
വിശുദ്ധ കുർബാനയിലും മറ്റ് ആരാധനാക്രമങ്ങളിലും മാർപാപ്പ ധരിക്കുന്ന വസ്ത്രങ്ങൾ കേവലം അലങ്കാരങ്ങളല്ല, മറിച്ച് ക്രിസ്തുവിന്റെ സാന്നിധ്യത്തെയും സഭയുടെ പാരമ്പര്യത്തെയും വിളിച്ചോതുന്ന വിശുദ്ധ ചിഹ്നങ്ങളാണ്. ലെയോ പതിനാലാമൻ മാർപാപ്പയുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഇറ്റലിയിലെ അഗോറ അറ്റലിയർ എന്ന വർക്ക് ഷോപ്പ്, കലയും ദൈവശാസ്ത്രവും സമന്വയിക്കുന്ന ഒരു പരീക്ഷണശാലയാണ്. ഇറ്റാലിയൻ കലാകാരനായ ഫെഡറിക്കോ ടോണിയോളോയും വെനിസ്വേലൻ സ്വദേശിയായ ലിയോനാർഡോ കാർഡോസയും ചേർന്നാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
തത്ത്വചിന്തയും ദൈവശാസ്ത്രവും ചേരുന്ന തുന്നൽശാല
2009-ൽ സ്ഥാപിതമായ ഈ അറ്റലിയറിന്റെ പേര് ‘അഗോറ’ (Agorà) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉണ്ടായത്. പുരാതന ഗ്രീസിൽ ആശയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്ന ‘പൊതു ചത്വരം’ എന്നാണ് ഇതിനർഥം. വെറും ഒരു തയ്യൽക്കട എന്നതിലുപരി, ആരാധനാക്രമത്തിന്റെ കാവ്യാത്മകതയും ദൈവശാസ്ത്രപരമായ അർഥവും ആഴത്തിൽ പഠിച്ച ശേഷമാണ് ഓരോ വസ്ത്രവും ഇവിടെ നിർമ്മിക്കപ്പെടുന്നത്. തത്ത്വചിന്തയിലും വിശുദ്ധ കലയിലും വൈദഗ്ധ്യമുള്ള ടോണിയോളോയും, ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടിയ കാർഡോസയും ചേർന്ന് ഓരോ തുന്നലിലും ആത്മീയത നിറയ്ക്കുന്നു.
വിശിഷ്ടമായ നാരുകളും നെയ്ത്തു രീതികളും
മാർപാപ്പയുടെ വസ്ത്രങ്ങൾക്കായി ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അത്യന്തം സവിശേഷമാണ്. പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ നെയ്യുന്നത്. 100% ഗുണമേന്മയുള്ള ഇറ്റാലിയൻ സിൽക്ക്, ലിനൻ തുടങ്ങിയ പ്രകൃതിദത്ത നാരുകൾക്കാണ് ഇവർ മുൻഗണന നൽകുന്നത്. വിപണിയിൽ ലഭ്യമായ തുണിത്തരങ്ങൾക്ക് പകരം, ഓരോ ആരാധനാക്രമത്തിന്റെ പ്രാധാന്യവും നിറവും പരിഗണിച്ച് തങ്ങളുടെ വർക്ക് ഷോപ്പിന് വേണ്ടി മാത്രം പ്രത്യേകം നെയ്തെടുക്കുന്ന തുണിത്തരങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്.
ഇതൊരു മാസ്-പ്രൊഡക്ഷൻ ലൈൻ അല്ല. ഓരോ വസ്ത്രവും അത് ധരിക്കുന്ന വ്യക്തിയുടെയും (മാർപാപ്പ) ആ സന്ദർഭത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് കൈകൊണ്ട് നിർമ്മിക്കുന്നവയാണ് (Handcrafted).
ആത്മീയ ഒരുക്കവും പ്രതീകങ്ങളും
കാനൻ നിയമപ്രകാരം വൈദികർ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ മാർപാപ്പയുടെ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ അഗോറ അറ്റലിയറിലെ കലാകാരന്മാർ പ്രത്യേക ആത്മീയ ഒരുക്കം നടത്തുന്നു. ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ് തങ്ങളുടെ ജോലിയുടെ അടിസ്ഥാനമെന്ന് അവർ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ‘സാലസ് പോപ്പുലി റൊമാനി’ (Salus Populi Romani) എന്ന പേരിൽ അവർ തയ്യാറാക്കിയ വസ്ത്രശേഖരം റോമിലെ പ്രധാന ബസിലിക്കകളുടെ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതിൽ മറിയത്തിന്റെ പ്രതീകമായ എട്ടു പോയിന്റുള്ള നക്ഷത്രവും വിശുദ്ധ കുരിശും മനോഹരമായി തുന്നിച്ചേർത്തിരിക്കുന്നു.
“പരിശുദ്ധ പിതാവിനായി പ്രത്യേക വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്, എല്ലാറ്റിനുമുപരി, ഞങ്ങൾക്ക് ഇത് ഒരു പദവിയാണ്, അതിന് ഞങ്ങൾ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരാണ്, തീർച്ചയായും, മാർപാപ്പയോട് വ്യക്തിപരമായും നന്ദിയുള്ളവരാണ്. അദ്ദേഹം ഞങ്ങളുടെ ജോലിയെ വിലമതിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം,” ഫെഡറിക്കോയും ലിയോനാർഡോയും പറയുന്നു.
കൂദാശകൾ ചിഹ്നങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമാണ് വിശ്വാസികളിലേക്ക് എത്തുന്നത്. ദൈവത്തെ ബഹുമാനിക്കാനും ആരാധനയുടെ പവിത്രത വ്യക്തമാക്കാനുമാണ് അതിമനോഹരമായ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്. വിശുദ്ധ ജോൺ ഡമാസ്കീൻ പറഞ്ഞതുപോലെ, “ദൃശ്യമായ രൂപങ്ങളുടെ സൗന്ദര്യവും നിറവും പ്രാർഥനയെ ഉത്തേജിപ്പിക്കുകയും ദൈവത്തിന് മഹത്വം നൽകാൻ ഹൃദയത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.”
ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പ ധരിക്കുന്ന ഓരോ വസ്ത്രവും ആ ഉന്നതനായ നിത്യപുരോഹിതന്റെ സൗന്ദര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ബോധ്യത്തോടെയാണ് അഗോറ അറ്റലിയറിലെ ഓരോ മണിക്കുറുകളും ദൈവമഹത്വത്തിനായി ചെലവഴിക്കപ്പെടുന്നത്.




