പുരോഹിതശാസ്ത്രജ്ഞർ 98: ഫെർഡിനാന്റ് ഫെർബീസ്റ്റ് (1623-1688)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ബെൽജിയത്തു നിന്നുള്ള ഒരു ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ജെസ്വിട്ട് സന്യാസ വൈദികനായിരുന്ന ഫെർഡിനാന്റ് ഫെർബീസ്റ്റ്. ചൈനയിലെ കാൻസി (Kangxi) ചക്രവർത്തിയുടെ രാജസദസ്സിലെ അംഗമായിരുന്ന അദ്ദേഹം അവർക്ക് യൂറോപ്യൻ ജ്യോതിശാസ്ത്ര അറിവുകൾ പകർന്നുനൽകി. കൂടാതെ, ചൈനീസ് കലണ്ടർ പരിഷ്‌ക്കരിക്കുന്നതിന് സഹായിക്കുകയും അവിടുത്തെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ചക്രവർത്തിക്ക് ക്ഷേത്രഗണിതം, തത്വശാസ്ത്രം, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ ഉപദേശം നൽകുക എന്ന ദൗത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ലത്തീൻ, ഡച്ച്, സ്പാനിഷ്, ഹീബ്രു, ഇറ്റാലിയൻ, മാഞ്ചു തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

ബെൽജിയത്തെ പിത്തേം പ്രദേശത്തെ നികുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ജൂസ് ഫെർബീസ്റ്റിന്റെ മൂത്ത മകനായി 1623 ഒക്ടോബർ ഒൻപതിന് ഫെർഡിനാന്റ്  ജനിച്ചു. അവിടുത്തെ ജെസ്വിട്ട് സ്‌കൂളിൽ മാനവിക വിഷയങ്ങൾ പഠിക്കുകയും പിന്നീട് ലൂവനടുത്തുള്ള ലെലീ കോളേജിൽ തത്വശാസ്ത്രവും ഗണിതവും പഠിച്ചു. 1641 ലാണ് അദ്ദേഹം സന്യാസ വൈദികനാകുന്നതിനായി ജെസ്വിട്ട് സഭയിൽ ചേർന്നത്. സ്പെയിനിലെ സെവിൽ നഗരത്തിൽ ദൈവശാസ്ത്രം പഠിക്കുകയും അവിടെവച്ച് 1655 ൽ വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റോമിൽ ചെന്ന് ജ്യോതിശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.

മധ്യ അമേരിക്കയിൽ സ്പാനിഷ് മിഷനറിമാരോടൊത്തു പ്രവർത്തിക്കാൻ ആഗ്രഹിച്ച ഫെർഡിനാന്റിനെ അധികാരികൾ 1659 ൽ ചൈനയിലേക്കാണ് അയച്ചത്. മത്തെയോ റിച്ചിയുടെയും മറ്റ് ജെസ്വിട്ട് മിഷനറിമാരുടെയും മാതൃകയിൽ ബൗദ്ധിക-ശാസ്ത്രീയ സുവിശേഷപ്രഘോഷണം നടത്താനുള്ള നിർദേശമാണ് അദ്ദേഹത്തിനു ലഭിച്ചത്. 1657 ഏപ്രിൽ നാലിന് 35 പേരടങ്ങുന്ന മിഷനറിമാരുടെ കൂടെ ലിസ്ബണിൽനിന്നും ചൈനയിലേക്ക് കപ്പലിൽ അദ്ദേഹം യാത്ര തിരിച്ചു. 1658 ജൂലൈ 17 ന് അവരുടെ കപ്പൽ മക്കാവിൽ എത്തിയപ്പോൾ പത്തുപേരൊഴിച്ച്  ബാക്കിയെല്ലാവരും മരണത്തിനു കീഴടങ്ങി. ജ്യോതിശാസ്ത്ര-ഗണിതശാസ്ത്ര അറിവുകൾ അദ്ദേഹത്തെ ചൈനയിലെ രാജസദസ്സിൽ എത്തിച്ചു. ഷാങ്സി പ്രവിശ്യയിൽ കുറേനാൾ താമസിച്ചശേഷം ഫെർഡിനാന്റ് ബേജിങിൽ എത്തുകയും രാജസദസ്സിലെ ശാസ്ത്രജ്ഞരെ പരിചയപ്പെടുകയും ചെയ്തു.

