ജീവിച്ചിരിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലം

സ്പെയിനിലെ അരഗോണിൽ ഉൾപ്പെടുന്ന സരഗോസ നഗരത്തിലാണ് മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ആദ്യ ദേവാലയം എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് പില്ലർ സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഹൃദയത്തിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്ന ഈ ദേവാലയം അതിന്റെ മഹത്തായ വാസ്തുവിദ്യയാൽ തന്നെ ആകർഷണീയമാണ്. എന്നാൽ, ഇവിടുത്തെ പ്രത്യക്ഷീകരണം മറ്റു പ്രത്യക്ഷീകരണങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ലോകത്തെ ആദ്യ മരിയൻ പ്രത്യക്ഷീകരണം നടന്നതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് സ്പെയിനിലെ സരഗോസ.

മറിയം ജറുസലേമിൽ ജീവിച്ചിരുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് സ്‌പെയിനിൽ പ്രേഷിതപ്രവർത്തനത്തിലായിരുന്ന അപ്പോസ്തലനായ വി. ജെയിംസിന് മറിയം പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഈ പ്രത്യക്ഷീകരണത്തെ ചരിത്രപ്രാധാന്യമുള്ളതാക്കുന്നത്. അതായത്, എ.ഡി 40-ൽ. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിലായി പ്രകൃത്യാതീതമായി പ്രത്യക്ഷപ്പെടാൻ കഴിയുന്ന മറിയത്തിന്റെ ദൈവികസിദ്ധിയെക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രത്യക്ഷീകരണം. മറിയം ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ സംഭവിച്ചതിനാൽ ഈ പ്രത്യക്ഷീകരണം ഇന്നും അമൂല്യമാണ്.

പ്രത്യക്ഷീകരണ ചരിത്രം

അപ്പസ്‌തോലനായ വി. ജെയിംസ്, സ്‌പെയിനിലെ ഐബീരിയൻ പെനിൻസുലയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന കാലം. അദ്ദേഹത്തിന് അനുഭവപ്പെട്ട പ്രതിസന്ധികളിൽ ആശ്വാസം നേടാനായി അദ്ദേഹം എബ്രോ നദിയുടെ തീരത്ത് പ്രാർത്ഥനയിൽ മുഴുകി. അദ്ദേഹത്തിന്റെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന സമയത്ത് മാലാഖമാർ വഹിച്ചിരുന്ന സൂര്യകാന്തക്കല്ല് കൊണ്ടുള്ള തൂണിൽ (jasper pillar) നിൽക്കുന്ന പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നു.

സൂര്യകാന്തം കൊണ്ട് നിർമ്മിച്ചതും ഏകദേശം 40 സെന്റീമീറ്റർ വ്യാസമുള്ളതുമായ ഒരു സ്തംഭത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന മറിയത്തിന്റെ പ്രതിമ ഇന്നും ആ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഉണ്ണിയേശുവിനെ കൈകളിൽ വഹിച്ചുകൊണ്ടുള്ള അതിമനോഹരമായ മറിയത്തിന്റെ തിരുസ്വരൂപം ബസിലിക്കക്കുള്ളിൽ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. ദേവാലയത്തിന്റെ പഴക്കം പോലെ തന്നെ വസ്തുവിദ്യയിലും പഴമയുടെ മഹത്വമുണ്ട്.

മരിയഭക്തിയുടെയും വിശ്വാസത്തിന്റെയും ശക്തമായ പ്രതീകമാണ് ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് പില്ലർ. അത് ഇന്നും അനേകായിരം തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിച്ചുകൊണ്ട് തലയെടുപ്പോടെ നിലകൊള്ളുന്നു. മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ആദ്യത്തേതും ശാശ്വതവുമായ പൈതൃകം പേറുന്ന ഒരു ദേവാലയമായാണ് ചരിത്രത്തിൽ ഈ ദേവാലയം അടയാളപ്പെടുത്തപ്പെടുന്നത്. സങ്കീർണ്ണമായ ശില്പങ്ങളാലും സൂക്ഷ്മമായ ശിലാഫലകങ്ങളാലും ദേവാലയാങ്കണം കാണികളിൽ വിസ്മയം തീർക്കുന്നു. അതിമനോഹരമായ ബലിപീഠങ്ങളും സുന്ദരമായ ചുമർച്ചിത്രങ്ങളും അതിസൂക്ഷ്‌മമായി ഗ്ലാസ് പെയിന്റ് ചെയ്തിട്ടുള്ള ജാലകങ്ങളും ആ വിശുദ്ധ ആലയത്തെ കൂടുതൽ ആരാധ്യമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കായി പരിശുദ്ധ ത്രിത്വത്തിന്റെ ചാപ്പലിൽ ഇന്നും മറിയത്തിന്റെ ശ്രേഷ്ഠമായ സ്തംഭം നിലകൊള്ളുന്നു.

എല്ലാ വർഷവും ഒക്ടോബർ 12-നാണ് ഔവർ ലേഡി ഓഫ് പില്ലറിന്റെ തിരുനാൾ കൊണ്ടാടുന്നത്. ലോകമെമ്പാടു നിന്നും ആയിരകണക്കിന് മരിയഭക്തർ എത്തിച്ചേരുന്ന തിരുനാളാണിത്. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന ഘോഷയാത്രകളും ആരാധനാ ചടങ്ങുകളും ഹൃദയസ്പർശിയായ പ്രാർത്ഥനകളും തിരുനാൾ ദിനത്തിലെ പ്രത്യേകതകളാണ്. അനേകം വിശ്വാസികൾ ആത്മീയമായ ഉണർവിനും മറിയത്തിന്റെ മാധ്യസ്ഥ്യത്തിലുള്ള രോഗശാന്തികൾക്കായും ഇവിടെ എത്തിച്ചേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.