുന്നോട്ടുപോകുന്ന ദമ്പതികൾ ഉത്തമമായ ഒരു കുടുംബത്തിന് അടിസ്ഥാനമിടുകയാണ്. ദമ്പതികൾ തമ്മിലുള്ള സ്നേഹം, അത് എല്ലായ്പ്പോഴും ഒരുപോലെ നിലനിൽക്കണമെന്ന് നിർബന്ധമില്ല. ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാൽ തങ്ങൾക്കിടയിൽ സ്നേഹത്തിന്റെ കുറവുണ്ടെന്നു മനസ്സിലാക്കുന്ന നിമിഷം ദമ്പതികൾ ഒരുമിച്ച് പ്രാർത്ഥനയോടെ ദൈവസഹായം തേടണം. എന്നാൽ മാത്രമേ ആ ഒരു പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ കഴിയുകയുള്ളൂ.
ദാമ്പത്യജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം. ആത്മീയതയിൽ എത്രത്തോളം ഉയർന്നുനിൽക്കുന്ന ദമ്പതികളാണെങ്കിലും വഴക്കുകളും തർക്കങ്ങളും സാധാരണമാണ്. അതിനുദാഹരണമാണ് കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ വിശുദ്ധ ദമ്പതികളായ വി. ലൂയിസിന്റെയും വി. സെലിന്റെയും ജീവിതം. ആഴമായ ആത്മീയതയിൽ ഉറച്ചുനിന്ന അവർക്കിടയിലും പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവർ അതിനെ നേരിട്ട രീതിയും വിശുദ്ധിയിലേക്കുള്ള യാത്രയും ആധുനിക കുടുംബങ്ങൾക്ക് വലിയൊരു മാതൃകയാണ് പകരുന്നത്. തങ്ങളുടെ ദാമ്പത്യജീവിതം ഏറ്റവും വിശുദ്ധമായി കൊണ്ടുപോകുന്നതിന് അവരെ സഹായിച്ച ഒരു വാചകമാണ്, “സൂക്ഷിക്കുക നമ്മുടെ കുടുംബം ഒരു മോശം കുടുംബമാകാൻ പോകുന്നു” എന്നത്. ഇങ്ങനെയൊരു വാക്യം അവരുടെ ജീവിതത്തിലേക്ക് കടന്നുവരാൻ കാരണമായ സംഭവം ഇതാണ്:
സെലിന്റെയും ലൂയിസിന്റെയും ആദ്യത്തെ കുഞ്ഞായിരുന്നു പൗളിൻ. രക്ഷകർതൃത്തിന്റെ ആദ്യനാളുകളിലേക്ക് പ്രവേശിച്ച ദമ്പതികൾക്കിടയിൽ പല തർക്കങ്ങളും ഉടലെടുത്തിരുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ എന്തൊക്കെയോ കാര്യങ്ങൾക്ക് തർക്കമുടലെടുത്തു. ഇതുകണ്ട കുഞ്ഞുപൗളിന് പേടിയും ഒപ്പം സങ്കടവും വന്നു. ആ കുഞ്ഞ് അമ്മയെ സമീപിച്ചു ചോദിച്ച:. “അമ്മേ, ഇത് ഒരു മോശം കുടുംബമാണോ?” ഇതു കേട്ട സെലിന്റെയും ലൂയിസിന്റെയും ദേഷ്യം എല്ലാം പോയി. ഇരുവരും പൊട്ടിച്ചിരിച്ചു. എന്നിട്ട് കുഞ്ഞിനെ ചേർത്തുനിർത്തിക്കൊണ്ട് അവൾ പറഞ്ഞു: “പേടിക്കണ്ട, ഞാൻ നിങ്ങളുടെ പിതാവിനെ വളരെയധികം സ്നേഹിക്കുന്നു”.
ഒരു തമാശ പോലെ ആദ്യം അത് എടുത്തുവെങ്കിലും ഇടയ്ക്കിടെ “സൂക്ഷിക്കുക നമ്മുടെ കുടുംബം ഒരു മോശം കുടുംബമാകാൻ പോകുന്നു” എന്ന വാചകം അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഈയൊരു വാക്യം അവരുടെ ഇടയിൽ ഒരു ഓർമ്മപ്പെടുത്തലായി മാറി. തന്നെയുമല്ല, അവർ ഇരുവരും തമ്മിലുള്ള വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും കുറയ്ക്കുന്നതിനും ഈ വാചകം കാരണമായി മാറി. ഒരു മോശം കുടുംബമാകാതെ ആത്മീയതയിൽ ആഴപ്പെട്ടുകൊണ്ട് സ്വന്തം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഈ വിശുദ്ധ ദമ്പതികൾക്കു കഴിഞ്ഞു.
അനുദിനം നമ്മുടെ കുടുംബത്തിലും ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സ്വരച്ചേർച്ചയില്ലായ്മയും മറ്റും ഉണ്ടാകുമ്പോൾ ഈ വിശുദ്ധ ദമ്പതികളുടെ വാക്കുകൾ നമുക്ക് ഓർക്കാം. “നമ്മുടെ കുടുംബം ഒരു മോശം കുടുംബമായിത്തീരുന്നു…” എന്ന ഓർമ്മപ്പെടുത്തൽ നമ്മെ വിശുദ്ധിയിലേക്കു നയിക്കുന്നതിനു കാരണമായിത്തീരട്ടെ. വിശുദ്ധമായ കുടുംബം വിശുദ്ധരുടെ ഉറവിടമാണ്. ഓർക്കാം, ഓർമ്മിപ്പിക്കാം, വിശുദ്ധിയിലേക്കു വളരാം.
മരിയ ജോസ്