ഇക്കാലഘട്ടത്തിൽ ചൈനീസ് കലണ്ടറിൽ വളരെയധികം തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടായിരുന്നു. ഇന്ന് കാണുന്നതിൽ ഒരു മാസം കൂടുതൽ ഉണ്ടായിരുന്നു. ഇത് ഭരണമേഖലയിൽ മാത്രമല്ല, കൃഷിക്കും മതപരമായ ആഘോഷങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചക്രവർത്തി ഇത് പരിഹരിക്കാൻ ഫെർഡിനാന്റിനെ ചുമലതപ്പെടുത്തുകയും അദ്ദേഹം കെപ്ലർ ഉൾപ്പെടെയുള്ള യൂറോപ്യൻ ശാസ്ത്രജ്ഞരുടെ ആശയങ്ങൾ ഉപയോഗിച്ച് ചൈനീസ് കലണ്ടർ പരിഷ്കരിക്കുകയും ചെയ്തു. ഫെർഡിനാന്റിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ രാജസദസ്സിലെ വാനനിരീക്ഷണാലയത്തിന്റെ ചുമതലക്കാരനായി നിയമിച്ചു. പാശ്ചാത്യ അറിവുകൾ പ്രയോഗത്തിൽ വരുത്തിയത് ചൈനയിൽ ജ്യോതിശാസ്ത്രമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഫെർഡിനാന്റിന് യന്ത്രനിർമ്മിതിയിൽ വലിയ പാടവമുണ്ടായിരുന്നു. ആധുനിക നീരാവിശക്തിയാൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ മുന്നോടിയെന്നു വിശേഷിപ്പിക്കാവുന്ന വാഹനങ്ങൾ വരെ അദ്ദേഹം നിർമ്മിക്കുകയുണ്ടായി. ‘സ്വയം ചലിക്കുന്ന വണ്ടികൾ’ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ജലധാര ഘടികാരങ്ങളും സൂര്യഘടികാരങ്ങളും മെച്ചപ്പെടുത്തുകയും പുതിയ ടെലസ്കോപ്പുകൾ രൂപകൽപന ചെയ്യുകയും ചെയ്തു. അദ്ദേഹം രൂപകൽപന ചെയ്ത പീരങ്കികൾ ചൈനീസ് സൈനീക ആവശ്യത്തിന് ഉപയോഗിച്ചു.

ലത്തീൻ, ചൈനീസ് ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി. യൂറോപ്യൻ വാനനിരീക്ഷണ അറിവുകൾ ചൈനയിൽ പരിചയപ്പെടുത്തുക, പുതിയ ഭൂപടങ്ങൾ നിർമ്മിക്കുക, യൂറോപ്പിലെ മറ്റു ശാസ്ത്രീയ അറിവുകൾ ചൈനയിൽ പരിചയപ്പെടുത്തുക, എന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകരചനയുടെ പ്രധാന ലക്ഷ്യങ്ങൾ. അതുപോലെതന്നെ ചൈനീസ് സംസ്കാരവും അവിടെനിന്നുള്ള അറിവുകളും യൂറോപ്യൻ ശാസ്ത്രസമൂഹത്തിനു പരിചയപ്പെടുത്തുന്നതിലും ഫെർഡിനാന്റ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1688 ജനുവരി 28 ന് ബീജിങിൽ വച്ച് അദ്ദേഹം മരിക്കുകയും അവിടുത്തെ ജെസ്വിട്ട് സെമിത്തേരിയിൽ മത്തേയോ റിച്ചിക്കരികിലായ് അടക്കപ്പെടുകയും ചെയ്തു. മരണശേഷം ചൈനീസ് ചക്രവർത്തിയിൽ നിന്നും ഒരു ചൈനീസ് നാമം (Nan Huairen – 南懷仁) ലഭിച്ചിരിക്കുന്ന ഒരേയൊരു പാശ്ചാത്യനാണ് ഫെർഡിനാന്റ് ഫെർബീസ്റ്റ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.